നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയില്‍

നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയെ സമീപിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് കുടുംബം സുപ്രീംകോടതിയിലെത്തിയത്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച് കേരള പൊലീസ് അന്വേഷിക്കുന്നില്ല. പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസം ഉണ്ട്. അതിനാല്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷത്തില്‍ തനിക്കോ, കുടുംബത്തിനോ വിശ്വാസമില്ലെന്നും മഞ്ജുഷ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷകന്‍ എംആര്‍ രമേശ് ബാബു ആണ് മഞ്ജുഷയുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.

നവീന്‍ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസില്‍ പിപി ദിവ്യയാണ് ഏക പ്രതി. ദിവ്യയുടെ പ്രസംഗം എഡിഎം ജീവനൊടുക്കാന്‍ പ്രേരണയായെന്ന് കുറ്റപത്രം വിശദമാക്കുന്നത്. നവീന്‍ ബാബുവിനെ അപമാനിക്കാന്‍ പിപി ദിവ്യ ആസൂത്രണം നടത്തി. യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് എഡിഎമ്മിനെ അപമാനിക്കാന്‍ ലക്ഷ്യമിട്ടായിരുന്നുവെന്നും കുറ്റപത്രം വിശദമാക്കുന്നു.

‘സംഘപരിവാര്‍ ശക്തികള്‍ നാടുനീളെ വര്‍ഗീയാതിക്രമങ്ങള്‍ അഴിച്ചുവിടുന്നു’; അംബേദ്കറെ അനുസ്മരിച്ച് മുഖ്യമന്ത്രി

‘സംഘപരിവാര്‍ ശക്തികള്‍ നാടുനീളെ വര്‍ഗീയാതിക്രമങ്ങള്‍ അഴിച്ചുവിടുന്നു’; അംബേദ്കറെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവേചനങ്ങളും അടിച്ചമര്‍ത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാര്‍ഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആര്‍ അംബേദ്കറിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിവ്യവസ്ഥ തീര്‍ത്ത അനാചാരങ്ങള്‍ക്കും ഉച്ചനീച്ചത്വങ്ങള്‍ക്കുമെതിരെ അധഃകൃത ജനവിഭാഗങ്ങളെ അണിനിരത്തിയ അംബേദ്കറിന്റെ സമരവീര്യം ഏവര്‍ക്കും പ്രചോദനമേകുന്നതാണെന്നും അംബേദ്കര്‍ ജയന്തി ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലമാണിത്. എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്തിയും ഫെഡറലിസത്തെ കാറ്റില്‍പ്പറത്തിയും മുന്നോട്ടുപോവുകയാണ് രാജ്യം ഭരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍. ഇന്ത്യയുടെ മതനിരപേക്ഷ മനഃസാക്ഷിയെ അപകടത്തിലാക്കിക്കൊണ്ട് വര്‍ഗീയാതിക്രമങ്ങളും നാടുനീളെ അഴിച്ചുവിടുന്നു. ഇതിനെതിരെ രാജ്യത്തെ ജനാധിപത്യ, മതനിരപേക്ഷ വാദികള്‍ ഒറ്റക്കെട്ടായി പ്രതിരോധമുയര്‍ത്തേണ്ടതുണ്ട്. ഈ അംബേദ്കര്‍ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങള്‍ക്ക് കരുത്തേകട്ടെ.’- പിണറായി വിജയന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

അന്‍വറിനെ ഒപ്പം നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടും; നിലമ്പൂരില്‍ യുഡിഎഫ് വിജയം ഉറപ്പ്; രമേശ് ചെന്നിത്തല

കുറിപ്പ്:

വിവേചനങ്ങളും അടിച്ചമര്‍ത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാര്‍ഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആര്‍ അംബേദ്കറിന്റേത്. ജാതിവ്യവസ്ഥ തീര്‍ത്ത അനാചാരങ്ങള്‍ക്കും ഉച്ചനീച്ചത്വങ്ങള്‍ക്കുമെതിരെ അധഃകൃത ജനവിഭാഗങ്ങളെ അണിനിരത്തിയ അംബേദ്കറിന്റെ സമരവീര്യം ഏവര്‍ക്കും പ്രചോദനമേകുന്നതാണ്. സാമൂഹിക നീതിയിലും തുല്യ പരിരക്ഷയിലുമൂന്നുന്ന നമ്മുടെ ഭരണഘടനക്ക് രൂപം കൊടുക്കുന്നതിനും അദ്ദേഹം നേതൃത്വം നല്‍കി.

ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലമാണിത്. എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്തിയും ഫെഡറലിസത്തെ കാറ്റില്‍പ്പറത്തിയും മുന്നോട്ടുപോവുകയാണ് രാജ്യം ഭരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍. ഇന്ത്യയുടെ മതനിരപേക്ഷ മനഃസാക്ഷിയെ അപകടത്തിലാക്കിക്കൊണ്ട് വര്‍ഗീയാതിക്രമങ്ങളും നാടുനീളെ അഴിച്ചുവിടുന്നു. ഇതിനെതിരെ രാജ്യത്തെ ജനാധിപത്യ, മതനിരപേക്ഷ വാദികള്‍ ഒറ്റക്കെട്ടായി പ്രതിരോധമുയര്‍ത്തേണ്ടതുണ്ട്. ഈ അംബേദ്കര്‍ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങള്‍ക്ക് കരുത്തേകട്ടെ.

വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിള്ളിയില്‍ യുവാവിനെ കുത്തിക്കൊന്നു

വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിള്ളിയില്‍ യുവാവിനെ കുത്തിക്കൊന്നു

തൃശൂര്‍: വീണ്ടും ജീവനെടുത്ത് കാട്ടാന. അതിരപ്പിള്ളിയിൽ തേൻ ശേഖരിക്കാൻ വനത്തിൽ പോയ യുവാവാണ് കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ടത്. അതിരപ്പിള്ളി അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ തമ്പാൻ മകൻ സെബാസ്റ്റ്യൻ (20) ആണ് കൊല്ലപ്പെട്ടത്. ‘ഇന്നലെ രാത്രി 9:30 യോടു കൂടിയായിരുന്നു സംഭവം.

ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ സെബാസ്റ്റ്യൻ തൽക്ഷണം മരണപ്പെട്ടു. കാട്ടാനയെ കണ്ട് സെബാസ്റ്റ്യന്റെ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേർ ഓടി മാറിയിരുന്നു. തേൻ എടുക്കാൻ ഉന്നതിക്ക് അരകിലോമീറ്റർ അകലെയുള്ള വനത്തിലേക്ക് പോകുന്നതിനിടയിൽ വനാതിർത്തിയിൽ വച്ച് കാട്ടാനയ്ക്കു മുന്നിൽ പെടുകയായിരുന്നു. യുവാവിന്റെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ബ്രേക്കിട്ട് സ്വര്‍ണവില; 70,000ന് മുകളില്‍ തന്നെ

ബ്രേക്കിട്ട് സ്വര്‍ണവില; 70,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില ഇന്ന് താഴ്ന്നു. വിഷുദിനമായ ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. 70,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കുറഞ്ഞത്. 8755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. 70,160 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. കഴിഞ്ഞ ദിവസം പവന് 200 രൂപ കൂടിയതോടെയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടത്. നാലുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 70,000 കടന്നത്. വ്യാഴാഴ്ച മാത്രം ഒറ്റയടിക്ക് 2160 രൂപയാണ് കൂടിയത്.

അമേരിക്കയില്‍ ട്രംപ് തീരുവ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ രാജ്യാന്തര തലത്തില്‍ തന്നെയുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

പീക്ക് അവര്‍ പ്രതിസന്ധിക്ക് പരിഹാരം?; കേരളത്തിലെ ആദ്യ ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്റ്റം അടുത്ത വേനല്‍ക്കാലത്തോടെ

പീക്ക് അവര്‍ പ്രതിസന്ധിക്ക് പരിഹാരം?; കേരളത്തിലെ ആദ്യ ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്റ്റം അടുത്ത വേനല്‍ക്കാലത്തോടെ

തിരുവനന്തപുരം: സംസ്ഥാനത്തെ രാത്രികാലത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി, കേരളത്തിലെ ആദ്യ ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്റ്റം (BESS) അടുത്ത വേനല്‍ക്കാലത്തിന് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ചേക്കും. കാസര്‍കോട് ജില്ലയിലെ മൈലാട്ടിയിലാണ് ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്റ്റം സ്ഥാപിക്കുന്നത്. പദ്ധതിക്കായുള്ള ധാരണാപത്രം (MoU) തിരുവനന്തപുരത്ത് കെഎസ് ഇബിയും സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (SECI) തമ്മില്‍ ഒപ്പുവച്ചു.

പദ്ധതി പൂര്‍ത്തികരിക്കാന്‍ 18 മാസത്തെ സമയപരിധിയാണ് നിശ്ചയിച്ചിരുന്നതെങ്കിലും, ഒമ്പതു മാസം മുമ്പേ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. പദ്ധതി നേരത്തെ പൂര്‍ത്തികരിക്കല്‍ ഇന്‍സെന്റീവായി പ്രഖ്യാപിച്ച 8.40 കോടിയുടെ ഫണ്ടാണ്, പ്രോജക്ടിന്റെ അതിവേഗത്തിലുള്ള പൂര്‍ത്തിയാകലിന് സഹായകമായത്.

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ, അടുത്ത വേനല്‍ക്കാലത്തിന് മുമ്പ് പീക്ക് അവര്‍ വൈദ്യുതി ക്ഷാമം ഒരു പരിധിവരെ പരിഹരിക്കാന്‍ സഹായകമാകും. മൈലാട്ടി പബ്ലിക് െ്രെപവറ്റ് പാര്‍ട്ണര്‍ഷിപ്പ് (പിപിപി) പദ്ധതിക്ക് നേരത്തെ കേന്ദ്രത്തില്‍ നിന്ന് 135 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗിന് അനുമതി ലഭിച്ചിരുന്നു.

ഇതുകൂടാതെ, നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് 125 മെഗാവാട്ട് / 500 മെഗാവാട്ട് മണിക്കൂര്‍ ശേഷിയുള്ള മറ്റൊരു BESS കൂടി സ്ഥാപിക്കുന്നുണ്ട്. തുടര്‍ന്ന് ശ്രീകണ്ഠപുരം (40 മെഗാവാട്ട്), പോത്തന്‍കോട് (40 മെഗാവാട്ട്), അരീക്കോട് (30 മെഗാവാട്ട്), മുള്ളേരിയ (15 മെഗാവാട്ട്) എന്നിവിടങ്ങളിലായി ആകെ 125 മെഗാവാട്ട് ശേഷിയുള്ള നാല് പദ്ധതികള്‍ ആരംഭിക്കും.

ജാതി തീണ്ടല്‍ മാറി; രയര മംഗലത്ത് നാലമ്പലത്തില്‍ എല്ലാ ജാതിക്കാര്‍ക്കും പ്രവേശം

ജാതി തീണ്ടല്‍ മാറി; രയര മംഗലത്ത് നാലമ്പലത്തില്‍ എല്ലാ ജാതിക്കാര്‍ക്കും പ്രവേശം

കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ പ്രസിദ്ധമായ പിലിക്കോട് ശ്രീ രയരമംഗലം ഭഗവതി ക്ഷേത്ര നാലമ്പലത്തില്‍ ഇനി മുതല്‍ എല്ലാ ജാതിക്കാര്‍ക്കും പ്രവേശം. ജാത്യാചാരത്തിന്റെ പേരിലുള്ള വിവേചനം അവസാനിപ്പിച്ച് ഞായറാഴ്ച വൈകീട്ട് എല്ലാ ജാതി വിഭാഗത്തില്‍പ്പെട്ടവരും പ്രവേശിച്ചപ്പോള്‍ പിറന്നത് പുതു ചരിത്രമാണ്.

പിലിക്കോട് നിനവ് പുരുഷ സഹായ സംഘം അടുത്തിടെ നാലമ്പല പ്രവേശനത്തിനായി പ്രത്യേകം പ്രമേയം അവതരിപ്പിച്ചിരുന്നു. തുടര്‍ന്നു ദേവസ്വം മന്ത്രിക്കും മലബാര്‍ ദേവസ്വം ബോര്‍ഡിനും ക്ഷേത്രം ട്രസ്റ്റിനും തന്ത്രിക്കും കത്ത് നല്‍കിയിരുന്നു.

നൂറ്റാണ്ടുകളായി ഈ ക്ഷേത്രത്തില്‍ നമ്പൂതിരി, വാര്യര്‍, മാരാര്‍ തുടങ്ങിയ ഉന്നത കുല ജാതിക്കാര്‍ക്ക് മാത്രമായിരുന്നു പ്രവേശനവുണ്ടായിരുന്നത്. ഉത്സവകാലത്ത് നായര്‍, മണിയാണി വിഭാഗക്കാര്‍ക്കും പ്രവേശനമുണ്ടായിരുന്നു. എന്നാല്‍ മറ്റു ജാതിക്കാര്‍ക്കൊന്നും ക്ഷേത്ര പ്രവേശനമുണ്ടായിരുന്നില്ല.

ഞായറാഴ്ച ജനകീയ സമിതിയുടെ നേതൃത്വത്തില്‍ 16 പേരടങ്ങളുന്ന പുരുഷ സംഘം നാലമ്പല പ്രവേശനത്തില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെയെത്തിയ വിശ്വാസികളെല്ലാം അകണെത്തി തൊഴുത് പ്രസാദവും വാങ്ങിച്ചു. ‘എല്ലാവിശ്വാസികള്‍ക്കും പ്രവേശനത്തിനായി കുറച്ച് വര്‍ഷം മുമ്പ് ശ്രമം നടത്തിയിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. ജാതിഭേദമില്ലാതെ വിശ്വാസികളുടെ ചിരകാല ആഗ്രഹമായിരുന്നു നാലമല പ്രവേശം. അതാണ് ഇവിടെ സാധ്യമായതെന്നും ജനകീയ സമിതി ചെയര്‍മാന്‍ ഉമേശ് പിലിക്കോട് പിടിഐ യോട് പറഞ്ഞു.