by Midhun HP News | Apr 6, 2025 | Latest News, കേരളം
കൊച്ചി: മോഹന്‍ലാല്‍ ചിത്രം എംപുരാന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി നോട്ടീസ്. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നി സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി പെരുമ്പാവൂരിന് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. മുന്‍പ് നടത്തിയ റെയ്ഡിന്റെ തുടര്‍നടപടിയുടെ ഭാഗമായാണ് നോട്ടീസ് എന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. എംപുരാന്‍ സിനിമാ വിവാദവുമായി നടപടികള്‍ക്ക് ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
2022ല്‍ കേരളത്തിലെ സിനിമ നിര്‍മ്മാതാക്കളുടെ ഓഫീസുകളിലും വീടുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അന്ന് പ്രധാനമായി ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് ഫിലിംസ് അടക്കമുള്ള അഞ്ച് നിര്‍മ്മാണ കമ്പനികളിലാണ് റെയ്ഡ് നടന്നത്. 2019 മുതല്‍ 2022 വരെയുള്ള ഈ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായി പരിശോധിച്ചത്. തുടര്‍നടപടികളുടെ ഭാഗമായാണ് ആന്റണി പെരുമ്പാവൂരിന് ഇപ്പോള്‍ നോട്ടീസ് ലഭിച്ചത്.
തങ്ങള്‍ക്ക് കിട്ടിയ കണക്കുകളും റിപ്പോര്‍ട്ടുകളും ആദായനികുതി അന്വേഷണ വിഭാഗം ആദായനികുതി അസസ്‌മെന്റ് വിഭാഗത്തിന് കൈമാറിയിരുന്നു. ആദായനികുതി അസസ്‌മെന്റ് വിഭാഗമാണ് മാര്‍ച്ച് അവസാന ആഴ്ച ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നല്‍കിയത്. എംപുരാന്‍ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിന് നോട്ടീസ് നല്‍കിയ അതേസമയത്ത് തന്നെയാണ് ആന്റണി പെരുമ്പാവൂരിനും നോട്ടീസ് നല്‍കിയിരിക്കുന്നത്.
ചില ഓവര്‍സീസ് ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പ്രധാനമായി ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2022ല്‍ ദുബായില്‍ വച്ച് ആന്റണി പെരുമ്പാവൂര്‍ രണ്ടര കോടി രൂപ മോഹന്‍ലാലിന് കൈമാറിയിട്ടുണ്ട്. അതില്‍ വ്യക്തത വരുത്തണമെന്നാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ആന്റണി പെരുമ്പാവൂര്‍ ഇതില്‍ വ്യക്തത വരുത്തണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഓവര്‍സീസ് റൈറ്റിന്റെ പേരില്‍ വലിയ തോതില്‍ നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് ആദായനികുതി വൃത്തങ്ങള്‍ ആരോപിക്കുന്നത്.
by Midhun HP News | Apr 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന സഹപ്രവര്‍ത്തകന്‍ മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷിനായി അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ഗര്‍ഭച്ഛിദ്രത്തിന് സഹായിച്ച യുവതിയെക്കുറിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കി. സഹപ്രവര്‍ത്തകരില്‍ നിന്നും പൊലീസ് മൊഴി ശേഖരിച്ചു വരികയാണ്.
അതിനിടെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിനെതിരെ പൊലീസ് രണ്ട് വകുപ്പുകള്‍ കൂടി ചുമത്തി. വിവാഹ വാഗ്ദാനം നല്‍കി പീഡനം, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്. നേരത്തെ ബലാത്സംഗം, വഞ്ചന, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകള്‍ സുകാന്തിനെതിരെ നേരത്തെ പൊലീസ് ചുമത്തിയിരുന്നു. ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ കഴിഞ്ഞ ദിവസമാണ് സുകാന്തിനെ പൊലീസ് പ്രതി ചേര്‍ത്തത്.
ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയെ സുഹൃത്ത് സുകാന്ത് ഗര്‍ഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകള്‍ തയ്യാറാക്കിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരും വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകളാണ് സുകാന്ത് വ്യാജമായി ഉണ്ടാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉള്‍പ്പെടെയുള്ള രേഖകള്‍ പൊലീസ് ഐബി ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ ജൂലൈയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗര്‍ഭഛിദ്രം നടത്തിയതെന്ന് തെളിയിക്കുന്ന ചികിത്സാ രേഖകളും ലഭിച്ചു.
ഇതിനുശേഷമാണ് സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വിവാഹത്തിന് താത്പര്യമില്ലെന്ന് വ്യക്തമാക്കുന്ന സന്ദേശം യുവതിയുടെ അമ്മയ്ക്ക് സുകാന്ത് അയച്ചിരുന്നു. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് ഏതാനും ദിവസം മുമ്പാണ് മെസ്സേജ് അയച്ചത്. ഇതേച്ചൊല്ലി യുവതിയും സുകാന്തും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതെല്ലാം ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കുന്നതിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തൽ. സുകാന്ത് മാതാപിതാക്കൾക്കൊപ്പമല്ല ഒളിവിലുള്ളതെന്ന് പൊലീസിന് വിവരം ലഭിച്ചെന്നും സൂചനയുണ്ട്.
by Midhun HP News | Apr 6, 2025 | Latest News
ആറ്റിങ്ങൽ കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപത്തു നിന്നും 52 ഗ്രാം എംഡി എം എയുമായി യുവതിയടക്കം മൂന്നുപേരെ പോലീസ് ഡാൻസ് ഡാഫ് സംഘം പിടികൂടി. ചിറയിൻകീഴ് സ്വദേശിയും നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയുമായ സുമേഷ്, കഠിനംകുളം സ്വദേശി ജിഫിൻ പാലക്കാട് സ്വദേശിയും തിരുവനന്തപുരം ടെക്നോപാർക്കിന് സമീപത്തെ സ്പായിലെ ജീവനക്കാരിയായ അനു എന്നിവരാണ് പിടിയായത്.
ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് Mdma യുമായി പോകുന്നതിനിടയിലാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാവിലെ 7 30 ഓടെ ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ വച്ച് 52ഗ്രാം എംഡിഎംഐയുമായി ഇവർ മൂന്നുപേരും ആറ്റിങ്ങൽ പോലീസിന്റെ പിടിയിലായത്. പോലീസ് നടപടിക്രമങ്ങൾ ആരംഭിച്ചു.
by Midhun HP News | Apr 5, 2025 | Latest News
മലയാള സിനിമയില്‍ പുതിയചരിത്രം കുറിക്കുകയാണ് എമ്പുരാന്‍. റിലീസ് ചെയ്ത് പത്ത് ദിവസംകൊണ്ട് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന ചിത്രമായി എമ്പുരാന്‍ മാറിക്കഴിഞ്ഞു. 2024ല്‍ റിലീസ് ചെയ്ത മഞ്ഞുമ്മല്‍ ബോയ്സിനെ മറികടന്നാണ് എമ്പുരാന്‍ ഇൻഡസ്ട്രി ഹിറ്റായി മാറിയത്. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചത്.
72 ദിവസം കൊണ്ട് മഞ്ഞുമ്മല്‍ ബോയ്സ് ആഗോളതലത്തില്‍ നേടിയ 242 കോടി രൂപ വെറും പത്ത് ദിവസം കൊണ്ടാണ് എമ്പുരാന്‍ മറികടന്നത്. എമ്പുരാന്‍റെ ആഗോള കലക്ഷന്‍ ഇതിനോടകം തന്നെ 250 കോടി പിന്നിട്ടു. കേരളത്തിന് പുറത്തുനിന്ന് 30 കോടി രൂപയാണ് ചിത്രം നേടിയെടുത്തത്. വിദേശത്തും ഇതിനോടകം തന്നെ മഞ്ഞുമ്മല്‍ ബോയ്സിനെ എമ്പുരാന്‍ മറികടന്നിട്ടുണ്ട്. ചിത്രത്തിന്‍റെ നിർമാതാവിനു കിട്ടുന്ന ഷെയർ തുക 100 കോടി പിന്നിട്ടു കഴിഞ്ഞുവെന്നും അണിയറക്കാർ വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു സിനിമാ നിര്‍മാതാവിന് 100 കോടി ഷെയർ ലഭിക്കുന്നത്
മുരളി ഗോപി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ആന്‍റണി പെരുമ്പാവൂര്‍, ആശീര്‍വാദ് സിനിമാസ്, ശ്രീഗോകുലം മൂവീസ് എന്നിവര്‍ ചിത്രത്തിന്‍റെ ഇൻഡസ്ട്രി ഹിറ്റ് പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. മലയാള സിനിമയുടെ ബിസിനസ് ഇനി എമ്പുരാന് മുന്‍പും ശേഷവും എന്ന് പറയപ്പെടുമെന്നും ഹേറ്റേഴ്സിന് ഇനി ഉറക്കമില്ലാത്ത രാത്രികളാണെന്നും ലാലേട്ടന് സാമ്രാജ്യം തിരിച്ച് പിടിച്ചെന്നുമൊക്കൊണ് കമന്‍റുകള്‍.
by Midhun HP News | Apr 5, 2025 | Latest News, കേരളം
കൊച്ചി: വിദേശത്ത് നിന്നും 592.54 കോടി രൂപ നധികൃതമായി സ്വീകരിച്ചതുള്‍പ്പെടെ ശ്രീ ഗോകുലം ചിറ്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡ് ഫെമ ചട്ടങ്ങള്‍ ലംഘിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശ്രീ ഗോകുലം ഗ്രൂപ്പിന്റെ ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ 1.5 കോടി രൂപ കണ്ടുകെട്ടിയെന്ന അറിച്ചുകൊണ്ടുള്ള പത്രകുറിപ്പിലാണ് ഇ ഡി ക്രമക്കേടുകള്‍ വിവരിക്കുന്നത്. എംപുരാന്‍ വിവാദങ്ങള്‍ക്കിടെയാണ് സഹ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളിലെ ഇ ഡി പരിശോധന.
ശ്രീ ഗോകുലം ചിറ്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡിന്റെ കോഴിക്കോടുള്ള ഓഫീസിലും ചെന്നൈയിലെ രണ്ട് ഓഫീസുകളിലുമായിരുന്നു പരിശോധന നടന്നത്. 1999 ലെ ഫെമ നിമയത്തിന്റെ ലംഘനം നടത്തിയതിന് 1.50 കോടി രൂപയും രേഖകളും പിടിച്ചെടുത്തു എന്ന് അന്വേഷണ ഏജന്‍സി എക്സില്‍ അറിയിച്ചു. പിടിച്ചെടുത്ത പണത്തിന്റെ ചിത്രം ഉള്‍പ്പെടെയാണ് ഇ ഡി വിവരങ്ങള്‍ പങ്കുവച്ചത്.
ഇതിന് പുറമെ ശ്രീ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ഇന്ത്യയ്ക്ക് പുറത്തുള്ളവരില്‍ നിന്ന് 592.54 കോടി രൂപ സ്വരൂപിച്ചെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. 371.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായും കമ്പനിയിലേക്ക് എത്തി. ഇത്തരത്തില്‍ ഇന്ത്യയ്ക്ക് പുറത്തുള്ളവരില്‍ നിന്നും ഗണ്യമായ തുക സ്വീകരിക്കുന്നത് 1999 ലെ ഫെമ നിയമത്തിന്റെ സെക്ഷന്‍ 3(ബി)യുടെ ലംഘനമാണെന്നും ഇ ഇ ഡി പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ഗോകുലം ചിട്ടി ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇ ഡിയുടെ പരിശോധനയെന്നായിരുന്നു വിശദീകരണം. 2022ല്‍ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണമെന്നും ഇ ഡി വൃത്തങ്ങള്‍ അറിയിച്ചു. എംപുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി റെയ്ഡിനെ ബന്ധിപ്പിക്കരുതെന്നും ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. എംപുരാന്‍ സിനിമ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് റെയ്ഡ് എന്ന് വ്യാപക പ്രചാരണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇ ഡിയുടെ വിശദീകരണം.
by Midhun HP News | Apr 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തമിഴ്നാട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വർക്കലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശികളായ പ്രതികളെ പിടികൂടി പൊലീസ്. പാപനാശം വിനോദസഞ്ചാരമേഖലയിൽ ഒളിവിൽ കഴിഞ്ഞ നിർമൽ(19), സുഹൃത്തായ 17കാരൻ എന്നിവരെയാണ് വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂർ പേരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 15 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതികളാണ് ഇരുവരും.
പെൺകുട്ടിയുടെ വീട്ടുകാരിയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയ വിവരം അറിഞ്ഞ സമീപവാസികളായ പ്രതികൾ കേരളത്തിലേക്ക് ഒളിവിൽ കഴിയുന്നതിനായി എത്തുകയായിരുന്നു. വർക്കലയിലെത്തി ലോഡ്ജിൽ മുറിയെടുത്ത് ഒളിവിൽ കഴിഞ്ഞുവരുകയായിരുന്ന ഇവരെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാപനാശം ഏരിയയിലെ ലോഡ്ജിൽ നിന്നും കഴിഞ്ഞ ദിവസം രാത്രിയോടെ പിടികൂടി. പ്രതികളെ തമിഴ്നാട് പൊലീസിനു കൈമാറി.
Recent Comments