സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിൽ ആയിരുന്നു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. നടന്‍ കിഷോര്‍ സത്യയാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചത്. ഒരു സങ്കട വാർത്ത എന്ന് പറഞ്ഞാണ് കിഷോര്‍ സത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.

നേരത്തെ നടന്‍റെ ചികിൽസക്ക് 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും നടൻ കിഷോർ സ‌ത്യ പറഞ്ഞിരുന്നു. സീരിയൽ ആർടിസ്റ്റുകളുടെ സംഘടനയായ ആത്മയിൽ നിന്നും നടന് സാമ്പത്തിക സഹായം നൽകുമെന്നും കിഷോർ സത്യ അറിയിച്ചിരുന്നു. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലും വിഷ്ണു പ്രസാദ് അംഗമാണ്. അമ്മയിൽ നിന്നും ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക സഹായം ലഭിക്കുമോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും കിഷോർ സത്യ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു.

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങളിലൂടെയാകും പ്രേക്ഷകരിൽ ഭൂരിഭാഗം പേർക്കും അദ്ദേഹത്തെ പരിചയം. വിനയന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാശിയിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. പിന്നീട് സീരിയലുകളിലും വിഷ്ണുപ്രസാദ് സജീവമായി.

മുൻ കേന്ദ്രമന്ത്രി ഗിരിജ വ്യാസ് അന്തരിച്ചു

മുൻ കേന്ദ്രമന്ത്രി ഗിരിജ വ്യാസ് അന്തരിച്ചു

ജയ്പൂർ: പൊള്ളലേറ്റ് ചികിത്സയിയിലായിരുന്ന മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് (78) അന്തരിച്ചു. ഉദയ്പൂരിലെ വീട്ടിൽ ആരതി നടത്തുന്നതിനിടെ വിളക്കിൽ നിന്ന് വസ്ത്രത്തിൽ തീ പടർന്നാണ് ​ഗിരിജയ്ക്ക് പൊള്ളലേറ്റത്. ശരീരത്തിന്റെ 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഇന്നലെ അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

കേന്ദ്രമന്ത്രിയായും, ദേശീയ വനിത കമ്മീഷൻ ചെയർപേഴ്‌സണായും, രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019-ൽ ഉദയ്പൂർ സിറ്റി അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ബിജെപിയുടെ ഗുലാബ് ചന്ദ് കതാരിയയോട് പരാജയപ്പെട്ടു.

ഗിരിജയുടെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അനുശോചനം അറിയിച്ചു. ഗിരിജയുടെ വിയോഗം കോൺഗ്രസ് കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ഖർഗെ പറഞ്ഞു. വിദ്യാഭ്യാസം, സാമൂഹിക നീതി, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ ഗിരിജ വ്യാസിന്റെ സംഭാവന വളരെ പ്രധാനപ്പെട്ടതാണെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

പാങ്ങോട്ട് വട്ടക്കരിക്കകത്ത് പോക്സോ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

പാങ്ങോട്ട് വട്ടക്കരിക്കകത്ത് പോക്സോ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

പാങ്ങോട് പോലീസ് സ്റ്റേഷൻ പരിധിയിൽ മദ്രസ അദ്ധ്യാപകനായ പനവൂർ പുത്തൻപളളി പ്ലാവിള അർഷാദ് മൻസിലിൽ മുഹമ്മദ് അർഷാദ് (30 )നെയാണ് പാങ്ങോട് പോലീസ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയ്ക്ക് മദ്രസയിൽ ക്ലാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 9 വയസുകാരിയെ വിളിച്ചു വരുത്തിയ ശേഷം കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.

പാങ്ങോട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായരുടെ നേതൃത്വത്തിൽ പ്രതിയെ ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുത്തു. വീട്ടിൽ ചെന്ന് പെൺകുട്ടി മാതാവിനോട് കാര്യം പറഞ്ഞു. തുടർന്ന് മാതാപിതാക്കൾ പാങ്ങോട് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. 2 വർഷമായി ഇയാൾ ഇവിടെ പഠിപ്പിക്കുയായിരുന്നു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റി

കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി.

കോൺഗ്രസ് ബെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആർ.എസ് പ്രശാന്ത് നേതൃത്വം നൽകി. ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മുൻ ബ്ലോക്ക് പ്രസിഡന്റും ആയ ടിപി അംബിരാജ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി ജയചന്ദ്രൻ നായർ, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ വിനയൻ മേലാറ്റിങ്ങൽ, ആസാദ് ആലങ്കോട്, എസ് ഷാജി, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ജയകുമാർ എസ്, എസ് പ്രമോദ്, മണ്ഡലം പ്രസിഡന്റ് അഭിരാജ് വൃന്ദാവനം, വിഷ്ണു പ്രശീലൻ, മണ്ഡലം, ബൂത്ത് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ഏഴുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍, ശക്തമായി തിരിച്ചുവന്ന് രൂപ

ഏഴുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍, ശക്തമായി തിരിച്ചുവന്ന് രൂപ

ന്യൂഡല്‍ഹി: ഡോളറിനെതിരെ ശക്തമായി തിരിച്ചുവന്ന് രൂപ. ഏഴുമാസത്തിനിടെ 2024 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കാണ് രൂപ ഉയര്‍ന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 71 പൈസയുടെ നേട്ടം സ്വന്തമാക്കിയതോടെ രൂപ 84 നിലവാരത്തിലും താഴെ എത്തിയിരിക്കുകയാണ്. 83.78 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.

84.09 എന്ന നിലയിലാണ് ഇന്ന് രൂപയുടെ വ്യാപാരം ആരംഭിച്ചത്. ഓഹരി വിപണിയിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്കാണ് രൂപയ്ക്ക് തുണയായത്. കൂടാതെ ഇന്ത്യ- അമേരിക്ക താരിഫ് ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുകൂലമായ സംസാരിച്ചതും രൂപയ്ക്ക് പ്രയോജനം ചെയ്തതായും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഫെബ്രുവരി 10ന് രേഖപ്പെടുത്തിയ 87.95 ആണ് രൂപയുടെ ഏറ്റവും മോശം നിലവാരം.

അതിനിടെ ഓഹരി വിപണിയും നേട്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് 900ലധികം പോയിന്റ് ആണ് മുന്നേറിയത്. സെന്‍സെക്‌സ് 81000 കടന്നാണ് കുതിക്കുന്നത്. നിഫ്റ്റി 24,550 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്. അദാനി പോര്‍ട്‌സ്, മാരുതി സുസുക്കി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.