നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ച്ചയായ നാലാംദിനം; തിരിച്ചടിച്ച് ഇന്ത്യ

നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ച്ചയായ നാലാംദിനം; തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗര്‍: ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. പൂഞ്ചിലും കുപ്വാരയിലുമാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പ്രകോപനം ഒന്നുമില്ലാതെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ ബിഎസ്എഫ് തിരിച്ചടിച്ചു.

ഏറ്റുമുട്ടലില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന് ശേഷം തുടര്‍ച്ചയായി നാലാമത്തെ തവണയാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടാകുന്നത്.

കഴിഞ്ഞ ദിവസവും പാകിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. റാംപുര്‍, തുഗ്മാരി സെക്ടറുകളിലാണ് ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയുമായി പാകിസ്ഥാന്‍ സൈന്യം വെടിയുതിര്‍ത്തത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രത പുലര്‍ത്തുകയാണ്.

‘കൂടുതുറന്നാല്‍ ടെര്‍മിനല്‍ നിറയുന്ന ഗന്ധം’, ഹൈടെക്കായി വിളയുന്ന ലഹരി; എന്താണ് ഹൈബ്രിഡ് കഞ്ചാവ്?

‘കൂടുതുറന്നാല്‍ ടെര്‍മിനല്‍ നിറയുന്ന ഗന്ധം’, ഹൈടെക്കായി വിളയുന്ന ലഹരി; എന്താണ് ഹൈബ്രിഡ് കഞ്ചാവ്?

കൊച്ചി: സെപ്തംബര്‍ 2024- എറണാകുളം റൂറല്‍ പൊലീസിന് കര്‍ണാടക പൊലീസില്‍ നിന്നും ഒരു സന്ദേശം ലഭിച്ചു. കുടക് മേഖലയില്‍ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന കാസര്‍കോട് സ്വദേശിയായ മഹ്‌റൂഫ് എറണാകുളത്ത് ഉണ്ടെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും കര്‍ണാടക പൊലീസ് അറിയിച്ചിരുന്നു.

വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ പൊലീസ് മേധാവി വൈഭവ് സക്‌സേന മഹറൂഫിനെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ബാങ്കോക്കിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മഹറൂഫ് പിടിയിലായി. ആ സംഭവം കേരള പൊലീസിന് മുന്നില്‍ ഹൈബ്രിഡ് കഞ്ചാവ് എന്നൊരു ലഹരി വസ്തു സംബന്ധിച്ച വിവരം കൂടിയായിരുന്നു തുറന്നിട്ടത്.

കുടകില്‍ 3.31 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയ കേസിലെ മുഖ്യ പ്രതിയായിരുന്നു മഹറൂഫ്. ബാങ്കോക്കില്‍ നിന്നുള്ള ഹൈബ്രിഡ് കഞ്ചാവ് കുടകില്‍ എത്തിക്കുകയും പിന്നീട് രാജ്യത്തിന്റെയും വിദേശത്തെയും വിവിധ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുകയും ചെയ്യുന്നത് മഹറൂഫും സംഘവും ആയിരുന്നു. എറണാകുളം പൊലീസ് മഹറൂഫിനെ കര്‍ണാടക പൊലീസിന് കൈമാറി.

എന്നാല്‍, മഹറൂഫ് ഒരു തുടക്കം മാത്രമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരം സ്വദേശി 4.23 കിലോ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായി. വിപണിയില്‍ 2.5 കോടി വിലവരുന്ന കഞ്ചാവായിരുന്നു ഭക്ഷണ പാക്കറ്റുകളിലാക്കി കടത്താന്‍ ശ്രമിച്ചത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം സെപ്തംബര്‍ 2024 മുതല്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് മാത്രം 70.5 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. 13 പേരാണ് ഏഴോളം കേസുകളായി പിടിയിലായത്. ഇതിനിടെ കൊച്ചിയിലെ ഇന്റര്‍നാഷണല്‍ പോസ്റ്റ് ഓഫീസില്‍ നിന്നും ഒരു കിലോ ഹൈബ്രിഡ് കഞ്ചാവും കണ്ടെത്തി. കാക്കനാട് സ്വദേശിയുടെ വിലാസത്തില്‍ ആയിരുന്നു കഞ്ചാവ് എത്തിയത്. ഇതുവരെയുള്ള എല്ലാ കേസുകളുടെയും ഒരു അറ്റം ബാങ്കോക്കില്‍ എത്തി നില്‍ക്കുന്നു എന്നതാണ് മറ്റൊരു വസ്തുത.

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വടക്കന്‍ കേരളത്തില്‍ ഇന്നു മുതല്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മൂന്നു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

നാളെ വയനാട്, കണ്ണൂര്‍ ജില്ലകളിലും, ബുധനാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് പകല്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന ചൂടില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യത.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയെയും ഷൈന്‍ ടോം ചാക്കോയെയും ഇന്ന് ചോദ്യം ചെയ്യും

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയെയും ഷൈന്‍ ടോം ചാക്കോയെയും ഇന്ന് ചോദ്യം ചെയ്യും

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സിനിമ നടന്മാരായ ശ്രീനാഥ് ഭാസിയെയും, ഷൈന്‍ ടോം ചാക്കോ എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. ആലപ്പുഴയില്‍ കഞ്ചാവുമായി പിടിയിലായ തസ്ലിമ എക്‌സൈസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും എക്‌സൈസ് വിളിപ്പിച്ചത്. ഇതേ കേസില്‍ കൊച്ചിയിലെ മോഡല്‍ ആയ സൗമ്യയെയും ഇന്ന് ചോദ്യം ചെയ്യുക.

ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലിമ എക്‌സൈസിന് നല്‍കിയ മൊഴി. രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെ എക്‌സൈസ് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. ഇരുവരും ഹാജരാകുമെന്നാണ് അന്വേഷണസംഘത്തെ അറിയിച്ചത്.

നിലവില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവയുടെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍. നടന്‍മാര്‍ ഉള്‍പ്പടെ ഉള്ളവരെ കേസില്‍ പ്രതി ചേര്‍ക്കണോ എന്ന കാര്യത്തില്‍ ഇതിനു ശേഷമാകും തീരുമാനമെടുക്കുക. തസ്ലിമയുടെ ഫോണില്‍ നിന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഇരു താരങ്ങളുമായുള്ള സൂചനകള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാട്‌സ്ആപ്പ് ചാറ്റുകളും കോളുകളും സംബന്ധിച്ച് വ്യക്തത വരുത്താനാണ് നടന്മാരെ ചോദ്യം ചെയ്യുന്നത്.

കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയതിന് പിന്നാലെ ലഹരിമരുന്ന് കേസില്‍ അറസ്റ്റില്‍ ആയപ്പോള്‍ മാത്രവുമല്ല തസ്ലിമ അറിയാമെന്ന് ഷൈന്‍ പൊലീസിനോട് പറഞ്ഞിരുന്നു. മോഡല്‍ ആയ സൗമ്യയുമായി തസ്ലീമയ്ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ട്. ഇത് ലഹരി ഇടപാടുമായിബന്ധപ്പെട്ട് ആണോ എന്നാണ് പരിശോധിക്കുന്നത്

സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍, 72,000ല്‍ താഴെ; ആറുദിവസത്തിനിടെ കുറഞ്ഞത് 2800 രൂപ

സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍, 72,000ല്‍ താഴെ; ആറുദിവസത്തിനിടെ കുറഞ്ഞത് 2800 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 520 രൂപ കുറഞ്ഞതോടെ സ്വര്‍ണവില 72,000ല്‍ താഴെ എത്തി. നിലവില്‍ 71,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 8940 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ബുധനാഴ്ച മുതലാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം മുതല്‍ വില കുറഞ്ഞത്. 17 ന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്. ആറുദിവസത്തിനിടെ 2800 രൂപയാണ് കുറഞ്ഞത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

ആറ്റിങ്ങൽ മനോമോഹന വിലാസം റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ  സാജു അസ്സീസിന് തുക കൈമാറി

ആറ്റിങ്ങൽ മനോമോഹന വിലാസം റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സാജു അസ്സീസിന് തുക കൈമാറി

ആറ്റിങ്ങൽ മനോമോഹന വിലാസം റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഹൃദയ സംബന്ധമായും വൃക്കകൾ തകരാറിലുമായ സാജു അസ്സീസിന് 35,000 രൂപ കൈമാറി. അസോസിയേഷൻ സെക്രട്ടറി പ്രിയ സാബു, വൈസ് പ്രസിഡന്റ് മുകുന്ദൻ എന്നിവർ ചേർന്നാണ് തുക കൈമാറിയത്.

സഹായിക്കാൻ സുമനസ്സുള്ളവർക്ക് താഴെ കാണുന്ന നമ്പറിൽ തുക അയക്കാം
മൊബൈൽ നമ്പർ: 9744851532