മലയാളി ദമ്പതികള്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം

മലയാളി ദമ്പതികള്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ദമ്പതികളായ മലയാളി നഴ്‌സുമാരെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവ്. കണ്ണൂര്‍ ശ്രീകണ്ഠപുരം നടുവില്‍ സൂരജ് (40), എറണാകുളം കോലഞ്ചേരി മണ്ണൂര്‍ കൂഴൂര്‍ കട്ടക്കയം ബിന്‍സി (35) എന്നിവരാണു മരിച്ചത്. കുടുബേ വഴക്കിനെ തുടര്‍ന്ന് ബിന്‍സിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സൂരജ് ജീവനൊടുക്കിയതായാണ് പുറത്തുവരുന്ന വിവരം.

മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയയിലെ ജലീബ് അല്‍ ഷുയൂഖിലാണു സംഭവം. ബിന്‍സി കുവൈറ്റിലെ പ്രതിരോധ മന്ത്രാലയത്തിലും സൂരജ് ആരോഗ്യമന്ത്രാലയത്തിലും നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. കാര്യമായ സാമ്പത്തിക പ്രശ്‌നങ്ങളും ഇവര്‍ക്ക് ഉണ്ടായിരുന്നില്ല. നൈറ്റ് ഡ്യൂട്ടിക്കു ശേഷം സൂരജ് മടങ്ങി എത്തിയതിനു പിന്നാലെയാണു വഴക്കുണ്ടായത്.

ബിന്‍സിയുടെ ചില സുഹൃത്തുക്കളുടെ ഫോണിലേക്ക് അവരുടെ മരണം സൂചിപ്പിക്കുന്ന ചില സന്ദേശങ്ങള്‍ സൂരജ് അയച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതാണ് ബിന്‍സിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയതാവാം എന്ന നിഗമനത്തിനു പിന്നില്‍. ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതായും സ്ത്രീ സഹായത്തിനായി നിലവിളിച്ചതായും സമീപവാസികള്‍ പബ്ലിക് പ്രോസിക്യൂഷനു മൊഴി നല്‍കിയിട്ടുണ്ട്.

മൂന്നിലും ഒന്നിലും പഠിക്കുന്ന ഇവരുടെ കുട്ടികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ബിന്‍സിയുടെ മാതാപിതാക്കളുടെ അടുത്താണ്. ഇത്തവണ ഇരുവരും അവധിക്ക് നാട്ടിലെത്തിയ ശേഷം ബിന്‍സിയാണ് ആദ്യം തിരിച്ചു പോയത്. ഈസ്റ്റര്‍ അവധിക്കു ശേഷം അഞ്ചു ദിവസം മുന്‍പാണ് സൂരജ് തിരിച്ചു പോയത്. ഓസ്‌ട്രേലിയയ്ക്ക് പോകാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നെന്നാബ് ബന്ധുക്കളില്‍നിന്ന് ലഭിക്കുന്ന വിവരം.

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

ചൊവ്വാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ടസ ഇടുക്കി, പാലക്കാട് ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ലഹരിക്കേസില്‍ ജാമ്യത്തിലിറങ്ങി മയക്കുമരുന്നു വില്‍പ്പന, ഡാര്‍ക്ക് മര്‍ച്ചന്റ് ദീപക്കും യുവതിയും പിടിയില്‍

ലഹരിക്കേസില്‍ ജാമ്യത്തിലിറങ്ങി മയക്കുമരുന്നു വില്‍പ്പന, ഡാര്‍ക്ക് മര്‍ച്ചന്റ് ദീപക്കും യുവതിയും പിടിയില്‍

തൃശൂര്‍: തൃശൂര്‍ കൊടകരയില്‍ മുന്തിയ ഇനം രാസലഹരിയുമായി രണ്ട് പേര്‍ അറസ്റ്റില്‍. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനയില്‍ ഡാര്‍ക്ക് മര്‍ച്ചന്റ് ദീപക്, നോര്‍ത്ത് പറവൂര്‍ മൂത്തകുന്നം സ്വദേശിനി ദീക്ഷിത(22) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 180 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. ബംഗളൂരുവില്‍ നിന്നുമാണ് പ്രതികള്‍ മയക്കുമരുന്ന് എത്തിച്ചത്.

ചില്ലറ വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മുന്തിയ ഇനം രാസ ലഹരിയാണ് ഇവരില്‍ നിന്നും പിടികൂടിയത്. തൃശൂര്‍ റൂറല്‍ ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ടകളിലൊന്നാണിത്. പ്രതികളുള്‍പ്പെടുന്ന ലഹരി സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

മയക്കുമരുന്ന് വിതരണ മേഖലയില്‍ ‘ഡാര്‍ക്ക് മര്‍ച്ചന്റ്’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ദീപക് തൃശ്ശൂര്‍ ഇരിങ്ങാലക്കുട ഭാഗത്തെ പ്രധാന ലഹരി വില്പനക്കാരനാണ്. ദീപക് മുന്‍പും ലഹരി മരുന്ന് കേസില്‍ പിടിയിലായിട്ടുണ്ട്. ജയിലില്‍ നിന്ന് ഇറങ്ങിയശേഷവും ഇയാള്‍ ലഹരിക്കടത്തും വില്പനയും തുടരുകയായിരുന്നു. നിരവധി തവണ ഹാഷിഷ് ഓയിലും കഞ്ചാവുമായി ഇയാള്‍ പിടിയിലായിട്ടുണ്ടെങ്കിലും ജയിലില്‍ നിന്നും പുറത്തിറങ്ങി ലഹരി വില്‍പന തുടര്‍ന്നു വരികയായിരുന്നു.

ബംഗളൂരുവില്‍ നിന്നും അന്തര്‍ സര്‍വ്വീസ് നടത്തുന്ന ബസില്‍ വന്നു കൊടകരയില്‍ ഇറങ്ങി മേല്‍പാലത്തിനു കീഴില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം ലക്ഷ്യമാക്കി നടന്നു വരുമ്പോഴാണ് ഇവരെ പൊലീസ് സംഘം പിടികൂടിയത്. 10 ലക്ഷം രൂപ ചില്ലറ വിപണിയില്‍ വില വരുന്ന ഈ മയക്കുമരുന്ന് ഒരു ലക്ഷത്തിലേറെ രൂപ നല്‍കിയാണ് ഇവര്‍ വാങ്ങിയത്. ഇവര്‍ക്ക് രാസലഹരി കൈമാറിയ അന്താരാഷ്ട്ര ലഹരി മാഫിയ സംഘത്തെപ്പറ്റിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറന്റെ നിര്‍ദ്ദേശപ്രകാരം റൂറല്‍ ഡിസിബി ഡിവൈഎസ്പി ഉല്ലാസ് കുമാര്‍, ചാലകുടി ഡിവൈഎസ്പി സുമേഷ് കെ. എന്നിവരുടെ നേത്യത്വത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സബ് ഇന്‍സ്പെക്ടര്‍ എന്‍ പ്രദീപിന്റെ നേതൃത്വത്തിലുള്ള സിആര്‍ പ്രദീപ്, പിപി. ജയകൃഷ്ണന്‍, സതീശന്‍ മടപ്പാട്ടില്‍, ഷൈന്‍ ടി. ആര്‍, പി. എം മൂസ, സൂരജ് വി.ദേവ്, ലിജു ഇയ്യാനി, റെജി എ.യു , ബിനു എം.ജെ, ബിജു സി കെ, ഷിജോ തോമസ്, സോണി പി.എക്‌സ് ,ഷിന്റോ കെ.ജെ,, നിഷാന്ത് എ.ബി, എന്നിവരടങ്ങിയ റൂറന്‍ ഡാന്‍സാഫ് സ്‌ക്വാഡും കൊടകര ഇന്‍സ്‌പെക്ടര്‍ ദാസ് പി കെ, എഎസ്‌ഐമാരായ ബൈജു എം. എസ്, ജ്യോതി ലക്ഷ്മി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ബെന്നി കെ.പി,സിവില്‍ പൊലീസ് ഓഫിസര്‍ ആഷിക് ങ, എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

‘ദിവസവും ഒരു കോടീശ്വരന്‍’; സമ്മാനങ്ങള്‍ പരിഷ്‌കരിച്ച് സംസ്ഥാന ഭാഗ്യക്കുറി

‘ദിവസവും ഒരു കോടീശ്വരന്‍’; സമ്മാനങ്ങള്‍ പരിഷ്‌കരിച്ച് സംസ്ഥാന ഭാഗ്യക്കുറി

തിരുവനന്തപുരം: പ്രതിദിന ലോട്ടറി ടിക്കറ്റുകള്‍ക്കെല്ലാം ഒരു കോടി ഒന്നാം സമ്മാനം എന്ന നിലയില്‍ സമ്മാനഘടനകള്‍ പരിഷ്‌കരിച്ച് കേരള സംസ്ഥാന ഭാഗ്യക്കുറി. ഒന്നാം സമ്മാനത്തിന് പുറമെ മറ്റ് സമ്മാനങ്ങളുടെ തുകയിലും കാതലായ മാറ്റമാണ് ലോട്ടറി വകുപ്പ് നടപ്പാക്കിയിരിക്കുന്നത്. ഒരു കോടിയില്‍ തുടങ്ങി 50 രൂപവരെയുള്ള പുതുമയുള്ള സമ്മാന ഘടനയുമായി എത്തിയ സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകള്‍ക്ക് മികച്ച പ്രതികരണമാണ് ഗുണഭോക്താക്കളില്‍ നിന്നു ലഭിയ്ക്കുന്നതെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.

ഞായറാഴ്ചകളില്‍ നറുക്കെടുക്കുന്ന സമൃദ്ധി ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം 75 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. തിങ്കളാഴ്ചകളില്‍ നറുക്കെടുക്കുന്ന ഭാഗ്യതാരയ്ക്ക് 75 ലക്ഷം, ഒരു ലക്ഷം (12പരമ്പരകള്‍ക്കും ) എന്നിങ്ങനെയാണ് യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങള്‍ ലഭിയ്ക്കുക. ചൊവ്വാഴ്ചകളിലെ സ്ത്രീശക്തി ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം 40 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്.

രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ നല്‍കുന്ന ധനലക്ഷ്മി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ബുധനാഴ്ച്ചകളിലാണ് നടക്കുക. ഇതില്‍ മൂന്നാം സമ്മാനമായി വിജയിക്ക് ലഭിയ്ക്കുക 20 ലക്ഷം രൂപയാണ്. വ്യാഴാഴ്ചകളില്‍ ഭാഗ്യം പരീക്ഷിക്കുന്ന കാരുണ്യപ്ലസ് ഭാഗ്യക്കുറിയുടെ രണ്ടും മൂന്നും സമ്മാനങ്ങള്‍ 50 ലക്ഷം, അഞ്ചു ലക്ഷം (12 പരമ്പരകള്‍ക്കും ) എന്നിങ്ങനെയാണ്. സുവര്‍ണ്ണ കേരളം ഭാഗ്യക്കുറിയാകട്ടെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 25 ലക്ഷം രൂപയും നല്‍കുന്നു. വെള്ളിയാഴ്ചകളിലാണ് സുവര്‍ണ കേരളം ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുക. ശനിയാഴ്ചകളിലെ കാരുണ്യ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ചു ലക്ഷം രൂപയുമാണ്.

50 രൂപ വിലയുള്ള ഭാഗ്യക്കുറി ടിക്കറ്റുകള്‍ ദിവസേന ഉച്ചതിരിഞ്ഞ് മൂന്നു മണിയ്ക്കാണ് നറുക്കെടുക്കുന്നത്. സംസ്ഥാന ഭാഗ്യക്കുറിയുടെ മുഖവിലയില്‍ വ്യത്യാസം വരുത്തി വില്‍പ്പന നടത്തുന്നതും ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ എന്നിവ വഴി ടിക്കറ്റ് വില്‍പ്പന നടത്തുന്നതും നിയമവിരുദ്ധമാണ് എന്നും ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.

മെഡിക്കല്‍ കോളജ് തീപിടിത്തം; നാല് മരണത്തില്‍ അന്വേഷണം; കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് മന്ത്രി

മെഡിക്കല്‍ കോളജ് തീപിടിത്തം; നാല് മരണത്തില്‍ അന്വേഷണം; കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് മന്ത്രി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടിത്തത്തിനിടെ ഉണ്ടായ നാല് മരണത്തെക്കുറിച്ച് വിദഗ്ധ സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പോസ്റ്റ്‌മോര്‍ട്ടത്തിലൂടെയേ മരണ കാരണം സ്ഥിരീകരിക്കാനാകൂ. തീപിടിത്തമല്ല മരണകാരണമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞത് കേസ് ഷീറ്റ് നോക്കിയാണെന്നും സംഭവത്തില്‍ അസ്വാഭാവിക മരണത്തിനും തീപിടിത്തത്തിനും പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായും വീണാ ജോര്‍ജ് പറഞ്ഞു. മെഡിക്കല്‍ കോളജിലെത്തിയ വീണാ ജോര്‍ജ് ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ പൊട്ടിത്തെറിയില്‍ പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പാര്‍ട്ട് ലഭിച്ചതായി മന്ത്രി പറഞ്ഞു. എംആര്‍ഐ മെഷീനു വേണ്ടി ഉപയോഗിക്കുന്ന യുപിഎസ് ആണ് പൊട്ടിത്തെറിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടോ, ബാറ്ററിയുടെ ഇന്റേണല്‍ പ്രശ്‌നങ്ങളോ ആകാം തീപിടിത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റും, ഫോറന്‍സിക് ടീമീന്റെയും കെഎസ്ഇബിയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ തീപിടിത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനാകൂകയുള്ളുവെന്ന് മന്ത്രി പറഞ്ഞു.

ആത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം മൂന്ന് ദിവസത്തുനുള്ളില്‍ പുനഃസ്ഥാപിക്കും. വൈദ്യുതി ഇന്നുവൈകീട്ടോടെ പുനസ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. എംആര്‍ഐ ഉപകരണത്തിനും യുപിഎസിനും വലിയ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ഇതിന് 2026 വരെ വാറന്റി ഉണ്ടെന്നും മന്ത്രി പറഞ്ഞു. തീപിടിത്തത്തിനും, അസ്വാഭാവിക മരണത്തിനും മെഡിക്കല്‍ കോളജ് പൊലീസ് കേസ്എടുത്തിട്ടുണ്ട്. ഇതില്‍ സമഗ്രമായ അന്വേഷണം നടത്തും. സിസിടിവി ദൃശ്യങ്ങള്‍ എടുത്ത് കൃത്യമായ അന്വേഷണം നടത്തും. അതിന്റെ ഭാഗമായി ഹാര്‍ഡ് ഡിസ്‌ക് മെഡിക്കല്‍ കോളജ് പൊലീസിന് കൈമാറും.

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ചക്ക തലയില്‍ വീണു; ഒന്‍പതുവയസുകാരിക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ചക്ക തലയില്‍ വീണു; ഒന്‍പതുവയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ചക്ക വീണ് ഒന്‍പത് വയസുകാരി മരിച്ചു. കോട്ടയ്ക്കല്‍ ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകള്‍ ആയിശ തസ്‌നിയാണ് മരിച്ചത്. ഇന്ന് രാവിലെ 9.30ഓടുകൂടിയായിരുന്നു സംഭവം.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ തലയിലേക്ക് ചക്ക വീഴുകയായിരുന്നു. തുടര്‍ന്ന് കുട്ടി തലയിടിച്ച് വീണു. ഉടന്‍ തന്നെ കോട്ടയ്ക്കലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.