ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിഷുക്കണി

ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിഷുക്കണി

ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷുക്കണി ദർശനം ഏപ്രിൽ 14 വെളുപ്പിന് 3. 30ന്.

രാവിലെ 5. 15ന് ശ്രീമദ് നാരായണീയ പാരായണം, 7.30നു പുല്ലാങ്കുഴൽ കച്ചേരി, 11 മണിക്ക് അന്നദാനം, വൈകുന്നേരം 5. 30ന് നൃത്തനൃത്യങ്ങൾ, 6.45ന് നൃത്ത സന്ധ്യ, അത്താഴ പൂജയ്ക്ക് ശേഷം മാടൻ നടയിൽ ചിറപ്പും വിളക്കും തുടർന്ന് ആകാശക്കാഴ്ച, 8.15ന് ലഘു ഭക്ഷണവും ഉണ്ടായിരിക്കും. അന്നേ ദിവസം പ്രത്യേക പുഷ്പാലങ്കാരം ഉണ്ടായിരിക്കുന്നതാണ്.

ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഏപ്രിൽ 30 മുതൽ മെയ് 9 വരെയാണ് സംഘടിപ്പിക്കുന്നത്.

ഏലൂരില്‍ നിന്ന് നേരിട്ട് ഹൈക്കോടതി ജെട്ടിയിലേയ്ക്ക്; വാട്ടര്‍മെട്രോ സര്‍വീസിന് ഇന്ന് തുടക്കം

ഏലൂരില്‍ നിന്ന് നേരിട്ട് ഹൈക്കോടതി ജെട്ടിയിലേയ്ക്ക്; വാട്ടര്‍മെട്രോ സര്‍വീസിന് ഇന്ന് തുടക്കം

കൊച്ചി: ഏലൂര്‍ ജെട്ടിയില്‍ നിന്ന് ഹൈക്കോടതി ജെട്ടിയിലേയ്ക്ക് ഇന്ന് മുതല്‍ വാട്ടര്‍മെട്രോ നേരിട്ട് സര്‍വീസ് നടത്തും. നേരത്തെ ഏലൂരില്‍ നിന്ന് ചിറ്റൂര്‍ ജെട്ടിയിലിറങ്ങി അടുത്ത ബോട്ട് പിടിച്ചായിരുന്നു ഹൈക്കോടതി ജെട്ടിയിലേയ്ക്ക് ആളുകള്‍ എത്തിയിരുന്നത്.

രാവിലെ രണ്ട് ബോട്ട് ഹൈക്കോടതി ജെട്ടിയിലേയ്ക്കും 2 ബോട്ട് തിരികെ ഏലൂരിലേയ്ക്കും സര്‍വീസ് നടത്തും. വൈകുന്നേരവും 2 സര്‍വീസ് ഉണ്ട്. ബാക്കി സമയം പതിവു പോലെ ഏലൂരില്‍ നിന്ന് ചിറ്റൂര്‍ വരെയും തിരിച്ചും. 2022ല്‍ പണി പൂര്‍ച്ചിയാക്കി തരണമെന്ന വ്യവസ്ഥയോടെ 23 ബോട്ട് പണിയാന്‍ കൊച്ചി കപ്പല്‍ ശാലയ്ക്ക് കരാര്‍ നല്‍കിയെങ്കിലും ഇതുവരെ 19 ബോട്ടാണ് ലഭിച്ചിരിക്കുന്നത്. ബോട്ട് കിട്ടിയാല്‍ അടുത്ത മാസം മുതല്‍ മട്ടാഞ്ചേരിക്ക് വാട്ടര്‍മെട്രോ ബോട്ട് ഓടിക്കും. കരാര്‍ നല്‍കിയ ബോട്ടുകള്‍ കിട്ടിയില്ലെങ്കിലും അടുത്ത സെറ്റ് ആയി 15 ബോട്ടുകളുടെ ടെന്‍ഡര്‍ അവസാന ഘട്ടത്തിലാണ്.

കൊച്ചി വാട്ടര്‍ മെട്രോ ഏലൂര്‍ ടെര്‍മിനല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14 നാണ് ഉദ്ഘാടനം ചെയ്തത്. ഇതോടെ സൗത്ത് ചിറ്റൂര്‍ ടെര്‍മിനലില്‍ നിന്ന് ഏലൂര്‍ ടെര്‍മിനല്‍ വഴി ചേരാനെല്ലൂര്‍ ടെര്‍മിനല്‍ വരെയുള്ള റൂട്ടും സര്‍വ്വീസ് തുടങ്ങി. സൗത്ത് ചിറ്റൂര്‍ ജെട്ടിയില്‍ പുതിയ പൊന്റൂണ്‍ സൗകര്യം വരുന്നത് വരെ ഡബിള്‍ ബാങ്കിംഗ് ഏര്‍പ്പെടുത്തി ബോട്ടുകള്‍ക്ക് സര്‍വ്വീസിന് സൗകര്യമൊരുക്കുകയാണ് ചെയ്യുക.

വീണക്കെതിരായ കേസിൽ നിലപാട് പറഞ്ഞ് എംഎ ബേബി

വീണക്കെതിരായ കേസിൽ നിലപാട് പറഞ്ഞ് എംഎ ബേബി

മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ കേസ് വ്യക്തിപരമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി.
പാർട്ടി നേതാവിന്റെ മകൾ ആയതു കൊണ്ട് ഉണ്ടായ കേസാണ്. അതിനാലാണ് കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും എന്ന് പറഞ്ഞതെന്നും എംഎ ബേബി പറഞ്ഞു. സിപിഎം ജനറൽ സെക്രട്ടറിയായതിന് ശേഷം ആദ്യമായാണ് വീണ വിജയൻ്റെ കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നത്.

വീണയുടെ കമ്പനി നടത്തിയത് സുതാര്യ ഇടപാടാണെന്നും ബേബി പറഞ്ഞു. കേരളത്തിലെ സർക്കാരിനെതിരെ രണ്ടാം വിമോചന സമരത്തിന് ശക്തമായ നീക്കം നടത്തുകയാണ്. പല സമരങ്ങളും ഇത്തരം സ്വഭാവമുള്ളതാണ്. മുനമ്പത്തെ സമരവും ക്രൈസ്തവ സഭകളുടെ നീക്കവും ഈ പശ്ചാത്തലത്തിലാണ്. ആശമാരുടെ സമരവും സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ളതാണ്. സംസ്ഥാന സർക്കാരിനെതിരെ സമരം തിരിച്ചു വിട്ടത് ദു:ഖകരമാണ്. ബിഷപ്പുമാർ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധിക്കണം.

പൃഥിരാജിനും മോഹൻലാലിനും ഗോകുലം ഗോപാലനും എതിരെ ഇഡി നീങ്ങുന്നത് ഭയപ്പെടുത്താൻ വേണ്ടിയാണ്. എകെജിക്കും ഇഎംഎസിനും ശേഷം സംഘടനയിലെ ഏറ്റവും കരുത്തനായ നേതാവാണ് പിണറായി. ഇത്രയും ജനപ്രീതിയുള്ള നേതാവ് ഇന്ന് കേരളത്തിലില്ല. അടുത്ത തെരഞ്ഞെടുപ്പിൽ പിണറായി തന്നെയാണ് എൽഡിഎഫിനെ നയിക്കേണ്ടത്. വേറൊരു നേതാവിനെ ഇപ്പോൾ കാണിക്കാനുണ്ടോ. പിബിയിൽ ഭിന്നതയില്ല, അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമെന്നും ബേബി പറഞ്ഞു.

യാത്രക്കാരുടെ തിരക്ക്: തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു

യാത്രക്കാരുടെ തിരക്ക്: തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്കു വര്‍ധിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു. മംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് 12നും തിരുവനന്തപുരത്തു നിന്നുള്ള സര്‍വീസ് 13 നും ആരംഭിക്കും. മംഗളൂരു ജങ്ഷനില്‍ നിന്ന് ശനി വൈകിട്ട് 6ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 6.35ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. മടക്ക ട്രെയിന്‍ ഞായറാഴ്ചകളില്‍ വൈകിട്ട് 6.40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7ന് മംഗളൂരു ജങ്ഷനില്‍ എത്തും,

ആലപ്പുഴ വഴിയാണ് സര്‍വീസ്. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ജങ്ഷന്‍, ആലപ്പുഴ, കായംകുളം, കൊല്ലം എന്നിവടങ്ങളിലാണ് സ്റ്റോപ്പുകള്‍ ഉള്ളത്. 19 കോച്ചുകളാണുള്ളത്. തിരുവനന്തപുരം നോര്‍ത്ത്- ചെന്നൈ താംബരം എസി സ്‌പെഷല്‍ സര്‍വീസും പുനരാരംഭിച്ചിട്ടുണ്ട്. താംബരത്തു നിന്നു വെള്ളിയാഴ്ചകളില്‍ രാത്രി 7.30ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് 11.30 ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. മടക്ക ട്രെയിന്‍ ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് ശേഷം 3.25ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.40ന് താംബരത്ത് എത്തും. കൊല്ലം, ചെങ്കോട്ട വഴിയാണ് സര്‍വീസ്.

സ്‌റ്റോപ്പുകള്‍: വര്‍ക്കല, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്‍മല, ചെങ്കോട്ട, തെങ്കാശി, കടയനല്ലൂര്‍, രാജപാളയം, ശ്രീവില്ലിപുത്തൂര്‍, ശിവകാശി, വിരുദുനഗര്‍, മധുര, ഡിണ്ടിഗല്‍, തിരുച്ചിറപ്പള്ളി, ശ്രീരംഗം, അരിയല്ലൂര്‍, വിദുരാചലം, വില്ലുപുരം, മേല്‍വറത്തൂര്‍, ചെങ്കല്‍പേട്ട്.

‘അസ്മ പുറത്തിറങ്ങുന്നത് കുട്ടികളെ സ്‌കൂളിലയയ്ക്കാന്‍ മാത്രം; മരണത്തില്‍ അടിമുടി ദുരൂഹത

‘അസ്മ പുറത്തിറങ്ങുന്നത് കുട്ടികളെ സ്‌കൂളിലയയ്ക്കാന്‍ മാത്രം; മരണത്തില്‍ അടിമുടി ദുരൂഹത

കൊച്ചി: പെരുമ്പാവൂര്‍ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മുപ്പത്തിയഞ്ചുകാരിയായ അസ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികളിലേക്ക് കടക്കും. മതിയായ ചികിത്സ ലഭിക്കാത്തിനാലാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.

അതേസമയം അസ്മയുടെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. സിറാജുദ്ദീനും അസ്മയും അക്യുപംക്ചര്‍ ചികിത്സയില്‍ ബിരുദം നേടിയവരാണ്. അക്യുപംക്ചര്‍ ചികിത്സയിലൂടെ പ്രസവമെടുക്കുമ്പോഴായിരുന്നോ മരണം എന്നതടക്കം പൊലീസ് അന്വേഷിക്കുമെന്നാണ് വിവരം. മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടില്‍ കുടുംബം ഒന്നര വര്‍ഷമായി താമസിക്കുന്നുണ്ടെങ്കിലും അയല്‍വാസികളുമായി സിറാജുദ്ദീനും അസ്മയ്ക്കും സൗഹൃദം ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സിറാജുദ്ദീന്റെ പേരും വീട്ടില്‍ എത്ര കുട്ടികളുണ്ടെന്നതും ഇന്നലെ വാര്‍ത്ത വരുമ്പോഴാണു തൊട്ടടുത്ത അയല്‍വാസികള്‍ പോലും അറിയുന്നത്.

കാസര്‍കോട്ട് മതാധ്യാപകനാണെന്നാണു സിറാജുദ്ദീന്‍ താമസത്തിനു വന്ന സമയത്തു പറഞ്ഞിരുന്നത്. പ്രഭാഷണത്തിനും പോകാറുണ്ട്. ‘മടവൂര്‍ കാഫില’യെന്ന പേരില്‍ 63,500 പേര്‍ സബ്‌സ്‌ക്രൈബ് ചെയ്ത യുട്യൂബ് ചാനല്‍ നടത്തിപ്പുകാരന്‍ കൂടിയാണ് സിറാജുദ്ദീന്‍. അസ്മ കുട്ടികളെ സ്‌കൂളിലയയ്ക്കാന്‍ മാത്രമാണു പുറത്തിറങ്ങുന്നതെന്നും അയല്‍വാസികള്‍ പറയുന്നു.

ജനുവരിയില്‍ ആശാവര്‍ക്കര്‍ വീട്ടിലെത്തി, ഗര്‍ഭിണിയാണോയെന്ന് അസ്മയോട് അന്വേഷിച്ചിരുന്നു. വീട്ടില്‍നിന്നു പുറത്തിറങ്ങാതെ, ജനലിലൂടെ അല്ലെന്നു മറുപടി നല്‍കി. എന്നാല്‍, കഴിഞ്ഞ ദിവസം അയല്‍വാസികള്‍ അന്വേഷിച്ചപ്പോള്‍ ഗര്‍ഭിണിയാണെന്നും 8 മാസമായെന്നും പറഞ്ഞിരുന്നു.

ശനിയാഴ്ച വൈകീട്ട് കുഞ്ഞ് ജനിച്ചതായി സിറാജുദ്ദീന്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. വൈകുന്നേരം വീടിനു സമീപം ഇയാളെ കണ്ടവരുണ്ട്. വാടകയ്ക്കു താമസിക്കുന്ന വീട്ടിലേക്കു കാര്‍ വരാനുള്ള വഴിയില്ലാത്തതിനാല്‍ സമീപത്തെ വീട്ടിലാണു നിര്‍ത്തിയിടുന്നത്. എട്ടു മണിയോടെ സിറാജുദ്ദീന്‍ കാര്‍ എടുത്തിരുന്നതായി വീട്ടുകാര്‍ പറയുന്നു. എന്നാല്‍, ആംബുലന്‍സ് വിളിച്ചതും മൃതദേഹം അതിലേക്കു കയറ്റിയതും എപ്പോഴാണെന്നു വ്യക്തമല്ല. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ മറ്റു സ്ഥലങ്ങളില്‍ നിന്നുള്ളവരാണ്. ഭാര്യയ്ക്കു ശ്വാസതടസ്സമാണെന്നാണു ആംബുലന്‍സ് ഡ്രൈവറോട് പറഞ്ഞിരുന്നത്.

പ്രസവത്തെത്തുടര്‍ന്നു രക്തസ്രാവമുണ്ടായെന്നും വൈദ്യസഹായം തേടാന്‍ ഭര്‍ത്താവ് തയാറായില്ലെന്നുമാണു യുവതിയുടെ വീട്ടുകാരുടെ പരാതി. പ്രസവ ശുശ്രൂഷയില്‍ പരിചയമുള്ള സ്ത്രീയുടെ സഹായം തേടിയിരുന്നതായി സിറാജുദ്ദീന്‍ യുവതിയുടെ ബന്ധുക്കളോട് പറയുന്നുണ്ട്. ഇക്കാര്യം പൊലീസ് അന്വേഷിക്കും.

സ്പര്‍ധയുണ്ടാക്കുന്ന വാര്‍ത്ത; കര്‍മ ന്യൂസ് എംഡി വിന്‍സ് മാത്യു അറസ്റ്റില്‍

സ്പര്‍ധയുണ്ടാക്കുന്ന വാര്‍ത്ത; കര്‍മ ന്യൂസ് എംഡി വിന്‍സ് മാത്യു അറസ്റ്റില്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ ചാനലായ കര്‍മ ന്യൂസ് എംഡി വിന്‍സ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ വിദേശത്തുനിന്നു വന്നിറങ്ങിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി സ്ഫോടനത്തെക്കുറിച്ച് തെറ്റായി വാര്‍ത്ത പ്രചരിപ്പിച്ച കേസിലാണ് നടപടി.

2023 ഒക്ടോബറില്‍ കൊച്ചി കളമശ്ശേരിയില്‍ ‘യഹോവസാക്ഷി’കളുടെ കണ്‍വെന്‍ഷന്‍ നടക്കുന്നതിനിടെയായിരുന്നു സ്ഫോടനമുണ്ടായത്. ഈ സംഭവത്തിനു പിന്നാലെ സ്പര്‍ധയുണ്ടാക്കുന്ന തരം വാര്‍ത്ത കര്‍മ ന്യൂസില്‍ വന്നതിനാണ് കേസെടുത്തത്. ഓസ്ട്രേലിയയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ തടഞ്ഞുവെച്ചു. വിദേശത്തായിരുന്ന വിന്‍സ് മാത്യുവിന്റെ പേരില്‍ കേരള പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് എത്തിയാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനുശേഷം വിന്‍സ് മാത്യുവിനെ കോടതിയില്‍ ഹാജരാക്കും.