by Midhun HP News | Apr 7, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഓണ്‍ലൈന്‍ ചാനലായ കര്‍മ ന്യൂസ് എംഡി വിന്‍സ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ വിദേശത്തുനിന്നു വന്നിറങ്ങിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി സ്ഫോടനത്തെക്കുറിച്ച് തെറ്റായി വാര്‍ത്ത പ്രചരിപ്പിച്ച കേസിലാണ് നടപടി.
2023 ഒക്ടോബറില്‍ കൊച്ചി കളമശ്ശേരിയില്‍ ‘യഹോവസാക്ഷി’കളുടെ കണ്‍വെന്‍ഷന്‍ നടക്കുന്നതിനിടെയായിരുന്നു സ്ഫോടനമുണ്ടായത്. ഈ സംഭവത്തിനു പിന്നാലെ സ്പര്‍ധയുണ്ടാക്കുന്ന തരം വാര്‍ത്ത കര്‍മ ന്യൂസില്‍ വന്നതിനാണ് കേസെടുത്തത്. ഓസ്ട്രേലിയയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ തടഞ്ഞുവെച്ചു. വിദേശത്തായിരുന്ന വിന്‍സ് മാത്യുവിന്റെ പേരില്‍ കേരള പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് എത്തിയാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനുശേഷം വിന്‍സ് മാത്യുവിനെ കോടതിയില്‍ ഹാജരാക്കും.
by Midhun HP News | Apr 7, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മാര്‍ഗനിര്‍ദേശങ്ങള്‍:
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.
പട്ടം പറത്തുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിയ്ക്കാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.
അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.
by Midhun HP News | Apr 7, 2025 | Latest News, കേരളം
പാലക്കാട്: ‘അലന്‍ രക്തം വാര്‍ന്നു കിടക്കുകയാണ്, ഓടി വായോ മക്കളേ’- കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് കിടന്ന മകനെ രക്ഷിക്കാന്‍ കൂട്ടുകാരെ ഫോണ്‍ വിളിക്കുമ്പോഴും അമ്മയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു അലന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന്. എന്നാല്‍ പ്രതീക്ഷകള്‍ ബാക്കിയാക്കി അലന്‍ വിട പറഞ്ഞപ്പോള്‍ അത് നാടിന് മുഴുവന്‍ നൊമ്പരമായി. ഇന്നലെ രാത്രിയാണ് അലനെയും അമ്മയെയും കാട്ടാന ആക്രമിച്ചത്.
മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകള്‍. ഇതേ കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്. വൈകീട്ട് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു കാട്ടാനയുടെ ആക്രമണം. മുന്നില്‍പെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാല്‍കൊണ്ട് തൊഴിച്ചു. പിന്നാലെയുണ്ടായിരുന്ന അമ്മയെയും ആനക്കൂട്ടം ആക്രമിച്ചു. പരിക്കേറ്റ വിജി കയ്യിലുണ്ടായിരുന്ന ഫോണില്‍ വിവരമറിയിച്ചതോടെയാണ് നാട്ടുകാരെത്തിയത്.
നിറകണ്ണുകളുമായാണ് അലന്റെ സുഹൃത്തുക്കളും നാട്ടുകാരും ജില്ലാ ആശുപത്രിയിലെത്തിയത്. ചേച്ചിയുടെ വീട്ടില്‍ പോയി വരാമെന്നു പറഞ്ഞു പോയ അലന്‍ ജീവനറ്റ് കിടക്കുന്നത് കൂട്ടുകാര്‍ക്ക് കണ്ടുനില്‍ക്കാനായില്ല. വാക്കുകള്‍ ഇടറിയാണ് എന്താണു സംഭവിച്ചതെന്ന് സുഹൃത്തുക്കള്‍ വിശദീകരിച്ചത്. സംഭവമറിഞ്ഞ് സുഹൃത്തുക്കളും നാട്ടുകാരും രാഷ്ട്രീയ പ്രതിനിധികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ജില്ലാ ആശുപത്രിയില്‍ തടിച്ചുകൂടിയത്.
വീട്ടിലെത്താന്‍ നൂറു മീറ്റര്‍ മാത്രം ബാക്കിനില്‍ക്കെയാണ് അലന്റെ ജീവന്‍ കാട്ടാനയെടുത്തത്. പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴയുണ്ടായിരുന്നു. വഴിവിളക്കിന്റെ അരണ്ടവെളിച്ചം മാത്രമാണുണ്ടായിരുന്നത്. നടന്നുവരികയായിരുന്ന അലനും അമ്മയ്ക്കും നേരെ പാഞ്ഞടുത്ത കാട്ടാനയെ അവര്‍ കണ്ടില്ല. ആന തട്ടിയപ്പോഴാണ് ഇവര്‍ തിരിച്ചറിഞ്ഞത്. ആക്രമണത്തില്‍ പരുക്കുപറ്റിയിരുന്നെങ്കിലും മകനെ രക്ഷിക്കുന്നതിനു വേണ്ടി അമ്മ വിജി കൂട്ടുകാരെ ഫോണ്‍ വിളിച്ചു.”അലന്‍ രക്തം വാര്‍ന്നു കിടക്കുകയാണ്, ഓടി വായോ മക്കളേ” എന്നു പറഞ്ഞാണ് അവര്‍ ഫോണ്‍ വിളിച്ചത്. പിന്നാലെയാണ് അലന്റെ സുഹൃത്തുക്കളും പ്രദേശവാസികളും വിവരമറിഞ്ഞത്. രണ്ടു ദിവസമായി പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.
കുടുംബത്തിന്റെ അത്താണിയാണ് അലന്റെ വിയോഗത്തിലൂടെ നഷ്ടമായത്. അച്ഛന്‍ ജോസഫിനു കൂലിപ്പണിയാണ്. കെട്ടിടം പണിക്ക് പോകുന്ന ജോസഫിനു വല്ലപ്പോഴും മാത്രമാണു പണി ഉണ്ടാകാറ്. അലന്‍ കുടുംബം നോക്കാന്‍ തുടങ്ങിയപ്പോഴാണ് ജോസഫിനു വലിയ ആശ്വാസമായത്. കൊല്ലം ലുലു മാളില്‍ ജോലിക്കു കയറിയിട്ട് കുറച്ചു മാസങ്ങള്‍ ആയതേയുള്ളൂ.
by Midhun HP News | Apr 7, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മിനിമംമാര്‍ക്ക് അടിസ്ഥാനമാക്കി എട്ടാംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ മിനിമം മാര്‍ക്ക് കിട്ടാത്തതിനാല്‍ പ്രത്യേക ക്ലാസ് നല്‍കി പുനഃപരീക്ഷ കൂടുതല്‍ നടത്തേണ്ടി വരുന്നത് ഹിന്ദി വിഷയത്തിന്. 3.87 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 42,810 പേര്‍ക്ക് (12.69 ശതമാനം) ഹിന്ദിയില്‍ ഇ ഗ്രേഡ് മാത്രമാണ് ലഭിച്ചത്. ഏറ്റവും കുറഞ്ഞ ഗ്രേഡാണിത്. ഓരോ വിഷയത്തിലും എഴുത്തുപരീക്ഷയില്‍ 30% ആണ് മിനിമം മാര്‍ക്കായി നിശ്ചയിച്ചിരിക്കുന്നത്.
എല്ലാ വിഷയത്തിനും ഇ ഗ്രേഡ് നേടിയവര്‍ 10 ശതമാനമാണ്. 3136 സ്‌കൂളുകളിലാണ് എട്ടാം ക്ലാസ് പരീക്ഷ നടന്നത്. സംസ്ഥാനത്ത് 3136 സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് ഹൈസ്‌കൂളുകളില്‍ എട്ടാം ക്ലാസ് പരീക്ഷ നടന്നതില്‍ 2541 സ്‌കൂളുകളിലെ ഫലം ലഭ്യമായെന്നും 595 സ്‌കൂളുകളിലേതു ലഭിക്കാനുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇതുപ്രകാരം ഏറ്റവും കൂടുതല്‍ കുട്ടികള്‍ വിജയിക്കാതിരുന്നത് ഹിന്ദിക്കാണ് (12.69 ശതമാനം), ഏറ്റവും കുറവ് ഇംഗ്ലീഷിനും (7.6 ശതമാനം). ഒമ്പതാംക്ലാസ് പ്രവേശനത്തിന് അധികപിന്തുണ വേണ്ടവരുടെ കണക്ക് ഇതിനു ശേഷമേ ലഭ്യമാകൂ.
കൂടുതല്‍ ഇ ഗ്രേഡുകാര്‍ വയനാട് ജില്ലയിലാണ്, 6.3 ശതമാനം. കുറവ് കൊല്ലം ജില്ലയിലും. 4.2 ശതമാനം. 30 ശതമാനം മാര്‍ക്ക് നേടാത്തവര്‍ക്ക് 8 മുതല്‍ 24 വരെ അധിക പിന്തുണ ക്ലാസ്സുകള്‍ നടത്തും. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് ക്ലാസ്സുകളെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 25 മുതല്‍ 28 വരെ പുനഃപരീക്ഷ നടത്തും. 30നു ഫലം പ്രഖ്യാപിക്കും.
by Midhun HP News | Apr 7, 2025 | Latest News, കേരളം
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66,280 രൂപയായി. നാലുദിവസത്തിനിടെ സ്വര്‍ണവിലയില്‍ 2200 രൂപയാണ് കുറഞ്ഞത്.
ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 8285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്ന കാഴ്ചയാണ് കഴിഞ്ഞ ആഴ്ച വരെ കണ്ടത്. വ്യാഴാഴ്ച 68,480 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിക്കുകയും ചെയ്തു. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ സ്വര്‍ണവില ഇടിയുന്ന കാഴ്ചയാണ് കണ്ടത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയുടെ പകരച്ചുങ്കം ആഗോള വിപണിയില്‍ വ്യാപാര യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ചിന്തയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.
by Midhun HP News | Apr 6, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
മലയാള സിനിമയിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. മാർച്ച് 27 ന് പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ ഇതിനോടകം പല റെക്കോർഡുകളും തകർത്തെറിഞ്ഞ് കഴിഞ്ഞു. ഇപ്പോഴിതാ ആഗോളതലത്തിൽ 250 കോടി നേടിയിരിക്കുകയാണ് ചിത്രം. മലയാളത്തില്‍ ആദ്യമായി 250 കോടി കളക്ഷന്‍ നേടുന്ന ചിത്രം കൂടിയാണ് എമ്പുരാൻ. റിലീസ് ചെയ്ത് 11 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് പോസ്റ്റർ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.
റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പത്ത് ദിവസം കൊണ്ട് 8.3 കോടി ഗ്രോസ് കളക്ഷൻ ആണ് സിനിമ നോർത്ത് ഇന്ത്യയിൽ നിന്നും നേടിയത്. ഇതോടെ നോർത്തിലെ എക്കാലത്തെയും ഉയർന്ന മലയാളം ഗ്രോസർ ആയി എമ്പുരാൻ മാറി. ഉണ്ണി മുകുന്ദൻ ചിത്രമായ മാർക്കോയെ ആണ് എമ്പുരാൻ പിന്നിലാക്കിയത്.
വിദേശ മാർക്കറ്റുകളിലും വമ്പൻ മുന്നേറ്റമാണ് സിനിമ നടത്തുന്നത്. സൗദി അറേബ്യയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് എമ്പുരാൻ. 1 മില്യൺ ഡോളറാണ് സിനിമ ഇതുവരെ സൗദി അറേബ്യയില്‍ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. ഈ കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമാണ് എമ്പുരാൻ എന്നാണ് ട്രാക്കേഴ്സിന്‍റെ കണ്ടെത്തല്‍. 82,607 ടിക്കറ്റുകളാണ് ഒൻപതു ദിവസം കൊണ്ട് എമ്പുരാൻ സൗദി അറേബ്യയിൽ വിറ്റത്.ഇൻഡസ്ട്രി ഹിറ്റെന്ന ലേബൽ കഴിഞ്ഞ ദിവസം തന്നെ എമ്പുരാൻ സ്വന്തം പേരിലാക്കിയിരുന്നു.
മഞ്ഞുമ്മൽ ബോയ്സ് 72 ദിവസം കൊണ്ട് നേടിയ 241 കോടി നേട്ടത്തെയാണ് വെറും പത്ത് ദിവസം കൊണ്ട് എമ്പുരാൻ മറികടന്നത്. ചിത്രത്തിന്റെ വൻ വിജയത്തിൽ നിർമാതാക്കൾ പ്രേക്ഷകരോട് നന്ദി അറിയിച്ചു. ‘ഈ നിമിഷം ഞങ്ങൾക്ക് മാത്രമല്ല, തിയേറ്ററുകളിൽ പ്രതിധ്വനിച്ച ഓരോ ഹൃദയമിടിപ്പിനും, ഓരോ സന്തോഷത്തിനും, ഓരോ കണ്ണീരിനും കൂടി അവകാശപ്പെട്ടതാണ്’, എന്നാണ് ആശിർവാദ് സിനിമാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.അതേസമയം ഒരു മൂന്നാം ഭാഗത്തിന്റെ സാധ്യതകൾ ബാക്കിവെച്ചാണ് സിനിമ അവസാനിക്കുന്നത്. വിവാദങ്ങൾക്കിടെ ഒരു മൂന്നാം ഭാഗമുണ്ടാകുമോ എന്ന സംശയം ഉയർന്നിരുന്നുവെങ്കിലും ചിത്രം ഉണ്ടാകുമെന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉറപ്പ് വന്നതോടെ ആശങ്കകള്‍ അവസാനിച്ചിരുന്നു. മൂന്നാം ഭാഗത്തിന്‍റെ പേര് ‘അസ്രേല്‍’ എന്നായിരിക്കും എന്ന സൂചനകൾ സംഗീത സംവിധായകൻ ദീപക് ദേവും നൽകിയിട്ടുണ്ട്.
Recent Comments