മാല പൊട്ടിക്കൽ തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി

മാല പൊട്ടിക്കൽ തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി

തിരുവനന്തപുരം: കല്ലറ ഗവൺമെന്റ് ആശുപത്രിയിൽ ഓ പി ടിക്കറ്റ് എടുക്കാൻ നിന്ന കുട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി പാങ്ങോട് പോലീസിന് കൈമാറി. ഇന്ന് രാവിലെ 9 മണിക്കാണ് സംഭവം. മാല പൊട്ടിക്കാൻ ശ്രമിക്കുന്നത് കണ്ട നാട്ടുകാർ യുവതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഓടിപ്പോവുകയായിരുന്നു. ഇതിനിടയിൽ പിന്തുടർന്ന് എത്തിയ നാട്ടുകാർ തറട്ട ജംഗ്ഷന് സമീപം വെച്ച് തടഞ്ഞു വയ്ക്കുകയും പാങ്ങോട് പോലീസിന് കൈമാറുകയുമായിരുന്നു.

ഇക്കഴിഞ്ഞ ദിവസം കല്ലറ ശരവണ ആഡിറ്റോറിയത്തിൽ കല്യാണത്തിന് എത്തിയ കൊടിതൂക്കിയകുന്ന് സ്വദേശിനിയുടെ രണ്ടര പവൻ സ്വർണമാലയും ഇക്കഴിഞ്ഞ ശനിയാഴ്ച കല്ലറ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ തണ്ണിയം സ്വദേശിയായ വൃദ്ധ മാതാവിന്റെ രണ്ടര പവൻ മാലയും കവർന്ന സംഭവവും നടന്നിരുന്നു. തമിഴ്നാട് സ്വദേശിനികളായ മൂന്ന് അംഗസംഘം കല്ലറ പ്രദേശത്ത് വ്യാപകമായി മോഷണങ്ങളും മോഷണശ്രമങ്ങളും നടത്തിവരുന്നതായി നാട്ടുകാർ പറഞ്ഞു.

ഇതിനിടയിലാണ് സംഘത്തിൽപ്പെട്ടത് എന്ന് സംശയിക്കുന്ന ഒരു സ്ത്രീയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിനുശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞു.

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥ ശ്രമവുമായി യുഎന്‍ സെക്രട്ടറി ജനറല്‍, ഇന്ത്യയ്ക്ക് പിന്തുണയെന്ന് ബ്രിട്ടന്‍

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥ ശ്രമവുമായി യുഎന്‍ സെക്രട്ടറി ജനറല്‍, ഇന്ത്യയ്ക്ക് പിന്തുണയെന്ന് ബ്രിട്ടന്‍

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-പാകിസ്ഥാന്‍ നയതന്ത്ര ബന്ധം വഷളായിരിക്കെ, വിഷയത്തില്‍ ഇടപെട്ട് ഐക്യരാഷ്ട്രസഭ. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറെയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെയും ടെലഫോണില്‍ ബന്ധപ്പെട്ടു. പഹല്‍ഗാം ഭീകരാക്രമണത്തെ ഗുട്ടെറസ് ശക്തമായ ഭാഷയില്‍ അപലപിച്ചു. വര്‍ധിച്ചു വരുന്ന സംഘര്‍ഷാവസ്ഥയില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച ഗുട്ടെറസ്, മേഖലയെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് നയിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു.

പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന ആരോപണം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഗുട്ടെറസ്സുമായുള്ള സംഭാഷണത്തില്‍ നിഷേധിച്ചു. ഏതു തരത്തിലുള്ള ഭീകരതയ്ക്കുമെതിരെ പാകിസ്ഥാന്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇന്ത്യ തെറ്റായ ആരോപണം ഉന്നയിക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ സ്വതന്ത്രവും നിഷ്‌ക്ഷവുമായ അന്വേഷണം വേണം. പാകിസ്ഥാന്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായിട്ടുള്ള ഏതു നീക്കത്തെയും രാജ്യം ചെറുക്കുമെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ക്ക് അനുസൃതമായി, കശ്മീര്‍ വിഷയത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ യുഎന്‍ ഇടപെടണമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി യുഎന്‍ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടു.

‘ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ പഹല്‍ഗാം ഭീകരാക്രമണത്തെ നിസ്സംശയം അപലപിച്ചതിനെ അഭിനന്ദിക്കുന്നു. ഉത്തരവാദിത്തത്തിന്റെ പ്രാധാന്യത്തോട് യോജിക്കുന്നു. ഈ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും ആസൂത്രകരെയും, അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഇന്ത്യ ഉറച്ച തീരുമാനമെടുത്തിട്ടുണ്ട്’. ഗുട്ടെറസ്സുമായിട്ടുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷം വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ എക്സില്‍ കുറിച്ചു.

ഓട്ടോ ഡ്രൈവറുടെ കൊലപാതകം, ഭാര്യ അറസ്റ്റിൽ

ഓട്ടോ ഡ്രൈവറുടെ കൊലപാതകം, ഭാര്യ അറസ്റ്റിൽ

കണ്ണൂർ: കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മരിച്ച രാധാകൃഷ്ണന്റെ ഭാര്യ മാതമംഗലം സ്വദേശി മിനി നമ്പ്യാരാണ് അറസ്റ്റിലായത്. ഒന്നാംപ്രതി സന്തോഷുമായി ഭർത്താവ് രാധാകൃഷ്ണനെ കൊല്ലാൻ മിനി ഗൂഢാലോചന നടത്തിയെന്ന കേസിലാണ് മിനിയെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയാണ് മിനി.

മാര്‍ച്ച് 20നാണ് കൊലപാതകം നടന്നത്. കൈതപ്രത്ത് പുതുതായി പണിയുന്ന വീടിനുള്ളില്‍ വെച്ച് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിൽ മിനി കൊലപാതകത്തിന് മുമ്പും ശേഷവും ഒന്നാം പ്രതി സന്തോഷിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മിനി നമ്പ്യാരും സന്തോഷും നേരത്തെ സുഹൃത്തുക്കളായിരുന്നുവെന്നും, മിനിയുടെ ഭർത്താവ് രാധാകൃഷ്ണവുമായി സന്തോഷിന് വ്യക്തിപരമായി പ്രശ്നങ്ങളുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മുൻകൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രതികൾ രാധാകൃഷ്ണനെ കാത്തിരുന്ന് വകവരുത്തിയതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. രാധാകൃഷ്ണനെ കൊലപ്പെടുത്തുന്നതിന് മുമ്പ് സന്തോഷ് എയർഗണ്ണുമായി നിൽക്കുന്ന ചിത്രം തന്‍റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത മിനിയെ ചോദ്യം ചെയ്യലിന് ശേഷം പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ സന്തോഷിനെയും തോക്ക് നല്‍കിയ സജോ ജോസഫിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

‘വിവാഹത്തിന് കിട്ടുന്ന സ്വര്‍ണവും പണവും വധുവിന്റേത് മാത്രം’; തെളിവ് ആവശ്യപ്പെടരുതെന്ന് ഹൈക്കോടതി

‘വിവാഹത്തിന് കിട്ടുന്ന സ്വര്‍ണവും പണവും വധുവിന്റേത് മാത്രം’; തെളിവ് ആവശ്യപ്പെടരുതെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹത്തിന് വധുവിന് കിട്ടുന്ന സ്വര്‍ണവും പണവും വധുവിന്റെ മാത്രം സ്വത്താണെന്ന് ഹൈക്കോടതി. ഗാര്‍ഹിക പീഡന, സ്ത്രീധന പീഡന പരാതികളുടെയും വിവാഹമോചനത്തിന്റെയും ഘട്ടത്തില്‍ ഉടമസ്ഥത തെളിയിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലാക്കി കോടതികള്‍ നീതി നടപ്പാക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ബി.സ്‌നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

വിവാഹത്തിന് വധുവിനു കിട്ടിയ സാധനങ്ങള്‍ക്കു ലിസ്റ്റോ രേഖയോ ഇല്ലാത്തതിനാല്‍ ഇത്തരം കേസുകളില്‍ നീതി നിഷേധിക്കപ്പെടുന്നുവെന്നും കോടതി പറഞ്ഞു. വിവാഹ ബന്ധം വേര്‍പിരിഞ്ഞിട്ടും സ്വര്‍ണവും വീട്ടുസാമഗ്രികളും തിരികെ ആവശ്യപ്പെട്ടെങ്കിലും എറണാകുളം കുടുംബക്കോടതി നിരസിച്ച സാഹചര്യത്തിലാണു കളമശേരി സ്വദേശി രശ്മി ഹൈക്കോടതിയിലെത്തിയത്. കേസില്‍ ഹര്‍ജിക്കാരിക്ക് 59.5 പവന്‍ സ്വര്‍ണമോ ഇതിന്റെ വിപണിവിലയോ നല്‍കാന്‍ കോടതി ഭര്‍ത്താവിനോടു നിര്‍ദേശിച്ചു.

2010ല്‍ കല്യാണ സമയത്ത് വീട്ടുകാര്‍ തനിക്ക് 63 പവന്‍ സ്വര്‍ണവും ഭര്‍ത്താവിനു 2 പവന്റെ മാലയും ബന്ധുക്കള്‍ സമ്മാനമായി 6 പവനും നല്‍കിയതായി ഹര്‍ജിക്കാരി പറയുന്നു. താലിമാലയും ഒരു വളയും രണ്ടു മോതിരവും ഒഴിച്ചുള്ളവ സൂക്ഷിക്കാനെന്നു പറഞ്ഞ് ഭര്‍തൃമാതാപിതാക്കളുടെ മുറിയിലേക്കു മാറ്റി. പിന്നീട് 5 ലക്ഷം രൂപ കൂടി നല്‍കാത്തതിന്റെ പേരില്‍ വിവാഹ ബന്ധത്തില്‍ വിള്ളലുണ്ടാകുകയായിരുന്നു. വിവാഹവേളയില്‍ സ്വര്‍ണവും പണവും സ്വകാര്യമായും അനൗദ്യോഗികമായും കൈമാറുന്നതു മൂലം രേഖയുണ്ടാകാറില്ലെന്നും ഈ സാഹചര്യം മുതലാക്കി ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും അതു കൈക്കലാക്കുന്ന പല കേസുകളുമുണ്ടെന്നും കോടതി പറഞ്ഞു.

‘സുരക്ഷയെക്കരുതി സ്വര്‍ണവും പണവും ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും സൂക്ഷിക്കുന്ന രീതിയുണ്ട്. ഇതോടെ, സ്വന്തം ആഭരണങ്ങളില്‍ തൊടാനുള്ള അവകാശം പോലും സ്ത്രീക്കു നിഷേധിക്കപ്പെടുന്നു. നിലവിലെ സാമൂഹിക, കുടുംബ സാഹചര്യങ്ങളില്‍ പെണ്‍കുട്ടികള്‍ക്കു തെളിവു ഹാജരാക്കാന്‍ കഴിയാറില്ല. അതിനാല്‍ ക്രിമിനല്‍ കേസിലെന്ന പോലെ കര്‍ശനമായ തെളിവ് ആവശ്യപ്പെടരുത്. നീതി എന്നതു കര്‍ശന നടപടിക്രമങ്ങള്‍ക്ക് അപ്പുറം സത്യത്തെയും അതിന്റെ യഥാര്‍ഥ പശ്ചാത്തലത്തെയും അംഗീകരിക്കുന്നതാണ്’ കോടതി വിധിന്യായത്തില്‍ പറഞ്ഞു.

അക്ഷയതൃതീയ ദിനത്തില്‍ മാറ്റമില്ലാതെ സ്വര്‍ണവില; 72,000 രൂപയില്‍ താഴെ

അക്ഷയതൃതീയ ദിനത്തില്‍ മാറ്റമില്ലാതെ സ്വര്‍ണവില; 72,000 രൂപയില്‍ താഴെ

കൊച്ചി: സ്വര്‍ണം വാങ്ങാന്‍ ഏറ്റവും വിശേഷപ്പെട്ട ദിവസമായി കരുതി വരുന്ന അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല. 71,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 8980 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വേറെയും.

സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതല്‍ സ്വര്‍ണവില ഇടിയാന്‍ തുടങ്ങി. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ ശേഷം ഇന്നലെ പവന് 320 രൂപ വര്‍ധിച്ച സ്വര്‍ണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഇപ്പോഴും ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

അഭ്യൂഹങ്ങള്‍ക്ക് വിരാമം, മുഖ്യമന്ത്രിക്ക് പുതിയ പ്രൈവറ്റ് സെക്രട്ടറിയായി; ആരാണ് എ രാജശേഖരന്‍ നായര്‍?

അഭ്യൂഹങ്ങള്‍ക്ക് വിരാമം, മുഖ്യമന്ത്രിക്ക് പുതിയ പ്രൈവറ്റ് സെക്രട്ടറിയായി; ആരാണ് എ രാജശേഖരന്‍ നായര്‍?

തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് പോയ ഒഴിവില്‍ ആരായിരിക്കും മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി എ രാജശേഖരന്‍ നായരെ നിയമിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയാണ് രാജശേഖരന്‍ നായര്‍.

കെ കെ രാഗേഷ് പോയ ഒഴിവില്‍ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി എ രാജശേഖരന്‍ നായരെ നിയമിക്കാന്‍ തീരുമാനിച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് ഓഫീസിനെ ധരിപ്പിച്ചത്. 2016 മുതല്‍ 21 വരെയുള്ള പിണറായി ഒന്നാം സര്‍ക്കാരില്‍ രാജശേഖരന്‍ നായര്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കേയാണ് നിയമനം. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ അഭിഭാഷകന്‍ കൂടിയാണ് രാജശേഖരന്‍ നായര്‍.

നേരത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് സിപിഎം നേതാവ് എം വി ജയരാജനെ തിരികെ എത്തിക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പുറമേ സ്‌പെഷ്യല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ആര്‍ മോഹനനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് പ്രൈവറ്റ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കിയേക്കുമെന്ന തരത്തിലും ചര്‍ച്ചകള്‍ നടന്നിരുന്നു. തുടര്‍ഭരണം ലക്ഷ്യമിട്ട് മുന്നോട്ടുനീങ്ങുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ കസേരയില്‍ കരുത്തന്‍ തന്നെ വേണമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ താത്പര്യം.