‘തുടരും’ സിനിമയ്ക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ നന്ദ കുമാർ എപി രംഗത്ത്

‘തുടരും’ സിനിമയ്ക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ നന്ദ കുമാർ എപി രംഗത്ത്

അജു വർഗീസ് നായകനായെത്തിയ ‘ബ്ലാസ്റ്റേഴ്സ്’ എന്ന ചിത്രത്തിൻറെ സംവിധായകനാണ് നന്ദ കുമാർ. ‘തുടരും’ സിനിമയുടെ കഥയും കഥാസന്ദർഭവും 2000ത്തില്‍ താനെഴുതിയ രാമൻ എന്ന കഥയുടേതാണെന്നാണ് ആരോപണം. തന്റെ കയ്യില്‍ അതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നും നന്ദ കുമാർ പറയുന്നു.

സിനിമയുടെ കഥാകൃത്ത് 12 കൊല്ലം മുൻപ് പൊലീസ് സ്റ്റേഷനില്‍ നില്‍ക്കുന്ന ഒരാളെ കണ്ട് എഴുതി തുടങ്ങിയ കഥയെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍, താൻ അതിലും എത്രയോ വർഷങ്ങള്‍ക്ക് മുൻപ് മുതല്‍ ഈ കഥ എഴുതി തുടങ്ങിയെന്നും നന്ദ കുമാർ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. കഴിഞ്ഞ 25 വർഷമായി തന്റെ മനസ്സില്‍ കിടന്നു നീറി എരിഞ്ഞ, താൻ സൃഷ്ടിച്ച കഥയും കഥാപാത്രങ്ങളും ആണ് അവർ കൊണ്ട് പോയത്. അതങ്ങനെ വിട്ടുകൊടുക്കാൻ കഴിയില്ലെന്നും ഇത് സംബന്ധിച്ച്‌ ചിത്രത്തിന്റെ നിർമാതാവിനും സംവിധായകനും എഴുത്തുകാരൻ കെ ആർ സുനിലിനും മോഹൻലാലിനും വക്കീല്‍ നോട്ടീസ് അയക്കുമെന്നും നന്ദ കുമാർ കുറിച്ചു.

2016 കാലഘട്ടത്തില്‍ തനിക്ക് ഒപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച സ്റ്റെബിൻ എന്ന പയ്യൻ ‘തുടരും’ സിനിമയില്‍ ഒരു പാട്ട് സീനില്‍ ഉണ്ടെന്നും അതോടെയാണ് തന്റെ സംശയം ഇരട്ടിയായതെന്നും നന്ദ കുമാർ പറയുന്നു. ‘തുടരും’ സിനിമയിലെ ആദ്യത്തെ കുറച്ച്‌ ലാഗ് സീനുകള്‍ കഴിഞ്ഞ് യഥാർത്ഥ കഥയിലേക്ക് കടക്കുന്ന സമയം മുതല്‍ തന്റെ കഥയാണ് സിനിമയില്‍ വരുന്നത്. താൻ എഴുതിയ രാമേട്ടൻ എന്ന കഥാപാത്രം ആണ് ഷണ്മുഖൻ ആയി മാറിയതെന്നും സംവിധായകൻ ആരോപിക്കുന്നു.

താൻ എഴുതിയ കഥയെ കുറിച്ച്‌ ആരെല്ലാമായി സംസാരിച്ചു, ആർക്കൊക്കെ കഥ അയച്ചു നല്‍കി, എപ്പോള്‍ നല്‍കി എന്നതെല്ലാം സംബന്ധിച്ച എല്ലാ തെളിവുകളും തന്റെ കൈവശം ഉണ്ട്. മോഷണം നടത്തിയ ആള്‍ക്കും മോഷ്ടിക്കാൻ പ്രേരിപ്പിച്ച ആളുകള്‍ക്കും എന്തായാലും കഥയുടെ ഉത്ഭവം അറിയാം എന്ന് വിശ്വസിക്കുന്നുവെന്നും നന്ദ കുമാർ കുറിച്ചു.

വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ കിളിമാനൂർ വെള്ളല്ലൂർ സ്വദേശി അറസ്റ്റിൽ

വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ കിളിമാനൂർ വെള്ളല്ലൂർ സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. കിളിമാനൂർ വെള്ളല്ലൂർ സ്വദേശി വിജയിനെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ്‌ ചെയ്തത്. എറണാകുളം സ്വദേശിനിയായ വനിതാ ഡോക്ടറെ തമ്പാനൂരിലെ ലോഡ്ജിൽ കൊണ്ടു വന്നു പീഡിപ്പിച്ചെന്നാണ് കേസ്.

തിരുവനന്തപുരം സ്വദേശിയായ പൊലീസുകാരനും എറണാകുളം സ്വദേശിയായ വനിത ഡോക്ടറും ബംബിൾ എന്നൊരു ഡേറ്റിം​ഗ് ആപ്പിലൂടെയാണ് പരിചയപ്പെടുന്നത്. തിരുവനന്തപുരം സിറ്റി എആർ ക്യാമ്പിലെ പോലീസുകാരനാണ് വിജയ്. ഡോക്ടറുടെ പരാതിയിൽ തമ്പാനൂർ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ആപ്പിലൂടെ പരിചയപ്പെട്ടതിന് ശേഷം കാണാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെ വനിത ഡോക്ടർ പരാതി നൽകിയിരിക്കുന്നത്

മദ്യം നൽകി സ്വർണ്ണമാലയും പണവും കവർന്ന കേസിലെ പ്രതികൾ ആറ്റിങ്ങലിൽ അറസ്റ്റിൽ

മദ്യം നൽകി സ്വർണ്ണമാലയും പണവും കവർന്ന കേസിലെ പ്രതികൾ ആറ്റിങ്ങലിൽ അറസ്റ്റിൽ

ആറ്റിങ്ങലിൽ യുവാവിന് മദ്യം നല്‍കി സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വിവിധ സ്‌റ്റേഷനുകളില്‍ നിരവധി കേസുകളിലെ പ്രതിയായ കീഴാറ്റിങ്ങല്‍ തിനവിള സ്വദേശി എറണ്ട എന്ന രാജു (47)വും ചിറയിന്‍കീഴ് മേല്‍കുടയ്ക്കാവൂര്‍ സ്വദേശി പ്രദീപ് (40)മാണ് അറസ്റ്റിലായത്.

കഴിഞ്ഞ ആറിന് രാത്രിയാണ് സംഭവം. കടയ്ക്കാവൂര്‍ സ്വദേശിയായ യുവാവിനെ തിനവിളയില്‍ നിന്നും ബൈക്കില്‍ കയറ്റി ആറ്റിങ്ങലിലെ ബാറില്‍ കൊണ്ടുവന്നു മദ്യം നല്‍കി ബോധം കെടുത്തുകയായിരുന്നു. ശേഷം, യുവാവിനെ ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന്റെ പുറകുവശത്ത് കൊണ്ടുവന്നു മര്‍ദ്ദിച്ച് അവശനാക്കിയാണ് കഴുത്തില്‍ കിടന്ന മൂന്ന് പവന്‍റെ മാലയും 25000 രൂപയും കവര്‍ന്നത്.

ആറ്റിങ്ങല്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് പൊലീസ് സ്‌റ്റേഷനുകളില്‍ കൊലപാതക ശ്രമം, കൂട്ടാകവര്‍ച്ച അടക്കമുള്ള നിരവധി കേസുകളില്‍ പ്രതിയാണ് രാജു. 1990 മുതലുള്ള കാലയളവില്‍ 30 ഓളം കേസുകളില്‍ പ്രതിയായ രാജു സംഭവത്തിന് ശേഷം തൃശൂര്‍ ചാവക്കാട് ഒളിവില്‍ പോയി. രാജുവിനെ ചാവക്കാട് നിന്നും, പ്രദീപിനെ കഠിനംകുളം ഭാഗത്ത് നിന്നും ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രേമരാജൻ അന്തരിച്ചു

പ്രേമരാജൻ അന്തരിച്ചു

ആറ്റിങ്ങൽ തോട്ടവാരം സജിത ഭവനിൽ പ്രേമരാജൻ മരണപ്പെട്ടു. സജീവ കോൺഗ്രസ്സ് പ്രവർത്തകയും മഹിളാ കോൺഗ്രസ്സ് ഭാരവാഹിയുമായ മഹേശ്വരിയുടെ സഹോദരൻ ആണ്.

ശശി തരൂര്‍ സൂപ്പര്‍ ബിജെപിക്കാരനാകാന്‍ ശ്രമിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ്

ശശി തരൂര്‍ സൂപ്പര്‍ ബിജെപിക്കാരനാകാന്‍ ശ്രമിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ്

മുംബൈ: ശശി തരൂര്‍ സൂപ്പര്‍ ബിജെപിക്കാരനെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ്. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ചാണ് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് രംഗത്തു വന്നത്. തരൂരിന് വിശ്വസ്തത കോണ്‍ഗ്രസിനോടാണോ ബിജെപിയോടാണോ എന്നും അദ്ദേഹം ചോദിച്ചു.

തരൂര്‍ ഒരു സൂപ്പര്‍ ബിജെപിക്കാരനാകാന്‍ ശ്രമിക്കുകയാണോയെന്നും ഉദിത് രാജ് ചോദിച്ചു. അദ്ദേഹം ‘ബിജെപിയുടെ വക്താവ്’ ആയി മാറിയോ?. 9/11 ആക്രമണത്തിന് ശേഷം അമേരിക്കയില്‍ ഏത് ഭീകരാക്രമണമാണ് നടന്നത്? പാക് അധിനിവേശ കശ്മീരിനെക്കുറിച്ചുള്ള ബിജെപി സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് തരൂര്‍ ചോദ്യം ഉന്നയിക്കണമെന്നും ഉദിത് രാജ് ആവശ്യപ്പെട്ടു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ രാജ്യത്തെ ഇന്റലിജന്‍സ് സംവിധാനത്തിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും, എന്നാല്‍ അതല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്. തീര്‍ച്ചയായും കുറ്റമറ്റ ഇന്റലിജന്‍സ് സംവിധാനം എന്ന ഒന്നില്ല. വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതേപ്പറ്റി ചര്‍ച്ച ചെയ്യുന്നതിന് പകരം, ശക്തമായ നടപടികളാണ് ഇപ്പോല്‍ വേണ്ടതെന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഹമാസ് ആക്രമണത്തില്‍ ഇസ്രയേലിനുണ്ടായ ഇന്റലിജന്‍സ് വീഴ്ച ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു തരൂരിന്റെ വിശദീകരണം. പഹല്‍ഗാം ആക്രമണത്തിന് കാരണം ഗുരുതര ഇന്റലിജന്‍സ്, സുരക്ഷാ വീഴ്ചകളാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ വിമര്‍ശനം കടുപ്പിക്കുമ്പോഴാണ്, ശശി തരൂര്‍ വേറിട്ട നിലപാട് പ്രകടിപ്പിച്ചത്. തരൂരിന്റെ നിലപാടിനെ ബിജെപി നേതാവ് പി കെ കൃഷ്ണദാസ് അടക്കം സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.

കുതിച്ചുയര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 700 പോയിന്റ് മുന്നേറി, റിലയന്‍സില്‍ റാലി; കരുത്താര്‍ജ്ജിച്ച് രൂപ

കുതിച്ചുയര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 700 പോയിന്റ് മുന്നേറി, റിലയന്‍സില്‍ റാലി; കരുത്താര്‍ജ്ജിച്ച് രൂപ

മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 700ലധികം പോയിന്റ് മുന്നേറി. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. വീണ്ടും 80,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ തൊടാന്‍ ഒരുങ്ങുകയാണ് സെന്‍സെക്‌സ്. നിഫ്റ്റി 24,250ന് മുകളിലാണ്.

ആഭ്യന്തര വിപണിയിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്കും ബ്ലൂചിപ്പ് കമ്പനിയായ റിലയന്‍സിന്റെ റാലിയുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇതിന് പുറമേ ആഗോളവിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും വിപണിക്ക് കരുത്തേകി. റിലയന്‍സ് മാത്രം മൂന്ന് ശതമാനമാണ് മുന്നേറിയത്. മാര്‍ച്ച് പാദത്തില്‍ ലാഭത്തില്‍ 2.4 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതാണ് റിലയന്‍സിന്റെ റാലിക്ക് കാരണം.

മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എല്‍ആന്റ്ടി, എന്‍ടിപിസി എന്നിവയാണ് നേട്ടം ഉണ്ടാക്കിയ മറ്റു ഓഹരികള്‍. മൊത്തത്തിലുള്ള നേട്ടത്തിനിടെയും എച്ച്‌സിഎല്‍, ടെക് മഹീന്ദ്ര, ടിസിഎസ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. അതിനിടെ രൂപ വീണ്ടും കരുത്താര്‍ജിച്ചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 12 പൈസയുടെ നേട്ടത്തോടെ 85.29 എന്ന നിലയിലാണ് രൂപ. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഭൗമ രാഷ്ട്രീയ അസ്ഥിരത കണക്കിലെടുത്ത് നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറാനുള്ള പ്രവണത നിലനില്‍ക്കുന്നതായും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.