ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ട പിടിയാനയ്ക്ക് വിട…; നന്ദിനി ചരിഞ്ഞു

ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ട പിടിയാനയ്ക്ക് വിട…; നന്ദിനി ചരിഞ്ഞു

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ പിടിയാന നന്ദിനി (64) ചരിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അന്ത്യം. പ്രായാധിക്യത്താല്‍ അവശതയിലായിരുന്നു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ,ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവര്‍ ആനക്കോട്ടയിലെത്തി നന്ദിനിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.

1964 മെയ് 9ന് നിലമ്പൂരിലെ പി നാരായണന്‍ നായര്‍ എന്ന ഭക്തനാണ് ഗുരുവായൂരപ്പന് മുന്നില്‍ നന്ദിനിയെ നടയിരുത്തിയത്.നാലാം വയസ്സിലാണ് നാടന്‍ ആനയായ നന്ദിനിയെ നടയ്ക്കിരുത്തിയത്. 1975 ജൂണ്‍ 25ന് പുന്നത്തൂര്‍ കോട്ടയിലേക്ക് ഗുരുവായൂര്‍ ആനത്താവളം മാറ്റുമ്പോള്‍ ഗുരുവായൂര്‍ കേശവനൊപ്പം കോട്ടയിലേക്ക് പ്രവേശിച്ച ആനകളില്‍ കുഞ്ഞു നന്ദിനിയും ഉള്‍പ്പെടും.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പള്ളിവേട്ട, ആറാട്ട് ചടങ്ങുകളില്‍ തിടമ്പേറ്റി നന്ദിനി ശ്രദ്ധേയ സാന്നിധ്യമായി. ഇരുപത് വര്‍ഷത്തിലധികമായി ഈ’ ചടങ്ങുകളില്‍ നന്ദിനി പങ്കെടുത്തു.ക്ഷേത്രത്തില്‍ ഭക്തരുടെ തിരക്ക് കാരണം ഓടാന്‍ പോലും സ്ഥലമുണ്ടാകില്ലെങ്കിലും ആ തിരക്കിനിടയിലൂടെയും സൂക്ഷിച്ചു ഓടി ഭക്തരുടെ സ്‌നേഹവും നന്ദിനിക്ക് ലഭിച്ചിട്ടുണ്ട്. നന്ദിനിക്ക് ഉത്സവ ചടങ്ങുകള്‍ ശീലമാണ്. ഓട്ടത്തിനിടയില്‍ നില്‍ക്കേണ്ട സമയത്തും സ്ഥാനത്തും നില്‍ക്കാനും നന്ദിനിക്ക് അറിയാമായിരുന്നുവെന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അനുസ്മരിച്ചു.

പ്രായാധിക്യവും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളെയും തുടര്‍ന്ന് നന്ദിനി ചികിത്സയിലായതിനാല്‍ ഇത്തവണ ഗുരുവായൂര്‍ ദേവിയാണ് പള്ളിവേട്ട ചടങ്ങുകള്‍ക്ക് ഓടിയത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നു പ്രത്യേകം സജ്ജീകരിച്ച കെട്ടുംതറയില്‍ ആയിരുന്നു നന്ദിനിയുടെ വിശ്രമം.

‘മൃതദേഹവുമായി വന്നപ്പോള്‍ വാതില്‍ തുറന്നുകൊടുത്തു, തറയിലെ രക്തം തുടച്ച് വൃത്തിയാക്കി’; ബിജു ജോസഫിന്റെ കൊലപാതകത്തില്‍ വീണ്ടും അറസ്റ്റ്

‘മൃതദേഹവുമായി വന്നപ്പോള്‍ വാതില്‍ തുറന്നുകൊടുത്തു, തറയിലെ രക്തം തുടച്ച് വൃത്തിയാക്കി’; ബിജു ജോസഫിന്റെ കൊലപാതകത്തില്‍ വീണ്ടും അറസ്റ്റ്

തൊടുപുഴ: ബിസിനസ് പങ്കാളിയായിരുന്ന ബിജു ജോസഫിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ജോമോന്റെ ഭാര്യ സീനയെയാണ് (45) അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചാം പ്രതിയാണ് സീന.

ചോദ്യം ചെയ്യലിന് നേരത്തെ നോട്ടിസ് നല്‍കിയെങ്കിലും ദിവസങ്ങളായി ഇവര്‍ ഹാജരായിരുന്നില്ല. ഇന്നലെ തൊടുപുഴ പൊലീസിന്റെ മുന്‍പില്‍ ഹാജരായ സീനയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.തെളിവുനശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയവയില്‍ സീനയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

മരണമുറപ്പിക്കാന്‍ ബിജുവിന്റെ മൃതദേഹവുമായി പ്രതികള്‍ ജോമോന്റെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് നല്‍കിയത് ഭാര്യ സീനയാണ്. വീട്ടിലെ തറയിലും ചുവരിലും വീണ രക്തം തുടച്ചു വൃത്തിയാക്കിയെന്നും തുടയ്ക്കാന്‍ ഉപയോഗിച്ച തുണി പിന്നീട് കത്തിച്ചെന്നും സീന പൊലീസിനോട് സമ്മതിച്ചു.

കഴിഞ്ഞദിവസം കേസില്‍ ഒന്നാം പ്രതി ജോമോന്റെ അടുത്ത ബന്ധുവും സഹായിയുമായ പ്രവിത്താനം സ്വദേശി എബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ബിജുവിനെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടത് എബിന് അറിയാമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിനു ശേഷം ജോമോന്‍ ആദ്യം ഫോണില്‍ വിളിച്ച് ദൃശ്യം സിനിമയുടെ നാലാം ഭാഗം നടപ്പാക്കിയെന്ന് പറഞ്ഞതും എബിനോട് ആയിരുന്നു.

തട്ടിക്കൊണ്ടുപോകലുള്‍പ്പെടെ മുഴുവന്‍ കാര്യങ്ങളും ജോമോന്‍ നേരത്തെ എബിനുമായി പങ്കുവച്ചിരുന്നു. ഇരുവരുടെയും നിര്‍ണായക ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചു. മാര്‍ച്ച് 15 മുതല്‍ നടന്ന ആസൂത്രണത്തിലും എബിന് പങ്കാളിത്തമുണ്ടെന്നാണ് സൂചന. ക്വട്ടേഷന്‍ സംഘാംഗങ്ങളെ കൊച്ചിയില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന അന്നും ജോമോന്‍ എബിന് വിവരങ്ങള്‍ നല്‍കി. ഓമ്‌നി വാന്‍ കിട്ടുമോ എന്നും ജോമോന്‍ എബിനോട് ചോദിച്ചു.

കൃത്യത്തിന് ശേഷം പുതിയ ഫോണ്‍ വാങ്ങാന്‍ ജോമോന് പണം നല്‍കിയതും എബിനാണെന്നാണ് വിവരം. ഇരുവരുടെയും ശബ്ദ പരിശോധനയും അന്വേഷണ സംഘം പൂര്‍ത്തിയാക്കി. ഗൂഢാലോചന, കുറ്റകൃത്യം മറച്ചുവയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞമാസമാണ് പുലര്‍ച്ചെ വീടിന് പുറത്തിറങ്ങിയ ബിജു ജോസഫിനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോകുന്നത്. വാഹനത്തിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയ ബിജുവിനെ കലയന്താനിയിലുള്ള കേറ്ററിങ് ഗോഡൗണിലെ മാന്‍ ഹോളിനുള്ളില്‍ മറവ് ചെയ്തു. ബിജുവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

ഇന്ന് ഓശാന ഞായര്‍, ദേവാലയങ്ങളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍

ഇന്ന് ഓശാന ഞായര്‍, ദേവാലയങ്ങളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍

കൊച്ചി: ഇന്ന് ഓശാന ഞായര്‍. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായുളള യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികള്‍. യേശുദേവനെ ഒലിവ് മരച്ചില്ലകള്‍ വീശി ജറുസലേമില്‍ ജനസമൂഹം വരവേറ്റതിന്റെ ഓര്‍മ പുതുക്കുകയാണ് കുരുത്തോലപ്പെരുന്നാള്‍ ദിനത്തില്‍ വിശ്വാസികള്‍. ഓശാന ഞായറിന്റെ ഭാഗമായി വിവിധ ക്രിസ്തീയ ദേവാലയങ്ങളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ നടക്കും.

കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയും വചന സന്ദേശവും ഉള്‍പ്പെടെയുള്ള ശുശ്രൂഷകളും ഇന്ന് ദേവാലയങ്ങളില്‍ നടക്കും. 50 ദിനം നീളുന്ന വലിയ നോമ്പിന്റെ അവസാന വാരത്തിലേക്കു ക്രൈസ്തവ സമൂഹം പ്രവേശിക്കുമ്പോള്‍ പീഡാനുഭവ വാരാചരണത്തിന് കൂടി ഇന്ന് തുടക്കമാവുകയാണ്. യേശുവിന്റെ ജറുസലേം പ്രവേശനം മുതല്‍ അന്ത്യ അത്താഴത്തിന്റെയും കാല്‍വരിക്കുന്നിലെ കുരിശു മരണത്തിന്റെയും ഉയിര്‍പ്പു തിരുനാളിന്റെയും വിശുദ്ധവാരമാണ് ഇനിയുള്ള ദിവസങ്ങള്‍.

5 ദിവസം സംസ്ഥാനത്ത് മഴ തുടരും; ഇടിമിന്നൽ, കാറ്റ് മുന്നറിയിപ്പ്

5 ദിവസം സംസ്ഥാനത്ത് മഴ തുടരും; ഇടിമിന്നൽ, കാറ്റ് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇന്ന് രാത്രി അഞ്ച് ജില്ലകളിൽ മഴയുണ്ടാകുമെന്നു മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്.ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

‘കുത്തിവയ്പ് എടുത്ത ശേഷം ഉണര്‍ന്നില്ല’: കായംകുളത്ത് 9 വയസ്സുകാരി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

‘കുത്തിവയ്പ് എടുത്ത ശേഷം ഉണര്‍ന്നില്ല’: കായംകുളത്ത് 9 വയസ്സുകാരി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

ആലപ്പുഴ: കായംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഒന്‍പത് വയസുകാരി മരിച്ചു. പനിയും വയറു വേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചേരാവള്ളി ചിറക്കടവം ലക്ഷ്മി ഭവനത്തില്‍ അജിത്തിന്റെയും ശരണ്യയുടെയും മകള്‍ ആദി ലക്ഷ്മി (9) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്. ഇന്ന് രാവിലെ കുത്തിവയ്‌പ്പെടുത്ത ശേഷം ഉറങ്ങിയ കുട്ടി ഉണരാതിരുന്നതോടെ നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.

സംഭവത്തിന് പിന്നാലെ ബന്ധുക്കള്‍ കുട്ടിയെ ചികിത്സിച്ച എബ്‌നൈസര്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. ആശുപത്രി അധികൃതരും ബന്ധുക്കളും തമ്മിലുണ്ടായ വാക്കേറ്റം ആശുപത്രിയുടെ ജനല്‍ ചില്ലുകള്‍ തല്ലിത്തകര്‍ക്കുന്നതില്‍ ഉള്‍പ്പെടെ കലാശിച്ചു. വ്യാഴാഴ്ചയാണ് ആദി ലക്ഷ്മിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി കുട്ടിക്കു കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നാലെയാണ് ഇന്ന് രാവിലെ കുട്ടിയ്ക്ക് കുത്തിവയ്‌പ്പെടുത്തത്.

എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ഹൃദയസ്തംഭനമാണ് മരണ കാരണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആദി ലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗവ. എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ആദി ലക്ഷ്മി.

6000 കുടിയേറ്റക്കാർ മരിച്ചവരുടെ പട്ടികയിൽ; ‘നിർബന്ധിത സ്വയം നാടുകടത്തൽ’ പ്രഖ്യാപിച്ച് ട്രംപ്

6000 കുടിയേറ്റക്കാർ മരിച്ചവരുടെ പട്ടികയിൽ; ‘നിർബന്ധിത സ്വയം നാടുകടത്തൽ’ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ: യുഎസിലെ 6000 ത്തിലധികം ജീവിച്ചിരിക്കുന്ന അനധികൃത കുടിയേറ്റക്കാരെ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി ട്രംപ് ഭരണകൂടം. ഇവരെ നിർബന്ധിതമായി നാടുകടത്തുമെന്നും യുഎസ് അറിയിച്ചു. ജോ ബൈഡന്റെ കാലത്തെ പദ്ധതികൾ പ്രകാരം കുടിയേറ്റക്കാർക്ക് യുഎസിൽ പ്രവേശിക്കാനും താല്ക്കാലികമായി താമസിക്കാനും അനുവാദമുണ്ടായിരുന്നു. കുടിയേറ്റക്കാരുടെ സാമൂഹിക സുരക്ഷാ നമ്പറുകൾ റദ്ദാക്കുകയും അവരെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.

ഇവർക്ക് മറ്റ് ആനുകൂല്യങ്ങൾ ലഭിക്കാൻ കഴിയാത്ത സാഹചര്യവും ട്രംപ് ഭരണകൂടം ഒരുക്കിയിട്ടുണ്ട്. ഈ കുടിയേറ്റക്കാരെ ‘സ്വയം നാടുകടത്താനും’ സ്വന്തം രാജ്യങ്ങളിലേക്കു മടങ്ങിപ്പോകാനും പ്രോത്സാഹിപ്പിക്കുക എന്നതാണ് യുഎസ് സർക്കാരിന്റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. സാമൂഹിക സുരക്ഷാ നമ്പറുകൾ ഇല്ലാതാക്കുന്നതു വഴി, ട്രംപ് ഭരണകൂടം പല സാമ്പത്തിക സേവനങ്ങളിൽ നിന്ന് ഇവരെ ഒഴിവാക്കുകയും ബാങ്കുകളോ മറ്റ് അടിസ്ഥാന സേവനങ്ങളോ ഉപയോഗിക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്തിരിക്കുകയാണ്.

ബൈഡൻ സർക്കാരിന്റെ കാലത്ത് യുഎസിൽ പ്രവേശിച്ച കുടിയേറ്റക്കാരെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം. സിബിപി വൺ ആപ്പ് ഉപയോ​ഗിച്ച് രാജ്യത്തെത്തിയ കുടിയേറ്റക്കാരുടെ നിയമപരമായ പദവി ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) തിങ്കളാഴ്ച റദ്ദാക്കിയിരുന്നു. ഏകദേശം 9 ലക്ഷം കുടിയേറ്റക്കാരാണ് സിബിപി വൺ ആപ്പ് ഉപയോ​ഗിച്ച് യുഎസിലേക്ക് എത്തിയത്. ഇവരെ ലക്ഷ്യമിടുന്നതിന്റെ ഭാ​ഗമായാണ് 6000ത്തോളം പേരെ മരിച്ചതായി പ്രഖ്യാപിക്കുന്ന പുതിയ നടപടി.

ബൈഡൻ സർക്കാരിന്റെ കാലത്ത് പ്രസിഡൻഷ്യൽ അധികാരത്തിന്റെ ഭാഗമായാണ് 2 വർഷത്തെ താല്ക്കാലിക അനുമതിയോടെ കുടിയേറ്റക്കാർക്ക് യുഎസിൽ തുടരാനും ജോലി ചെയ്യാനും അനുമതി നൽകിയിരുന്നത്. താല്ക്കാലികമായി യുഎസിൽ തുടരാൻ നിയമപരമായ അനുമതിയുള്ള ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരോട് ഈ മാസം അവസാനം രാജ്യം വിടാൻ ട്രംപ് ഭരണകൂടം ഉത്തരവിട്ടിരുന്നെങ്കിലും ഫെഡറൽ കോടതി ഈ ഉത്തരവ് തടഞ്ഞിരിക്കുകയാണ്.