by Midhun HP News | Apr 9, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിനോദസഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവം പകര്‍ന്നു നല്‍കുക, കൂടുതല്‍ ടൂറിസ്റ്റുകളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കേരള ടൂറിസം വകുപ്പ് ക്രൂസ് ടൂറിസത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നു. ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യ സംരംഭമാണിത്. ഇതുവരെ കണ്ടെത്തി ഉപയോഗിക്കാത്ത സമുദ്ര സാധ്യതകള്‍ ടൂറിസ്റ്റുകള്‍ക്കായി സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് ക്രൂസ് ടൂറിസം നയത്തിന് അന്തിമരൂപം നല്കി.
സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലെ വലുതും ചെറുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ക്രൂസ് റൂട്ടുകള്‍ ആരംഭിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഇത് വിനോദസഞ്ചാരികള്‍ക്ക് തികച്ചും വ്യത്യസ്തമായ അനുഭവമാകും നല്‍കുക. അടുത്ത മന്ത്രിസഭാ യോഗത്തില്‍ കരട് ക്രൂസ് ടൂറിസം നയത്തിന് അനുമതി ലഭിച്ചേക്കും. ചില സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസത്തില്‍ നിന്ന് അനുഭവവേദ്യമായ ടൂറിസത്തിലേക്ക് കേരളം മാറുകയാണെന്ന് ടൂറിസം വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
‘മറ്റ് ഉഷ്ണമേഖലാ രാജ്യങ്ങളില്‍ നിന്നും ടൂറിസം രംഗത്ത് കേരളം കടുത്ത മത്സരം നേരിടുന്നു. നമുക്കുള്ളതെല്ലാം അവരും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ ആഴത്തിലുള്ളതും അവിസ്മരണീയവുമായ അനുഭവങ്ങള്‍ നല്‍കുക ലക്ഷ്യമിട്ടാണ് ടൂറിസം വകുപ്പ് ക്രൂസ് ടൂറിസം പദ്ധതി നടപ്പാക്കുന്നതെന്ന് ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു.
കേരള മാരിടൈം ബോര്‍ഡുമായി ചേര്‍ന്ന് സംസ്ഥാനത്തെ ഏഴ് തുറമുഖങ്ങളില്‍ ക്രൂസ് ഓപ്പറേഷന്‍സ് ആരംഭിക്കാനാണ് പദ്ധതി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടുന്ന സാഹചര്യത്തില്‍ ക്രൂസ് ടൂറിസം പദ്ധതിയെ വിശാലമായ തുറമുഖ വികസന പദ്ധതികളുമായി സംയോജിപ്പിക്കുന്നതിനുള്ള ഒരു അവസരമായി ടൂറിസം വകുപ്പ് കണക്കാക്കുന്നു.
വിഴിഞ്ഞം, കൊച്ചി, ആലപ്പുഴ, കൊല്ലം, ബേപ്പൂര്‍, നീണ്ടകര, കായംകുളം എന്നിവിടങ്ങളിലെ തുറമുഖങ്ങളില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി ടൂറിസ്റ്റ് സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കുക എന്നതാണ് പദ്ധതി. സര്‍ക്കാര്‍ നയത്തിന് അംഗീകാരം നല്കിയാല്, ക്രൂസ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്ന് കേരള മാരിടൈം ബോര്‍ഡ് ചെയര്മാന് എന്‍ എസ് പിള്ള പറഞ്ഞു.
സംസ്ഥാനത്ത് ക്രൂസ് ടൂറിസം രംഗത്ത് വലിയ സാധ്യതകളുണ്ട്. സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് എല്ലാ ആഡംബര സൗകര്യങ്ങളുള്ള, വ്യത്യസ്ത ഇരിപ്പിട ശേഷിയുള്ള കപ്പലുകള്‍ പ്രവര്‍ത്തിപ്പിക്കാനാകും. ബംഗലൂരു, ഗോവ എന്നിവ ബന്ധിപ്പിച്ചുള്ള അന്തര്‍ സംസ്ഥാന, അല്ലെങ്കില്‍ അന്തര്‍ ജില്ല റൂട്ടുകളില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് എന്‍ എസ് പിള്ള പറഞ്ഞു. കൊച്ചിയില്‍ പകല്‍ സമയങ്ങളില്‍ മാത്രമാണ് ക്രൂസ് സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ ക്രൂയിസ് നയത്തിലൂടെ കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കാനാകുമെന്നും എന്‍എസ് പിള്ള കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Apr 9, 2025 | Latest News, കേരളം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത നാലു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ശക്തി പ്രാപിച്ചത്.
വരുംമണിക്കൂറുകളില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വടക്കു -വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറയാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിനിടെ സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.
പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും താപനില ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Apr 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തമിഴ്നാട് ഗവര്‍ണര്‍ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറല്‍ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഗവര്‍ണര്‍മാര്‍ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്. അതിലുമുപരിയായി ഈ വിധിയില്‍ ബില്ലുകള്‍ പാസാക്കുന്നതിന് കൃത്യമായ സമയപരിധിയടക്കം നിശ്ചയിച്ചു കാണുന്നു. നിയമനിര്‍മ്മാണ സഭയുടെ അധികാരങ്ങള്‍ ഗവര്‍ണര്‍മാര്‍ കയ്യടക്കുന്ന പ്രവണതയ്ക്കെതിരായ താക്കീത് കൂടിയാണ് ഈ വിധിയെന്ന് പിണറായി വിജയന് പറഞ്ഞു.
സുപ്രീം കോടതി വിധി ജനാധിപത്യപത്യത്തിന്റെ വിജയമാണ്. നിയമസഭ പാസാക്കിയ ബില്ലുകള്‍ 23 മാസം വരെ തടഞ്ഞുവെക്കുകയും അനിശ്ചിതത്വത്തിലാക്കുകയും ചെയ്ത അവസ്ഥ നമ്മുടെ മുന്നിലുണ്ട്. അതിനെതിരെ കേരളം നിയമ പോരാട്ടത്തിലാണ്. കേരളം ഉയര്‍ത്തിയ അത്തരം വിഷയങ്ങളുടെ പ്രസക്തിക്കും പ്രാധാന്യത്തിനുമാണ് ഈ വിധി അടിവരയിടുന്നതെന്നും മുഖ്യമന്ത്രി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
by Midhun HP News | Apr 8, 2025 | Latest News, കേരളം
മലപ്പുറം: മഞ്ചേരിയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ അച്ഛന് മരിച്ചു. ചാരങ്കാവ് തെക്കെ വീട്ടില്‍ ശങ്കരനാരായണനാണ് മരിച്ചത്. 77 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മകളെ കൊലപ്പെടുത്തി കേസിലെ പ്രതിയെ വെടിവച്ചുകൊലപ്പെടുത്തിയ കേസില്‍ ശങ്കരനാരായണനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
2001 ഫെബ്രുവരി ഒന്‍പതിന് സ്കൂള്‍ വിട്ടുവരുന്ന വഴി കൃഷ്ണപ്രിയയെ അയല്‍വാസിയായ എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ (24) പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പിടിയിലായ പ്രതിയെ കോടതി ശിക്ഷിച്ചു. പക്ഷേ, ജാമ്യത്തിലിറങ്ങിയ പ്രതിയെ 2002 ജൂലായ് 27ന് കൃഷ്ണപ്രിയയുടെ പിതാവ് ശങ്കരനാരായണന് വെടിവച്ചുകൊലപ്പെടുത്തി.
മഞ്ചേരി സെഷന്‍സ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചെങ്കിലും 2006 മെയ് മാസം തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിട്ടു. മൃതശരീരം വീണ്ടെടുക്കുന്നതില്‍ പൊലീസിനു വീഴ്ച പറ്റി, ക്രിമിനല്‍ സ്വഭാവമുള്ള പ്രതിയ്ക്ക് മറ്റുശത്രുക്കളും ഉണ്ടാകുമെന്ന് കാണിച്ചാണ് കോടതി ശങ്കരനാരായണനെ വെറുതെ വിട്ടത്.
by Midhun HP News | Apr 8, 2025 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരത്ത് കൊടിമരം പിഴുതുമാറ്റിയതിന്റെ പേരില്‍ പൊലീസിനെതിരെ ഭീഷണി മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകര്‍. കണ്ണപുരം സിഐ സാബുമോനെതിരെ പൊലീസ് സ്റ്റേഷനു മുന്പില് എത്തിയാണ് ബിജെപി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയത്. പൊലീസ് എടുത്തുമാറ്റിയ കൊടിമരം ബിജെപി പുനസ്ഥാപിച്ചു.
ബിജെപി സ്ഥാപക ദിനത്തിന്റെ ഭാഗമായി കണ്ണപുരം ചൈന ക്ലേ റോഡില്‍ നാട്ടിയ കൊടിമരം ഞായറാഴ്ച രാത്രി പൊലീസ് എടുത്തുമാറ്റിയിരുന്നു. എന്നാല്‍ പൊതുസ്ഥലത്ത് കൊടികള്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി. അപ്പോള്‍ത്തന്നെ ഭവിഷത്ത് നേരിടേണ്ടി വരുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിരുന്നു.
പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഇന്നലെ രാത്രി കണ്ണപുരത്ത് ബിജെപി നടത്തിയത്. ഒപ്പം പൊലീസിനെ വെല്ലുവിളിച്ച് പൊലീസ് പറിച്ചെടുത്ത അതേ സ്ഥലത്ത് ബിജെപി നേതാക്കള്‍ കൊടിമരം നാട്ടുകയും ചെയ്തു.കൊടിമരം മുറിച്ചുമാറ്റിയ സിഐ സാബുമോനെ കൈകാര്യം ചെയ്യുമെന്ന വിധത്തില്‍ പ്രവര്‍ത്തകര്‍ ഭീഷണിയും മുഴക്കി. ബിജെപിക്ക് നേരെ വന്നാല്‍ ആ കളി അവസാനത്തെ കളിയാകും എന്നാണ് ഭീഷണി.
അധികാരത്തിന്റെ തണലില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം എന്നാണ് ബിജെപി നിലപാട്. എന്നാല്‍ , ഞായറാഴ്ച രാത്രി ബിജെപി കൊടിമരം മാത്രമല്ല, സിപിഎമ്മിന്റെതുള്‍പ്പെടെ പതാകകള്‍ നീക്കം ചെയ്തിരുന്നു എന്നാണ് പൊലീസ് മറുപടി.
by Midhun HP News | Apr 8, 2025 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: ചൈന പ്രഖ്യാപിച്ച പകരച്ചുങ്കം പിന്‍വലിച്ചില്ലെങ്കില്‍ തീരുവ 50 ശതമാനം കൂടി കൂട്ടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഭീഷണി നടപ്പായാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ വരുന്നത് 84 ശതമാനം തീരുവയാകും. രണ്ട് ദിവസം മുമ്പാണ് യു എസ് ഉല്‍പ്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി ചൈന പ്രഖ്യാപിച്ചത്.
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി യു എസ് പ്രഖ്യാപിച്ചതിന് പകരമായാണ് ചൈന യുഎസിനെതിരെ പകരച്ചുങ്കം പ്രഖ്യാപിച്ചത്. ഇത് പ്രഖ്യാപിച്ച് 48 മണിക്കൂറിനകമാണ് ട്രംപിന്റെ തിരിച്ചടി. തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് വഴിയാണ് ട്രംപ് ചൈനയ്ക്കെതിരായ നികുതി പ്രഖ്യാപിച്ചത്. യുഎസിനെതിരെ ചുമത്തിയ 34 ശതമാനം നികുതി ചൈന പിന്‍വലിച്ചില്ലെങ്കില്‍ അടുത്ത ദിവസം വീണ്ടും അധികമായി 50 ശതമാനം നികുതികൂടി ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
എല്ലാ രാജ്യങ്ങള്‍ക്കും 10 ശതമാനം അടിസ്ഥാന നികുതി ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപര യുദ്ധം ശക്തമായത്. യുഎസിനെതിരെ പകരച്ചുങ്കം ചുമത്താത്ത രാജ്യങ്ങളുമായി മാത്രമേ ഇനി വ്യാപാര ചര്‍ച്ചകള്‍ നടത്തൂവെന്നാണ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട്. അതേസമയം പകരച്ചുങ്കമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞപ്പോള്‍ തന്നെ നേരിടാന്‍ തയ്യാറാണെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാപാര യുദ്ധം ആര്‍ക്കും നേട്ടം നല്‍കില്ലെന്നും നികുതി ചുമത്തിയാല്‍ യുഎസിനെതിരെ പകരച്ചുങ്കമുണ്ടാകുമെന്നും ചൈനയും വ്യക്തമാക്കിയിരുന്നു.
അതേസമയം യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ തീരുവ ചുമത്തിയതിനെത്തുടര്‍ന്ന് യുഎസ് ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് യുഎസ് വിപണികളിലുണ്ടായത്.
Recent Comments