നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍

കൊല്ലം : വിദേശരാജ്യങ്ങളില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍. കോട്ടയം പാമ്പാടി സ്വദേശിനി ജോളി വര്‍ഗീസിനെയാണ് കൊല്ലത്ത് നിന്നും അഞ്ചല്‍ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ പാസ്റ്റര്‍ തോമസ് രാജന്‍ ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. രണ്ടു പ്രതികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

മണ്ണൂര്‍ സ്വദേശികളായ മൂന്നുപേരുടെ പരാതിയിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോതമംഗലത്തുള്ള റിക്രൂട്ടിംഗ് ഏജന്‍സിയുടെ പേരിലായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. നിരവധി പേരാണ് തട്ടിപ്പിനിരയായത്.

മാളയില്‍ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം: പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

മാളയില്‍ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം: പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തൃശൂര്‍: മാളയില്‍ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറായ അനുരാജ് പി പിയെയാണ് സസ്പെന്‍ഡ് ചെയ്തത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ഇന്നലെ (ഞായറാഴ്ച) രാത്രിയാണ് അനുരാജ് മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയത്. കാര്‍ സ്‌കൂട്ടറിലും മറ്റൊരു കാറിലും ഇടിച്ചെങ്കിലും നിര്‍ത്താന്‍ കൂട്ടാക്കിയില്ല. പിന്നാലെ മേലടൂരില്‍ വെച്ച് കാര്‍ പോസ്റ്റില്‍ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ അനുരാജിനെ തടഞ്ഞുവെച്ച് മാള പൊലീസിനെ ഏല്‍പ്പിച്ചു. കാറില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തു. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ അനുരാജ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ട്; എന്‍സിഇആര്‍ടി തീരുമാനം പുന:പരിശോധിക്കണം: വി ശിവന്‍കുട്ടി

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ട്; എന്‍സിഇആര്‍ടി തീരുമാനം പുന:പരിശോധിക്കണം: വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ട് കൊണ്ട് വരാനുള്ള എന്‍സിഇആര്‍ടി തീരുമാനം പുന:പരിശോധിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്ന് മന്ത്രി പറഞ്ഞു.

‘ഇത് നമ്മുടെ ദേശത്തിന്റെ ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്‌കാരിക അടിച്ചേല്‍പ്പിക്കലിന്റെ ഉദാഹരണമാണ്. എന്‍സിഇആര്‍ടിയുടെ ഈ തീരുമാനം ഫെഡറല്‍ തത്വങ്ങള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരെയുള്ള നടപടിയാണ്. പതിറ്റാണ്ടുകളായി ഭാഷാ വൈവിധ്യത്തെ മാനിച്ചും കുട്ടികളുടെ മനസ്സില്‍ സംവേദനപരമായ സമീപനം വളര്‍ത്താനും ഉപയോഗിച്ചിരുന്ന ഇംഗ്ലീഷ് തലക്കെട്ടുകള്‍ മാറ്റി, മൃദംഗ്, സന്തൂര്‍ പോലുള്ള ഹിന്ദി തലക്കെട്ടുകളിലേയ്ക്ക് വഴിമാറ്റിയത് തീര്‍ത്തും ശരിയല്ല. കേരളം, ഹിന്ദി സംസാരിക്കാത്ത മറ്റ് സംസ്ഥാനങ്ങളെപ്പോലെ തന്നെ, ഭാഷാ വൈവിധ്യത്തെ സംരക്ഷിക്കാനും പ്രാദേശിക സാംസ്‌കാരിക സ്വാതന്ത്ര്യത്തിന് മുന്‍തൂക്കം നല്‍കാനും പ്രതിജ്ഞാബദ്ധമാണെന്ന്’ മന്ത്രി വ്യക്തമാക്കി.

പാഠപുസ്തകത്തിലെ തലക്കെട്ടുകള്‍ വെറും പേരല്ല. അവ കുട്ടികളുടെ തിരിച്ചറിവിനെയും ഭാവനയെയും രൂപപ്പെടുത്തുന്നു. ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് തലക്കെട്ടുകള്‍ അര്‍ഹമാണ്. എന്‍സിഇആര്‍ടി ഈ തീരുമാനം പുനപരിശോധിക്കുകയും പിന്‍വലിക്കുകയും ചെയ്യണമെന്നും എല്ലാ സംസ്ഥാനങ്ങളും ഇത്തരം അടിച്ചേല്‍പ്പിക്കലുകള്‍ക്ക് എതിരായി ഒരുമിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

പൊറോട്ടയില്‍ പൊതിഞ്ഞ പന്നിപ്പടക്കം കടിച്ചു, പശുവിന്റെ വായ പൊട്ടിത്തെറിച്ചു; അന്വേഷണം

പൊറോട്ടയില്‍ പൊതിഞ്ഞ പന്നിപ്പടക്കം കടിച്ചു, പശുവിന്റെ വായ പൊട്ടിത്തെറിച്ചു; അന്വേഷണം

പാലക്കാട്: പുതുനഗരത്തില്‍ പന്നിപ്പടക്കം കടിച്ച് പശുവിന്റെ വായ പൊട്ടിത്തെറിച്ചു. പുതുനഗരം സ്വദേശിയായ സതീശന്റെ പശുവിനാണ് പരിക്ക് പറ്റിയത്.

കാട്ടുപന്നിയെ തടയാന്‍ പൊറോട്ടയില്‍ പൊതിഞ്ഞുവെച്ച പടക്കമാണ് പശു കടിച്ചത്. മേയാന്‍ വിട്ട പശു പടക്കത്തില്‍ കടിക്കുകയായിരുന്നുവെന്നാണ് വിവരം. പുതുനഗരം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊയ്ത് കഴിഞ്ഞ പാടത്താണ് പടക്കം വെച്ചിരുന്നത്. മേഞ്ഞ് നടക്കുന്നതിനിടെ പശു ഇത് കടിക്കുകയായിരുന്നു. ഒരുലക്ഷം രൂപ വിലയുള്ള പശു പ്രസവിച്ചിട്ട് വെറും ഇരുപത് ദിവസം മാത്രമേ ആയിരുന്നുള്ളൂ.

നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരി വേട്ട; 1,190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരി വേട്ട; 1,190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. 1,190 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശിനി തുളസി യെ അറസ്റ്റു ചെയ്തു.

വിപണിയില്‍ 35 ലക്ഷത്തിലധികം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. ബാങ്കോക്കില്‍ നിന്നും വന്ന വിമാനത്തിലായിരുന്നു ലഹരിക്കടത്ത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ നിന്നാണ് തായ് എയർലൈൻസിൽ നിന്ന് യുവതിയെ പിടികൂടുന്നത്. ഈ മാസം ഇത് ആറാം തവണയാണ് കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്.

ഫെയ്‌സ്ബുക്കിലൂടെ പരിചയം, തൃശൂര്‍ സ്വദേശിയില്‍ നിന്ന് 1.90 കോടി രൂപ തട്ടി; നൈജീരിയന്‍ പൗരന്‍ അറസ്റ്റില്‍

ഫെയ്‌സ്ബുക്കിലൂടെ പരിചയം, തൃശൂര്‍ സ്വദേശിയില്‍ നിന്ന് 1.90 കോടി രൂപ തട്ടി; നൈജീരിയന്‍ പൗരന്‍ അറസ്റ്റില്‍

തൃശൂര്‍: ഓണ്‍ലൈന്‍ വഴി തൃശൂര്‍ സ്വദേശിനിയില്‍ നിന്ന് 1.90 കോടി രൂപ തട്ടിയ കേസില്‍ നൈജീരിയന്‍ പൗരന്‍ അറസ്റ്റില്‍. നൈജീരിയക്കാരനായ ഓസ്റ്റിന്‍ ഓഗ്ബയെ ആണ് തൃശൂര്‍ സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. മുംബൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

2023 മാര്‍ച്ചിലാണ് കേസിനാധാരമായ സംഭവത്തിന്റെ തുടക്കം. ഫെയ്‌സ്ബുക്കിലൂടെ പരിചയപെട്ട് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഒരു കോടി 90 ലക്ഷം രൂപ തട്ടിയെടുത്തത്. തൃശൂര്‍ സ്വദേശി ഫെയ്‌സ്ബുക്കിലൂടെ പ്രതികളിലൊരാളായ സ്ത്രീയെ പരിചയപ്പെട്ടു. സിറിയയില്‍ യുദ്ധം തുടങ്ങിയപ്പോള്‍ രക്ഷപ്പെട്ട് തുര്‍ക്കിയില്‍ എത്തിയതാണെന്ന് സ്ത്രീ തൃശൂര്‍ സ്വദേശിയോട് പറഞ്ഞു.

കൈവശമുണ്ടായിരുന്ന യു എസ് ഡോളറുകളും വിലപിടിപ്പുള്ള സാധനങ്ങളും ഈജിപ്തിലെ മിഡില്‍ ഈസ്റ്റ് വോള്‍ട്ട് കമ്പനിയുടെ കസ്റ്റഡിയിലാണെന്നും, ഇതു തിരിച്ചെടുക്കുന്നതിന് പണം നൽകി സഹായിക്കണമെന്നും ആവശ്യപ്പെട്ടു. 2023 മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിലായി ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം തൃശൂർ സ്വദേശിയിൽ നിന്നു കൈക്കലാക്കിയത്.

തട്ടിപ്പാണെന്ന് മനസിലായതോടെ തൃശൂര്‍ സ്വദേശി ഒല്ലൂർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. തട്ടിപ്പ് സംഘത്തിലെ മറ്റു പ്രതികൾക്കായി അന്വേഷണം നടക്കുകയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ക്രൈംബ്രാഞ്ച് അറിയിച്ചു.