കാര്‍ മറിഞ്ഞു; പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് സ്ഥലം വിട്ടു; യുവാവ് അറസ്റ്റില്‍

കാര്‍ മറിഞ്ഞു; പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് സ്ഥലം വിട്ടു; യുവാവ് അറസ്റ്റില്‍

തൊടുപുഴ: ആലടിയില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്നു ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് രക്ഷപ്പെട്ടു. ആലടി സ്വദേശി സുരേഷാണ് രക്ഷപ്പെട്ടത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഭാര്യ നവീനയെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. മദ്യലഹരിയിലായിരുന്ന സുരേഷ് അപകടം ഉണ്ടാകുന്നതിനു മുന്‍പ് വാഹനത്തില്‍നിന്നു ചാടുകയായിരുന്നു.

ശനിയാഴ്ച രാത്രി ഇടുക്കി ഉപ്പുതറയിലാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെയാണു കാറില്‍ സ്ത്രീ കുടുങ്ങിക്കിടക്കുന്ന കാര്യം മറ്റുള്ളവര്‍ അറിയുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് നവീനയെ ആശുപത്രിയില്‍ എത്തിച്ചത്.

ഭാര്യയെ അപായപ്പെടുത്തുന്നതിനായി സുരേഷ് മനഃപൂര്‍വം അപകടമുണ്ടാക്കിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്റ്റിയറിങ്ങില്‍ പിടിച്ചു വലിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ മദ്യ ലഹരിയിലുള്ള ഇയാളുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അപകടത്തില്‍പ്പെട്ട സ്ത്രീയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസിനായിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് ഉപ്പുതറ പൊലീസ് പറഞ്ഞു.

തിരുവനന്തപുരത്ത് കോളറ മരണം

തിരുവനന്തപുരത്ത് കോളറ മരണം

തിരുവനന്തപുരം: കവടിയാറില്‍ കോളറ ബാധിച്ച് 63കാരന്‍ മരിച്ചു. ഏഴ് ദിവസം മുന്‍പായിരുന്നു മരണം. ആരോഗ്യവകുപ്പ് അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഏപ്രില്‍ 20വരെയുള്ള ദിവസങ്ങളില്‍ ഇയാള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനി, വയറിളക്കം, ഛര്‍ദ്ദി എന്നിവയെ തുടര്‍ന്നാണ് തുടര്‍ന്നാണ് 63കാരനായ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. മരണാനന്തരം നടത്തിയ പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്.

ഏപ്രില്‍ 20ാം തീയതിയാണ് കവടിയാര്‍ മുട്ടട സ്വദേശി ചികിത്സയിലിരിക്കെ മരിച്ചത്. ഇയാളുടെ മരണം കോളറ ബാധിച്ചാണെന്ന് ആരോഗ്യവകുപ്പും അറിയിച്ചു.

ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻ ബി​ഗ് ബോസ് താരത്തിന് എക്സൈസ് നോട്ടീസ്

ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻ ബി​ഗ് ബോസ് താരത്തിന് എക്സൈസ് നോട്ടീസ്

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻ ബി​ഗ് ബോസ് താരം ജിന്റോയ്ക്ക് നോട്ടീസ് അയച്ച് എക്സൈസ്. ചൊവ്വാഴ്ച ആലപ്പുഴയിലെ എക്സൈസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞ സീസണിലെ വിജയി ആണ് ജിന്റോ. കഞ്ചാവ് കേസില്‍ പിടിയിലായ തസ്‌ലിമയ്ക്ക് ജിന്റോയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

ലഹരി ഇടപാടുമായി ബന്ധപ്പെട്ടാണോ സാമ്പത്തിക ഇടപാട് എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. താൻ മയക്കുമരുന്ന് ഉപയോ​ഗിച്ചിട്ടില്ലെന്നും കേസുമായി യാതൊരു ബന്ധവുമില്ലെന്നും ജിന്റോ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. എക്സൈസ് നോട്ടീസ് അയച്ചിരുന്നു, അത് സ്വാഭാവിക നടപടി മാത്രമാണെന്നും ജിന്റോ പറഞ്ഞു. കൊച്ചിയിൽ മോഡലായ സൗമ്യയ്ക്കും എക്സൈസ് നോട്ടീസ് അയച്ചിട്ടുണ്ട്.

തിങ്കളാഴ്ച ഹാജരാകാനാണ് സൗമ്യയ്ക്ക് നോട്ടീസ്. സൗമ്യയ്ക്ക് തസ്‌ലിമയുമായി സാമ്പത്തിക ഇടപാട് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പടെ അഞ്ച് പേർക്കാണ് എക്സൈസ് നോട്ടീസ് അയച്ചിരിക്കുന്നത്.

ശനിയാഴ്ച മാത്രം 123 ലഹരിമരുന്ന് കേസുകള്‍, ഓപ്പറേഷന്‍ ഡി-ഹണ്ടില്‍ അറസ്റ്റിലായത് 125 പേര്‍

ശനിയാഴ്ച മാത്രം 123 ലഹരിമരുന്ന് കേസുകള്‍, ഓപ്പറേഷന്‍ ഡി-ഹണ്ടില്‍ അറസ്റ്റിലായത് 125 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമരുന്നുകള്‍ക്ക് എതിരായ നടപടി ശക്തമാക്കുന്നതിനിടെ ശനിയാഴ്ച മാത്രം അറസ്റ്റിലായത് 125 പേര്‍. ഡി ഹണ്ടിന്റെ ഭാഗമായാണ് നടപടി. ഞായറാഴ്ച പുലര്‍ച്ചെ കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി മലയാളത്തിലെ യുവ സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്റഫ് ഹംസ എന്നിവര്‍ അറസ്റ്റിലായിരുന്നു. ഈ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ശനിയാഴ്ച നടത്തിയ ഓപ്പറേഷന്‍ ഡി-ഹണ്ട് സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പങ്കുവച്ചത്.

ശനിയാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2256 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 123 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 125 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (0.0321 കിലോ ഗ്രാം), കഞ്ചാവ് (25.178 കിലോ ഗ്രാം), കഞ്ചാവ് ബീഡി (73 എണ്ണം) എന്നിവയും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.

1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് യുവ സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്റഫ് ഹംസ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നിവരില്‍ നിന്നും പൊലീസ് സംഘം കണ്ടെടുത്തത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നും പുലര്‍ച്ചെ രണ്ടുമണിയോടെ ഇവര്‍ പിടിയിലായത്. തല്ലുമാല, ആലപ്പുഴ ജിംഖാന തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാന്‍.

നാദാപുരത്ത് ഇനി വിവാഹങ്ങള്‍ പൊലീസ് നിരീക്ഷണത്തില്‍; കാരണമിതാണ്

നാദാപുരത്ത് ഇനി വിവാഹങ്ങള്‍ പൊലീസ് നിരീക്ഷണത്തില്‍; കാരണമിതാണ്

കോഴിക്കോട്: ഇനി നാദാപുരത്ത് വിവാഹങ്ങള്‍ പൊലീസിന്റെ നീരീക്ഷണത്തിലായിരിക്കും. നാദാപുരം മേഖലയില്‍ വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട് പതിവായി സംഘര്‍ഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഡിവൈഎസ്പി എപി ചന്ദ്രന്റെ യോഗത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം വിവാഹ വേദികളിലെ സംഗീത പരിപാടികള്‍ക്കും ഡിജെയ്ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.

വിവാഹാഘോഷങ്ങളുടെ ഭാഗമായി റോഡ് ഗതാഗതം തടസപ്പെടുത്തുന്ന നിലയില്‍ വാഹനങ്ങള്‍ ഓടിച്ചാലും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന രീതി സൃഷ്ടിച്ചാലും കര്‍ശനനടപടി സ്വീകരിക്കും. ദിവസങ്ങള്‍ക്ക് മുന്‍പ് നാദാപുരം കല്ലുമ്മലില്‍ വിവാഹ വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിനെ തുടര്‍ന്ന് വിവാഹ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. പുലിയാവില്‍, കല്ലുമ്മല്‍ എന്നിവിടങ്ങളില്‍ നടന്ന വിവാഹങ്ങള്‍ക്കു ശേഷം റോഡില്‍ ഇരുദിശയില്‍ വന്ന വാഹനങ്ങള്‍ തമ്മില്‍ ഉരസുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റത്തിലേക്കും പിന്നീട് കയ്യാങ്കളിയിലും കാര്യങ്ങള്‍ കലാശിക്കുകയായിരുന്നു. രണ്ടു വാഹനങ്ങളുടെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ ഒരു വയസ്സുള്ള കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രദേശത്തെ ആഘാഷങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍, വിവാഹവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയായതോടെയാണ് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്. ആഘോഷപരിപാടികള്‍ക്കായി എത്തിക്കുന്ന വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി പൊലീസ് പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ ഒഴിവാക്കണം. അല്ലെങ്കില്‍ വാഹനം കണ്ടുകെട്ടുന്ന നടപടി സ്വീകരിക്കും. രാത്രിയില്‍ ഉച്ചത്തിലുള്ള വിവാഹ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു. വാട്സ്ആപ്പ്, ഫെയ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ പോസ്റ്റ് ചെയ്യുന്നവരെ നിരീക്ഷിക്കാനും കേസെടുക്കാനും സര്‍വകക്ഷി യോഗം തീരുമാനിച്ചു.

ഡിജിപിയായി സ്ഥാന കയറ്റം; മനോജ് ഏബ്രഹാം അഗ്‌നിരക്ഷാസേനാ മേധാവി

ഡിജിപിയായി സ്ഥാന കയറ്റം; മനോജ് ഏബ്രഹാം അഗ്‌നിരക്ഷാസേനാ മേധാവി

തിരുവനന്തപുരം: മനോജ് ഏബ്രഹാം അഗ്‌നിരക്ഷാസേനാ മേധാവി. ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാന കയറ്റം നല്‍കിയാണ് നിയമനം. അഗ്‌നിരക്ഷാസേനാ മേധാവിയായിരുന്ന കെ. പത്മകുമാര്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

1994 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് മനോജ് എബ്രഹാം. ഇന്റലിജന്‍സ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍ പൊലീസ് ആസ്ഥാനത്തെ എഡിജിപി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. അടൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ എഎസ്പി ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ ജില്ലാ പൊലീസ് മേധാവിയായി സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആയി ഏഴ് വര്‍ഷം പ്രവര്‍ത്തിച്ചു.

പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്. ശ്രീജിത്തോ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷോ ആണ് മനോജ് ഒഴിയുമ്പോള്‍ ക്രമസമാധാന ചുമതലയിലേയ്ക്ക് പരിഗണിക്കുന്നവര്‍. എന്നാല്‍ ഇവര്‍ക്ക് പകരമൊരാളെ നിയമിക്കണമെങ്കില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ദിനേന്ദ്ര കശ്യപ് ആഗസ്റ്റില്‍ തിരിച്ചെത്തണം. മറ്റ് എഡിജിപിമാരെല്ലാം പ്രധാന തസ്തികയിലാണ്. ക്രമസമാധാന ചുമതലയിലേക്ക് എം ആര്‍ അജിത്കുമാര്‍ തിരിച്ചെത്താനും സാധ്യതയില്ല.