by Midhun HP News | Apr 10, 2025 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: ദേശീയപാതയിൽ തോട്ടയ്ക്കാട് പാലത്തിന് സമീപം സ്വകാര്യ ബസിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിലെ ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. കഴക്കൂട്ടം കാർത്തിക ബാറിലെ ജീവനക്കാരനായ കുടവൂർ മേൽ തോന്നക്കൽ ഡ്രീം ലാൻഡിൽ ഹജികുമാർ(50)ആണ് മരണപ്പെട്ടത്.
ഇന്ന് (10/04 2025) ഉച്ചയ്ക്ക് 2 മണിയോടെ കെ ടി സി ടി ഹോസ്പിറ്റലിനും തോട്ടയ്ക്കാട് പാലത്തിനുമിടയിൽ ദേശീയപാതയിലാണ് അപകടം നടന്നത്. അപകടം നടന്ന ഉടൻതന്നെ ഹജികുമാറിനെ ആംബുലൻസിൽ പാരിപ്പള്ളി ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലമ്പലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.
by Midhun HP News | Apr 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വ്യാഴാഴ്ച: തിരുവനന്തപുരം, വയനാട്, കണ്ണൂര്‍ ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദം അടുത്ത 12 മണിക്കൂര്‍ മധ്യബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ വടക്കു-വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറയാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 1.2 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Apr 10, 2025 | Latest News, കേരളം
കൊച്ചി: കൊച്ചിക്ക് ഇനി വികസന വസന്തം. ആഗോള സമുദ്ര വാണിജ്യ ഭീമന്മാര്‍ക്ക് വേണ്ടി കൂറ്റന്‍ എണ്ണ ടാങ്കറുകളും കണ്ടെയ്‌നര്‍ ഷിപ്പുകളും കാര്‍ഗോ കപ്പലുകളും ഇനി കൊച്ചിയില്‍ നിര്‍മ്മിക്കും. കപ്പല്‍ നിര്‍മാണ മേഖലയിലെ ആഗോള ഭീമന്മാര്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കും. പതിനായിരക്കണക്കിന് കോടിയുടെ നിക്ഷേപം കൊച്ചിയെ സമ്പന്നയാക്കും. ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
ആഗോള സമുദ്ര വാണിജ്യ, തുറമുഖ ടെര്‍മിനല്‍ നടത്തിപ്പുകാരായ ദുബായ് പോര്‍ട്ട് വേള്‍ഡിന്റെ ഉപസ്ഥാപനമായ ഡ്രൈഡോക്‌സ് വേള്‍ഡുമായി കൊച്ചി ഷിപ്‌യാര്‍ഡ് ചൊവ്വാഴ്ച ഒപ്പിട്ട ധാരണാപത്രം കൊച്ചിയെ അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രമായി വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. 2024 ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഇന്റര്‍നാഷണല്‍ ഷിപ് റിപ്പയര്‍ ഫെസിലിറ്റി (ISRF) വികസിപ്പിച്ചു വമ്പന്‍ കപ്പലുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടത്തുന്ന ഷിപ് റിപ്പയര്‍ കേന്ദ്രം സ്ഥാപിക്കാനാണ് കൊച്ചി കപ്പല്‍ശാല ഡ്രൈ ഡോക്‌സ് വേള്‍ഡുമായി കരാര്‍ ഒപ്പിട്ടത്. ദുബായ് രാജകുമാരനും യുഎഇ ഉപ പ്രധാനമന്ത്രിയുമായ ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂമിന്റെയും കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയലിന്റെയും സാന്നിധ്യത്തില്‍ ആയിരുന്നു കരാര്‍ ഒപ്പിട്ടത്.
കൊച്ചി കപ്പല്‍ശാലയില്‍ നിലവിലുള്ള അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയും ആഗോള കപ്പല്‍ നിര്‍മാണ വ്യവസായത്തിലെ ആധുനിക സാങ്കേതികത ലഭ്യമാക്കിയും കൊച്ചിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രമാക്കാനാണ് കരാര്‍ ലക്ഷ്യമിടുന്നത്.
കൊച്ചി പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന് പാട്ടത്തിനെടുത്ത വില്ലിങ്ടണ്‍ ദ്വീപിലെ ഭൂമിയില്‍ സ്ഥാപിച്ച അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രത്തില്‍ കൊച്ചി കപ്പല്‍ശാല ആറു വര്‍ക്ക് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ സ്ഥാപിച്ചിട്ടുള്ള ഷിപ് ലിഫ്റ്റിന് 6000 ടണ്‍ ഭാരവും 135 മീറ്റര്‍ നീളവും 25 വീതിയും ഉള്ള കപ്പലുകള്‍ ഉയര്‍ത്താന്‍ സാധിക്കും. മറ്റു കപ്പല്‍ ശാലകളുമായി ചേര്‍ന്ന് ഓഫ്‌ഷോര്‍ ഫാബ്രിക്കേഷന്‍ സംവിധാനം നിര്‍മിക്കാനും കൊച്ചി കപ്പല്‍ ശാലയ്ക്ക് പദ്ധതിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 25000 കോടി രൂപയുടെ മാരിടൈം വികസന ഫണ്ട് ഉപയോഗപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു.
by Midhun HP News | Apr 10, 2025 | Latest News, ദേശീയ വാർത്ത
ന്യൂയോര്‍ക്ക്: 2028ലെ ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ ക്രിക്കറ്റ് പോരാട്ടങ്ങളുണ്ടാകുമെന്നു ഉറപ്പായി. 128 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒളിംപിക്‌സിലേക്ക് ക്രിക്കറ്റ് മടങ്ങി വരുന്നത്. 1900ത്തിലാണ് ആദ്യമായി ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയത്. അതിനു ശേഷം ക്രിക്കറ്റ് ഒളിംപിക്‌സിലുണ്ടായിരുന്നില്ല.
പുരുഷ, വനിതാ വിഭാഗങ്ങളായി ആറ് ടീമുകളാണ് ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ മാറ്റുരയ്ക്കുക. 90 താരങ്ങള്‍ ഇരു വിഭാഗങ്ങളിലും കളത്തിലെത്തും. ടി20 ഫോര്‍മാറ്റിലായിരിക്കും മത്സരം. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ക്രിക്കറ്റടക്കം അഞ്ച് പുതിയ കായിക മത്സരങ്ങള്‍ക്ക് മത്സരാനുമതി നല്‍കിയിട്ടുണ്ട്. 2028ലെ ഒളിംപിക്‌സില്‍ 351 മെഡല്‍ പോരാട്ടങ്ങളുണ്ട്. പാരിസ് ഒളിംപിക്‌സിനെ അപേക്ഷിച്ച് 22 മെഡല്‍ പോരാട്ടങ്ങള്‍ കൂടും. 10,500 താരങ്ങളാണ് ഒളിംപിക്‌സില്‍ മാറ്റുരയ്ക്കുക. 2028ല്‍ 698 താരങ്ങള്‍ കൂടുതല്‍ ഉണ്ടാകും.
2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നു. പിന്നാലെ 2023ലെ ഏഷ്യന്‍ ഗെയിംസിലും ക്രിക്കറ്റ് ഉള്‍പ്പെടുത്തി. 14 പുരുഷ ടീമുകളും 9 വനിതാ ടീമുകളുമാണ് ഏഷ്യന്‍ ഗെയിംസില്‍ കളിച്ചത്. ഇരു വിഭാഗങ്ങളിലും ഇന്ത്യയാണ് സ്വര്‍ണം സ്വന്തമാക്കിയത്.
by Midhun HP News | Apr 10, 2025 | Latest News, കേരളം
എംപുരാന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നോബഡി എന്നു പേരിട്ടിക്കുന്ന സിനിമയുടെ സംവിധാനം നിസാം ബഷീർ ആണ്. കൊച്ചി വില്ലിങ്ടൺ ഐലൻഡിൽ വച്ച് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. മമ്മൂട്ടി നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം റോഷാക്കിനു ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഇ4 എന്റർടെയ്ൻമെന്റ്സും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിര്‍മാണം. സമീർ അബ്ദുൾ തിരക്കഥ ഒരുക്കുന്നു.
ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രമാണ് നിസാം ബഷീർ ആദ്യം സംവിധാനം ചെയ്ത ചിത്രം. ഇബിലീസ്, റോഷാക്ക്, അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്നീ സിനിമകൾക്ക് തിരക്കഥയൊരുക്കിയ ആളാണ് സമീർ അബ്ദുൾ. പാർവതി തിരുവോത്ത് ആണ് ‘നോബഡി’യിൽ പൃഥ്വിരാജിന്റെ നായിക.
‘എന്ന് നിന്റെ മൊയ്തീൻ’, ‘കൂടെ’, ‘മൈ ലവ് സ്റ്റോറി’ എന്നീ സിനിമകൾക്കു ശേഷം ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. അശോകൻ, മധുപാൽ, ഹക്കിം ഷാജഹാൻ, ലുക്മാൻ അവറാൻ, ഗണപതി, വിനയ് ഫോർട്ട് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം ദിനേശ് പുരുഷോത്തമൻ. സംഗീതം ഹർഷവർധൻ. മോഹൻലാൽ നായകനായെത്തിയ എംപുരാൻ ആണ് പൃഥ്വിരാജിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
by Midhun HP News | Apr 10, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: യുഎസ് വിസ നിഷേധത്തിന് അപേക്ഷകരുടെ സോഷ്യല്‍ മീഡിയ ആക്ടിവിറ്റികളും കാരണമാകുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) മുന്നറിയിപ്പ്. ഇമിഗ്രേഷന്‍ അധികാരികള്‍ വിസ അപേക്ഷകരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സൂക്ഷ്മമായി പരിശോധിക്കുകയും സെമിറ്റിക് വിരുദ്ധമെന്ന് കരുതുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നവരുടെ വിസയോ റെസിഡന്‍സി പെര്‍മിറ്റോ നിഷേധിക്കുമെന്നും അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
‘തീവ്രവാദ അനുഭാവികള്‍ക്ക് അമേരിക്കയില്‍ ഇടമില്ല, അവരെ ഇവിടെ പ്രവേശിപ്പിക്കാനോ ഇവിടെ തന്നെ തുടരാന്‍ അനുവദിക്കാനോ ഞങ്ങള്‍ക്ക് ബാധ്യതയില്ല,’ ആഭ്യന്തര സുരക്ഷാ വകുപ്പിലെ പബ്ലിക് അഫയേഴ്സ് (ഡിഎച്ച്എസ്)അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്ലാഫ്‌ലിന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ബുധനാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയില്‍, തീവ്രവാദികളില്‍ നിന്നും തീവ്രവാദ ചിന്തയുളള വിദേശികളില്‍ നിന്നും (ഹമാസ്, പലസ്തീന്‍ ഇസ്ലാമിക് ജിഹാദ്, ഹിസ്ബുള്ള, അന്‍സാര്‍ അല്ലാഹ് അഥവാ ഹൂതികള്‍ പോലുള്ള സെമിറ്റിക് വിരുദ്ധ ഭീകര സംഘടനകള്‍, അക്രമാസക്തമായ സെമിറ്റിക് വിരുദ്ധ പ്രത്യയശാസ്ത്രങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുന്നവര്‍ ഉള്‍പ്പെടെ) മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായി കുടിയേറ്റ നിയമങ്ങളും പരമാവധി നടപ്പിലാക്കുമെന്ന് ഡിഎച്ച്എസ് അറിയിച്ചു.
സെമിറ്റിക് വിരുദ്ധ ഭീകരതയെയോ അനുബന്ധ പ്രവര്‍ത്തനങ്ങളെയോ പിന്തുണയ്ക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇമിഗ്രേഷന്‍ പരിശോധനകളില്‍ നെഗറ്റീവ് ഘടകമായി പരിഗണിക്കും. ഈ നയം ഉടനടി പ്രാബല്യത്തില്‍ വരും, വിസ അപേക്ഷകള്‍, ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍, മറ്റ് ഇമിഗ്രേഷന്‍ ആനുകൂല്യങ്ങള്‍ എന്നിവയ്ക്കും ഇത് ബാധകമാണെന്നും അധികൃതര്‍ അറിയിച്ചു.
Recent Comments