by Midhun HP News | May 2, 2025 | Latest News, ദേശീയ വാർത്ത
വാഷിങ്ടൻ: അമേരിക്കയിൽ ഡോണൾഡ് ട്രംപ് ഭരണകൂടത്തിൽ അഴിച്ചുപണി. ദേശീയ സുരക്ഷ ഉപദേഷ്ടാവായിരുന്ന മൈക്ക് വാൾട്സിനെ തൽസ്ഥാനത്തിന് നീക്കി പകരം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ ഇടക്കാല ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിച്ചു. ഐക്യരാഷ്ട്ര സഭയിൽ യുഎസ് അംബാസഡറാക്കിയാണ് വാൾട്സിന് പകര ചുമതല നൽകിയിരിക്കുന്നത്.
തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘ഐക്യരാഷ്ട്ര സംഘടനയിൽ യുഎസിന്റെ അടുത്ത അംബാസഡറായി മൈക്ക് വാൾട്സിനെ നാമനിർദേശം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. യുദ്ധക്കളത്തിൽ യൂണിഫോമിൽ ഇരിക്കുന്ന കാലം മുതൽ, കോൺഗ്രസിലും എന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയിലും, മൈക്ക് വാൾട്സ് നമ്മുടെ രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് മുൻഗണന നൽകാൻ കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. തന്റെ പുതിയ പദവിയിലും അദ്ദേഹം അതുതന്നെ ചെയ്യുമെന്ന് എനിക്കറിയാം.’– ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പറഞ്ഞു.
യെമൻ ആക്രമണവുമായി ബന്ധപ്പെട്ടുള്ള സിഗ്നൽ ചാറ്റിൽ മാധ്യമപ്രവർത്തകനെ തെറ്റായി ഉൾപ്പെടുത്തിയത് മൈക്ക് വാൾട്ട്സ് ആയിരുന്നു. യെമനിലെ വിമത വിഭാഗമായ ഹൂതികൾക്കെതിരെയുള്ള യുഎസിന്റെ സൈനിക നടപടികൾ മാധ്യമപ്രവർത്തകന് സമൂഹമാധ്യമ കൂട്ടായ്മയിലൂടെ ചോർന്ന് കിട്ടിയ വിവരം പുറത്തുവന്നതോടെ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം മൈക്ക് വാൾട്ട്സ് ഏറ്റെടുത്തിരുന്നു.യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് തുടങ്ങി ട്രംപ് ഭരണകൂടത്തിലെ ഉന്നതർ സൈനിക പദ്ധതികൾ ചർച്ച ചെയ്യുന്ന സമൂഹമാധ്യമ ഗ്രൂപ്പിലാണ് സുരക്ഷാ വീഴ്ച സംഭവിച്ചത്.
by Midhun HP News | May 2, 2025 | Latest News, കേരളം
കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് തൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. പണം പിടിച്ചെടുത്തതിന് എതിരായ സിപിഎമ്മിന്റെ ഹര്‍ജി കോടതി തള്ളി. ആദായനികുതി വകുപ്പിന്റെ പരിശോധനയും നടപടിയും നിയമപരമാണെന്നും കോടതി പ്രസ്താവിച്ചു.
ബാങ്കിലേക്ക് അടയ്ക്കാന്‍ കൊണ്ടുവന്ന പണമാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. ബാങ്ക് ഓഫ് ഇന്ത്യയിലെ സിപിഎമ്മിന്റെ അക്കൗണ്ടില്‍ 4.81 കോടി രൂപ ഉണ്ടായിരുന്നു. അതില്‍ നിന്നും ഒരു കോടി രൂപ സിപിഎം പിന്‍വലിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് വലിയ തോതിലുള്ള തുക പിന്‍വലിക്കുമ്പോള്‍ അറിയിക്കണമെന്ന് ആദായനികുതി വകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് വിവരം ഐടി അധികൃതരെ അറിയിച്ചു. തുടര്‍ന്ന് സിപിഎമ്മിന്റെ അക്കൗണ്ടുകള്‍ പരിശോധിക്കുകയും, ഒരു കോടി രൂപ പിടിച്ചെടുക്കുകയുമായിരുന്നു. ഇതോടൊപ്പം അക്കൗണ്ടുകല്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. ആദായനികുതി വകുപ്പിന്റെ ഈ നടപടികളെ ചോദ്യം ചെയ്താണ് സിപിഎം തൃശൂർ മുന്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് കോടതിയെ സമീപിച്ചത്.
നിയമപരമായ നടപടികള്‍ മാത്രമാണ് ആദായനികുതി വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും, കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് പരിശോധനയും പണം പിടിച്ചെടുത്തതുമെന്ന് കോടതി വിലയിരുത്തി. അക്കൗണ്ട് മരവിപ്പിച്ച നടപടിയില്‍ ഇടപെടുന്നില്ല. അക്കൗണ്ട് മരവിപ്പിച്ചാല്‍ സാധാരണ നിലയില്‍ 60 ദിവസത്തിന് ശേഷം അക്കൗണ്ട് മരവിപ്പിച്ചത് കാന്‍സലാകും. അതിനാല്‍ ഈ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
by Midhun HP News | May 2, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരിൽ നഴ്സിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. കളക്ട്രേറ്റിന് സമീപത്തെ തകർന്ന കെട്ടിടത്തിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ഭർത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. തിരുപ്പൂർ കളക്ടറേറ്റിനോട് ചേർന്ന് ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന കെട്ടിടത്തിൽ രാവിലെയാണ് യുവതിയുടെ മൃദേഹം കണ്ടെത്തിയത്. കല്ലുകൊണ്ട് അടിച്ച് തലയും കൈകകളും ക്രൂരമായി ചതച്ച നിലയിലായിരുന്നു മൃതദേഹം.
സമീപത്തുതന്നെ രക്തംപുരണ്ട കല്ലുകളും കണ്ടെത്തി. പോലീസെത്തി നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടത് മധുര സ്വദേശിയായ ചിത്ര എന്ന നഴ്‌സാണെന്ന് വ്യക്തമായി. പല്ലടത്തെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിൽ കഴിഞ്ഞ മാസം ആണ് ചിത്ര ജോലിയിൽ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടിക്കായി വീട്ടിൽ നിന്ന് ചിത്രം ഇറങ്ങിയിരുന്നു എന്ന് അയൽക്കാർ പറഞ്ഞു.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്ന പോലീസ് ചിത്രയുടെ ഭർത്താവ് രാജേഷിനു കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ആണ്. രാജേഷുമായി വഴക്കിട്ടാണ് ചിത്ര ഒന്നര വയസുള്ള കുഞ്ഞുമായി മധുരയിൽ നിന്ന് തിരുപ്പൂരിലേക്ക് മാറിയത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നെന്നും എന്നാൽ ഇവർക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്നും ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചിത്രയെ കാണാൻ രാജേഷ് ആശുപത്രിയിൽ എത്തിയിരുന്നു. രാവിലെ ആശുപത്രിയിലേക്ക് പോകുന്ന സമയത്ത് ഇയാളോ ഇയാൾക്ക് വേണ്ടി മാറ്റാരെങ്കിലുമോ ചിത്രയേ അപായപ്പെടുത്തിയതാണോ എന്നാണ് പോലീസിന്റെ സംശയം. രാജേഷിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിൽ ആണെന്നും പൊലീസ് അറിയിച്ചു.
by Midhun HP News | May 2, 2025 | Latest News, കേരളം
മുന്‍ താരം എസ്. ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസനെ ഉള്‍പ്പെടുതിരുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ അസോസിയേഷനെ വിമര്‍ശിച്ചതിലാണ് നടപടി. ശ്രീശാന്തിന്റെ പ്രസ്താവന സത്യവിരുദ്ധവും അസോസിയേഷന് അപമാനകരവുമെന്നാണ് കെഎസിഎ പറയുന്നത്. കേരള ക്രിക്കറ്റ് ലീഗിലെ കൊല്ലം ഏരീസ് ടീമിന്റെ സഹ ഉടമയാണ് നിലവില്‍ ശ്രീശാന്ത്. മൂന്ന് വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യാനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം. ഏപ്രില്‍ 30ന് എറണാകുളത്തു ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
വിവാദമായ പരാമര്‍ശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രാഞ്ചയ്സീ ടീമുകളായ കൊല്ലം ഏരീസ്, ആലപ്പി ടീം ലീഡ് കൊണ്ടെന്റെര്‍ സായി കൃഷ്ണന്‍, ആലപ്പി റിപ്പിള്‍സ് എന്നിവര്‍ക്കെതിരെയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഫ്രാഞ്ചയ്സീ ടീമുകള്‍ നോട്ടീസിന് തൃപ്തികരമായ മറുപടി നല്‍കിയതുകൊണ്ട് തന്നെ അവര്‍ക്കെതിരെ തുടര്‍നടപടികള്‍ തുടരേണ്ടതില്ല എന്നാണ് തീരുമാനം. ടീം മാനേജ്‌മെന്റില്‍ അംഗങ്ങളെ ഉള്‍പെടുത്തുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു. കൂടാതെ സഞ്ജു സാംസന്റെ പേരില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച പിതാവ് സാംസണ്‍ വിശ്വനാഥ്, റെജി ലൂക്കോസ് , 24x 7 ചാനല്‍ അവതാരക എന്നിവര്‍ക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നല്‍കുവാനും ജനറല്‍ ബോഡിയോഗത്തില്‍ തീരുമാനമായി.
by Midhun HP News | May 2, 2025 | Latest News, ജില്ലാ വാർത്ത
അറ്റിങ്ങൽ അമർ ഹോസ്പിറ്റലിൻ്റെ 22ാം വാർഷികം ആഘോഷിച്ചു. അമർ ആശുപത്രിയുടെ 22ാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് മാതൃശിശു സംഗമം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി
ഉദ്ഘാടനം ചെയ്തു. മുൻ മുനിസിപ്പൽ ചെയർപേഴ്സൺ വസുമതി ജി. നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർമാരായി സുജി സിയും ശാന്തകുമാരി അമ്മയും സംബന്ധിച്ചു.
മാനേജിംങ്ങ് ഡയറക്ടർ ഡോ. പി. രാധാകൃഷ്ണൻ നായർ സ്വാഗതം ചെയ്തു. അമ്മമാരും കുഞ്ഞുങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി വലിയൊരു ജനാവലി പങ്കെടുത്ത ചടങ്ങിൽ കുട്ടികളുടെ കൾച്ചറൽ പ്രോഗ്രാമുകളും ഉണ്ടായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ക്യാഷ് അവാർഡും പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും വിതരണം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. ഇന്ദിര വിജയകൃഷ്ണൻ്റെ നന്ദി പ്രകാശനത്തോടു കൂടി ചടങ്ങുകൾ അവസാനിച്ചു.
by Midhun HP News | May 2, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ കാറ്റും മഴയും കാരണം ജനജീവിതം ദുസ്സഹം. കാറ്റില്‍ വീടിന് മുകളില്‍ മരം കടപുഴകി വീണ് അമ്മയും മൂന്ന് മക്കളും മരിച്ചു. മഴയെ തുടര്‍ന്ന് 120 വിമാനങ്ങള്‍ വൈകി. ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു. പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്.
മൂന്ന് വിമാനങ്ങള്‍ അഹമ്മദാബാദിലേക്കും ജയ്പൂരിലേക്കും തിരിച്ചുവിട്ടതായി വിമാനാത്താവള അധികൃതര്‍ അറിയിച്ചു. വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചതായി വിമാനക്കമ്പനികള്‍ അറിയിച്ചു. ‘ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള ഞങ്ങളുടെ ചില വിമാനങ്ങള്‍ വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നുണ്ട്, ഇത് ഞങ്ങളുടെ മൊത്തത്തിലുള്ള ഷെഡ്യൂളിനെ ബാധിച്ചേക്കാം. യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഒരുക്കാന്‍ പരമാവധി ശ്രമിക്കുന്നു,’ എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.
ശക്തമായ കാറ്റില്‍ മരങ്ങള്‍ വൈദ്യുതി ലൈനില്‍ വീണതിനെ തുടര്‍ന്ന് ഏകദേശം 15 മുതല്‍ 20 വരെ ട്രെയിനുകള്‍ വൈകി. ഡല്‍ഹിയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ദ്വാരക, ഖാന്‍പൂര്‍, മിന്റോ റോഡ്, ലജ്പത് നഗര്‍, മോത്തി ബാഗ് തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. ആളുകള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ മഴയും കാറ്റും വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
Recent Comments