‘രാജ്യം വിട്ട് പോകില്ല, പാസ്സ് പോർട്ട്‌ സമർപ്പിക്കാൻ തയ്യാർ’: പുലിപ്പല്ല് കേസിൽ വേടന് ജാമ്യം

‘രാജ്യം വിട്ട് പോകില്ല, പാസ്സ് പോർട്ട്‌ സമർപ്പിക്കാൻ തയ്യാർ’: പുലിപ്പല്ല് കേസിൽ വേടന് ജാമ്യം

പുലിപ്പല്ല് കേസിൽ റാപ്പർ വേടന് ജാമ്യം അനുവദിച്ച് കോടതി. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.വേടന്റെ ജാമ്യപേക്ഷ കോടതി പരിഗണിച്ചു. ജാമ്യത്തിന് കർശന ഉപാധികൾ കോടതി വച്ചു.

അന്വേഷണവുമായി സഹകരിക്കണം. കേരളം വിട്ടു പുറത്തു പോകരുത്. ഏഴുദിവസത്തിനുള്ളിൽ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗത്തിനു മുന്നിൽ ഹാജരാകണം എന്നും കോടതി നിർദേശിച്ചു.സമ്മാനമായി ലഭിച്ച വസ്തു പുലി പല്ല് എന്ന് അറിയില്ലായിരുന്നു, അറിഞ്ഞിരുന്നെങ്കിൽ ഉപയോഗിക്കിലായിരുന്നു എന്ന് വേടൻ കോടതിയെ അറിയിച്ചു.

അന്വേഷണത്തോട് പൂർണമായും സഹകരിക്കാൻ തയ്യാർ. രാജ്യം വിട്ട് പോകില്ല.പാസ്സ് പോർട്ട്‌ സമർപ്പിക്കാൻ തയ്യാർ. പുലി പല്ല് എന്ന് വനം വകുപ്പ് പറയുന്നത് അല്ലാതെ ശാസ്ത്രീയമായ തെളിവ് ഒന്നുമില്ല. തൊണ്ടിമുതൽ കണ്ടെടുത്തിട്ടുണ്ട്. വനം വകുപ്പ് കസ്റ്റഡിക്കായി അപേക്ഷ നൽകിയിട്ടില്ല. അതിനാൽ ജാമ്യം നൽകണമെന്നും വേടൻ കോടതിയോട് അഭ്യർത്ഥിച്ചു.

എന്നാൽ ജാമ്യപേക്ഷയെ എതിർത്ത് വനം വകുപ്പ് രംഗത്തെത്തി. രാജ്യം വിട്ട് പോകാൻ സാധ്യതയുണ്ട്. തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. വേടന്റെ മാനേജരെ ചോദ്യം ചെയ്യണം. അവരാണ് പരിപാടികൾ നോക്കുന്നത്. അവരെ ചോദ്യം ചെയ്താൽ മാത്രമേ ഉറവിടം അറിയാൻ സാധിക്കു. രഞ്ജിത് കുമ്പിടി എന്നയാളാണ് മാല നൽകിയത് എന്ന് പറയുന്നു. എന്നാൽ ഇയാളെ കണ്ടെത്താനായിട്ടില്ലെന്ന് വനം വകുപ്പ് അറിയിച്ചു.

ഒരു സാധാരണക്കാരൻ എങ്ങനയാണ് പുല്ലി പല്ല് കണ്ടാൽ തിരിച്ചറിയാൻ ആകുവാ എന്ന് വേടൻ ചോദിച്ചു. സമ്മാനമായി ലഭിച്ചപ്പോൾ വാങ്ങിയതാണ്. മൃഗ വേട്ട നിലനിൽക്കില്ലെന്നും വേടന്റെ അഭിഭാഷകൻ പറഞ്ഞു.

വാങ്ങിയത് ‘ഒറിജിനല്‍’ എല്‍എസ്ഡി സ്റ്റാമ്പുകള്‍, പരിശോധനാഫലം വന്നപ്പോള്‍ ലിവിയയും ഞെട്ടി; വ്യാജന്‍ നല്‍കിയത് ആഫ്രിക്കക്കാര്‍

വാങ്ങിയത് ‘ഒറിജിനല്‍’ എല്‍എസ്ഡി സ്റ്റാമ്പുകള്‍, പരിശോധനാഫലം വന്നപ്പോള്‍ ലിവിയയും ഞെട്ടി; വ്യാജന്‍ നല്‍കിയത് ആഫ്രിക്കക്കാര്‍

തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഷീലാ സണ്ണിയുടെ ബാഗിലും സ്‌കൂട്ടറിലും യഥാര്‍ഥ എല്‍എസ്ഡി സ്റ്റാമ്പുകള്‍ വെച്ച് കുടുക്കാനാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറയുന്നു. ബംഗളൂരുവിലെ ആഫ്രിക്കക്കാരില്‍ നിന്ന് പതിനായിരം രൂപ നല്‍കിയാണ് സ്റ്റാമ്പ് വാങ്ങിയത്. എന്നാല്‍ പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് വ്യാജന്‍ നല്‍കി പറ്റിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞതെന്ന് മുഖ്യപ്രതി നാരായണ ദാസിന്റെ മൊഴിയില്‍ പറയുന്നു.

കേസില്‍ അറസ്റ്റിലായ നാരായണ ദാസ് കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ഷീലാ സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരിയും നാരായണ ദാസിന്റെ സുഹൃത്തുമായ ലിവിയയാണ് എല്‍എസ്ഡി സ്റ്റാമ്പുകള്‍ വാങ്ങിയതും ഷീലാ സണ്ണിയുടെ ബാഗിലും സ്‌കൂട്ടറിലും ഒളിപ്പിച്ചതും എന്നും നാരായണ ദാസ് മൊഴി നല്‍കിയിട്ടുണ്ട്. ബംഗളൂരുവിലെ ആഫ്രിക്കക്കാരില്‍നിന്ന് പതിനായിരം രൂപ നല്‍കിയാണ് ലിവിയ സ്റ്റാമ്പ് വാങ്ങിയത്. എന്നാല്‍ വ്യാജന്‍ നല്‍കി ലിവിയയെ പറ്റിക്കുകയായിരുന്നുവെന്ന് പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് മനസ്സിലായതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

സഹോദരിക്കുണ്ടായ അവഗണനയ്ക്ക് പ്രതികാരമായാണ് ലിവിയ ഇതു ചെയ്തതെന്നും മൊഴിയിലുണ്ട്. ഷീലാ സണ്ണിയുടെ വീട്ടില്‍ തലേദിവസം തന്നെ എത്തിയ ലിവിയ സ്റ്റാമ്പ് ബാഗിലും സ്‌കൂട്ടറിലും ഒളിപ്പിച്ചശേഷം ഫോട്ടോ എടുത്ത് നാരായണ ദാസിന് നല്‍കിയിരുന്നു. ഈ ഫോട്ടോ സഹിതമാണ് നാരായണ ദാസ് എക്സൈസിന് വിവരം നല്‍കിയതെന്നും പൊലീസ് പറയുന്നു.

ഏറെ നാളായി ഒളിവിലായിരുന്ന നാരായണ ദാസിനെ പ്രത്യേകാന്വേഷണ സംഘം ബംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. ചൊവ്വാഴ്ച കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി ഓഫീസില്‍ അറസ്റ്റ് രേഖപ്പെടുത്തി. വൈകീട്ട് ചാലക്കുടി ഒന്നാംക്ലാസ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തിലും ഗൂഢാലോചനയിലും നാരായണ ദാസിനു പങ്കുള്ളതായി വ്യക്തമായതായി ഡിവൈഎസ്പി വി കെ രാജു പറഞ്ഞു.

സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (30/04/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

നാളെ തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 50 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ്.

ശനിയും ഞായറും തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോ മീറ്റര്‍ വരെയും ശക്തമായ കാറ്റിന് സാധ്യത. മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി എ ആളൂര്‍ അന്തരിച്ചു

ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി എ ആളൂര്‍ അന്തരിച്ചു

തൃശൂര്‍: ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.ബി എ ആളൂര്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ് ബിജു ആന്റണി ആളൂര്‍ എന്ന ബി എ ആളൂര്‍.

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇലന്തൂര്‍ ഇരട്ട നരബലി കേസിലും കൂടത്തായി കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു. ഇതിനെല്ലാം പുറമേ പ്രമാദമായ മറ്റു നിരവധി കേസുകളിലും പ്രതിഭാഗത്തിനായി കോടതിയില്‍ ഹാജരായിട്ടുണ്ട്.

പോത്തന്‍കോട് സുധീഷ് വധക്കേസ്: 11 പ്രതികള്‍ക്കും ജീവപര്യന്തം

പോത്തന്‍കോട് സുധീഷ് വധക്കേസ്: 11 പ്രതികള്‍ക്കും ജീവപര്യന്തം

തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസില്‍ 11 പ്രതികള്‍ക്കും ജീപര്യന്തം തടവുശിക്ഷ. കേസിലെ പ്രതികളായ സുധീഷ് ഉണ്ണി, ഗുണ്ടാത്തലവന്‍ ഒട്ടകം രാജേഷ്, ശ്യാംകുമാര്‍, നിധീഷ് (മൊട്ട നിധീഷ്), നന്ദിഷ്, രഞ്ജിത്, അരുണ്‍, സച്ചിന്‍, സൂരജ്, ജിഷ്ണു പ്രദീപ്, നന്ദു എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

നെടുമങ്ങാട് എസ് സി/ എസ് ടി കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികൾ ഒരു ലക്ഷം രൂപ പിഴയൊടുക്കണം. ഈ പിഴത്തുക കൊല്ലപ്പെട്ട സുധീഷിൻ്റെ അമ്മക്ക് നൽകണമെന്നും കോടതി വിധിച്ചു.

ചെമ്പകമംഗലം ലക്ഷംവീട് കോളനിയില്‍ സുധീഷിനെ (35) പോത്തന്‍കോട് കല്ലൂര്‍ പാണന്‍വിളയിലെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയും കാല്‍ വെട്ടിമാറ്റി റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് കേസ്. 2021 ഡിസംബര്‍ 11 നായിരുന്നു നിഷ്ഠൂര കൊലപാതകം നടന്നത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമായത്.

ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഇന്നു മുതൽ മെയ് 9 വരെ നടക്കും

ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഇന്നു മുതൽ മെയ് 9 വരെ നടക്കും

ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഇന്നു മുതൽ (ഏപ്രിൽ 30) മെയ് 9 വരെ നടക്കും.

ഒന്നാം ഉത്സവദിനത്തിൽ (ഏപ്രിൽ 30) വൈകുന്നേരം 7 മണിയ്ക്കു തൃക്കൊടിയേറ്റ്. രാത്രി 8. 05നു വീരനാട്യം.

രണ്ടാം ഉത്സവദിനത്തിൽ (മെയ് 1) വൈകുന്നേരം ആറിന് തിരുവാതിര, ഏഴിന് ഭക്തിഗാനമേള, എട്ടു മുപ്പതിന് ആകാശക്കാഴ്ച.

മൂന്നാം ഉത്സവ ദിവസമായ മെയ് 2നു വൈകുന്നേരം 6.45 നു തിരുവാതിര, 7.15ന് ശിവനടന വിസ്മയം.

നാലാം ഉത്സവ ദിവസമായ മെയ് 3 ന് രാത്രി 7 നു കഥകളി.

അഞ്ചാം ദിവസം മെയ് 4 നു രാവിലെ 9.30 ന് പാൽപായസ പൊങ്കാല, രാത്രി 6. 35ന് നൃത്ത നൃത്യങ്ങൾ

ആറാം ദിവസം മെയ് 5നു രാവിലെ 10. 15ന് ആയില്യപൂജ, വൈകുന്നേരം 6. 45ന് രാധാമാധവം.

ഏഴാം ദിവസം രാവിലെ 9 മണിക്ക് ഹനുമാൻസ്വാമിക്ക് കലശാഭിഷേകം, വൈകുന്നേരം
6. 45ന് കൃഷ്ണാമൃതം.

എട്ടാം ദിവസം വൈകുന്നേരം 5.30ന് തിരുവാതിര കളി, വൈകുന്നേരം 6.45നു നൃത്ത സന്ധ്യ, 7.15ന് ഭരതനാട്യം.

ഒൻപതാം ദിവസം മെയ് 8 ന് 11. 35നു വേട്ടസദ്യ, വൈകുന്നേരം 6.45നു സാംസ്‌കാരിക സമ്മേളനം, രാത്രി 8 നു ഡാൻസ് പ്രോഗ്രാം.

പത്താം ദിവസം മെയ് 9 നു രാവിലെ 8നു തിരുഃ ആറാട്ട് എഴുന്നള്ളത്ത്, 10 നു തൃക്കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും.

എല്ലാ ദിവസവും ഉച്ചയ്ക്ക് 12 ന് അന്നദാനവും രാത്രി 8.35 നു ലഘുഭക്ഷണവും ഉണ്ടായിരിക്കും.