ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തായിരുന്ന സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കൊച്ചിയിൽ ഐ ബി ഉദ്യോഗസ്ഥനാണ് സുകാന്ത്. സംഭവത്തിന് പിന്നാലെ ഒളിവിലാണ് ഇയാള്‍. മരിച്ച ഐബി ഉദ്യോഗസ്ഥയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായി സുകാന്ത് മുൻകൂർ ജാമ്യാപേക്ഷയില്‍ പറയുന്നു.

തങ്ങൾ ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹാലോചനയും നടത്തിയിരുന്നു. തന്റെ മാതാപിതാക്കൾ യുവതിയുടെ വീട്ടിൽ പോയി സംസാരിക്കുകയും ചെയ്തിരുന്നു. യുവതിയുടെ മരണത്തോടെ താൻ മാനസികമായി തകർന്ന നിലയിലാണെന്നും മുൻകൂർ ജാമ്യാപേക്ഷ സുകാന്ത് പറയുന്നു.

യുവതിയുടെ മാതാപിതാക്കൾ തനിക്കെതിരെ പരാതി നൽകിയതായി അറിഞ്ഞു. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും സുകാന്തിന്‍റെ വാദം. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെ ഇന്നലെ കേസില്‍ പ്രതി ചേർത്തിരുന്നു. ആത്മഹത്യ പ്രേരണകുറ്റം ചുമത്താനാണ് നീക്കം. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.

ഇതിന് പിന്നാലെയാണ് സുകാന്ത് ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയിൽ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തിട്ട് ഒന്നര ആഴ്ച പിന്നിടുന്നു. സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്‍റെ പരാതി.

എന്നാൽ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ചെയ്ത സുകാന്തും കുടുംബവും ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ ശാരീരികമായും സാമ്പത്തികമായും മകളെ സുകാന്ത് ചൂഷണം ചെയതതിനുള്ള തെളിവുകള്‍ അച്ഛൻ പൊലിസിന് കൈമാറിയിട്ടുണ്ട്.

പൊലീസിന് മുന്നിൽ ബന്ധുക്കള്‍ തെളിവുകള്‍ നൽകി, സുകാന്ത് അന്വേഷണവുമായ സഹകരിക്കുന്നുമില്ല, ഈ സാഹചര്യത്തിലാണ് പ്രതി ചേർക്കാനുള്ള നീക്കം. പ്രതി ചേർത്താൽ സുകാന്ത് കോടതിയെ സമീപിക്കാനുള്ള സാധ്യതയുമുണ്ട്. സുകാന്തിനെതിരെ ഐബിയും ഇതേവരെ വകുപ്പ്തല നടപടിയും സ്വീകരിച്ചിട്ടില്ല. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് സുകാന്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.

ഇന്ത്യയ്ക്ക് 26 ശതമാനം ഇറക്കുമതിത്തീരുവ; പകരച്ചുങ്കം പ്രഖ്യാപിച്ച് ട്രംപ്

ഇന്ത്യയ്ക്ക് 26 ശതമാനം ഇറക്കുമതിത്തീരുവ; പകരച്ചുങ്കം പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ: വിദേശ രാജ്യങ്ങൾക്ക് ഇറക്കുമതിത്തീരുവ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 26 ശതമാനം തീരുവയാണ് ഇന്ത്യക്ക് മേൽ ചുമത്തിയത്. അമേരിക്കയിൽ എത്തുന്ന എല്ലാ ഉല്പന്നങ്ങൾക്കും 10 ശതമാനം തീരുവ ചുമത്തി. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് കൂടുതൽ നികുതിയും ചുമത്തിയിട്ടുണ്ട്.

ഇന്ത്യ- 26 ശതമാനം, ചൈന- 34 ശതമാനം, യൂറോപ്യൻ യൂണിയൻ- 20 ശതമാനം, ജപ്പാൻ- 24 ശതമാനം എന്നീ രാജ്യങ്ങൾക്കാണ് കൂടുതൽ നികുതി ചുമത്തിയത്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അന്യായ ഇറക്കുമതി തീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്. വിമോചന ദിനമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ദിവസത്തിലാണ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്.

വിദേശ നിർമിത ഓട്ടോമൊബൈൽ ഉൽപ്പന്നങ്ങൾക്കും 25 ശതമാനം നികുതി ചുമത്തി. യുഎസ് വ്യവസായിക ശക്തിയുടെ പുനർജന്മമാകും പുതിയ തീരുവ പ്രഖ്യാപനമെന്നും യുഎസ് ഒരിക്കൽ കൂടി സമ്പന്നമാകുമെന്നും ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘‘വിദേശികൾ നമ്മുടെ സ്വപ്നങ്ങൾ നശിപ്പിച്ചു. ജോലി അവസരങ്ങൾ തട്ടിയെടുത്തു. ഇനി അത് അനുവദിച്ച് കൊടുക്കില്ല.

നമ്മളോട് ചെയ്യുന്നത് പോലെ തിരിച്ചു ചെയ്യും. തിരിച്ചടിത്തീരുവ ആ രാജ്യങ്ങൾക്ക് മേൽ ചുമത്തും. യുഎസിനെ മഹത്തരമാക്കും. ജോലി അവസരങ്ങൾ തിരിച്ചുവരും. വിദേശ വ്യാപാര പ്രതിബന്ധങ്ങൾ മറികടക്കും. യുഎസിന്റെ സുവർണ നാളുകൾ തിരിച്ചുവരും.’’ – ട്രംപ് പറഞ്ഞു. ‘ചൈന 67 ശതമാനമാണ് യുഎസിനെതിരെ ഇറക്കുമതിത്തീരുവ ചുമത്തുന്നത്. എന്നാൽ 34 ശതമാനം എന്ന കുറഞ്ഞ തിരിച്ചടിത്തീരുവ മാത്രമാണ് യുഎസ് ചൈനയ്ക്കു മേൽ ചുമത്തുക.

യൂറോപ്യൻ യൂണിയനുമായി വളരെ സൗഹൃദമുണ്ട്. അതുകൊണ്ട് തന്നെ 20 ശതമാനം തിരിച്ചടിത്തീരുവ മാത്രം പ്രഖ്യാപിക്കുന്നു. വിയറ്റ്നാമികളെ എനിക്ക് ഇഷ്ടമാണ്. 46 ശതമാനം തിരിച്ചടിത്തീരുവയാണ് വിയറ്റ്നാമിനെതിരെ പ്രഖ്യാപിക്കുന്നത്. ജപ്പാൻകാരെ ഞാൻ കുറ്റം പറയില്ല. അവർക്കും 24 ശതമാനം പ്രഖ്യാപിക്കുന്നു. ഇന്ത്യ, അവിടത്തെ പ്രധാനമന്ത്രി കുറച്ചു നാളുകൾക്ക് മുൻപാണ് എന്നെ സന്ദർശിച്ചത്.

അദ്ദേഹം എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. എന്നാൽ 52 ശതമാനം തീരുവയാണ് യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്നത്. പക്ഷേ അവർക്ക് 26 ശതമാനം എന്ന ഡിസ്കൗണ്ട് തീരുവ പ്രഖ്യാപിക്കുന്നു.’’ – ട്രംപ് പറഞ്ഞു. 10 ശതമാനമുള്ള തീരുവ ഏപ്രിൽ അഞ്ച് മുതലും രാജ്യങ്ങൾക്കുള്ള കൂടിയ തീരുവ ഏപ്രിൽ ഒൻപതിനുമാണ് പ്രാബല്യത്തിൽ വരിക.

മുനമ്പത്തെ മുന്‍നിര്‍ത്തി ബില്ലിലെ ചില വ്യവസ്ഥകളെ അംഗീകരിക്കുന്നു: ജോസ് കെ മാണി

മുനമ്പത്തെ മുന്‍നിര്‍ത്തി ബില്ലിലെ ചില വ്യവസ്ഥകളെ അംഗീകരിക്കുന്നു: ജോസ് കെ മാണി

കോട്ടയം: വഖഫ് ബില്ലിലൂടെ മുനമ്പം പ്രശ്‌നം പരിഹരിക്കാന്‍ സാഹചര്യം ഒരുങ്ങുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ബില്ലിലെ ചില വ്യവസ്ഥകളോട് യോജിപ്പാണ്. മുനമ്പത്തെ മുന്‍നിര്‍ത്തിയാണ് വഖഫ് ബില്ലിലെ ചില വ്യവസ്ഥകളെ അംഗീകരിക്കുന്നത്. അതേസമയം ബില്ലിനെ പൊതുവില്‍ എതിര്‍ക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.

വഖഫ് ബോര്‍ഡിലും ട്രൈബ്യൂണലിലും നീതി കിട്ടിയില്ലെങ്കില്‍ കോടതിയില്‍ പോകാമെന്ന ബില്ലിലെ വ്യവസ്ഥയെ സ്വാഗതം ചെയ്യുന്നു. ആ വ്യവസ്ഥ മുനമ്പത്തിന് പ്രതീക്ഷ നല്‍കുന്നതാണ് എന്നും ജോസ് കെ മാണി പറഞ്ഞു. അതേസമയം വഖഫ് ബില്ലിലെ പല വ്യവസ്ഥകളും ജനാധിപത്യ വിരുദ്ധമാണ്. അതിനെ എതിര്‍ക്കുന്നു. വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തിയതിനെ അംഗീകരിക്കാനാവില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

ആറ്റിങ്ങൽ കടുവയിൽ വെള്ളൂർക്കോണം കാവിൽ ഭഗവതി ക്ഷേത്രത്തിലെ തിരുഃ ആറാട്ട് മഹോത്സവത്തിനു തുടക്കമായി

ആറ്റിങ്ങൽ കടുവയിൽ വെള്ളൂർക്കോണം കാവിൽ ഭഗവതി ക്ഷേത്രത്തിലെ തിരുഃ ആറാട്ട് മഹോത്സവത്തിനു തുടക്കമായി

ആറ്റിങ്ങൽ കടുവയിൽ വെള്ളൂർക്കോണം കാവിൽ ഭഗവതി ക്ഷേത്രത്തിലെ തിരുആറാട്ട് മഹോത്സവവും പ്രതിഷ്ഠാ വാർഷികവും ഏപ്രിൽ 2 മുതൽ 9 വരെ നടക്കും.

ഏപ്രിൽ 3ന് വൈകുന്നേരം 7 നു വിൽപ്പാട്ട്- കർണ്ണൻ, രാത്രി 8.30 മുതൽ നൃത്ത വിസ്മയം,

ഏപ്രിൽ 4ന് രാവിലെ 8.30നു സമൂഹ പൊങ്കാല, 9.30 മുതൽ കരോക്കെ ഗാനമേള,
രാത്രി 7നു മാമം പെരുമാമഠം ദേവാംഗന തിരുവാതിര സംഘം സമർപ്പിക്കുന്ന പരമ്പരാഗത തിരുവാതിരക്കളി, രാത്രി 8 മണി മുതൽ തിരുവാതിര, കൈകൊട്ടിക്കളി, ഡാൻസ് തുടങ്ങിയവയും ഉണ്ടായിരിക്കും.

ഏപ്രിൽ അഞ്ചിന് വൈകുന്നേരം 5.30ന് പുഷ്പാഞ്ജലി, രാത്രി എട്ടിന് നാടകം ചിത്തിര,

ഏപ്രിൽ ആറിന് രാവിലെ 9.30 നു ഉത്സവബലി ദർശനം, വൈകുന്നേരം 7 നു തിരുവാതിരക്കളി, രാത്രി 8 മുതൽ മേജർ സെറ്റ് കഥകളിയും നടക്കും.

ഏപ്രിൽ ഏഴിന് രാവിലെ 10ന് ആയില്യ പൂജ, വിശേഷങ്ങൾ നാഗരൂട്ട്, വൈകുന്നേരം ഏഴിന് തിരുവാതിരക്കളി, രാത്രി എട്ടിന് നൃത്തസംഗീത നാടകം- ശിവകാളി തെയ്യം.

ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് 11 മണിക്ക് അന്നദാന സദ്യ, രാത്രി 7. 15ന് നൃത്തനൃത്യങ്ങൾ തുടർന്ന് പള്ളിവേട്ട എഴുന്നുള്ളിപ്പ്.

ഏപ്രിൽ 9ന് രാവിലെ 11 മണിക്ക് അന്നദാന സദ്യ, വൈകുന്നേരം നാലിന് ആറാട്ട് ഘോഷയാത്ര തുടർന്ന് തൃക്കൊടിയിറക്കോടെ ഉത്സവം സമാപിക്കും.

ഗാന്ധിജിയുടെ പ്രപൗത്രി അന്തരിച്ചു

ഗാന്ധിജിയുടെ പ്രപൗത്രി അന്തരിച്ചു

ഡൽഹി: മഹാത്മാ ഗാന്ധിയുടെ പ്രപൗത്രി നീലംബെൻ പരീഖ് (92) അന്തരിച്ചു. നവസാരിയിലെ വസതിയിലായിരുന്നു അന്ത്യം. ജീവിത കാലം മുഴുവൻ ​ഗാന്ധിയൻ ദർശനങ്ങൾ പിന്തുടർന്നിരുന്ന പരീഖ് സാമൂഹിക പ്രവർത്തക, എഴുത്തുകാരി എന്നീ നിലകളിൽ പ്രശസ്തയാണ്. ​ഗാന്ധിജിയുടെ മൂത്തമകൻ ഹരിലാലിന്റെ പേരക്കുട്ടിയാണ്. മുത്തച്ഛൻ ഹരിലാലുമായുള്ള മഹാത്മാ ഗാന്ധിയുടെ ബന്ധത്തെക്കുറിച്ച് എഴുതിയ​ ​’ഗാന്ധീസ് ലോസ്റ്റ് ജൂവൽ: ഹരിലാൽ ​ഗാന്ധി’ എന്ന പുസ്തകത്തിലൂടെയാണ് നീലംബെൻ പരീഖ് പ്രശസ്തയാകുന്നത്.

2007 ൽ പുറത്തിറങ്ങിയ ​ഗാന്ധി മൈ ഫാദർ എന്ന ഹിന്ദി ചിത്രത്തിന് ആധാരം ഈ പുസ്തകമാണ്. ഹരിലാൽ ഗാന്ധിയുടെയും ഭാര്യ ഗുലാബിന്റെയും അഞ്ച് മക്കളിൽ മൂത്തവളായ റാമി ബെന്നിന്റെ മകളായിരുന്നു നീലംബെൻ. ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി മുന്നിട്ടിറങ്ങിയ നീലംബെൻ പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകാൻ ജീവിതം മാറ്റിവച്ചു.

‘ദക്ഷിണപഥ’ എന്ന സംഘടന സ്ഥാപിച്ച് ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച അവർ ഖാദി വസ്ത്രങ്ങൾ മാത്രമാണ് ധരിച്ചിരുന്നത്. മകൻ സമീർ പരീഖ് നവസാരിയിൽ നേത്ര രോഗവിദ​ഗ്ധനായി ജോലി ചെയ്യുകയാണ്. മകനാണ് മരണവാർത്ത അറിയിച്ചത്. പരേതനായ യോഗേന്ദ്ര ഭായിയാണ് ഭർത്താവ്.

വിപ്പുണ്ടായിട്ടും ലോക്‌സഭയിലെത്താതെ പ്രിയങ്കാഗാന്ധി; രാഹുലും ചര്‍ച്ചയ്ക്കില്ല, വിമര്‍ശനം

വിപ്പുണ്ടായിട്ടും ലോക്‌സഭയിലെത്താതെ പ്രിയങ്കാഗാന്ധി; രാഹുലും ചര്‍ച്ചയ്ക്കില്ല, വിമര്‍ശനം

ഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ ചര്‍ച്ച ചെയ്തപ്പോള്‍, പാര്‍ട്ടി എംപിമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കിയപ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വിട്ടുനിന്നത് ചര്‍ച്ചയാകുന്നു. ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയുടെ ഒരു ഘട്ടത്തിലും പ്രിയങ്ക സഭയില്‍ പങ്കെടുത്തിരുന്നില്ല. പാര്‍ലമെന്റിലേക്ക് തന്നെയെത്തിയില്ല. വിപ്പു നല്‍കിയെങ്കിലും വോട്ടെടുപ്പിലും പങ്കെടുത്തില്ല. അസാന്നിധ്യത്തിന്റെ കാരണം പ്രിയങ്കയും കോണ്‍ഗ്രസ് നേതൃത്വവും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അതേസമയം പാര്‍ലമെന്റില്‍ എത്തിയെങ്കിലും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ചര്‍ച്ചയില്‍ പങ്കെടുത്തുമില്ല. കോണ്‍ഗ്രസില്‍ നിന്നും ഒമ്പതുപേരാണ് സംസാരിച്ചത്. ലോക്‌സഭയിലെ ഉപനേതാവ് ഗൗരവ് ഗൊഗോയ് ആണ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തില്‍ സഭയില്‍ ചര്‍ച്ച നടത്തിയപ്പോള്‍, പ്രതിപക്ഷ നേതാവായ രാഹുല്‍ ചര്‍ച്ചയില്‍ വിട്ടുനിന്നതും ദേശീയ തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.

ലോക്‌സഭയിലെ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന രാഹുല്‍ ഗാന്ധി എക്‌സില്‍ ബില്ലിനെതിരെ കുറിപ്പിട്ടിട്ടുണ്ട്. മുസ്ലീങ്ങളെ അരികുവല്‍ക്കരിക്കാനും അവരുടെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കാനും ലക്ഷ്യമിട്ടുള്ള ഒരു ആയുധമാണ് വഖഫ് ഭേദഗതി ബില്‍ എന്നാണ് രാഹുല്‍ കുറിച്ചത്.

ആര്‍എസ്എസും ബിജെപിയും അവരുടെ സഖ്യകക്ഷികളും ചേര്‍ന്ന് ഭരണഘടനയ്ക്കെതിരായ ഈ ആക്രമണം ഇന്ന് മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്. ഭാവിയില്‍ മറ്റ് സമുദായങ്ങളെയാകും ലക്ഷ്യം വയ്ക്കുക. മതസ്വാതന്ത്ര്യത്തിനുള്ള അവകാശമായ ആര്‍ട്ടിക്കിള്‍ 25 എന്ന മഹത്തായ ആശയത്തിനു മേലുള്ള കടന്നാക്രമണത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്നുവെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ അഭിപ്രായപ്പെട്ടു.