നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി നോർത്ത് പൊലീസ് ‌സ്റ്റേഷനിൽ രാവിലെ പത്തു മണിയോടെയാണ് ഷൈൻ ഹാജരായത്. പത്തരയ്ക്ക് എത്തുമെന്നായിരുന്നു പൊലീസിനു ലഭിച്ച വിവരം. എന്നാൽ പറഞ്ഞതിനും അര മണിക്കൂർ മുൻപേ ഷൈൻ സ്റ്റേഷനിൽ എത്തുകയായിരുന്നു

ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ ഷൈൻ ഹാജരാകുമെന്നായിരുന്നു പിതാവ് ഇന്നലെ അറിയിച്ചിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലാണ് പൊലീസ് നടത്തുക. 32 ചോദ്യങ്ങൾ അടങ്ങിയ ലിസ്റ്റ് പോലീസ് ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ചോദ്യം ചെയ്യൽ നീണ്ടേക്കുമെന്നാണ് വിവരം.
എസിപി അടക്കമുള്ള ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷനിൽ ഉണ്ട്.

കോടിയേരി ബാലകൃഷ്ണൻ വനിത  ടി20: ട്രിവാൺഡ്രം റോയൽസ് സെമിയിൽ

കോടിയേരി ബാലകൃഷ്ണൻ വനിത ടി20: ട്രിവാൺഡ്രം റോയൽസ് സെമിയിൽ

തലശ്ശേരി: ട്രിവാൺഡ്രം റോയൽസ്, കോടിയേരി ബാലകൃഷ്ണൻ വനിത കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൻ്റെ സെമിയിൽ കടന്നു. ലീഗ് റൌണ്ടിലെ അവസാന മല്സരത്തിൽ റേസ് ബ്ലാസ്റ്റേഴ്സിനോട് തോൽവി വഴങ്ങിയെങ്കിലും ആദ്യ രണ്ട് മല്സരങ്ങളിലെ ജയത്തിൻ്റെ മികവിൽ റോയൽസ് സെമിയിലേക്ക് മുന്നേറി. ആദ്യം ബാറ്റ് ചെയ്ത റേസ് ബ്ലാസ്റ്റേഴ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 91 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന് 20 ഓവറിൽ ഒൻപത് വിക്കറ്റിന് 86 റൺസ് മാത്രമാണ് നേടാനായത്. സെമിയില്‍ ക്ലൌഡ്ബെറിയാണ് ട്രിവാൺഡ്രം റോയൽസിന്‍റെ എതിരാളി.

ടോസ് നേടിയ റോയൽസ്, ബ്ലാസ്റ്റേഴ്സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി നിയതി റോയൽസിന് മികച്ച തുടക്കം നല്കി. ഈ ടൂര്‍ണ്ണമെന്റിലെ ആദ്യ ഹാര്‍ട്ടിക് വിക്കറ്റും നിയതിക്കാണ്. എന്നാൽ 20 റൺസെടുത്ത അനശ്വര സന്തോഷിൻ്റെയും 19 റൺസെടുത്ത ക്യാപ്റ്റൻ സായൂജ്യയുടെയും മികവിൽ ബ്ലാസ്റ്റേഴ്സ് 91 റൺസെടുത്തു. റോയൽസിന് വേണ്ടി നിയതി നാല് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസ് ബാറ്റിങ് നിരയിൽ ക്യാപ്റ്റൻ സജന സജീവനും, നജ്ല സിഎംസിയും മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. 37 റൺസെടുത്ത സജന അവസാന ഓവർ ടീമിന് വിജയപ്രതീക്ഷ നല്കി. എന്നാൽ കളി തീരാൻ രണ്ട് പന്ത് ബാക്കി നില്ക്കെ സജന പുറത്തായത് റോയൽസിന് തിരിച്ചടിയായി. റോയൽസിൻ്റെ മറുപടി 86 റൺസിൽ അവസാനിച്ചതോടെ ബ്ലാസ്റ്റേഴ്സ് അഞ്ച് റൺസിൻ്റെ വിജയം സ്വന്തമാക്കി. റോയൽസിന് വേണ്ടി നജ്ല 24 റൺസ് നേടി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അനുശ്രീ അനിൽകുമാറും രണ്ട് വിക്കറ്റ് നേടിയ അനശ്വര സന്തോഷുമാണ് ബ്ലാസ്റ്റേഴ്സ് ബൌളിങ് നിരയിൽ തിളങ്ങിയത്.

ഐസിയുവില്‍ എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ചത് ഹോസ്പിറ്റലിലെ ടെക്‌നിക്കല്‍ ജീവനക്കാരന്‍, പ്രതി പിടിയില്‍

ഐസിയുവില്‍ എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ചത് ഹോസ്പിറ്റലിലെ ടെക്‌നിക്കല്‍ ജീവനക്കാരന്‍, പ്രതി പിടിയില്‍

ഗുരുഗ്രാം: ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ എയര്‍ഹോസ്റ്റസായ യുവതി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതി പിടിയില്‍. യുവതി ചികിത്സയിലിരുന്ന ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ ടെക്‌നിക്കല്‍ ജീവനക്കാരനെയാണ് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്.

ബിഹാര്‍ മുസഫര്‍പൂര്‍ സ്വദേശിയായ ദീപക് ആണ് യുവതിയെ ആക്രമിച്ചത് എന്നാണ് പൊലീസ് കണ്ടെത്തല്‍. കഴിഞ്ഞ അഞ്ച് മാസമായി മേദാന്ത ആശുപത്രിയിലെ ജീവനക്കാരനായിരുന്നു ഇയാള്‍. എണ്ണൂറോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ആശുപത്രി ജീവനക്കാര്‍ നല്‍കിയ വിവരങ്ങളും നിര്‍ണായകമായി. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ 50-ലധികം ജീവനക്കാരെയും ചില ഡോക്ടര്‍മാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. സൂക്ഷ്മമായ അന്വേഷണത്തിന് ഒടുവില്‍ പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിന് ശേഷം ദീപകിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

അവിവാഹിതനായ പ്രതി അശ്ലീല വീഡിയോയ്ക്ക് സ്ഥിരമായി കാണുന്ന വ്യക്തിയാണെന്ന് വെളിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഗുരുഗ്രാമിലെ ആശുപത്രിയില്‍ ഏപ്രില്‍ ആറിനായിരുന്നു യുവതി പീഡനത്തിന് ഇരയായത്. ഏപ്രില്‍ 13ന് ആശുപത്രിയില്‍ നിന്ന് വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം ഭര്‍ത്താവിനോടു പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

എയര്‍ലൈന്‍സ് കമ്പനിക്കുവേണ്ടി പരിശീലനത്തിനായാണ് യുവതി ഗുരുഗ്രാമില്‍ എത്തിയത്. ഹോട്ടലില്‍ താമസിക്കവേ ആരോഗ്യം വഷളായതോടെ ചികിത്സയ്ക്കായി യുവതിയെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രില്‍ 5ന് ഭര്‍ത്താവ് എത്തിയ ശേഷം അവരെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചായിരുന്നു പീഡനത്തിന് ഇരയായത്.

46 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് സിനിമാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

46 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് സിനിമാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ മട്ടാഞ്ചേരി സ്വദേശിയുടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് സിനിമാ പ്രവര്‍ത്തകര്‍ പിടിയില്‍. അസോസിയേറ്റ് ഡയറക്ടര്‍ ശ്രീദേവ് (35), കോസ്റ്റ്യൂമര്‍ മുഹമ്മദ് റാഫി (37) എന്നിവരാണ് മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്. കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് മട്ടാഞ്ചേരി സ്വദേശിയായ യുവാവ് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിരയായത്. ആപ്പില്‍ പണം നിക്ഷേപിച്ച് അതിലുള്ള ബില്‍ഡിങിന് റേറ്റിങ് നല്‍കിയാല്‍ കൂടുതല്‍ ലാഭം നല്‍കാം എന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതിനായി യുവാവിന്റെ ഫോണിലേക്ക് പ്രതികള്‍ വാട്ട്‌സ്ആപ്പിലുടെ ലിങ്ക് അയച്ച്‌കൊടുക്കുകയായിരുന്നു. ഇങ്ങനെ പലതവണകളായി 46 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്.

പ്രതികളുടെ മൊബെല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീദേവും മുഹമ്മദ് റാഫിയും അറസ്റ്റിലായത്. എറണാകുളം പെരിങ്ങാല സ്വദേശിയും സിനിമകളില്‍ അസ്സോസ്സിയേറ്റ്ഡയറക്ടറുമാണ് ശ്രീദേവ്. കണ്ണൂര്‍ കണ്ണാടിപറമ്പ് സ്വദേശി മുഹമ്മദ്‌റാഫി സിനിമയില്‍ കോസ്റ്റ്യൂമറുമാണ്.

ശക്തമായ മഴയും ഇടിമിന്നലും; ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് നാല് മരണം, നിരവധി പേര്‍ കുടുങ്ങി

ശക്തമായ മഴയും ഇടിമിന്നലും; ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് നാല് മരണം, നിരവധി പേര്‍ കുടുങ്ങി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുസ്തഫാബാദില്‍ കെട്ടിടം തകര്‍ന്നു വീണ് നാല്മരണം. പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേനയുടെയും (എന്‍ഡിആര്‍എഫ്), ഡല്‍ഹി പൊലീസിന്റെയും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഇന്ന്പുലര്‍ച്ചെ 2:50 ഓടെയാണ്‌കെട്ടിടം തകര്‍ന്നതായി വിവരം ലഭിച്ചതെന്ന് ഡിവിഷണല്‍ ഫയര്‍ ഓഫീസര്‍ രാജേന്ദ്ര അത്വാള്‍ പറഞ്ഞു. ‘പുലര്‍ച്ചെ 2:50 ഓടെ ഒരു കെട്ടിടം തകര്‍ന്നതായി ഞങ്ങള്‍ക്ക് കോള്‍ ലഭിച്ചു. ഞങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. അവശിഷ്ടള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിടത്തില്‍ 20 ഓളം ആളുകള്‍ താമസിച്ചിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ ഇതുവരെ നാല്‌പേര്‍മരിച്ചു. എട്ട്‌പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി നഗരത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും ഇടിമിലും ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച മധു വിഹാര്‍ പൊലീസ് സ്റ്റേഷന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്റെ മതില്‍ പൊടിക്കാറ്റില്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ) മെയിന്‍ 2025 സെഷന്‍ 2 ഫലം പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റില്‍ അപേക്ഷാ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സ്‌കോര്‍കാര്‍ഡുകള്‍ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.

പേപ്പര്‍ 1 (ബിഇ/ബിടെക്) ഫലം മാത്രമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പുറത്തുവിട്ടത്. പേപ്പര്‍ 2 (ബി ആര്‍ക്/ബി പ്ലാനിങ്) എന്നിവയുടേത് പ്രസിദ്ധീകരിച്ചിട്ടില്ല. jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഫലമറിയാം.