by Midhun HP News | Apr 8, 2025 | Latest News, കേരളം
കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഇന്ന് 480 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66,000ല്‍ താഴെയെത്തി. 65,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 8225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്ന കാഴ്ചയാണ് കഴിഞ്ഞ ആഴ്ച വരെ കണ്ടത്. വ്യാഴാഴ്ച 68,480 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിക്കുകയും ചെയ്തു. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ സ്വര്‍ണവില ഇടിയാന്‍ തുടങ്ങി. അഞ്ചുദിവസത്തിനിടെ സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവ് 2,680 രൂപയാണ്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയുടെ പകരച്ചുങ്കം ആഗോള വിപണിയില്‍ വ്യാപാര യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ചിന്തയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.
by Midhun HP News | Apr 8, 2025 | Latest News, കേരളം
കൊച്ചി: നാട്ടികയിലെ ജനതാദള്‍ (യു) നേതാവ് ദീപക്കിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെതാണ് ശിക്ഷാവിധി. വിചാരണക്കോടതി വെറുതെ വിട്ട പ്രതികളെയാണ് ശിക്ഷിച്ചത്.
പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഋഷികേശ്, നിജിന്‍, പ്രശാന്ത്, രസന്ത്, ബ്രവ്‌നേഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2015ലാണ് ജനതാദള്‍ (യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റും സംസ്ഥാന കൗണ്‍സില്‍ അംഗവുമായിരുന്ന ദീപക് കൊല്ലപ്പെട്ടത്. പത്ത് പ്രതികളെയാണ് വിചാരണക്കോടതി വെറുതെവിട്ടത്. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.
by Midhun HP News | Apr 8, 2025 | Latest News, ജില്ലാ വാർത്ത
വനംവകുപ്പ് പാലോട് റേഞ്ച് ഓഫിസർ എൽ.സുധീഷ് കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഇരുതലമൂരിയെ കടത്തിയതിനു പിടിയിലായവരെ രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികളുടെ ബന്ധുക്കളിൽ നിന്നു പണം വാങ്ങിയെന്ന കേസിലാണ് പൂജപ്പുര വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. സുധീഷിനെ റിമാൻഡ് ചെയ്തു. ഇരുതലമൂരിയെ കടത്തിക്കൊണ്ടു വന്ന വാഹനത്തിന്റെ ആർസി ഉടമയെ കേസിൽ നിന്ന് ഒഴിവാക്കാൻ ഒരു ലക്ഷം രൂപയും പ്രതികളിൽ ഒരാളെ കേസിൽ നിന്ന് ഒഴിവാക്കാൻ അയാളുടെ സഹോദരിയിൽ നിന്നു 4 പ്രാവശ്യമായി 45,000 രൂപ ഗൂഗിൾ പേ വഴിയും സുധീഷ് സ്വീകരിച്ചതായി കണ്ടെത്തിയിരുന്നു.
വനം വകുപ്പ് വിജിലൻസ് ശുപാർശ പ്രകാരം സസ്പെൻഷനിലായിരുന്ന സുധീഷ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്നുള്ള അനുകൂല വിധിയെത്തുടർന്ന് തിരികെ സർവീസിൽ കയറിയിരുന്നു. ഇതിനു പിന്നാലെ സർവീസിൽ ചേരാനുള്ള ഉത്തരവില്ലാതെ പരുത്തിപ്പള്ളി റേഞ്ച് ഓഫിസിലെത്തി ഓഫിസറുടെ കസേര കയ്യേറി നെയിം ബോർഡും സ്ഥാപിച്ചതിനു പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. സംസ്ഥാന വിജിലൻസ് എതിരായി നൽകിയ റിപ്പോർട്ട് അവഗണിച്ച് സുധീഷിനെ പാലോട് റേഞ്ചിൽ റേഞ്ച് വനം വകുപ്പു ഓഫിസറായി നിയമിച്ചിരുന്നു. ഇവിടെ അധ്യാപകനെ മർദിച്ച കേസിലും പ്രതിയായി.
by Midhun HP News | Apr 8, 2025 | Latest News, കേരളം
അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് മാസമാണ് ക്യാമ്പയിന്‍ നടത്തുക. അതിഥി തൊഴിലാളികളുടെ കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് പുറകോട്ട് പോകുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തിരുമാനം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, വാസസ്ഥലത്തോട് ചേർന്ന് നിൽക്കുന്ന വിദ്യാലയങ്ങളിലെ അദ്ധ്യാപകർ, രക്ഷാകർതൃ സമിതി ഭാരവാഹികൾ മുതലായവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. മെയ് 7ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടിയിൽ അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായുള്ള സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ പ്രഖ്യാപനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനായി ആവിഷ്കരിച്ച റോഷ്നി പദ്ധതി, ഇടുക്കി, കണ്ണൂർ ജില്ലകളിൽ നടപ്പിലാക്കിവരുന്ന സമാന പദ്ധതികൾ എന്നിവയുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ എസ്.സി.ഇ. ആർ.ടി സമഗ്ര വിദ്യാഭ്യാസ പരിപാടി ഏപ്രിൽ 30നകം തയ്യാറാക്കും.
മെയ് ആദ്യവാരം പൊതുവിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, തൊഴിൽ, സാമൂഹ്യ നീതി, വനിത ശിശുക്ഷേമം, ആരോഗ്യം മുതലായ വകുപ്പുകളുടെ യോഗം വിളിച്ച് എസ്. സി. ഇ. ആർ ടി തയ്യാറാക്കിയ പ്രവർത്തനരൂപരേഖ അന്തിമമാക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്കൂൾ പ്രവേശനം സംബന്ധിച്ച രജിസ്റ്റർ സൂക്ഷിക്കണം. ആറ് മാസത്തിൽ ഒരിക്കൽ രജിസ്റ്റർ പരിഷ്കരിക്കണം. അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം സംബന്ധിച്ച ഡാറ്റ ഈ രജിസ്റ്ററിൽ പ്രത്യേകം സൂക്ഷിക്കണം.
സീസണൽ മൈഗ്രേഷന്റെ ഭാഗമായി ഓരോ പ്രദേശത്തും വന്ന് പോകുന്ന അതിഥി തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്ക് മാറിപ്പോകുന്ന പ്രദേശത്ത് രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തി പഠനത്തുടർച്ച ഉറപ്പാക്കണം.
കുട്ടികൾക്കും രക്ഷിതാക്കൾക്കും ആരോഗ്യ പരിശോധന സംവിധാനവും ആവശ്യമെങ്കില്‍ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കണം. ശുചിത്വം, ലഹരി ഉപയോഗം, ആരോഗ്യ ശീലങ്ങൾ മുതലായ കാര്യങ്ങളിൽ ബോധവൽക്കരണം നടത്തണം.
വാർഡ് / തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ അവധി ദിവസങ്ങളിൽ കലാ-കായിക, സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് പൊതു ഇടങ്ങൾ സൃഷ്ടിച്ച് തദ്ദേശീയരായ കുട്ടികളുമായി ചേർന്ന് സാംസ്കാരിക വിനിമയത്തിന് അവസരമൊരുക്കണം. അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ നടത്തണമെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആധാർ അധിഷ്ഠിത രജിസട്രേഷൻ നടത്താൻ പ്രത്യേക പോർട്ടലും മൊബൈൽ അപ്ലിക്കേഷനും വികസിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ കുട്ടികളുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് സഹായകമായ മൊഡ്യൂളുകൾ കൂടി ചേര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, തൊഴില്‍ വകുപ്പ് സെക്രട്ടറി കെ വാസുകി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ ഷാനവാസ്, ലേബര്‍ കമ്മീഷണര്‍ സഫ്ന നസറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
by Midhun HP News | Apr 8, 2025 | Latest News, കേരളം
കൊല്ലം: കൊല്ലം ആയൂരിൽ വാഹനാപകടത്തിൽ നവവധു മരിച്ചു. അടൂർ സ്വദേശിനി സാന്ദ്ര വിൽസൺ (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഭർത്താവ് ആയൂർ സ്വദേശി ജിതിൻ ജോയിക്കൊപ്പം ബുള്ളറ്റിൽ സഞ്ചരിക്കുമ്പോൾ അപകടമുണ്ടായത്. ഇരുചക്ര വാഹനവും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ബന്ധു വീട്ടിൽ പോയി മടങ്ങും വഴിയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ജിതിൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
by Midhun HP News | Apr 8, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് ‘സി’, ഗ്രേഡ് ‘ഡി’ തസ്തികകളിലേക്കുള്ള സ്‌കില്‍ ടെസ്റ്റിനുള്ള എക്‌സാം സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പുറത്തിറക്കി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്സി). സ്‌കില്‍ ടെസ്റ്റിന് യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് എസ്എസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.gov.inല്‍ ലോഗിന്‍ ചെയ്ത് എക്‌സാം സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുംവിധം അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഏപ്രില്‍ 14 മുതല്‍ അവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ആക്സസ് ചെയ്യാന്‍ കഴിയും.ഏപ്രില്‍ 16, 17 തീയതികളില്‍ സ്‌കില്‍ ടെസ്റ്റ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആകെ 35,955 ഉദ്യോഗാര്‍ത്ഥികളെയാണ് സ്‌കില്‍ ടെസ്റ്റിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്തത്. ഇതില്‍ ഗ്രേഡ് ‘സി’ തസ്തികയിലേക്ക് 9345 ഉദ്യോഗാര്‍ഥികളാണ് സ്‌കില്‍ ടെസ്റ്റിന് യോഗ്യത നേടിയത്. ഗ്രേഡ് ‘ഡി’ തസ്തികയിലേക്കുള്ള സ്‌കില്‍ ടെസ്റ്റില്‍ 26,610 ഉദ്യോഗാര്‍ഥികളാണ് പങ്കെടുക്കുക.
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ഥികളാണ് സ്റ്റെനോഗ്രാഫിയിലെ സ്‌കില്‍ ടെസ്റ്റിന് ഹാജരാകേണ്ടത്. പരീക്ഷയുടെ ഭാഗമായി, ഇംഗ്ലീഷിലോ ഹിന്ദിയിലോ കേട്ടെഴുതുന്നതിന് പത്ത് മിനിറ്റ് നേരമാണ് സമയം നല്‍കുക. ഗ്രേഡ് ‘സി’ക്ക് മിനിറ്റില്‍ 100 വാക്കുകളും ഗ്രേഡ് ‘ഡി’ക്ക് മിനിറ്റില്‍ 80 വാക്കുകളുമാണ് എഴുതേണ്ടത്.
Recent Comments