by Midhun HP News | Apr 28, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 700ലധികം പോയിന്റ് മുന്നേറി. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. വീണ്ടും 80,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ തൊടാന്‍ ഒരുങ്ങുകയാണ് സെന്‍സെക്സ്. നിഫ്റ്റി 24,250ന് മുകളിലാണ്.
ആഭ്യന്തര വിപണിയിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്കും ബ്ലൂചിപ്പ് കമ്പനിയായ റിലയന്‍സിന്റെ റാലിയുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇതിന് പുറമേ ആഗോളവിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും വിപണിക്ക് കരുത്തേകി. റിലയന്‍സ് മാത്രം മൂന്ന് ശതമാനമാണ് മുന്നേറിയത്. മാര്‍ച്ച് പാദത്തില്‍ ലാഭത്തില്‍ 2.4 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതാണ് റിലയന്‍സിന്റെ റാലിക്ക് കാരണം.
മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എല്‍ആന്റ്ടി, എന്‍ടിപിസി എന്നിവയാണ് നേട്ടം ഉണ്ടാക്കിയ മറ്റു ഓഹരികള്‍. മൊത്തത്തിലുള്ള നേട്ടത്തിനിടെയും എച്ച്സിഎല്‍, ടെക് മഹീന്ദ്ര, ടിസിഎസ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. അതിനിടെ രൂപ വീണ്ടും കരുത്താര്‍ജിച്ചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 12 പൈസയുടെ നേട്ടത്തോടെ 85.29 എന്ന നിലയിലാണ് രൂപ. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഭൗമ രാഷ്ട്രീയ അസ്ഥിരത കണക്കിലെടുത്ത് നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറാനുള്ള പ്രവണത നിലനില്‍ക്കുന്നതായും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
by Midhun HP News | Apr 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര ഹോട്ടലുകള്‍ കേരളത്തില്‍. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പുതിയ കണക്കുകളിലാണ് കേരളത്തിന്റെ മുന്നേറ്റം. 2019 മുതല്‍ 2025 ഏപ്രില്‍ വരെയുള്ള കണക്കുകളാണ് കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തുവിട്ടത്. പഞ്ചനക്ഷത്ര ഹോട്ടലിന് പുറമെ 4 സ്റ്റാര്‍, 3 സ്റ്റാര്‍ ഹോട്ടലുകളുടെ എണ്ണത്തിലും കേരളം മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനത്തുണ്ട്.
വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പിന് ഒരുങ്ങുന്ന കേരളത്തിന് കൂടുതല്‍ അനുകൂലമായ സാഹചര്യം ഒരുക്കുന്നതാണ് പുതിയ കണക്കുകള്‍. വിനോദ സഞ്ചാരികള്‍ക്ക് ഉന്നത നിലവാരമുള്ള താമസ സൗകര്യം ഒരുക്കുക വഴി ടൂറിസം മേഖലയില്‍ മുന്നേറ്റം സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. വ്യവസായിക സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയേക്കാള്‍ മുന്നിലാണ് കേരളം എന്നതും ശ്രദ്ധേയമാണ്.
കേരളത്തില്‍ ആകെ 94 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഫോല്‍ സ്റ്റാര്‍ ഹോട്ടലുകള്‍ 420 എണ്ണവും 607 ത്രീസ്റ്റാര്‍ ഹോട്ടലുകളും ആണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 86 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉണ്ട്. എന്നാല്‍ ഫോര്‍സ്റ്റാര്‍, ത്രീസ്റ്റാര്‍ ഹോട്ടലുകളുടെ എണ്ണം യഥാക്രമം 36, 69 എന്നിങ്ങനെയാണ്. മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തില്‍ ഫൈവ് സ്റ്റാര്‍ 76 ഉം ഫോര്‍ സ്റ്റാര്‍, ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ യഥാക്രമം 61 ഉം 120ഉം മാത്രമാണ്.
ഗോവ, കര്‍ണാടക, തലസ്ഥാന നഗരമായ ഡല്‍ഹി എന്നിവയാണ് പട്ടികയില്‍ പീന്നീടുള്ള സ്ഥാനങ്ങളിലുള്ളത്. എന്നാല്‍ കണക്കുകളില്‍ ഏറെ പിന്നിലാണ് ഈ സംസ്ഥാനങ്ങള്‍. ഇത് സംസ്ഥാനത്തെ ഹോട്ടല്‍ ബിസിനസ് മേഖലയ്ക്ക് പുത്തനുണര്‍വ് പ്രകടമാക്കുന്നതാണ് ഈ കണക്കുകള്‍.
കേരളത്തില്‍ ബാര്‍ ലൈസന്‍സ് നല്‍കണം എങ്കില്‍ ഹോട്ടലുകള്‍ക്ക് ത്രീ സ്റ്റാര്‍ പദവി വേണമെന്നാണ് നിബന്ധന. ഇതും ഹോട്ടലുകളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മദ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രം ബാര്‍ ലൈസന്‍സ് പരിമിതപ്പെടുത്തിയിരുന്നു. ഇതോടെ ഫോര്‍ സാറ്റാര്‍, ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ വലിയ തുക മുടക്കി ഫൈവ് സ്റ്റാറിലേക്ക് മാറേണ്ടി വന്നു. എന്നാല്‍ പിന്നീട് അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ ഫോര്‍സ്റ്റാര്‍, ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് കൂടി ബാര്‍ ലൈസന്‍സ് അനുവദിച്ചു.
by Midhun HP News | Apr 28, 2025 | Latest News, ദേശീയ വാർത്ത
ശ്രീനഗര്‍: ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്. പൂഞ്ചിലും കുപ്വാരയിലുമാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പ്രകോപനം ഒന്നുമില്ലാതെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ ബിഎസ്എഫ് തിരിച്ചടിച്ചു.
ഏറ്റുമുട്ടലില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന് ശേഷം തുടര്‍ച്ചയായി നാലാമത്തെ തവണയാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടാകുന്നത്.
കഴിഞ്ഞ ദിവസവും പാകിസ്ഥാന് നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. റാംപുര്‍, തുഗ്മാരി സെക്ടറുകളിലാണ് ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയുമായി പാകിസ്ഥാന് സൈന്യം വെടിയുതിര്‍ത്തത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രത പുലര്‍ത്തുകയാണ്.
by Midhun HP News | Apr 28, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: സെപ്തംബര്‍ 2024- എറണാകുളം റൂറല്‍ പൊലീസിന് കര്‍ണാടക പൊലീസില്‍ നിന്നും ഒരു സന്ദേശം ലഭിച്ചു. കുടക് മേഖലയില്‍ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന കാസര്‍കോട് സ്വദേശിയായ മഹ്റൂഫ് എറണാകുളത്ത് ഉണ്ടെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും കര്‍ണാടക പൊലീസ് അറിയിച്ചിരുന്നു.
വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ പൊലീസ് മേധാവി വൈഭവ് സക്സേന മഹറൂഫിനെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ബാങ്കോക്കിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മഹറൂഫ് പിടിയിലായി. ആ സംഭവം കേരള പൊലീസിന് മുന്നില്‍ ഹൈബ്രിഡ് കഞ്ചാവ് എന്നൊരു ലഹരി വസ്തു സംബന്ധിച്ച വിവരം കൂടിയായിരുന്നു തുറന്നിട്ടത്.
കുടകില്‍ 3.31 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയ കേസിലെ മുഖ്യ പ്രതിയായിരുന്നു മഹറൂഫ്. ബാങ്കോക്കില്‍ നിന്നുള്ള ഹൈബ്രിഡ് കഞ്ചാവ് കുടകില്‍ എത്തിക്കുകയും പിന്നീട് രാജ്യത്തിന്റെയും വിദേശത്തെയും വിവിധ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുകയും ചെയ്യുന്നത് മഹറൂഫും സംഘവും ആയിരുന്നു. എറണാകുളം പൊലീസ് മഹറൂഫിനെ കര്‍ണാടക പൊലീസിന് കൈമാറി.
എന്നാല്‍, മഹറൂഫ് ഒരു തുടക്കം മാത്രമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരം സ്വദേശി 4.23 കിലോ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായി. വിപണിയില്‍ 2.5 കോടി വിലവരുന്ന കഞ്ചാവായിരുന്നു ഭക്ഷണ പാക്കറ്റുകളിലാക്കി കടത്താന്‍ ശ്രമിച്ചത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം സെപ്തംബര്‍ 2024 മുതല്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് മാത്രം 70.5 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. 13 പേരാണ് ഏഴോളം കേസുകളായി പിടിയിലായത്. ഇതിനിടെ കൊച്ചിയിലെ ഇന്റര്‍നാഷണല്‍ പോസ്റ്റ് ഓഫീസില്‍ നിന്നും ഒരു കിലോ ഹൈബ്രിഡ് കഞ്ചാവും കണ്ടെത്തി. കാക്കനാട് സ്വദേശിയുടെ വിലാസത്തില്‍ ആയിരുന്നു കഞ്ചാവ് എത്തിയത്. ഇതുവരെയുള്ള എല്ലാ കേസുകളുടെയും ഒരു അറ്റം ബാങ്കോക്കില്‍ എത്തി നില്ക്കുന്നു എന്നതാണ് മറ്റൊരു വസ്തുത.
by Midhun HP News | Apr 28, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്കന്‍ കേരളത്തില്‍ ഇന്നു മുതല്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മൂന്നു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.
നാളെ വയനാട്, കണ്ണൂര്‍ ജില്ലകളിലും, ബുധനാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഉയര്‍ന്ന താപനില മുന്നറിയിപ്പ്
സംസ്ഥാനത്ത് പകല്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന ചൂടില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യത.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
by Midhun HP News | Apr 28, 2025 | Latest News, കേരളം
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സിനിമ നടന്മാരായ ശ്രീനാഥ് ഭാസിയെയും, ഷൈന്‍ ടോം ചാക്കോ എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. ആലപ്പുഴയില്‍ കഞ്ചാവുമായി പിടിയിലായ തസ്ലിമ എക്സൈസിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും എക്സൈസ് വിളിപ്പിച്ചത്. ഇതേ കേസില്‍ കൊച്ചിയിലെ മോഡല്‍ ആയ സൗമ്യയെയും ഇന്ന് ചോദ്യം ചെയ്യുക.
ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലിമ എക്സൈസിന് നല്കിയ മൊഴി. രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെ എക്സൈസ് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. ഇരുവരും ഹാജരാകുമെന്നാണ് അന്വേഷണസംഘത്തെ അറിയിച്ചത്.
നിലവില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവയുടെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍. നടന്മാര് ഉള്‍പ്പടെ ഉള്ളവരെ കേസില്‍ പ്രതി ചേര്‍ക്കണോ എന്ന കാര്യത്തില്‍ ഇതിനു ശേഷമാകും തീരുമാനമെടുക്കുക. തസ്ലിമയുടെ ഫോണില്‍ നിന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഇരു താരങ്ങളുമായുള്ള സൂചനകള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാട്സ്ആപ്പ് ചാറ്റുകളും കോളുകളും സംബന്ധിച്ച് വ്യക്തത വരുത്താനാണ് നടന്മാരെ ചോദ്യം ചെയ്യുന്നത്.
കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയതിന് പിന്നാലെ ലഹരിമരുന്ന് കേസില്‍ അറസ്റ്റില്‍ ആയപ്പോള്‍ മാത്രവുമല്ല തസ്ലിമ അറിയാമെന്ന് ഷൈന്‍ പൊലീസിനോട് പറഞ്ഞിരുന്നു. മോഡല്‍ ആയ സൗമ്യയുമായി തസ്ലീമയ്ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ട്. ഇത് ലഹരി ഇടപാടുമായിബന്ധപ്പെട്ട് ആണോ എന്നാണ് പരിശോധിക്കുന്നത്
Recent Comments