by Midhun HP News | Apr 25, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഡയറ്റ് യുപിഎസിൽ പുതുതായി അനുവദിക്കപ്പെട്ട വർണ്ണ കൂടാരത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഒ എസ് അംബിക എംഎൽഎ നിർവഹിച്ചു. പ്രൈമറി വിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ലിറ്റിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വർണകൂടാരങ്ങൾ നിർമ്മിക്കുന്നത്.
10 ലക്ഷം രൂപയാണ് അടങ്കൽ തുക. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്. കുമാരി പുതുവർഷത്തിലേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ തുളസീധരൻ നായർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ. എസ്, വാർഡ് കൗൺസിലർ ബിനു. എസ്, ആറ്റിങ്ങൽ എ ഇ ഒ സജി, ബി ബിആർസി ബി.പി.സി. വിനു.ബി ആർ സി ട്രെയിനർ ലീന എസ് എൽ, സി.ആർ. സി.സി റീന ക്ലീറ്റസ് എന്നിവർ സംസാരിച്ചു. എസ്.എം.സി ചെയർമാൻ അഡ്വ: ശ്രീകുമാർ അധ്യക്ഷനായിരുന്നു. വിജയ് ബാബു സ്വാഗതവും ഹെഡ് മിസ്ട്രസ് ഇൻ ചാർജ് – സിന്ധു വി.എസ് നന്ദിയും പറഞ്ഞു
by Midhun HP News | Apr 25, 2025 | Latest News, കേരളം
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ശാഖാകുമാരി വധക്കേസില്‍ ഭര്‍ത്താവ് അരുണിന് ജീവപര്യന്തം കഠിനതടവ്. രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. സ്വത്തു തട്ടിയെടുക്കുന്നതിനായി ഭാര്യ ശാഖാകുമാരിയെ ഭര്‍ത്താവ് അരുണ്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
2020 ഡിസംബര്‍ 26 ന് പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നത്. വമ്പിച്ച സ്വത്തിന് ഉടമയായ 52 കാരിയായ ശാഖാകുമാരിയെ 28 കാരനായ അരുണ്‍ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം വേണ്ടെന്ന് വിചാരിച്ചിരുന്ന ശാഖാകുമാരിയെ, സ്വത്ത് മോഹിച്ച പ്രതി പ്രണയത്തില്‍ കുരുക്കുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ വിവാഹിതരായി. 50 ലക്ഷം രൂപയും 100 പവന്‍ സ്വര്‍ണവുമാണ് വിവാഹ പാരിതോഷികമായി അരുണിന് ശാഖാകുമാരി അന്ന് നല്‍കിയിരുന്നത്. എന്നാല്‍ ഒരു കുട്ടി വേണമെന്നുള്ള ശാഖാകുമാരിയുടെ ആഗ്രഹത്തിന് അരുണ്‍ സമ്മതിച്ചില്ല. ശാഖാകുമാരിയെ വിവാഹം കഴിച്ച അരുണ്‍ ആഡംബര ജീവിതമാണ് നയിച്ചത്.
ഇതിനിടെ, സ്വാഭാവിക മരണമെന്ന പ്രതീതി ജനിപ്പിച്ച് ശാഖാകുമാരിയെ വകവരുത്താനാണ് ഇലക്ട്രീഷ്യനായ അരുണ്‍ ശ്രമിച്ചത്. ആദ്യവട്ട ശ്രമങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് 2020 ഡിസംബര്‍ 26 ന് ശാഖാകുമാരിയെ കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയശേഷം ഹാളിലെത്തിച്ച് പ്ലഗില്‍ നിന്നും വയര്‍ ഘടിപ്പിച്ച് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സീരിയല്‍ ലൈറ്റ് മൃതദേഹത്തിന് സമീപമിട്ട അരുണ്‍, സീരിയല്‍ ലൈറ്റില്‍ നിന്നും ഷോക്കേറ്റ് മരിച്ചുവെന്നാണ് പറഞ്ഞത്. വെള്ളറട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശാഖാകുമാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
by Midhun HP News | Apr 25, 2025 | Latest News, ദേശീയ വാർത്ത
ശ്രീനഗര്‍: പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നടിഞ്ഞു. കശ്മീര്‍ സ്വദേശികളായ ലഷ്‌കര്‍ ഇ തയ്ബ ഭീകരര്‍ ആദില്‍ ഹുസൈന്‍ തോക്കര്‍, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകളാണ് നാമാവശേഷമായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ് സ്വദേശിയാണ് ആദില്‍ ഹുസൈന്‍ തോക്കര്‍. കശ്മീര്‍ പുല്‍വാമ ജില്ലയിലെ ത്രാല്‍ സ്വദേശി ആസിഫ് ഷെയ്ഖിന്റെ വീടും സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. സുരക്ഷാ സേന ആദില്‍ ഹുസൈന്റെയും ആസിഫ് ഷെയ്ഖിന്റെയും വീടുകളില്‍ പരിശോധന നടത്തിയിരുന്നു. വീടിനകത്ത് നിരവധി സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ സ്‌ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതു സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. പ്രാദേശിക ഭരണകൂടം ഐഇഡി സ്ഫോടനത്തില്‍ വീടുകള്‍ തകര്‍ത്തതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
by Midhun HP News | Apr 25, 2025 | Latest News, ജില്ലാ വാർത്ത
ജമ്മു കാശ്മീരിലെ പഹൽ ഗ്രാമിൽ ഭീകരാക്രമണത്തിൽ അതിദാരുണമായി കൊല ചെയ്യപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടും ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ടും മനുഷ്യ മനസാക്ഷിയെ നടുക്കിയ ഈ ഭീകര പ്രവർത്തനത്തിനെതിരെ ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊണ്ടും ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിഴക്കേ നാലുമുക്ക് ജംഗ്ഷനിൽ മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.
ഡിസിസി മെമ്പർ ആറ്റിങ്ങൽ സതീഷ്, മണ്ഡലം പ്രസിഡന്റ് എച്ച്.ബഷീർ, എ എം താഹ, ആർ തുളസീദാസ്, സുരേന്ദ്രൻ നായർ, ഷൈജു ചന്ദ്രൻ, കിരൺ കൊല്ലമ്പുഴ, എസ് ഭാസി, ആലംകോട് പ്രകാശ്, ആർ വിജയകുമാർ വിജയൻ സോപാനം, സുരേഷ് ബാബു, അരുൺകുമാർ, മധുസൂദനൻ പിള്ള, മോഹനൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.
by Midhun HP News | Apr 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അംഗനവാടിയിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ സ്കൂട്ടർ ഇടിച്ച് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ടായിരുന്നു അപകടം.തച്ചോട്ടുകാവ് മഞ്ചാടി ചൈത്രം വീട്ടിൽ സിബിൽ ആൻസി ദമ്പതികളുടെ ഏകമകൾ ഇസാ മരിയ സിബിൻ ആണ് മരിച്ചത്. വീടിന് സമീപമുള്ള അംഗനവാടിയിൽ നിന്ന് അമ്മ ആൻസിക്കൊപ്പം വീട്ടിലേക്ക് കയറുന്ന വഴിയിലായിരുന്നു അപകടം. അമ്മുമ്മ സുധ, അമ്മാവൻ രാജു എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവർ നിന്നിരുന്ന സ്ഥലത്തേക്ക് അമിതവേഗതിയിലെത്തിയ സ്കൂട്ടർ പാഞ്ഞുകയറുകയായിരുന്നു.
അപകടത്തിൽ സ്കൂട്ടർ യാത്രികനടക്കം എല്ലാവരും റോഡിലേക്ക് തെറിച്ചുവീണു. സ്കൂട്ടർ വീടിന്‍റെ മതിലിൽ ഇടിച്ചാണ് നിന്നത്. കുഞ്ഞിനെ ഉടൻ കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടർന്ന് എസ്എടി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ എല്ലാവർക്കും പരിക്കേറ്റിട്ടുണ്ട്. സ്കൂട്ടർ ഓടിച്ചിരുന്ന കാപ്പിവിള സ്വദേശി വിനോദിന്‍റെ നില ഗുരുതരമാണ്
by Midhun HP News | Apr 25, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രണത്തിന്റെ മുഖ്യ സൂത്രധാരന്‍ തഹാവൂര്‍ റാണെയെ ഇന്ത്യയിലെത്തിച്ചത്, രാജ്യത്തെ നടുക്കിയ പഹല്‍ഗാം ആക്രമണത്തിന് ഭീകരരെ പ്രേരിപ്പിച്ചതിന് കാരണമായിട്ടുണ്ടെന്ന സംശയത്തില്‍ എന്‍ഐഎ. ഇക്കാര്യങ്ങള്‍ അടക്കം പരിശോധിച്ചു വരികയാണ് ദേശീയ അന്വേഷണ ഏജന്‍സി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തഹാവൂര്‍ റാണെയെ ചോദ്യം ചെയ്യാനായി പാര്‍പ്പിച്ച എന്‍ഐഎ ഹെഡ് ക്വാര്‍ട്ടേഴ്‌സിന്റെ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
അമേരിക്കയുടെ കസ്റ്റഡിയിലായിരുന്ന തഹാവൂര്‍ റാണെയെ ഈ മാസം പത്തിനാണ് ഇന്ത്യയ്ക്ക് കൈമാറിയത്. അതിനിടെ, പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന എന്‍ഐഎ സംഘം ബൈസരണില്‍ നിന്ന് ഫോറന്‍സിക് തെളിവുകള്‍ അടക്കം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജമ്മു കശ്മീര്‍ പൊലീസും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഭീകരരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പൊലീസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
ആക്രമണം നടത്തിയ നാലു ഭീകരരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടുപേര്‍ പാകിസ്ഥാന്‍കാരും രണ്ടുപേര്‍ കശ്മീര്‍ സ്വദേശികളുമാണ്. ഹാഷിം മൂസ, അലി ഭായ് അഥവ തല്‍ഹ ഭായ് എന്നറിയപ്പെടുന്നയാളും പാകിസ്ഥാന്‍ കാരാണെന്ന് സ്ഥിരീകരിച്ചു. ഭീകരസംഘത്തിലുണ്ടായിരുന്ന ആദില്‍ ഹുസൈന്‍ തോക്കര്‍ അനന്തനാഗ് സ്വദേശിയും, അഹ്‌സാന്‍ പുല്‍വാമ സ്വദേശിയുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹാഷിം മൂസയാണ് സംഘത്തെ നയിച്ചത്. ഇയാള്‍ മുമ്പും ഇന്ത്യയില്‍ ആക്രമണം നടത്തിയിരുന്നതായാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചത്.
ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഭീകരരെ കണ്ടെത്താനായി പ്രദേശത്ത്വ്യാപക തിരച്ചില്‍ തുടരുകയാണ്. ഭീകരര്‍ പീര്‍പഞ്ചാല്‍ വനമേഖലയില്‍ ഒളിച്ചിരിക്കുന്നതായാണ് സൈന്യം സംശയിക്കുന്നത്. സ്‌നിഫര്‍ ഡോഗ് ഉപയോഗിച്ചുള്ള തിരച്ചിലും ഹെലികോപ്റ്റര്‍, ഡ്രോണ്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടരുകയാണ്. ഭീകരരോട് അനുകമ്പ പുലര്‍ത്തുന്ന 1500 ഓളം പേരെ പൊലീസ് ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്. അതിനിടെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് ബ്യൂറോ മേധാവി തപന്‍ ദേക, റോ മേധാവി രവി സിന്‍ഹ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.
Recent Comments