by Midhun HP News | Apr 3, 2025 | Latest News, കേരളം
കാസര്‍കോട്: കാഞ്ഞങ്ങാട് അമ്പലത്തറയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ നാട്ടുകാര്‍ ഭീതിയില്‍. കാഞ്ഞങ്ങാട് അമ്പലത്തറയില്‍ വീട്ടിലെ സിസിടിവിയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. പറക്കളായി കല്ലടംചിറ്റയിലെ വികാസിന്റെ വീട്ടുമുറ്റത്താണ് പുലി എത്തിയത്.
ഡല്‍ഹിയില്‍ താമസിക്കുന്ന വികാസ്, തന്റെ വളര്‍ത്തുനായയെ കഴിഞ്ഞ ദിവസം രാത്രി മുതല്‍ കാണാതായതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണിലൂടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പുലിയെ കണ്ടത്. ദൃശ്യങ്ങള്‍ നോക്കുന്നതിനിടയില്‍, വീടിന്റെ പരിസരത്ത് പുലിയെ കണ്ട് താന്‍ ഞെട്ടിപ്പോയെന്ന് വികാസ് പറഞ്ഞു. അദ്ദേഹം ഉടന്‍ തന്നെ വീടിന്റെ കെയര്‍ടേക്കറെ വിളിച്ച് അറിയിച്ചു. കെയര്‍ ടേക്കര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറി.
വിവരം ലഭിച്ചയുടനെ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ (ആര്‍ആര്‍ടി) പരിശോധനയ്ക്കായി സ്ഥലത്തേക്ക് അയച്ചു. പുള്ളിപ്പുലി വികാസിന്റെ വീട്ടുവളപ്പില്‍ എത്തിയ കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി 8.5 നും 8.10 നുമിടയിലാണ് വീട്ടിലെ സിസിടിവിയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞത്. വളര്‍ത്തു നായയുടെ അവശിഷ്ടങ്ങള്‍ വീടിനോട് ചേര്‍ന്ന പുരയിടത്തില്‍ കണ്ടെത്തിയിരുന്നു. നേരത്തെ പറക്കളായി, മണ്ടെങ്ങാനം, ചക്കിട്ടടുക്കം, കാട്ടുമാടം എന്നിവിടങ്ങളില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു.
ഇവിടെ വനം വകുപ്പ് കൂട് വെക്കണം എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. 2024 മെയ് മുതലാണ് ജില്ലയില്‍ പുലിയെ കണ്ടുതുടങ്ങിയത്. ഒക്ടോബര്‍ മുതല്‍ പുലിയുടെ സാന്നിധ്യം വ്യാപകമായി. വനാതിര്‍ത്തിയുള്ള പഞ്ചായത്തുകളിലാണ് പുലിയെ കൂടുതലായി കണ്ടത്. രാത്രിയില്‍ മാത്രമല്ല ജില്ലയില്‍ പകല്‍ സമയങ്ങളില്‍ പോലും പുലികളെ കാണാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്.
വനാതിര്‍ത്തി പഞ്ചായത്തുകളില്‍ മാത്രമല്ല തീരദേശ പഞ്ചായത്തുകള്‍ പോലും പുലിപ്പേടിയിലാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദേലംപാടി, മുളിയാര്‍, പിലിക്കോട് കാറഡുക്ക, ബളാല്‍, കിനാനൂര്‍, കരിന്തളം, മടിക്കൈ, പടന്ന, ഈസ്റ്റ് എളേരി, മംഗല്‍പാടി, പെരിയ പഞ്ചായത്തുകളിലാണ് ഇതുവരെ പുലിയുടെ സാന്നിധ്യം കണ്ടതായി നാട്ടുകാര്‍ പറയുന്നത്.
by Midhun HP News | Apr 3, 2025 | Latest News, കേരളം
ആലപ്പുഴ: ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിക്ക് സിനിമാ രംഗത്തെ നിരവധി പേരുമായി ബന്ധം. പിടിയിലായ കണ്ണൂര്‍ സ്വദേശിനി ക്രിസ്റ്റീന എന്നറിയപ്പെടുന്ന തസ്ലിമ സുല്‍ത്താനയുടെ ഫോണ്‍ പരിശോധിച്ച അന്വേഷണ സംഘം ചലച്ചിത്ര താരങ്ങളുടെയും മറ്റും നമ്പറുകള്‍ കണ്ടെത്തി. ഇവരുമായി പരിചയമുണ്ടെന്നും ഇതില്‍ മൂന്നു പേര്‍ക്ക് ഹൈബ്രിഡ് കഞ്ചാവ് നല്‍കുന്നുണ്ടെന്നും ക്രിസ്റ്റീന പറഞ്ഞു.
തിരക്കഥാകൃത്തെന്ന പേരിലാണ് ക്രിസ്റ്റീന ഓമനപ്പുഴ കടപ്പുറത്തെ റിസോര്‍ട്ടില്‍ മുറിയെടുത്തത്. തസ്ലിമയ്ക്ക് എട്ട് ഭാഷകളില്‍ പ്രവീണ്യമുണ്ട്. വര്‍ഷങ്ങളായി സിനിമ മേഖലയുമായി തസ്ലിമ സുല്‍ത്താന അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കണ്ണൂര്‍ സ്വദേശിനിയായ ക്രിസ്റ്റീന ചെന്നൈയിലാണ് താമസം. ലഹരിക്കടത്തിന് ഇവര്‍ കുടുംബത്തെ മറയായി ഉപയോഗിച്ചിരുന്നു. കൊച്ചിയില്‍നിന്ന് കഞ്ചാവുമായി ആലപ്പുഴയിലേക്കുള്ള കാര്‍ യാത്രയിലും ഭര്‍ത്താവും രണ്ടു കുട്ടികളും ഒപ്പമുണ്ടായിരുന്നു.
ഭര്‍ത്താവിനോ മക്കള്‍ക്കോ ലഹരിക്കടത്തിനെ സംബന്ധിച്ച് യാതൊരറിവുമില്ലെന്നാണ് എക്‌സൈസ് പറയുന്നത്. യുവതി മാരാരിക്കുളത്തെ റിസോര്‍ട്ടിലേക്ക് കയറുമ്പോള്‍ കുടുംബത്തെ പുറത്ത് നിര്‍ത്തിയിരിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തപ്പോഴാണ് കുടുംബം ഇക്കാര്യം അറിയുന്നത്. ക്രിസ്റ്റീന ലഹരിയുമായി വരുന്നതറിഞ്ഞ് എക്സൈസ് റിസോർട്ടിന് പുറത്ത് തമ്പടിച്ചിരുന്നു. രാത്രി 10.30ന് എറണാകുളത്തുനിന്നു റിസോർട്ടിൽ എത്തിയ ക്രിസ്റ്റീനയെയും ഡ്രൈവർ മണ്ണഞ്ചേരി മല്ലംവെളി വീട്ടിൽ ഫിറോസിനെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് കാറും തസ്‌ലിമയുടെ ബാഗും പരിശോധിച്ചപ്പോഴാണ് നാല് പാക്കറ്റുകളാക്കി വച്ചിരുന്ന ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. നാലു പൊതികളായി പ്രത്യേക നമ്പറുകളിട്ടാണു ക്രിസ്റ്റീന ബാഗിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ചലച്ചിത്ര പ്രവർത്തകർക്കും വിനോദസഞ്ചാരികൾക്കും പുറമെ ചില പെൺവാണിഭ സംഘങ്ങൾക്കും ഇവർ ഹൈബ്രിഡ് കഞ്ചാവ് നൽകുന്നുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഡ്രൈവറായി മാത്രമല്ല, ഓൺലൈൻ ഇടപാട് നടത്തി ഉറപ്പിക്കുന്നവർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കാനും വേണ്ടിയാണ് ഫിറോസിനെ ഒപ്പം കൂട്ടിയിരുന്നത്. പ്രമുഖരുമായി മാത്രമേ ഇടപാടുകൾ നടത്താറുള്ളൂവെന്ന് ഫിറോസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. വാട്സ്ആപ്പ് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴിയാണ് പ്രതികൾ ഇടപാട് നടത്തിയിരുന്നത്. നിലവില്‍ വാട്സ്ആപ് ചാറ്റുകൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. പ്രതികളുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ ശേഖരിക്കും. ചാറ്റുകൾ വീണ്ടെടുക്കാൻ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് എക്സൈസ് അറിയിച്ചു.
കാർ വാടകയ്ക്ക് എടുത്താണ് പ്രതികള്‍ ആവശ്യക്കാർക്ക് ലഹരി എത്തിച്ചിരുന്നത്. കാര്‍ വാടകയ്ക്ക് എടുത്ത ഏജൻസിയിൽ നിന്ന് വിവരങ്ങൾ തേടും. വാഹനത്തിന്റെ ജിപിഎസ് ട്രാക്കർ വിവരങ്ങളും ശേഖരിക്കുമെന്നും എക്സൈസ് കൂട്ടിച്ചേര്‍ത്തു. കൊറിയർ വഴിയാണ് കഞ്ചാവ് ലഭിച്ചതെന്നാണ് പ്രതികൾ എക്സൈസിന് മൊഴി നൽകിയത്. ലഹരിക്കടത്തിൽ കൂടുതൽ പേർ പങ്കാളികളാണെന്നാണ് എക്സൈസിന്റെ നിഗമനം. പ്രതികൾ മൊഴി നൽകിയ ചലച്ചിത്ര താരങ്ങളുമായി ഇവർക്കുള്ള ബന്ധത്തെക്കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ താരങ്ങളെ നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ഇന്ത്യൻ വിപണിയിൽ 2 കോടിയിലേറെ രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്.
by Midhun HP News | Apr 3, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യതാപം മൂലം 106 പശുക്കളും 12 എരുമകളും എട്ട് ആടുകളും ചത്തെന്ന് മൃഗസംരക്ഷണ വകുപ്പ്. കർഷകർ ജാഗ്രത പാലിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. കർഷകർ തൊഴുത്തിൽ ചൂട് കുറയ്ക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണം, തൊഴുത്തിൽ വായു സഞ്ചാരം ഉറപ്പാക്കണമെന്നും അറിയിപ്പിൽ പറയുന്നു.
ഫാൻ സജ്ജീകരിക്കുന്നത് തൊഴുത്തിലെ ചൂട് കുറയ്ക്കാൻ സഹായകരമാകുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. കന്നുകാലികളുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിൽ തുടർനടപടികൾ വേഗത്തിലാക്കി കർഷകർക്ക് നഷ്ടപരിഹാരം ഉടൻ തന്നെ വിതരണം ചെയ്യണമെന്ന് മന്ത്രി ജെ ചിഞ്ചുറാണി നിർദേശിച്ചു. മൃഗസംരക്ഷണ വകുപ്പ് മുഖേന ക്ഷീര കർഷകർക്ക് അവരുടെ പ്രദേശങ്ങളിലെ താപനില സംബന്ധിച്ച മുന്നറിയിപ്പുകൾ എസ്എംഎസിലൂടെ അറിയിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.
by Midhun HP News | Apr 3, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്തൊട്ടാകെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച എഐ കാമറകള്‍ പിടിച്ചത് 98 ലക്ഷം നിയമലംഘകരെയെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ(എംവിഡി) കണക്കുകള്‍. 2023 ജൂണില്‍ എഐ കാമറകള്‍ സ്ഥാപിച്ചതിന് മുതല്‍ ഇതുവരെ 631 കോടി രൂപ പിഴ ചുമത്തിയെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍. എന്നാല്‍ സര്‍ക്കാരിന് ഇതുവരെ പിരിച്ചെടുക്കാനായത് 400 കോടി രൂപ മാത്രമാണ്. കാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ വന്‍തുക ചിലവിട്ടത് വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
2025 മാര്‍ച്ച് 31 ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഇ-ചലാന്‍ വഴി എംവിഡി 273 കോടി രൂപ പിഴ ചുമത്തി. ഇതില്‍ ഇതുവരെ ഏകദേശം 150 കോടി രൂപയാണ് പിരിച്ചെടുത്തത്. കാമറകള്‍ സ്ഥാപിച്ചതിനുശേഷം വിവിധ കുറ്റകൃത്യങ്ങളില്‍ എംവിഡി 400 കോടിയിലധികം പിഴ ഈടാക്കിയതായി ഉദ്യോഗസ്ഥര്‍ ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
കാമറകള്‍ സ്ഥാപിച്ചതിന് ശേഷം ജനം നിയമങ്ങള്‍ പാലിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഗതാഗത നിയമലംഘനങ്ങളെ കുറിച്ച് കൂടുതല്‍ ബോധവാന്‍മാരാണെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചക്കിലം പറഞ്ഞു. കൂടുതല്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനത്ത് പത്ത് ശതമാനത്തിലധികം കാമറകള്‍ കൂടി സ്ഥാപിക്കണമെന്നും എന്‍എച്ച് 66ല്‍ ഉള്‍പ്പെടെ കൂടുതല്‍ സംസ്ഥാന പാതകളിലും കാമറകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിരത്തില്‍ ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതാണ് ഏറ്റവും കൂടുതല്‍ കണ്ടെത്തുന്ന നിയമലംഘനം. സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനമോടിക്കുന്നതും ഇരുചക്ര വാഹനങ്ങളില്‍ മൂന്ന് പേരെ കയറ്റി വാഹനമോടിക്കുന്നതുമാണ് മറ്റ് നിയമലംഘനങ്ങള്‍. നഗരപ്രദേശങ്ങളിലാണ് കൂടുതല്‍ നിയമലംഘനങ്ങളും കണ്ടെത്തുന്നതെന്നും എംവിഡി കണക്കുകള്‍ പറയുന്നു.
by Midhun HP News | Apr 3, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ഗായകൻ എം ജി ശ്രീകുമാറിനെതിരെ പിഴ ചുമത്തി. കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനാണ് മുളവുകാട് പഞ്ചായത്ത് അധികൃതർ ഗായകന് 25,000 രൂപയുടെ പിഴ നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചതോടെ കഴിഞ്ഞ ദിവസം എംജി ശ്രീകുമാർ പിഴ ഒടുക്കി.
കൊച്ചി കായലിലേക്ക് മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്ന് മാലിന്യപ്പൊതി വീഴുന്നത് ഒരു വിനോദ സഞ്ചാരി മൊബൈൽ ഫോണിൽ പകർത്തി മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്ത് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുകയായിരുന്നു.
എം ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്നു വിഡിയോയിൽ വ്യക്തമാണെങ്കിലും ആരാണെന്നു തിരിച്ചറിയാനാവില്ല. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടി നൽകി.
പിന്നാലെ ഇങ്ങനെ പരാതി ചെന്നതോടെ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിന്റെ നിർദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു. തുടർന്നു പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം പിഴ നോട്ടീസ് നൽകുകയായിരുന്നു. ഇക്കാര്യം പിന്നീട് പരാതിക്കാരനെ മന്ത്രി തന്നെ സമൂഹമാധ്യമം വഴി അറിയിച്ചു. പിഴ അടച്ചു കഴിയുമ്പോൾ ഈ വിവരം തെളിവു സഹിതം നൽകിയ ആൾക്ക് പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
by Midhun HP News | Apr 3, 2025 | Latest News, കേരളം
കണ്ണൂര്‍: വീടുകളില്‍ വായനാശീലം വളര്‍ത്തിയെടുക്കാന്‍ ആരംഭിച്ച മൊബൈല്‍ ലൈബ്രറി സേവനങ്ങള്‍ പുതിയ തലത്തിലേക്ക്. വീട്ടമ്മമാരെയും പ്രായമായവരെയും ഉദ്ദേശിച്ച് നടപ്പാക്കിയ വായനാവസന്തം പദ്ധതിക്ക് പിന്നാലെ ഹോം ഡെലിവറി സര്‍വീസും അവതരിപ്പിച്ചിരിക്കുകയാണ് കേരള ലൈബ്രറി കൗണ്‍സില്‍.
വായനവസന്തം പദ്ധതി, സംസ്ഥാനത്തെ 3,000 ലൈബ്രറികളിലേക്ക് വ്യാപിക്കുകയാണ്. ‘വീട്ടിലേക്കൊരു പുസ്തകം’ എന്ന പേരില്‍ കുടുംബങ്ങളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനും അറിവില്‍ അധിഷ്ഠിതമായ ഒരു സമൂഹമെന്ന കേരളത്തിന്റെ പ്രശസ്തിയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുറഞ്ഞത് 3,000 പുസ്തക ശേഖരമുള്ള ലൈബ്രറികള്‍ വിതരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. 20 രൂപ പ്രതിമാസ നിരക്കില്‍ ഒരു കുടുംബത്തിന് ഈ സേവനം ഉപയോഗിക്കാം.
‘ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ ഇ-ബുക്കുകള്‍ വായിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ തിരക്കേറിയ ജീവിതശൈലി കാരണം പലരും ലൈബ്രറിയില്‍ എത്തുന്നത് കുറവാണ്. ‘വായനവസന്ത’ത്തിലൂടെ വീടുകളിലേക്ക് നേരിട്ട് പുസ്തകങ്ങള്‍ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം’ കേരള ലൈബ്രറി കൗണ്‍സിലിന്റെ കണ്ണൂര്‍ ജില്ലാ ബ്രാഞ്ച് സെക്രട്ടറി പി കെ വിജയന്‍ പറഞ്ഞു. പദ്ധതി എ+, എ, ബി, സി ഗ്രേഡ് ലൈബ്രറികളുടെ സഹായത്തോടെയാണ് നടപ്പാക്കുക. ലൈബ്രേറിയന്മാര്‍ മാസത്തില്‍ ആറ് ദിവസം പുസ്തകങ്ങളുമായി വീടുകള്‍ സന്ദര്‍ശിക്കും, കൂടാതെ ഓരോ ലൈബ്രറിയിലും പരിപാടിയുടെ മേല്‍നോട്ടത്തിനായി ഒരു ഉപസമിതി രൂപീകരിക്കും അദ്ദേഹം പറഞ്ഞു.
കേരളത്തിന് ശക്തമായ ഒരു വായനാ ശൃംഖലയുണ്ട്, ഓരോ 3,000 പേര്‍ക്കും ശരാശരി ഒരു ലൈബ്രറി എന്ന നിലയിലാണ് ഇത്. ഈ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ആനുപാതികമായി വായനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. സാമൂഹിക മാറ്റത്തിനായി അറിവ് പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. വായനക്കാര്‍ പുസ്തകങ്ങളിലേക്ക് വരുന്നതിനുപകരം പുസ്തകങ്ങള്‍ വായനക്കാരിലേക്ക് എത്തണം,’ പി കെ വിജയന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
നിലവില്‍, കേരളത്തിലെ 630 ലൈബ്രറികളില്‍ മൊബൈല്‍ ലൈബ്രറി സേവനങ്ങളുണ്ട്. വായനവസന്തം പദ്ധതിയുടെ കീഴില്‍, ലൈബ്രറി കൗണ്‍സില്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ കുറഞ്ഞത് 100 വീടുകളിലെങ്കിലും പുസ്തകങ്ങള്‍ എത്തിക്കും. ആദ്യ ഘട്ടത്തില്‍ പദ്ധതി 3,00,000 വീടുകളില്‍ എത്തിച്ചേരുകയെന്നതാണ് ലക്ഷ്യമിടുന്നത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇത് 10 ലക്ഷം വീടുകളിലേക്ക് പദ്ധതി നീട്ടുകയാണ് ലക്ഷ്യം.
പദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായി ലൈബ്രേറിയന്‍മാര്‍ക്ക് പ്രതിമാസം 600 രൂപ അധികമായി നല്‍കും. കണ്ണൂര്‍ ജില്ലയാണ് പദ്ധതിയുടെ നടത്തിപ്പില്‍ മുന്നില്‍, ജില്ലയില്‍ 363 ലൈബ്രറികളില്‍ വായനവസന്തം അവതരിപ്പിച്ചു. ജില്ലയിലുടനീളമുള്ള നിരവധി ലൈബ്രറികള്‍ ഇതിനകം വീടുകളിലേക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.
Recent Comments