തെരുവുനായയുടെ കടിയേറ്റു, അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ

തെരുവുനായയുടെ കടിയേറ്റു, അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ

മലപ്പുറം: തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ. കുട്ടി ഗുരുതരാസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി സ്വദേശിയുടെ അഞ്ചര വയസുകാരിയായ മകൾക്കാണ് തെരുവുനായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.

മാർച്ച് 29 നാണ് കുട്ടിയുടെ കടിയേറ്റത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടി മിഠായി വാങ്ങാൻ പുറത്ത് പോയപ്പോഴാണ് ആക്രമണത്തിനിരയായത്. അന്നേ ദിവസം 7 പേർക്ക് കടിയേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കുട്ടിക്ക് ഐഡിആർബി വാക്സിൻ നൽകിയിരുന്നു. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിലാണ് കുട്ടി. നിലവിൽ ഐസിയുവിലാണ് കുട്ടിയുള്ളത്. തലക്ക് കടിയേറ്റാൽ വാക്സിൻ എടുത്താലും പേവിഷബാധ ഉണ്ടാകാമെന്ന് ഡോക്ടർമാർ പറയുന്നു.

ഇന്ത്യ വിരുദ്ധ പ്രചാരണം; പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ

ഇന്ത്യ വിരുദ്ധ പ്രചാരണം; പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ

ദില്ലി: ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തിയ പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തി ഇന്ത്യ. ഡോൺ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ് ഉൾപ്പെടെ 16 ചാനലുകളാണ് നിരോധിച്ചത്. ഇന്ത്യ വിരുദ്ധ പ്രചാരണത്തിൻ്റെ പേരിലാണ് ഇന്ത്യയുടെ നടപടി. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിൻ്റെ പശ്ചാത്തലത്തിൽ അതിർത്തി ഗ്രാമങ്ങൾ കനത്ത ജാഗ്രതയിലാണ്.

ബാരാമുള്ളയിലെ ഇന്ത്യ -പാക് അതിർത്തി ഗ്രാമങ്ങളിൽ സൈനിക വിന്യാസം ശക്തമാക്കി. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗ്രമവാസികളിൽ പലരെയും മാറ്റി പാർപ്പിച്ചു. അതിർത്തി ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കൊപ്പമുണ്ടായിരുന്നവരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് എൻഐഎ. നേരിട്ട് കണ്ട് മൊഴിയെടുക്കും. ഇതിന്റെ ഭാ​ഗമായി കേരളത്തിലടക്കം സംഘമെത്തും. കർണ്ണാടകയിൽ ഭരത് ഭൂഷൻ്റെ കുടുംബത്തെ ഇന്ന് കാണും.

അതേസമയം, പാക് പൗരൻമാരുടെ ഇന്ത്യയിൽ നിന്നുള്ള മടക്കത്തിനുള്ള സമയപരിധി കഴിഞ്ഞ ശേഷമുള്ള സാഹചര്യം ആഭ്യന്തര മന്ത്രാലയം വിലയിരുത്തും. പകുതിയാളുകൾ പോലും മടങ്ങിയിട്ടില്ലെന്നാണ് നിഗമനം. കേന്ദ്രം സംസ്ഥാനങ്ങളിലെ കണക്കുകൾ തേടും. പഹൽ​ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളിലുമുള്ളവർ തിരികെയെത്തുന്നത്. അട്ടാരി അതിർത്തി വഴി കടന്നവരുടെ കണക്ക് മാത്രമാണ് നിലവിൽ സർക്കാരിൻ്റെ കൈവശമുള്ളത്. 537 പേർ ഇന്ത്യ വിട്ടെന്നാണ് സർക്കാരിൻ്റെ കണക്ക്.

മെഡിക്കൽ വീസയുടെ കാലാവധി നാളെ കഴിയും. ഇന്നലെ രാത്രി 10 വരെയാണ് രാജ്യം വിടാൻ പാക് പൗരന്മാർക്ക് അവസരം നൽകിയിരുന്നത്. ഇതിനകം 537 പാകിസ്ഥാനികൾ അട്ടാരി അതിർത്തി വഴി മടങ്ങിയെന്നാണ് കേന്ദ്രത്തിന്‍റെ ഔദ്യോഗിക കണക്കുകൾ പറയുന്നത്. ഇതിൽ 6 പേർ കേരളത്തിൽ നിന്നുള്ളവരാണെന്നും വിവരമുണ്ട്. ഇന്നലെ മാത്രം മടങ്ങിയത് 237 പാക് പൗരൻമാരാണ്. ഇന്ത്യയുടെ ഉത്തരവിനുള്ള തിരിച്ചടിയായി പാകിസ്ഥാൻ പ്രഖ്യാപിച്ച മടങ്ങിപ്പോക്ക് പ്രകാരം 850 ഇന്ത്യക്കാർ അട്ടാരി വഴി തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം രാജ്യം വിടണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് 3 പേർക്ക് നൽകിയ നോട്ടീസ് ഇന്ന് പൊലിസ് പിൻവലിച്ചിരുന്നു. കുടുംബമായി ദീർഘകാല വിസയിൽ കേരളത്തിൽ തങ്ങുന്നവരാണിവർ.

‘ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് സ്ഫോടനം’; സെക്രട്ടേറിയറ്റിനും ക്ലിഫ് ഹൗസിനും ബോംബ് ഭീഷണി

‘ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് സ്ഫോടനം’; സെക്രട്ടേറിയറ്റിനും ക്ലിഫ് ഹൗസിനും ബോംബ് ഭീഷണി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനും മുഖ്യമന്ത്രിയുടെ ഓഫീസിനും ​ഗവർണറുടെ ഔദ്യോ​ഗിക വസതിയായ രാജ്ഭവനും ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനും ഭീഷണിയുണ്ട്. ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കകം ബോംബ് പൊട്ടുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. ലഹരിക്കെതിരായ നടപടിയിൽ നിന്നും മുഖ്യമന്ത്രി പിന്തിരിയണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.

വഴുതക്കാട്ടെ ഗതാഗത കമ്മീഷണര്‍ ഓഫീസിലും സ്‌ഫോടനമുണ്ടാകുമെന്ന് സന്ദേശത്തില്‍ പറയുന്നു. ഇന്നുരാവിലെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നത്. ബോംബ് ഭീഷണിയെത്തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയാണ്. തലസ്ഥാനത്ത് ഇതിനോടകം 17 ഓളം ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി ലഭിച്ചിരുന്നു. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍, ധനകാര്യ സെക്രട്ടറിയുടെ ഓഫീസ്, നെടുമ്പാശ്ശേരി വിമാനത്താവളം തുടങ്ങിയവയിലും ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. നേരത്തെ വഞ്ചിയൂര്‍ കോടതിയിലും തിരുവനന്തപുരം കലക്ടറേറ്റിലും ബോംബ് ഭീഷണിയെത്തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു.

വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ്ങിനായി പ്രധാനമന്ത്രി തിരുവനന്തപുരം സന്ദര്‍ശിക്കാനിരിക്കെ തുടര്‍ച്ചായുണ്ടാകുന്ന ബോംബ് ഭീഷണിയെ സംസ്ഥാന ഇന്റലിജന്‍സ് അതീവ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്. വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് പൊലീസ്. സന്ദേശങ്ങള്‍ വരുന്ന ഇ മെയില്‍ ഉറവിടങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതില്‍ കേന്ദ്ര ഇന്റലിജന്‍സിനും അതൃപ്തിയുണ്ട്.

‘പുഴയോരത്ത് കെട്ടിയിടും, ദിവസങ്ങളോളം പുല്ലും വെള്ളവും ഇല്ലാതെ ചത്തുവീഴും’; ഇന്‍ഷുറന്‍സ് തട്ടാന്‍ കന്നുകാലികളോട് കൊടും ക്രൂരത

‘പുഴയോരത്ത് കെട്ടിയിടും, ദിവസങ്ങളോളം പുല്ലും വെള്ളവും ഇല്ലാതെ ചത്തുവീഴും’; ഇന്‍ഷുറന്‍സ് തട്ടാന്‍ കന്നുകാലികളോട് കൊടും ക്രൂരത

മലപ്പുറം: മനുഷ്യന്റെ ലാഭക്കൊതിയില്‍ ദുരിതം പേറി ചാകുന്ന കന്നുകാലികള്‍, ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാന്‍ കന്നുകാലികളെ ഇരകളാക്കുന്നതായി ആക്ഷേപം. ഭാരതപ്പുഴയുടെ തീരങ്ങളിലാണ് ഇത്തരത്തില്‍ കന്നുകാലികള്‍ പരിചരണം ലഭിക്കാതെ ദുരിതം പേറി ജീവന്‍ വെടിയുന്നത്. ഇത്തരം സംഭവങ്ങള്‍ നദി തീരത്ത് പതിവാണെന്ന് പ്രദേശത്തെ കര്‍ഷകര്‍ പറയുന്നു. ഒരു കാലത്ത് ക്ഷീര കര്‍ഷകര്‍ക്ക് പ്രിയപ്പെട്ട ഇടമായിരുന്നു ഭാരതപ്പുഴയുടെ തീരങ്ങള്‍. എന്നാല്‍ ഇന്ന് കന്നുകാലികളുടെ ചാവുനിലമാണ് പുഴയുടെ തീരം. കന്നുകാലികള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുക എന്ന കച്ചവട ലക്ഷ്യമാണ് ജീവികളുടെ ദുരിതത്തിന് ഇടയാക്കുന്നത് എന്ന് എടച്ചലത്തെ കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

“പുഴയുടെ തീരത്ത് കന്നുകാലികളുടെ ജഡം പതിവാണ്. ഇവ മിക്കതും ശരിയായ പരിചരണം ലഭിക്കാതെ ചാകുന്നതാണ്. ആളുകള്‍ കൊടും വെയില്‍ പോലും പരിഗണിക്കാതെ കാലികളെ പുഴയുടെ തീരത്ത് കെട്ടിയിടുന്നത് സ്ഥിരം കാഴ്ചയാണ്. ഇത്തരം കാലികളാണ് വെള്ളവും ഭക്ഷണം ലഭിക്കാതെ ദുരിതം പേറി ചാകുന്നത്” – എടച്ചലത്തെ ക്ഷീര കര്‍ഷകര്‍ രാജേഷ് എന്‍പി പറയുന്നു.

അസുഖം മൂലമോ, പ്രായാധിക്യം മൂലമോ അല്ല കന്നുകാലികള്‍ ചാകുന്നത്. ചില ആളുകളുടെ ലാഭക്കൊതി ഒന്ന് മാത്രമാണ് ഇതിന് കാരണം. 15,000 മുതല്‍ 20,000 രൂപ വരെയാണ് ഒരു കാലിയുടെ വില. ഇവയെ 80,000 രുപ വരെയുള്ള തുകയ്ക്ക് ഇന്‍ഷുറന്‍സ് ചെയ്യും. പിന്നീട് ഒരു പരിചരവും നല്‍കാതെ പുഴയുടെ തീരത്ത് കൊണ്ടുവന്നു തള്ളും. ഇവിടെ ദുരിത പൂര്‍ണമായ ജീവിതം നയിക്കുന്ന ഈ കാലികള്‍ മിക്കതും ചത്തുപോകുന്നതാണ് പതിവ്. രാജേഷ് പറയുന്നു. ഇത് പണത്തിനായുള്ള കൊലപാതകം ആണ് എന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം സംഭവങ്ങള്‍ കൂട്ടായ കുറ്റകൃത്യമാണെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുള്‍പ്പെടെ കണ്ണടയ്ക്കുന്നത് ഇത്തരം രീതികള്‍ വര്‍ധിക്കാന്‍ ഇടയായിട്ടുണ്ടെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ കാലികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ ആവശ്യമാണെന്നിരിക്കെ ഇത്തരം രേഖകള്‍ ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടല്‍ ഉണ്ടാകുന്നുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.

ഇക്കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ആറോളം കന്നുകാലികള്‍ പുഴയുടെ തീരത്ത് വച്ച് ചത്തിട്ടുണ്ടെന്ന് മറ്റൊരു കര്‍ഷകനായ ഷമീര്‍ സി പി പറയുന്നു. പല കാലികളും വലിയ ദുരിതം പേറിയാണ് ജീവന്‍ വെടിഞ്ഞത്. കന്നുകാലികളെ കുടുംബാംഗങ്ങളെ പോലെ കാണുന്ന തങ്ങള്‍ക്ക് ഇത്തരം സംഭവങ്ങള്‍ വലിയ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും ഷമീര്‍ ചൂണ്ടിക്കാട്ടുന്നു.

വിഷയത്തില്‍, ഇടപെടല്‍ ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് ഉള്‍പ്പെടെ പരാതി നല്‍കിയിരിക്കുകയാണ് ഒരു കൂട്ടം കര്‍ഷകര്‍. കന്നുകാലികളെ ഇത്തരത്തില്‍ ദുരിത ജീവിതത്തിന് വിടുന്ന കര്‍ഷകര്‍ക്ക് എതിരെ നിയമ നടപടി വേണമെന്നും ഇന്‍ഷുറന്‍സ് തുക അനുവദിക്കരുത് എന്നും ഇവര്‍ ആവശ്യപ്പെടുന്നു.

കര്‍ഷകരുടെ പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നുമാണ് വിഷയത്തില്‍ മലപ്പുറത്തെ മൃഗ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ഷൈനും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജര്‍; മോഡല്‍ സൗമ്യയും എക്‌സൈസ് ഓഫീസില്‍

ഷൈനും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജര്‍; മോഡല്‍ സൗമ്യയും എക്‌സൈസ് ഓഫീസില്‍

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ എക്‌സൈസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരായി സിനിമ നടന്മാരായ ശ്രീനാഥ് ഭാസിയെയും, ഷൈന്‍ ടോം ചാക്കോയും. ഇന്ന് രാവിലെ പത്തിന് ഹാജരാകാനായിരുന്നു ഇരുവരോടും എക്‌സൈസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രാവിലെ എട്ട് മണിയോടെ തന്നെ താരങ്ങള്‍ ആലപ്പുഴയിലെ എക്‌സൈസ് ഓഫീസില്‍ ഹാജരാകുകയായിരുന്നു.

ബംഗളൂരുവില്‍ ഡീഅഡിക്ഷന്‍ സെന്ററില്‍ ചികിത്സയില്‍ ആണെന്നും ഒരു മണിക്കൂറിനകം തിരിച്ചയക്കണമെന്നുമുള്ള നിബന്ധനയും എക്‌സൈസിന് മുന്നില്‍ ഷൈന്‍ ടോം ചാക്കോ വച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആലപ്പുഴയില്‍ അറസ്റ്റിലായ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാടില്‍ വ്യക്തത തേടിയാണ് ഇരുതാരങ്ങളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

ആലപ്പുഴയില്‍ കഞ്ചാവുമായി പിടിയിലായ തസ്ലിമ എക്‌സൈസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും എക്‌സൈസ് വിളിപ്പിച്ചത്. ഇതേ കേസില്‍ കൊച്ചിയിലെ മോഡല്‍ ആയ സൗമ്യയും ചോദ്യം ചെയ്യലിന് ഹാജരായി.

ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലിമ എക്‌സൈസിന് നല്‍കിയ മൊഴി. രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെ എക്‌സൈസ് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. ഇരുവരും ഹാജരാകുമെന്നാണ് അന്വേഷണസംഘത്തെ അറിയിച്ചത്.

നിലവില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവയുടെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍. നടന്‍മാര്‍ ഉള്‍പ്പടെ ഉള്ളവരെ കേസില്‍ പ്രതി ചേര്‍ക്കണോ എന്ന കാര്യത്തില്‍ ഇതിനു ശേഷമാകും തീരുമാനമെടുക്കുക. തസ്ലിമയുടെ ഫോണില്‍ നിന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഇരു താരങ്ങളുമായി ബന്ധപ്പെട്ട സൂചനകള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാട്‌സ്ആപ്പ് ചാറ്റുകളും കോളുകളും സംബന്ധിച്ച് വ്യക്തത വരുത്താനാണ് നടന്മാരെ ചോദ്യം ചെയ്യുന്നത്.

കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയതിന് പിന്നാലെ ലഹരിമരുന്ന് കേസില്‍ അറസ്റ്റില്‍ ആയപ്പോള്‍ മാത്രവുമല്ല തസ്ലിമ അറിയാമെന്ന് ഷൈന്‍ പൊലീസിനോട് പറഞ്ഞിരുന്നു. മോഡല്‍ ആയ സൗമ്യയുമായി തസ്ലീമയ്ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ട്. ഇത് ലഹരി ഇട

വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റ് കിളിമാനൂർ വെള്ളല്ലൂർ സ്വദേശി മരണപ്പെട്ടു

വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റ് കിളിമാനൂർ വെള്ളല്ലൂർ സ്വദേശി മരണപ്പെട്ടു

കിളിമാനൂർ: ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. വെള്ളല്ലൂർ വട്ടവിള സ്വദേശി സലിം (63) ആണ് മരിച്ചത്. ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റ് മരിക്കുകയായിരുന്നു. ഉടൻ തന്നെ സലീമിനെ പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിളിമാനൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. നിലവിൽ സി പി ഐ വട്ടവിള ബ്രാഞ്ച് സെക്രട്ടറിയാണ് മരണപ്പെട്ട സലിം.