പെരിന്തല്‍മണ്ണയില്‍ യുവാവിനെ കുത്തിക്കൊന്നു; അയല്‍വാസി പിടിയില്‍

പെരിന്തല്‍മണ്ണയില്‍ യുവാവിനെ കുത്തിക്കൊന്നു; അയല്‍വാസി പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണ ആലിപ്പറമ്പില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ആലിപ്പറമ്പ് പുത്തന്‍വീട്ടില്‍ സുരേഷ് ബാബുവാണ് മരിച്ചത്. ബന്ധുവും അയല്‍വാസിയുമായ സത്യനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നേരത്തേയും ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു.

കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ 17കാരന്‍ മരിച്ചനിലയില്‍

കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ 17കാരന്‍ മരിച്ചനിലയില്‍

കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിരീക്ഷണത്തിലിരുന്ന 17കാരന്‍ മരിച്ച നിലയില്‍. ഒബ്‌സര്‍വേഷന്‍ റൂമില്‍ താമസിപ്പിച്ചിരുന്ന കണ്ണൂര്‍ സ്വദേശിയായ പതിനേഴുകാരനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

റൂമില്‍ പതിനേഴുകാരന്‍ ഒറ്റയ്ക്കായിരുന്നെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്നലെ വൈകീട്ടോടെയാണ് മുറിക്കകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പതിനേഴുകാരന്‍ മൂന്ന് കേസുകളില്‍ പ്രതിയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് വെള്ളിമാടുകുന്ന് പൊലീസ് അറിയിച്ചു.

പി വിജയനെതിരെ വ്യാജ മൊഴി; എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാം,ഡിജിപിയുടെ ശുപാര്‍ശ

പി വിജയനെതിരെ വ്യാജ മൊഴി; എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാം,ഡിജിപിയുടെ ശുപാര്‍ശ

തിരുവനന്തപുരം: പി വിജയനെതിരെ വ്യാജ മൊഴി നല്‍കിയ സംഭവത്തില്‍ എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് ഡിജിപിയുടെ ശുപാര്‍ശ. വിജയന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നായിരുന്നു അജിത്കുമാറിന്റെ മൊഴി. അടിസ്ഥാനരഹിതമായ ആരോപണമാണെന്നും നിയമനടപടി വേണമെന്നും ആവശ്യപ്പെട്ട് പി. വിജയന്‍ നല്‍കിയ പരാതിയിലാണ് ഡിജിപി നിലപാട് അറിയിച്ചിരിക്കുന്നത്. ഗുരുതരമായ ക്രിമിനല്‍ കുറ്റത്തില്‍ തെറ്റായ മൊഴി നല്‍കിയെന്നും തെറ്റായ മൊഴി ഒപ്പിട്ടും നല്‍കിയെന്നും ഇത് ക്രിമിനല്‍ കുറ്റമാണെന്നും ഡിജിപി വ്യക്തമാക്കി.

കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ പി വിജയന് ബന്ധമുണ്ടെന്ന് അജിത്കുമാര്‍ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം എസ്പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു അജിത് കുമാര്‍ ഡിജിപിക്ക് നല്‍കിയ മൊഴി. എന്നാല്‍ സുജിത് ദാസ് ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പി വിജയന്‍ നിയമനടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.

അതേസമയം, ഡിജിപിയുടെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പിവി അന്‍വര്‍ എംഎല്‍എയുടെ പരാതിയില്‍ എഡിജിപി എംആര്‍ അജിത്കുമാര്‍ നല്‍കിയ മൊഴിക്കെതിരേയാണ് എഡിജിപി പി വിജയന്‍ പരാതി നല്‍കിയിരുന്നത്. മൊഴി അസത്യമാണെന്നും അതിനാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും പോലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ വിജയന്‍ ആവശ്യപ്പെട്ടു. കത്തില്‍ സര്‍ക്കാര്‍ അഭിപ്രായം ഡിജിപിയോട് ചോദിക്കുകയും തുടര്‍ന്നാണ് അജിത് കുമാറിനെതിരെ നടപടിയെടുക്കാമെന്ന് അറിയിക്കുകയും ചെയ്തത്.

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്; കള്ളക്കടലില്‍ ജാഗ്രത

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്; കള്ളക്കടലില്‍ ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന്( തിങ്കളാഴ്ച) രാത്രി 11.30 വരെ 0.4 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. ഇതുമൂലം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കള്ളക്കടല്‍ ജാഗ്രതാനിര്‍ദേശം:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

പീക്ക് അവര്‍ പ്രതിസന്ധിക്ക് പരിഹാരം?; കേരളത്തിലെ ആദ്യ ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്റ്റം അടുത്ത വേനല്‍ക്കാലത്തോടെ

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം:

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.

പട്ടം പറത്തുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിയ്ക്കാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.

അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.

കണ്ണനെ ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തി; ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനം നടത്തി ആയിരങ്ങള്‍

കണ്ണനെ ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തി; ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനം നടത്തി ആയിരങ്ങള്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം നടത്തി ആയിരങ്ങള്‍. ഇന്ന് പുലര്‍ച്ചെ 2.45നാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം ആരംഭിച്ചത്. വിഷുക്കണി ദര്‍ശനം അവസാനിച്ച 3.45 വരെയുള്ള ഒരു മണിക്കൂര്‍ നേരത്ത് ആയിരങ്ങളാണ് കണ്ണനെ കണ്ട് ദര്‍ശന സായൂജ്യം നേടിയത്.

ഞായറാഴ്ച രാത്രി തൃപ്പുകയ്ക്ക് ശേഷം കീഴ്ശാന്തിമാരാണ് കണിയലങ്കരിച്ചത്. ഓട്ടുരുളിയില്‍ ഉണക്കലരി, വെള്ളരി, കണിക്കൊന്ന, മുല്ലപ്പൂ, ചക്ക, മാങ്ങ, വാല്‍ക്കണ്ണാടി, ഗ്രന്ഥം, അലക്കിയ മുണ്ട്, സ്വര്‍ണം, നാണ്യം എന്നിവ കൊണ്ടാണ് കണി ഒരുക്കിയത്. അലങ്കാരത്തോടെയുള്ള ശ്രീകൃഷ്ണന്റെ സ്വര്‍ണത്തിടമ്പ് പൊന്‍പീഠത്തിലാണ് ഒരുക്കിയത്. ശ്രീകോവിലിന് പുറത്ത് നമസ്‌കാര മണ്ഡപത്തിലും കണി ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ മേല്‍ശാന്തി കണ്ണനെ കണി കാണിച്ച് ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി.

വിഷു നാളില്‍ കാളന്‍, എരിശേരി, വറുത്തുപ്പേരി, ഇടിച്ചു പിഴിഞ്ഞ പായസം തുടങ്ങിയ വിഭവങ്ങളോടെയാണ് ദേവന് നമസ്‌കാര സദ്യ. വിഷു സദ്യ ഉണ്ണാനും ഗുരുവായൂരില്‍ ആയിരങ്ങള്‍ എത്തും. രാവിലെയും വൈകീട്ടും പെരുവനം സതീശന്‍ മാരാരുടെ മേളത്തോടെ കാഴ്ച ശീവേലി, സന്ധ്യയ്ക്ക് താമരയൂര്‍ അനീഷ് നമ്പീശന്‍, പേരാമംഗലം ശ്രീക്കുട്ടന്‍ മാരാര്‍ എന്നിവരുടെ തായമ്പക, രാത്രി വിളക്കെഴുന്നള്ളിപ്പ് എന്നിവയുമുണ്ടാകും.

കണി കണ്ട് ഉണര്‍ന്ന് വിഷുപ്പുലരി; കാര്‍ഷിക സമൃദ്ധിയെ വരവേറ്റ് കേരളം

കണി കണ്ട് ഉണര്‍ന്ന് വിഷുപ്പുലരി; കാര്‍ഷിക സമൃദ്ധിയെ വരവേറ്റ് കേരളം

കൊച്ചി: മേടമാസമെത്തി. ഇന്ന് കേരളീയര്‍ വിഷു ആഘോഷിക്കുന്നു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലാണ് വിഷു. അഭിവൃദ്ധിയുടെ നല്ല നാളുകള്‍ക്കായുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവെക്കാന്‍ ഏവരും ഒത്തുകൂടുന്ന ആഘോഷ നിമിഷങ്ങളാണിത്. സമ്പന്നമായ നമ്മുടെ കാര്‍ഷിക സംസ്‌കാരത്തെ വീണ്ടെടുക്കേണ്ടത്തിന്റെ അനിവാര്യതയും ഈ ആഘോഷ ദിനം ഓര്‍മ്മിപ്പിക്കുന്നു. വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും കളിത്തൊട്ടിലാണ് നമ്മുടെ നാട്. എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ ഒരുമിച്ചാഘോഷിക്കുന്നവയാണ് വിഷുവടക്കമുള്ള ഉത്സവങ്ങള്‍.

വീടുകളില്‍ തലേദിവസം തന്നെ കണിക്കൊന്നയും വെള്ളരിയും കൃഷ്ണവിഗ്രഹവുമായി കണി ഒരുക്കിയിരുന്നു. പുലര്‍ച്ച കണികണ്ടുണര്‍ന്നവര്‍ വിഷു ആഘോഷങ്ങളിലേക്ക് കടന്നു. വീടുകളില്‍ വിഭവസമൃദ്ധമായ സദ്യയൊരുക്കിയും പടക്കം പൊട്ടിച്ചും ബന്ധുമിത്രാദികളുമായി ഒത്തുചേര്‍ന്നുമാണ് ആഘോഷം. കുട്ടികളും മുതിര്‍ന്നവരും പുതിയ വിഷുക്കോടികള്‍ അണിഞ്ഞു.

ഈദിവസം ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ ഒരുകൊല്ലക്കാലം നിലനില്‍ക്കുമെന്നാണ് വിശ്വാസം. മലയാളം കലണ്ടര്‍ പ്രകാരം പുതിയ വര്‍ഷം തുടങ്ങുന്നത് ചിങ്ങം ഒന്നിനാണെങ്കിലും, വിഷുദിനവും ഒരു പുതിയ ആരംഭമായി കരുതിവരുന്നു. വിഷുക്കൈനീട്ടം സ്വീകരിക്കുന്നത് സമ്പത്ത് പ്രദാനം ചെയ്യുമെന്നും വിശ്വാസമുണ്ട്. കേരളത്തിലെ പ്രധാന വിളവെടുപ്പുത്സവങ്ങളിലൊന്ന് കൂടിയാണ് വിഷു.