by Midhun HP News | May 9, 2025 | Latest News, ജില്ലാ വാർത്ത
ഗ്രാമീണ മേഖലയിലെ സാധാരണക്കാരന്റെ ആശ്രയം കേന്ദ്രങ്ങളാണ് സഹകരണ സ്ഥാപനങ്ങൾ, എന്നാൽ ചിറയിൻകീഴ് താലൂക്കിലെ ചില സഹകരണ ബാങ്കുകളും സംഘങ്ങളും സാധാരണക്കാരായ പട്ടികജാതിക്കാരെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും തെരഞ്ഞുപിടിച്ച് ജപ്തി ഭീഷണി മുഴക്കുകയാണ്. സമൂഹത്തിലെ ഉന്നതരുടെ ലോണുകളിൽ നടപടികൾ സ്വീകരിക്കാതെയും എല്ലാവിധ ആനൂകുല്യങ്ങളും അനുവദിച്ച് നൽകുകയും ചെയ്തുകൊണ്ടാണ് സാധാരണക്കാരൻ്റെ ലോണുകളിൽ അതിവേഗത്തിലുള്ള ജപ്തി നടപടികൾ സ്വീകരിക്കുന്നത്. അതുപോലെ ജപ്തി നടപടികൾ നിർത്തിവയ്ക്കാമെന്ന് വാഗ്ദാനം നൽകി വായ്പാക്കാരനെ കൊണ്ട് കുടിശ്ശിക അടപ്പിച്ചതിന് ശേഷം ജപ്തി നടപടിക്ക് പത്രപരസ്യം നൽകി വായ്പാക്കാരെ സമ്മർദ്ദം ചെലുത്തുന്നതും പരാതിയായി ഉയർന്നു വന്നു കഴിഞ്ഞു.
വട്ടി പലിശക്കാരൻ്റെ മാതൃകയിലാണ് ചില സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നത്. വായ്പ എടുക്കുന്ന വേളയിൽ റിസ്ക് ഫണ്ടിലേക്ക് പണം ഈടാക്കുന്നു. പക്ഷേ റിസ്ക് ഫണ്ട് ആനൂകുല്യം ലഭിക്കുന്നതിന് വേണ്ട ഒരു ഗൈഡൻസും വായ്പാക്കാരോട് പറയാറില്ല. ഗുരുതരമായ രോഗാവസ്ഥയിൽ ഉള്ളവർക്കും മരണമടഞ്ഞ വർക്കും റിസ്ക് ഫണ്ട് നിഷേധിക്കുക, വായ്പാകാരൻ മരണപ്പെട്ട ശേഷമുള്ള കാലയളവിലും പലിശയും പിഴപലിശയും ഈടാക്കുക, ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ലഭിക്കേണ്ട ആനുകൂല്യങ്ങൾ നൽകാതിരിക്കുക , ആളും തരവും നോക്കിയുള്ള നീതി നിഷേധവും ഭീഷണിയും എന്നാണ് ഉയർന്നു വരുന്ന പരാതികൾ. ഇത്തരത്തിലുള്ള ഇരട്ട നീതി അവസാനിപ്പിക്കാൻ കൂടുതൽ വിവരശേഖരണം നടത്താനും നിയമനടപടികൾ സ്വീകരിക്കാനും സമരപരിപാടികൾക്ക്കെ പി എം എസ് ചിറയിൻകീഴ് യൂണിയൻ നേതൃത്വം നൽകുമെന്ന് യൂണിയൻ സെക്രട്ടറി ശാന്തശീലൻ കാട്ടും പുറം അറിയിച്ചു.
അതോടൊപ്പംതന്നെ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി കീഴിലുള്ള ടൗൺ ഹാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങി കിടക്കുന്ന അവസ്ഥയിലാണ്. സാധാരണ ജനങ്ങൾക്ക് ഏറെ പ്രയോജനപെടേണ്ട ടൗൺ ഹാളിന്റെ നിർമ്മാണ സ്തംഭനം വൻകിട കൺവെൻഷൻ സെന്ററുകളുടെ പ്രവർത്തനത്തെ സാഹായിക്കലാണ്. ഇക്കാരണത്താൽ സാധാരണ ജനങ്ങൾക്ക് വിവാഹം പോലുള്ള ചടങ്ങുകൾക്ക് ലക്ഷങ്ങളുടെ ബാധ്യതയാണ് വരുത്തി വയ്ക്കുന്നത്. ഇതിന് അടിയന്തിര പരിഹാരം ഉണ്ടാക്കാൻ മുനിസിപ്പാലിറ്റി തയ്യാറാകണമെന്ന് ആവശ്യപെടുന്നു.
സമൂഹത്തിലെ വ്യാപകമായി കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ലഹരി വിരുദ്ധ ക്യാമ്പ് സംഘടിപ്പിക്കാനും വെങ്ങാനൂർ മഹാത്മാ അയ്യൻകാളി സ്കൂൾ പ്രവേശനോത്സവും മഹാത്മാ അയ്യങ്കാളി ചരമദിനമായ ജൂൺ 18 ന് നടത്തുന്ന സ്മൃതി സംഗമവുമായി ബന്ധപ്പെട്ട മുന്നോരുക്കങ്ങൾ നടത്താൻ മെയ് പതിനൊന്നാം തീയതി വെങ്ങാനൂർ അയ്യങ്കാളി സ്മാരകം സ്കൂളിൽ വച്ച് ശാഖ യൂണിയൻ ഭാരവാഹികളുടെ കൺവെൻഷൻ നടക്കും. കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമെന്ന് യൂണിയൻ ചുമതലക്കാരൻ ആയ കെ. പി എം എസ് സംസ്ഥാന കമ്മിറ്റി അംഗം ബിനു മേനംകുളം സംസ്ഥാന കമ്മറ്റി തീരുമാനങ്ങൾ റിപ്പോർട്ടിങിലൂടെ അറിയിച്ചു.
യൂണിയൻ വൈസ് പ്രസിഡന്റ് ശോഭ കാട്ടുംപുറം അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ശാന്തശീലൻ കാട്ടുംപുറം യൂണിയൻ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ ഖജാൻജി കുമാർ മേൽകടയ്ക്കാവൂർ പള്ളിക്കൽ പുഷ്പലോചനൻ എന്നിവർ സംസാരിച്ചു.
by Midhun HP News | May 9, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു. മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി ബിസിസിഐ പ്രസ്താവന ഇറക്കി.
‘ഇന്ത്യ- പാകിസ്ഥാന്‍ സൈനിക നടപടികളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നു’ ബിസിസിഐ അറിയിച്ചു.സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ നടന്ന പഞ്ചാബ് കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നിര്‍ത്തിവെച്ചിരുന്നു. മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതോടെ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചേക്കുമെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു. വിഷയത്തില്‍ ഇന്ന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് അന്തിമ തീരുമാനമെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
by Midhun HP News | May 9, 2025 | Latest News, കേരളം
കൊച്ചി: വേഷം മാറിയെത്തി അയല്‍ വീട്ടിലെ സിസിടിവി കാമറ നശിപ്പിച്ച സംഭവത്തില്‍ അയല്‍ക്കാരനെതിരെ കേസ്. കൊച്ചി മുളന്തുരുത്തിയില്‍ ആണ് സംഭവം. മുളന്തുരുത്തിക്ക് സമീപമുള്ള വെട്ടിക്കുളത്ത് 55 കാരിയുടെ വീട്ടില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയാണ് നശിപ്പിക്കപ്പെട്ടത്. സംഭവത്തിന് പിന്നാലെ രാജ്യം വിട്ട പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
2024 ഒക്ടോബര്‍ 23 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മഞ്ഞ സല്‍വാറും നീല ഷാളും ധരിച്ച ഒരാളാണ് വീട്ടില്‍ അതിക്രമിച്ച് കയറി പുല്‍ത്തകിടിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയ്ക്ക് കേടുപാടുകള്‍ വരുത്തിയത് എന്ന് കണ്ടെത്തുകയായിരുന്നു. ദൃശ്യത്തിലുള്ളത് സ്ത്രീയല്ല മറിച്ച് വേഷംമാറിയെത്തിയ അയല്‍ക്കാരനാണെന്നും വ്യക്തമായി. എന്നാല്‍, സംഭവത്തിന് പിന്നാലെ ഇയാള്‍ രാജ്യം വിട്ടിരുന്നു. ഇതോടെ മറ്റ് നടപടികള്‍ തടസപ്പെട്ടു. വിഷയത്തില്‍ പൊലീസ് കേസെടുത്തതോടെ ജാമ്യം നേടാനുള്ള ശ്രമങ്ങളും പ്രതി ആരംഭിക്കുകയായിരുന്നു.
സ്ത്രീയുടെ വീട്ടില്‍ സ്ഥാപിച്ച സിസിടിവി ക്യാമറ അത് തന്റെ വീടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സ്വകാര്യതയെ ഹനിക്കുന്നു ന്നൊണ് പ്രതിയുടെ അവകാശവാദം. കാമറ സ്ഥാപിച്ച രീതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. തനിക്ക് എതിരായ പരാതി വ്യക്തിപരമായ പ്രതികാര നടപടിയാണെന്നും എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രതി പറയുന്നു.
എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച കോടതി പരാതികള്‍ക്ക് പരിഹാരം കാണാന്‍ അധികൃതരെ സമീപിക്കാതെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി. കേസില്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമെന്നും ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ഇതോടെ ജാമ്യം തേടി കേരള ഹൈക്കോടതി സമീപിച്ചിരിക്കുകയാണ് പ്രതി. ചൊവ്വാഴ്ച കേസ് പരിഗണിച്ച കോടതി കേസ് മെയ് 30-ലേക്ക് കൂടുതല്‍ വാദം കേള്‍ക്കാന്‍ മാറ്റി.
by Midhun HP News | May 9, 2025 | Latest News, കേരളം
തിരുവനന്തപുരം: ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. സംഘര്‍ഷ മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന, മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായവും വിവരങ്ങളും ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് സംസ്ഥാനം കണ്‍ട്രോള്‍ റൂം തുറന്നിരിക്കുന്നത്. സെക്രട്ടറിയേറ്റിലും നോര്‍ക്കയിലുമാണ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.
സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്ക് – 0471 – 2517500 / 2517600 എന്നീ ഫോണ്‍ നമ്പറുകളിലും cdmdkerala@kerala.gov.in മെയില്‍ ഐഡി, ഫാക്‌സ് – 0471-2322600 എന്നിവയിലൂടെയും ബന്ധപ്പെടാം. നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍: 18004253939 (ടോള്‍ ഫ്രീ നമ്പര്‍), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ ചെയ്യാം).
അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി നേരത്തെ സംസ്ഥാനത്ത് മോക് ഡ്രില്ലില്‍ ഉള്‍പ്പെടെ സംഘടിപ്പിച്ചിരുന്നു. മേയ് 7ന് നടത്തിയ മോക് ഡ്രില്ലില്‍ പൊലീസ്, ഫയര്‍ ആന്റ് റസ്‌ക്യു, ദുരന്തനിവാരണം തുടങ്ങി വിവിധ വകുപ്പുകളിലെ 6900 ഉദ്യോഗസ്ഥര്‍ പങ്കെടുത്തതായി അധികൃതര്‍ അറിയിച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യുവിന് കീഴിലുള്ള 1882 സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരും മോക്ഡ്രില്ലില്‍ പങ്കാളികളായിരുന്നു. സംസ്ഥാനത്തെ 163 കേന്ദ്രങ്ങളിലായിരുന്നു വൈകിട്ട് 4 മുതല്‍ 4.30 വരെ മോക് ഡ്രില്‍ സംഘടിപ്പിച്ചത്.
അതിനിടെ, ഇന്ത്യപാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് ഇന്ത്യയിലെ 25 വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും വിമാനത്താവളങ്ങളില്‍ എത്തണമെന്നാണ് നിര്‍ദേശം.
by Midhun HP News | May 9, 2025 | Latest News, കേരളം
കൊച്ചി: എന്‍എച്ച്-66ന്റെ വീതികൂട്ടല്‍ പൂര്‍ത്തിയാകുന്നതോടെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയം പകുതിയായി കുറയും. നിലവില്‍ അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ സമയമെടുക്കുന്ന യാത്ര രണ്ടര മണിക്കൂറായി കുറയുമെന്ന് എന്‍എച്ച്എഐ അധികൃതര്‍ പറയുന്നു. കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം മുക്കോല വരെയുള്ള 644 കിലോമീറ്റര്‍ നീളത്തിലുള്ള എന്‍എച്ച്66 ആറ് വരിയാക്കുന്ന പണികള്‍ പുരോഗമിക്കുകയാണ്. പാതയിലെ 22 റീച്ചുകളില്‍ നാലെണ്ണം ഒരു മാസത്തിനുള്ളില്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കും. ശേഷിക്കുന്ന റീച്ചുകളില്‍ 60 ശതമാനത്തിലധികം പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
‘മാടവന ജങ്ഷന്‍ (അരൂര്‍-ഇടപ്പള്ളി എന്‍എച്ച്66 ബൈപാസ്) ഒഴികെ, തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെയുള്ള മുഴുവന്‍ ഭാഗത്തും ട്രാഫിക് സിഗ്‌നലുകളോ റൈറ്റ് ടേണുകളോ ഉണ്ടാകില്ല. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. വാഹനങ്ങള്‍ സര്‍വീസ് റോഡിലൂടെ കടന്ന് അണ്ടര്‍പാസുകളിലൂടെ യു-ടേണ്‍ എടുക്കണം. മണിക്കൂറില്‍ 100 കിലോമീറ്ററില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന വിധത്തിലാണ് ക്രമീകരണം.’ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) യിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടു പറഞ്ഞു.
അരൂര്‍-തുറവൂര്‍ എലവേറ്റഡ് ഹൈവേയില്‍ താഴെയുള്ള സര്‍വീസ് റോഡുകളിലേക്ക് മൂന്ന് എക്‌സിറ്റ് റാമ്പുകള്‍ ഉണ്ടായിരിക്കും. ചന്തിരൂരിലും കുത്തിയതോടിലുമുള്ള ഔര്‍ ലേഡി ഓഫ് മേഴ്‌സി ഹോസ്പിറ്റലിന് സമീപമുള്ള അരൂരിലും ഈ ക്രമീകരണം കൊണ്ടുവരും. നിര്‍മ്മാണത്തിലിരിക്കുന്ന 12.75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അരൂര്‍-തുറവൂര്‍ എലവേറ്റഡ് ഹൈവേ ഉപയോഗിക്കുന്നതിന് യാത്രക്കാര്‍ക്ക് പ്രത്യേകം ടോള്‍ നല്‍കേണ്ടിവരും. എറണാകുളം-ആലപ്പുഴ സെക്ഷനില്‍ മാത്രം കുമ്പളം, എരമല്ലൂര്‍ (എലിവേറ്റഡ് ഹൈവേ), കലവൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് ടോള്‍ ബൂത്തുകള്‍ ഉണ്ടാകും.
’24 മീറ്റര്‍ വീതിയുള്ള എലിവേറ്റഡ് ഹൈവേയിലൂടെയുള്ള യാത്രയ്ക്ക് കുമ്പളം ടോള്‍ പ്ലാസയില്‍ ഈടാക്കുന്ന ഫീസിനു പുറമേ, യാത്രികര്‍ പ്രത്യേക ടോള്‍ നല്‍കണം. യാത്രക്കാര്‍ക്ക് വേണമെങ്കില്‍ സര്‍വീസ് റോഡും ഉപയോഗിക്കാം. വേഗതയേറിയ വാഹനങ്ങള്‍ ഓടിക്കുന്നതിന് വേണ്ടിയാണ് എലിവേറ്റഡ് ഹൈവേ ലക്ഷ്യമിടുന്നത്,’ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്‍എച്ച് 66 വീതി കൂട്ടലിന്റെ ആകെയുള്ള 22 റീച്ചുകളില്‍, തലപ്പാടി-ചെങ്കള (39 കി.മീ), വെങ്ങളം-രാമനാട്ടുകര (28.4 കി.മീ), രാമനാട്ടുകര-വളാഞ്ചേരി (39.68 കി.മീ), വളാഞ്ചേരി-കാപ്പിരിക്കാട് (37.35 കി.മീ) എന്നിവയുടെ ജോലികള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. ശേഷിക്കുന്ന റീച്ചുകളില്‍, അരൂര്‍ തുറവൂര്‍ എലിവേറ്റഡ് ഹൈവേയുടെ 65 ശതമാനം ജോലികളും ഇടപ്പള്ളി-മൂത്ത്-കുന്നം ഭാഗത്തിന്റെ വീതി കൂട്ടല്‍ ജോലികളുടെ 60 ശതമാനം ജോലികളും പൂര്‍ത്തിയായിട്ടുണ്ട്.
അതേസമയം, പാലക്കാടിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന പുതിയ ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കായി നടപടി ക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും. 121 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹൈസ്പീഡ് കോറിഡോറിന്റെ നിര്‍മാണ ടെന്‍ഡര്‍ ഉടന്‍ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്‍എച്ച്എഐയുടെ ഭാരത്മാല പദ്ധതിയുടെ കിഴില്‍ വരുന്ന ഈ ഹൈവേ, പാലക്കാടിനും കോഴിക്കോടിനും ഇടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയ്ക്കുമെന്നും നിലവിലുള്ള എന്‍എച്ച് 966 ലെ ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്നുമാണ് പ്രതീക്ഷ.
by Midhun HP News | May 9, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 9015 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതല്‍ സ്വര്‍ണവില ഇടിയുന്നതാണ് കണ്ടത്. 22ന് രേഖപ്പെടുത്തിയ 74,320 എന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ നാലായിരം രൂപയാണ് താഴ്ന്നത്. തുടര്‍ന്ന് തിങ്കളാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
Recent Comments