by Midhun HP News | Apr 25, 2025 | Latest News, കേരളം
ചിറയിൻകീഴ്: മുതലപ്പൊഴിയിൽ പൊഴിമുറിക്കൽ ഇന്ന് പൂർത്തിയാകും. അഴിമുഖത്ത് 13 മീറ്റർ വീതിയിലും3മീറ്റർ ആഴത്തിലുമാണ് പൊഴി മുറിക്കുന്നത്. ഏറക്കുറെ ഇതിന്റെ പണി പൂർത്തിയായി. ഇനി അഴിമുഖത്തിന്റെ പ്രവേശന കവാടത്തിലുള്ള മണൽനീക്കം മാത്രമാണുള്ളത്.അത് കണ്ണൂർ അഴീക്കലിൽ നിന്നും പുറപ്പെട്ട ചന്ദ്രഗിരി ഡ്രഡ്ജർ എത്തുന്ന മുറയ്ക്ക് ബാക്കിയുള്ള ഭാഗത്തെ മണൽനീക്കം കൂടി നടക്കും. ഇന്നലെ വൈകിട്ടോടെ നീണ്ടകര പിന്നിട്ട ഡ്രഡ്ജർ മറ്റു കാലാവസ്ഥ വ്യതിയാനങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഇന്നെത്തുമെന്നാണ് കരുതുന്നത്.
അഴിമുഖത്ത് ഡ്രഡ്ജർ പ്രവേശിപ്പിക്കുന്നതിന് വേണ്ടിയുള്ള പാതയൊരുക്കലിപ്പോൾ പുരോഗമിക്കുകയാണ്. അഴിമുഖത്തിന്റെ മൊത്തം വീതി 120 മീറ്ററാണ്. അതിൽ 13 മീറ്റർ വീതിയിലാണ് പൊഴി മുറിക്കുന്നത്. ബാക്കിയുള്ള ഭാഗങ്ങളിൽ മണൽ മൂടി കിടക്കുകയാണ്. അഴിമുഖത്ത് കൂട്ടിയിട്ടിരിക്കുന്ന മണൽ അവിടെ നിന്നും പെരുമാതുറ സൈഡിലേക്ക് നിക്ഷേപിക്കുന്ന പ്രക്രിയ 24 മണിക്കൂറും തുടരുകയാണ്. നാളെ പൊഴിമുറിക്കൽ പൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന നേരിയ ചാലിൽ കൂടി കായൽവെള്ളം കടലിൽ പ്രവേശിക്കുന്നതിനാൽ കായലോരമേഖലയിലെ വെള്ളക്കെട്ടിന് ഭാഗിക പരിഹാരം ഉണ്ടായിത്തുടങ്ങും. പൂർണതോതിൽ വെള്ളമിറങ്ങണമെങ്കിൽ ഇനിയും ദിവസങ്ങൾ എടുക്കും.
കായലോര മേഖലയിലെ പലയിടങ്ങളിലും വെള്ളം കയറി ദുരിതങ്ങൾ അനുഭവിക്കുന്ന നൂറുകണക്കിന് വീട്ടുകാരും നാട്ടുകാരുമുണ്ട്. അതുപോലെ അഴിമുഖത്തെ മണൽ നീക്കം പൂർണമാകാൻ ഡ്രഡ്ജർ എത്തിയാലും ആഴ്ചകൾ കാത്തിരിക്കേണ്ടിവരും. ഡ്രഡ്ജറുമായി ഘടിപ്പിക്കേണ്ട മറ്റ് അനുബന്ധ ഉപകരണങ്ങൾ റോഡുമാർഗം മുതലപ്പൊഴിയിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്.
അഴിമുഖം മണൽ മൂടിയതോടെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം നിലച്ച് നിത്യവൃത്തിക്കായി പാടുപെടുകയാണ്.മുതലപ്പൊഴിയിലെ രണ്ട് ഹാർബറുകളിലുമായി നൂറിലേറെ താങ്ങുവല വള്ളങ്ങളാണ് കടലിൽ ഇറക്കാനാകാതെ കെട്ടിയിട്ടിരിക്കുന്നത്. ഒരു താങ്ങുവല വള്ളത്തിൽ ശരാശരി 20 മുതൽ 40 പേരാണ് ജോലിക്ക് പോകുന്നത്.ഇവരും ഇവരുടെ കുടുംബാംഗങ്ങളും ഇവരെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ചെറുകിട തൊഴിലാളികളും ചുമട്ടുതൊഴിലാളികളുമെല്ലാം പട്ടിണിയിലും പരിവട്ടത്തിലുമാണ്.
by Midhun HP News | Apr 25, 2025 | Latest News, കേരളം
പ്രതിദിന നറുക്കെടുപ്പുകളിലെ ഒന്നാം സമ്മാനം ഒരു കോടി രൂപയായും ഉയർത്തിയിട്ടുണ്ട്. നിലവില്‍ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 100 രൂപയായിരുന്നു. പരിഷ്കരിച്ച ടിക്കറ്റുകളില്‍ 50 രൂപയും സമ്മാനമായി ലഭിക്കും എന്നതാണ് മറ്റൊരു സവിശേഷത. സുവർണ കേരളം എന്ന പേരിലുള്ള ടിക്കറ്റാണ് ഇന്നു മുതല്‍ വിപണിയില്‍ ലഭ്യമാകുക. ഈ ടിക്കറ്റുകള്‍ എല്ലാ ജില്ലാ ലോട്ടറി ഓഫീസുകളിലും കഴിഞ്ഞ ദിവസം എത്തിക്കഴിഞ്ഞു. ഇന്നു രാവിലെ പത്ത് മുതല്‍ ടിക്കറ്റുകളുടെ വിതരണം ആരംഭിക്കും.
പരിഷ്കരിച്ച ടിക്കറ്റുകളില്‍ ഏഴുലക്ഷം ടിക്കറ്റുകള്‍ ചെറുകിട ഏജന്‍റുമാർക്കായി മാറ്റി വച്ചിട്ടുണ്ട്. ഇതിന് ആനുപാതികമായി വൻകിട ഏജന്‍റുമാർക്ക് നല്‍കുന്ന എണ്ണത്തില്‍ കുറവും വരുത്തിയിട്ടുണ്ട്.
by Midhun HP News | Apr 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ചൊവ്വാഴ്ച സർവകാല റെക്കോർഡിലേക്ക് എത്തിയ സ്വർണവില ബുധനാഴ്ചതന്നെ കുത്തനെ കുറഞ്ഞിരുന്നു. ഇന്നലെ 80 രൂപയുടെ ഇടിവാണ് പവന്റെ വിലയിലുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,040 രൂപയാണ്. ഭൗന്മാരാഷ്ട്രീയ പ്രശനങ്ങൾ സ്വർണവില ഉയർത്തിയേക്കും എന്ന സൂചനകളാണ് വിപണിയിൽ നിന്നും ലഭിക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് എത്തിയ സ്വർണവില ഉപഭോക്താക്കൾ ലാഭമെടുത്ത് പിരിഞ്ഞതോടെ കുറഞ്ഞിരുന്നു. താരിഫ് കുറയ്ക്കാൻ ട്രംപ് തീരുമാനിച്ചേക്കും എന്ന സൂചന വില കുറയാനുള്ള മറ്റൊരു കാരണമാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9005 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7410 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.
by Midhun HP News | Apr 25, 2025 | Latest News, കേരളം
കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന് നാടിന്റെ അന്തിമാഞ്ജലി. എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഏഴരയോടെയാണ് പൊതുദർശനത്തിനായി ചങ്ങമ്പുഴ പാർക്കിൽ എത്തിച്ചത്. ഗവർണർ രാജേന്ദ്ര ആർലേക്കർ അടക്കം ഒട്ടേറെ നേതാക്കളും ജനപ്രതിനിധികളും അന്തിമാദരം അർപ്പിച്ചു. നൂറുകണക്കിന് സാധാരണക്കാരും ആദരം അർപ്പിക്കാനെത്തി.
കൊച്ചി സ്വദേശി എൻ രാമചന്ദ്രന് കണ്ണീരോടെ വിട ചൊല്ലി നാട്. ഗവർണറും ജനപ്രതിനിധികളും നാട്ടുകാരും രാമചന്ദ്രന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മകൾ ആരതി, മകൻ അരവിന്ദ്, ഭാര്യ ഷീല എന്നിവർ രാമചന്ദ്രന്റെ മൃതദേഹത്തിൽ പ്രാർത്ഥനാപൂർവ്വം ആദരം അർപ്പിച്ചത് കണ്ടുനിന്നവരുടെ കണ്ണുകളെപ്പോലും ഈറനാക്കി. പൊതുദർശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ഇടപ്പള്ളി ശ്മശാനത്തിലാണ് എൻ രാമചന്ദ്രന്റെ സംസ്കാരം. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നിർദേശം നൽകി.
മകൾ ആരതിയുടെ കൺമുന്നില്‍ വെച്ചാണ് കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന് ഭീകരരുടെ വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന തന്‍റെ മക്കൾ കരഞ്ഞത് കൊണ്ടായിരിക്കാം തന്നെയടക്കം ഭീകരർ ഉപദ്രവിക്കാതെ വിട്ടതെന്ന് ആരതി പറയുന്നു. മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറോളം ഓടിയ ശേഷമാണ് മൊബൈലിന് റേഞ്ച് ലഭിച്ചത്. ഫോൺ വിളിച്ച ശേഷമാണ് സൈന്യവും സമീപവാസികളും രക്ഷക്കെത്തിയത്. തന്റെ മുന്നിലെത്തിയ ഭീകരർ സൈനിക വേഷത്തിൽ ആയിരുന്നില്ലെന്നും ആരതി പറയുന്നു. വേദനയുടെ നിമിഷങ്ങളിൽ കശ്മീരിലെ പ്രദേശവാസികളും ഒപ്പം നിന്നെന്നും ആരതി കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Apr 25, 2025 | Latest News, ദേശീയ വാർത്ത
ശ്രീനഗർ: ‘അവൻ സ്വന്തം ജീവൻ അതിഥികൾക്കു വേണ്ടി ബലി അർപ്പിക്കുകയായിരുന്നു. അവനെ ഓർത്ത് അഭിമാനിക്കുന്നു’- മകനെ നഷ്ടപ്പെട്ടതിന്റെ കടുത്ത ദുഃഖത്തിനിടയിലും ആ പിതാവ് പറഞ്ഞു.
പഹൽഗാമിൽ ഭീകരരുടെ വെടിവയ്പ്പിൽ നിന്നു വിനോദ സഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരനും കുതിരസവാരിക്കാരനുമായ സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ വെടിയേറ്റ് മരിച്ചിരുന്നു. മകന്റെ ജീവത്യാഗത്തിൽ അഭിമാനിക്കുന്നതായി അദ്ദേഹത്തിന്റെ പിതാവ് സയ്യിദ് ഹൈദർ ഷാ പ്രതികരിച്ചു. ഭീകരരുടെ വെടിയുണ്ടകളില്‍ നിന്ന് രക്ഷപ്പെടാന്‍ വിനോദസഞ്ചാരികള്‍ ചിതറിയോടിയപ്പോള്‍ ഭീകരരില്‍ ഒരാളില്‍ നിന്ന് റൈഫിള്‍ തട്ടിപ്പറിച്ചെടുത്ത് തന്റെ ഒപ്പം സവാരിക്ക് വന്നവരെ രക്ഷപ്പെടുത്താന്‍ ആദില്‍ പൊരുതിയിരുന്നു. അതിനിടെയാണ് 28കാരൻ ഭീകരരുടെ വെടിയേറ്റ് മരിച്ചത്.
‘വിനോദ സഞ്ചാരികളെ രക്ഷിക്കാൻ അവൻ ചെയ്ത ജീവത്യഗമാണ് ഇന്നന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അവന്റെ മരണം എനിക്കു ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ഞാനും ജീവിതം അവസാനിപ്പിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ അവൻ കാണിച്ച ധൈര്യം ജീവിക്കാനുള്ള ശക്തി തന്നു.’
മാതാപിതാക്കളും രണ്ട് സഹോദരൻമാരും രണ്ട് സഹോദരിമാരും അടങ്ങുന്ന കുടുംബമാണ് ആദിലിന്റേത്. ആദിലിന്റെ വിയോഗം കുടുംബത്തിന്റെ ഏക വരുമാന മാർഗമാണ് ഇല്ലാതാക്കിയത്.
‘സംഭവ ദിവസം രാവിലെയാണ് അവനെ അവസാനമായി കണ്ടത്. ഉച്ച കഴിഞ്ഞ 3 മണിയോടെ ബൈസാരനിൽ വിനോദ സഞ്ചാരികൾ ആക്രമിക്കപ്പെട്ടതായി വിവരം കിട്ടി. അപ്പോൾ ഞങ്ങൾ അവനെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ സ്യുച്ച് ഓഫ് ആയിരുന്നു. വൈകീട്ട് 4.30നു വീണ്ടും വിളിച്ചു. ഫോൺ റിങ് ചെയ്തെങ്കിലും ആരും എടുത്തില്ല.’
‘വൈകീട്ട് ആറ് മണിക്കു ശേഷമാണ് അവൻ മരിച്ച വിവരം ഞങ്ങൾ അറിഞ്ഞത്. എന്റെ മറ്റൊരു മകനും കസിനും ആശുപത്രിയിൽ പോയി അന്വേഷിച്ചപ്പോഴാണ് മരിച്ചതായി അറിഞ്ഞത്.’
‘ഈ ക്രൂരകൃത്യം ചെയ്തവരെ വെറുതെ വിടരുത്. മകൻ ഉൾപ്പെടെയുള്ള മരിച്ചവർക്കെല്ലാം നീതി ലഭ്യമാക്കണം’- ആ പിതാവ് വ്യക്തമാക്കി.
ആദിൽ നല്ല മനുഷ്യനായിരുന്നുവെന്നു അദ്ദേഹത്തിന്റെ സഹോദരി അസ്മതും പ്രതികരിച്ചു. കുടുംബത്തിന്റെ ഏക വരുമാന മാർഗമാണ് തീവ്രവാദികൾ തട്ടിയെടുത്തത്. കുടുംബത്തിന്റെ ഭാവി തന്നെ ഇരുളടഞ്ഞ അവസ്ഥയിലായെന്നും അസ്മത് പറഞ്ഞു.
by Midhun HP News | Apr 25, 2025 | Latest News, ദേശീയ വാർത്ത
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൂടുതല്‍ ഭീകരരെ തിരിച്ചറിഞ്ഞു. അഞ്ചില്‍ നാലുപേരെയാണ് തിരിച്ചറിഞ്ഞത്. ഇതില്‍ രണ്ടുപേര്‍ പാകിസ്ഥാനികളാണെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു. രണ്ടുപേരുടെ രേഖാചിത്രം കൂടി പുറത്തുവിട്ടിട്ടുണ്ട്. ആക്രമണം നടത്തിയ ഭീകരരായ അലിഭായ് അഥവാ തല്‍ഹാ ഭായ് എന്നറിയപ്പെടുന്നയാളും ഹാഷിം മൂസ അഥവാ സുലൈമാൻ എന്നയാളും പാകിസ്ഥാനികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഹാഷിം മൂസയാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.
പൊലീസ് നേരത്തെ പുറത്തുവിട്ട രേഖാചിത്രത്തിലുള്ള മൂന്നു ഭീകരരില്‍ ഒരാളായ ആദില്‍ ഹുസൈന്‍ തോക്കര്‍ അനന്തനാഗ് സ്വദേശിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അഹ്‌സാന്‍ എന്ന ഭീകരന്‍ പുല്‍വാമ സ്വദേശിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആദില്‍ ഹുസൈന്‍ നേരത്തെ പാകിസ്ഥാനില്‍ പോയി പരിശീലനം നേടിയിട്ടുണ്ട്. പീര്‍പഞ്ചാല്‍ മലനിരകളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് സൈന്യത്തിന് രഹസ്യവിവരം ലഭിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജമ്മു കശ്മീര്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. അനന്തനാഗ് അഡീഷണല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 250 ഓളം പ്രദേശവാസികളെ ചോദ്യം ചെയ്തിട്ടുണ്ട്. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ബൈസരണില്‍ കുതിര സവാരി നടത്തുന്നവര്‍, കച്ചവടക്കാര്‍ എന്നിവരില്‍ നിന്നെല്ലാം പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഭീകരരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പൊലീസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന എന്‍ഐഎ സംഘം ബൈസരണില്‍ നിന്ന് ഫോറന്‍സിക് തെളിവുകള്‍ അടക്കം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. മേഖലയില്‍ ഡ്രോണ്‍ അടക്കം ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. അതിര്‍ത്തി മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരര്‍ക്കായി തിരച്ചില്‍ പ്രദേശത്ത് തുടരുകയാണ്.
Recent Comments