by Midhun HP News | May 1, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് ഇന്ന് ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. 70,200 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 205 രൂപയാണ് കുറഞ്ഞത്. 8775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ ശേഷം കഴിഞ്ഞ ദിവസം പവന് 320 രൂപ വര്‍ധിച്ചിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണവില കനത്ത ഇടിവ് നേരിടുകയായിരുന്നു.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര് സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഇപ്പോഴും ഉയര്‍ന്ന നിലവാരത്തില്‍ നില്ക്കാന് കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
by Midhun HP News | May 1, 2025 | Latest News, കേരളം
തിരുവനന്തപുരം: കായിക പരിശോധനയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന സര്‍ക്കാര്‍ ജോലികള്‍ക്ക് ഇനി ഉന്തിയ പല്ല് അയോഗ്യതയാവില്ല. ആഭ്യന്തരം, വനം- വന്യജീവി, ഗതാഗതം, എക്സൈസ് എന്നി വകുപ്പുകളിലെ യൂണിഫോം ഉപയോഗിക്കുന്ന തസ്തികകളില്‍ ഉന്തിയ പല്ലിന്റെ പേരിലുള്ള അയോഗ്യത ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
മറ്റെല്ലാ യോഗ്യതകളുണ്ടെങ്കിലും ഉന്തിയപല്ലിന്റെ പേരില്‍ ഉദ്യോഗാര്‍ഥികളെ പുറത്താക്കുന്നത് സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതത് വകുപ്പുകളില്‍ ഇതുസംബന്ധിച്ച് വിശേഷാല്‍ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ജി എസ് ടി യിലെ സംസ്ഥാനവിഹിതം, റോയല്‍റ്റി ഒഴിവാക്കും
ഭാവിയില്‍ ദേശീയ പാതാ അതോറിറ്റി കേരളത്തില്‍ നടപ്പിലാക്കുന്ന എല്ലാ പദ്ധതികള്‍ക്കും നിര്‍മ്മാണ വസ്തുക്കളുടെ ജിഎസ്ടി യിലെ സംസ്ഥാനവിഹിതം, റോയല്‍റ്റി എന്നിവ ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളത്തിന്റെ വികസനത്തിന് ദേശീയ പാത വികസന പദ്ധതികളും പുതിയ ദേശീയപാതകളും അനിവാര്യമാണ് എന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഇത് സംബന്ധിച്ച വിശദമായ നിര്‍ദേശം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പു മന്ത്രിക്കു സമര്‍പ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ കൂടി പങ്കാളിത്തം ഇത്തരം പദ്ധതികളില്‍ വേണമെന്ന ആവശ്യം മന്ത്രി തന്നെ മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ വിഷയം പരിശോധിക്കുകയും വരാനിരിക്കുന്ന ദേശീയപാതാ പ്രവൃത്തികളില്‍ കൂടി സംസ്ഥാനത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
by Midhun HP News | May 1, 2025 | Latest News, കേരളം
കാസര്‍കോട്: ചക്ക മുറിക്കുന്നതിനിടെ അബദ്ധത്തില്‍ കത്തിയിലേക്ക് വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം. പാടി കാസര്‍കോട് വിദ്യാനഗറിലാണ് ദാരുണ സംഭവം. ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകന് ഹുസൈന് ഷഹബാസ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
വിദ്യാനഗര്‍ പാടിയില്‍ ഉമ്മ ചക്ക മുറിക്കുന്നതിനിടെ കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. കളിക്കുന്നതിനിടെ കാല് തെന്നിയാണ് കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീണത്. കുട്ടിയുടെ നെഞ്ചിന്റെ ഇടത് ഭാഗത്ത്ആഴത്തിലുള്ള മുറിവേറ്റു. ഷഹബാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊടുവാള് ഘടിപ്പിച്ചുവെച്ച പലകയില്‍ വെച്ചാണ് ചക്ക മുറിക്കുന്നത്. ഇതിലേക്കാണ് കുട്ടി വീണത്. ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
by Midhun HP News | May 1, 2025 | Latest News, കേരളം
കൊല്ലം: കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന പ്രതിസന്ധിയില്‍. ഉയര്‍ന്ന ചെലവുകള്‍, അപര്യാപ്തമായ ചാര്‍ജിങ് സൗകര്യങ്ങള്‍, സര്‍ക്കാരിന്റെ പിന്തുണയില്ലായ്മ തുടങ്ങിയ കാരണങ്ങളാല്‍ ഇവി വാഹനങ്ങളുടെ സ്വീകാര്യത ഗണ്യമായി കുറഞ്ഞു.
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 2023 ല്‍ 75,808 ഇവി വാഹനങ്ങളാണ് വിറ്റു പോയതെങ്കില്‍ 2024 ആയപ്പോള്‍ 60,345 ആയി കുറയുകയാണ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇവി വാഹന വില്‍പ്പനയില്‍ കേരളം മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പത്താം സ്ഥാനത്തായിരുന്നു. ഈ വര്‍ഷം അത് പതിനൊന്നാം സ്ഥാനത്തായി. ഈ വര്‍ഷം ഏപ്രില്‍ വരെ 7,906 ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമേ വിറ്റഴിക്കപ്പെട്ടിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 29,892 വാഹനങ്ങളാണ് വിറ്റഴിച്ചത്.
ചിലവ് വര്‍ധനവ്, അപര്യാപ്തമായ ചാര്‍ജിങ് സൗകര്യം, സര്‍ക്കാരിന്റെ പിന്തുണയില്ലായ്മ എന്നിവയെല്ലാം ഇവി വില്‍പ്പനയില്‍ കുറവുണ്ടാകാന്‍ കാരണമാണെന്ന് വ്യവസായ വിദഗ്ധര്‍ പറയുന്നു. ചാര്‍ജിങ് സ്റ്റേഷന് സ്ഥാപിക്കുന്നത് കെഎസ്ഇബിയുടെ അനുമതി ആവശ്യമാണ്. അനുമതി കിട്ടാന്‍ പലപ്പോഴും വൈകാറുമുണ്ട്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് പലപ്പോഴും പിന്തിരിപ്പന് രീതിയാണുണ്ടാകാറുള്ളതെന്നും സര്‍ക്കാരും ഇതില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്നും ഇലക്ട്രിക് വെഹിക്കിള്‍ ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് റെജിമോന് പറയുന്നു. കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ നികുതി രഹിതമായി ഇവികള്‍ നല്കുമ്പോള് കേരളത്തില്‍ നികുതി ഉയര്‍ത്തുകയാണെന്നും റെജിമോന് പറയുന്നു. കെഎസ്ബി മതിയായ വോള്‍ട്ടേജ് പോരെന്ന് പറഞ്ഞ് ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെടുന്നു. അതിനായി വലിയ ചിലവും വരുന്നുവെന്ന് അദ്ദേഹം പറയുന്നു.
ഇവി വാഹനങ്ങളുടെ വില പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അടുത്തിടെ പറഞ്ഞിരുന്നു. ചാര്‍ജിങ് സ്റ്റേഷനുകളിലേയും ഉദ്യോഗസ്ഥ തലങ്ങളിലേയും പ്രശ്നങ്ങള്‍ ഗുരുതരമായ ആശങ്കയായി ഇപ്പോഴും തുടരുന്നുവെന്ന് കേരളത്തിലെ ഇലക്ട്രിക് ചാര്‍ജിങ് ശൃംഖലയായ ജിഒഇസിയുടെ ജനറല്‍ മാനേജര്‍ ജോയല്‍ യോഹന്നാന് പറയുന്നു.
by Midhun HP News | May 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മെയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്.
എട്ടു മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിച്ചതിനെതുടര്‍ന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ല്‍ ഓസ്ട്രേലിയയില്‍ ആണ്. ഇതിന്റെ പ്രചോദനം അമേരിക്കയില്‍ നിന്നും ഉണ്ടായതാണെന്ന ഒരു വാദവുമുണ്ട്. എണ്‍പതോളം രാജ്യങ്ങളില്‍ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നു.
1886 മെയ് ഒന്നിന് എട്ടുമണിക്കൂര്‍ ജോലിയും വിശ്രമവും ആവശ്യപ്പെട്ട് അമേരിക്കയില്‍ മൂന്നു ലക്ഷത്തോളം തൊഴിലാളികള്‍ പണിമുടക്കി. തുടര്‍ന്ന്, മെയ് നാലിന് ചിക്കാഗോ നഗരത്തിലെ ഹേ മാര്‍ക്കറ്റ് ചത്വരത്തില്‍ സമാധാനപരമായി പ്രകടനം നടത്തിയിരുന്ന തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തിലും പൊലീസ് വെടിവയ്പിലും നിരവധി പേര് കൊല്ലപ്പെട്ടു. തൊഴിലിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനും ജീവിതസാഹചര്യങ്ങള്‍ നേടുന്നതിനുമായി നടത്തിയ പോരാട്ടത്തിലുണ്ടായ ആ ജീവത്യാഗത്തിന്റെ സ്മരണയ്ക്കായി 1890 മുതലാണ് അന്താരാഷ്ട്ര തൊഴിലാളി ദിനം ഔദ്യോഗികമായി ആചരിക്കാന്‍ ആരംഭിച്ചത്.
തൊഴില്‍ അവകാശങ്ങള്‍ നേടുന്നതിനപ്പുറം കര്‍ഷകര്‍ ഉള്‍പ്പടെയുള്ള വിഭാഗങ്ങളുമായി കൈകോര്‍ത്ത് പുത്തനൊരു ഉണര്‍വിലേക്ക് സംഘടിത തൊഴിലാളി വര്‍ഗം ഉയിര്‍ത്തെഴുന്നേറ്റത് ആ പോരാട്ടത്തിലൂടെയായിരുന്നു. സാമൂഹ്യവ്യവസ്ഥയേയും ഭരണക്രമത്തേയും തന്നെ മാറ്റിമറിക്കാന്‍ കഴിയുംവിധമുള്ള ശക്തിയായി തൊഴിലാളി വര്‍ഗം പിന്നീട് മാറി.
by Midhun HP News | May 1, 2025 | Latest News, കേരളം
കൊച്ചി: എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്‍സി സ്ഥാപന ഉടമയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിങ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. ഓപ്പറേഷന് സ്പോട്ട് ട്രാപ്പിന്റെ ഭാഗമായി എറണാകുളം മധ്യമേഖല വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയില്‍ കോര്പ്പറേഷന് വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് സെക്ഷന്‍ ഓവര്‍സിയറായ തൃശ്ശൂര്‍ മണ്ണുത്തി പൊള്ളന്നൂര്‍ സ്വദേശിനി സ്വപ്നയാണ് പിടിയിലായത്.
ഇന്നലെ വൈകുന്നേരം 5-ന് വൈറ്റില വൈലോപ്പിള്ളി റോഡിലെ പൊന്നുരുന്നി അമ്പലത്തിനു സമീപം സ്വന്തം കാറില്‍ ഇവര്‍ പണം വാങ്ങാന്‍ എത്തിയപ്പോഴാണ് വിജിലന്‍സ് സംഘം കാര്‍ വളഞ്ഞ് പിടികൂടിയത്.
ജനുവരിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി പരാതിക്കാരന് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്ന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്പി എസ്. ശശിധരന് പറഞ്ഞു. കാരണമില്ലാതെ സ്വപ്ന ഇയാളുടെ അപേക്ഷ തടഞ്ഞുവെച്ചെന്നാണ് ആരോപണം. അപേക്ഷയ്ക്കായി വീണ്ടും സമീപിപിച്ചപ്പോള്‍ ഫയല്‍ നീക്കത്തിന് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പരാതിക്കാരന് സമീപിക്കുകയായിരുന്നുവെന്നും എസ്പി പറഞ്ഞു.
വിഎസിബിയുടെ നിര്‍ദ്ദേശപ്രകാരം കെമിക്കല്‍ മാര്‍ക്കറുകള്‍ പുരട്ടിയ കറന്‍സി നോട്ടുകള്‍ ഉപയോഗിച്ച് കൈക്കൂലി തുക കൈമാറാന്‍ പരാതിക്കാരനോട് പറഞ്ഞു. തുടര്‍ന്ന് കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്നയെ പിടികൂടുകയായിരുന്നു. ഉദ്യോഗസ്ഥയെ പിന്നീട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കൈക്കൂലി കേസില്‍ വിഎസിബി പിടിക്കുന്ന കൊച്ചി കോര്‍പ്പറേഷനില്‍ നിന്നുള്ള എട്ടാമത്തെ ഉദ്യോഗസ്ഥയാണ് സ്വപ്ന.
Recent Comments