പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് വിലക്ക്; വ്യോമാതിര്‍ത്തി അടച്ച് ഇന്ത്യ

പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് വിലക്ക്; വ്യോമാതിര്‍ത്തി അടച്ച് ഇന്ത്യ

ന്യൂഡല്‍ഹി: പെഹല്‍ഗാം ആക്രമണണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. പാക് വ്യോമതിര്‍ത്തിയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിക്ക് തിരിച്ചടിയായാണ് ഇന്ത്യയുടെ നീക്കം.

പാകിസ്ഥാന്‍ യാത്ര, സൈനിക വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് അനുമതി നല്‍കേണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. അതേസമയം, പാകിസ്ഥാന്‍ വഴിയെത്തുന്ന വിദേശ വിമാന സര്‍വീസുകള്‍ക്ക് തടസമുണ്ടാകില്ല.

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തിയില്‍ വിലക്കേര്‍പ്പെടുത്തിയ പാകിസ്ഥാന്‍ തീരുമാനത്തിന് 6 ദിവസത്തിനു ശേഷമാണ് ഇന്ത്യയുടെ മറുപടി. പാകിസ്ഥാന്‍ വിമാനങ്ങള്‍ ഇന്ത്യ കടന്നാണ് തെക്കന്‍ ഏഷ്യയിലേക്കും തെക്കു കിഴക്കന്‍ ഏഷ്യയിലേക്കും മറ്റും പോകുന്നത്.

ഏപ്രില്‍ 22-നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്. ഭീകരാക്രമണത്തില്‍ 26 വിനോദസഞ്ചാരികളാണ് വെടിയേറ്റ് മരിച്ചത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു. പാകിസ്ഥാനെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

എടിഎം ഇടപാട്; ഇന്നുമുതല്‍ ഫീസ് വര്‍ധന, വിശദാംശങ്ങള്‍

എടിഎം ഇടപാട്; ഇന്നുമുതല്‍ ഫീസ് വര്‍ധന, വിശദാംശങ്ങള്‍

എടിഎം ഇടപാടുമായി ബന്ധപ്പെട്ട് ആര്‍ബിഐ വര്‍ധിപ്പിച്ച ഫീസ് ഇന്നുമുതല്‍ (വ്യാഴാഴ്ച) പ്രാബല്യത്തില്‍. ബാങ്ക് എടിഎമ്മില്‍ സൗജന്യ ഇടപാടിനുള്ള പ്രതിമാസപരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ഇന്നുമുതല്‍ 23 രൂപയും ജിഎസ്ടിയും നല്‍കണം. നിലവിലെ 21 രൂപയില്‍ നിന്നു രണ്ടു രൂപയാണ് വര്‍ധന.

സൗജന്യ പരിധിക്കുശേഷമുള്ള പണം പിന്‍വലിക്കല്‍, നിക്ഷേപിക്കല്‍, ബാലന്‍സ് പരിശോധന, മിനി സ്റ്റേറ്റ്‌മെന്റ് തുടങ്ങിയ ഇടപാടുകള്‍ക്കുള്ള ഇന്റര്‍ചേഞ്ച് ഫീസാണ് വര്‍ധിപ്പിച്ചത്. ഓരോ മാസവും സ്വന്തം ബാങ്ക് എടിഎമ്മുകളില്‍ അഞ്ചു ഇടപാടുകളാണു സൗജന്യം. ഇതിനു പുറമേ, ഇതര ബാങ്ക് എടിഎമ്മുകളില്‍ മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റു സ്ഥലങ്ങളില്‍ അഞ്ചും ഇടപാടുകള്‍ സൗജന്യമാണ്. ഇതിനുശേഷമുള്ള ഇടപാടുകള്‍ക്കാണു നിരക്കു കൂടുന്നത്. എടിഎം കൗണ്ടറുകളുടെ നടത്തിപ്പിനും സെക്യൂരിറ്റി സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനും വലിയ ചെലവ് വരുന്നുണ്ടെന്ന ബാങ്കുകളുടെ അഭ്യര്‍ഥന മാനിച്ചാണ് ആര്‍ബിഐ നിരക്ക് വര്‍ധനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്.

പുതിയ പരിഷ്‌കാരം എടിഎം കൗണ്ടര്‍ വഴി പണം പിന്‍വലിക്കുന്നവര്‍ക്ക് ചെലവ് വര്‍ദ്ധിപ്പിക്കാനിടയാക്കും. യുപിഐ പോലുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ ഉപയോഗിക്കുന്നത് വ്യാപകമാക്കുകയും എടിഎം കൗണ്ടറുകള്‍ വഴിയുള്ള ഇടപാടുകള്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന രീതിയിലേക്ക് മാറുകയും ചെയ്യും. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗത്തില്‍ സൗജന്യ പരിധിക്കുശേഷം ഈടാക്കുന്ന തുകയാണ് ഇന്റര്‍ചേഞ്ച് ഫീസ്. ഈ തുക ബാങ്കുകള്‍ തമ്മില്‍ കൈമാറുകയാണ് പതിവ്. ഇതാണ് വര്‍ധിപ്പിച്ചത്.

മെയ് മാസത്തില്‍ 12 ദിവസം ബാങ്ക് അവധി: പട്ടിക ഇങ്ങനെ…..

മെയ് മാസത്തില്‍ 12 ദിവസം ബാങ്ക് അവധി: പട്ടിക ഇങ്ങനെ…..

ഡല്‍ഹി: മെയ് മാസത്തില്‍ രാജ്യത്ത് മൊത്തം 12 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും മെയ് ഒന്നിനും ബാങ്കിന് അവധിയാണ്. പ്രാധാന്യം അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് മെയ് മാസത്തില്‍ മൊത്തം 12 ബാങ്ക് അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

മെയ് 1- ബുധനാഴ്ച- മെയ് ദിനം പ്രമാണിച്ച് മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തമിഴ്‌നാട്, അസം, ആന്ധ്രാപ്രദേശ്, തെലങ്കാന, മണിപ്പൂര്‍, പശ്ചിമ ബംഗാള്‍, ഗോവ, ബിഹാര്‍ സംസ്ഥാനങ്ങളില്‍ അവധി

മെയ് 4- ഞായറാഴ്ച

മെയ് 9- വെള്ളിയാഴ്ച- രവീന്ദ്രനാഥ ടാഗോര്‍ ജയന്തി- പശ്ചിമ ബംഗാളില്‍ അവധി

മെയ് 10- രണ്ടാം ശനിയാഴ്ച

മെയ് 11- ഞായറാഴ്ച

മെയ് 12- തിങ്കളാഴ്ച- ബുദ്ധ പൂര്‍ണ്ണിമ- ത്രിപുര, മിസോറാം,മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, ജമ്മു, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ന്യൂഡല്‍ഹി, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ അവധിയാണ്

മെയ് 16- വെള്ളിയാഴ്ച- സിക്കിം സംസ്ഥാനം രൂപീകരിച്ച ദിനം- സിക്കിമില്‍ അവധി

മെയ് 18- ഞായറാഴ്ച

മെയ് 24- നാലാം ശനിയാഴ്ച

മെയ് 25- ഞായറാഴ്ച

മെയ് 26- തിങ്കളാഴ്ച- കാസി നസ്രുള്‍ ഇസ്ലാമിന്റെ ജന്മദിനം- ത്രിപുരയില്‍ അവധി

മെയ് 29- വ്യാഴാഴ്ച- മഹാറാണ പ്രതാപ് ജയന്തി- ഹിമാചല്‍ പ്രദേശില്‍ അവധി

എൻ ചന്ദ്രബാബു (79) അന്തരിച്ചു

എൻ ചന്ദ്രബാബു (79) അന്തരിച്ചു

ആറ്റിങ്ങൽ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഉത്രാടത്തിൽ (വി.ആർ.എ :146 ബി) എൻ ചന്ദ്രബാബു (79) (റിട്ടയേർഡ് അധ്യാപകൻ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ) അന്തരിച്ചു.

ഭാര്യ: എസ് സുഷമ (റിട്ടയേർഡ് മാനേജർ, കേരളാ ബാങ്ക്, ആറ്റിങ്ങൽ).
മക്കൾ: നിഷ സി ബാബു, ഡോ: സി ശ്രീലക്ഷ്മി (എൻഡോ ഡോംടിസ്റ്റ്, കൊല്ലം)
മരുമക്കൾ: ബിബിൻ എം.എസ്(സാരഥി മോട്ടേഴ്സ്), സൂരജ് എം (എഞ്ചിനീയർ).
സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്

അഭിഭാഷക ജിസ്മോളും മക്കളും ആറ്റിൽ ചാടി മരിച്ച സംഭവം; ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

അഭിഭാഷക ജിസ്മോളും മക്കളും ആറ്റിൽ ചാടി മരിച്ച സംഭവം; ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

കോട്ടയം ഏറ്റുമാനൂരിൽ അഭിഭാഷക ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ജിമ്മിയും ഭർതൃ പിതാവ് ജോസഫും അറസ്റ്റിൽ. മൊബൈൽ ഫോൺ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തിയതോടെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്

ഇന്ന് ഉച്ചയോടെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനുശേഷമാണ് ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ജിസ്മോൾ ഗാർഹിക പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശങ്ങൾ പൊലീസിന് ലഭിച്ചു.

ജിമ്മിയുടെ മാതാവിനെതിരെയും മൂത്ത സഹോദരിക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇവർക്കെതിരെയും ചില തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഏപ്രിൽ 15നാണ് അയർകുന്നം നീറിക്കാടിന് സമീപം മീനച്ചിലാറ്റിൽ ചാടി ജിസ്മോളും മക്കളായ നേഹയും നോറയും ആത്മഹത്യ ചെയ്തത്. കേസിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ, മുഖ്യമന്ത്രിക്ക് ജിസ് മോളുടെ കുടുംബം പരാതി നൽകിയിരുന്നു. നിറത്തിന്റെ പേരിലും സ്ത്രീധനത്തിന്റെ പേരിലും ജിസ് മോൾ നിരന്തരം പീഡനത്തിനിരയായി എന്നായിരുന്നു കുടുംബത്തിന്റെ പരാതി.

പ്രധാനമന്ത്രി എത്താനിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി

പ്രധാനമന്ത്രി എത്താനിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി

പ്രധാനമന്ത്രി എത്താനിരിക്കെ വീണ്ടും ബോംബ് ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചത് തിരുവനന്തപുരം വിമാനത്താവളത്തില്‍. 24 മണിക്കുറിനുളളില്‍ സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ശുചി മുറിയിലും എക്‌സിറ്റ് പോയിന്റിലും ബോംബ് സ്ഥാപിക്കുമെന്നാണ് ഭീഷണി.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുള്‍ മുജാഹിദീന്‍ ഏറ്റെടുക്കുന്നതായി സന്ദേശത്തില്‍ വ്യക്തമാക്കി. ഇന്നലെ രാത്രിയില്‍ മൂന്നു ഇമെയിലുകളിലായാണ് സന്ദേശം എത്തിയത്. വിമാനത്താവളത്തില്‍ വ്യാപക പരിശോധന നടത്തി.

രണ്ടാം തീയതി വരെ പരിശോധനകള്‍ തുടരുമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. അവസാന നിമിഷ ടിക്കറ്റ് ബുക്കിംഗ് ഈ ദിവസങ്ങളില്‍ സ്വകരിക്കില്ലെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.കഴിഞ്ഞ മൂന്നാഴ്ചയിലധികമായി സംസ്ഥാനത്തെ പലയിടങ്ങളിൽ ബോംബ് ഭീഷണിയുണ്ടെന്ന് വ്യാജ സന്ദേശങ്ങൾ ലഭിച്ചിരുന്നു.

രണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് മാത്രം 12 തവണ വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന ഇന്റലിജൻസുകൾ വ്യാപകമായ നിരീക്ഷണമേർപ്പെടുത്തിയിരിക്കുകയാണ് കേരളത്തിൽ.