by Midhun HP News | Apr 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സിപിഎം 24ാം പാർട്ടി കോൺഗ്രസ് ഇന്ന് മധുരയിൽ തുടങ്ങുമ്പോൾ തീരുമാനങ്ങളിൽ നിർണായക സ്വാധീനം കേരളത്തിലെ പാർട്ടി പ്രതിനിധികൾക്കായിരിക്കും. കോൺഗ്രസിൽ ആകെ 811 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇതിൽ 175 പേർ കേരളത്തിൽ നിന്നുള്ള പ്രതിനിധികളാണ്.
പശ്ചിമ ബംഗാളിലും ത്രിപുരയിലും പെട്ടെന്നു തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട നിലയാണ് നിലവിൽ സിപിഎം. അതിനാൽ തന്നെ രാജ്യത്ത് പാർട്ടി കരുത്തോടെ അവശേഷിക്കുന്ന ഏക പ്രദേശമെന്ന നിലയിൽ കേരളമായിരിക്കും ശ്രദ്ധാ കേന്ദ്രം. കേരളം ഉൾപ്പെടെ ബിജെപി- ആർഎസ്എസിനു മുന്നിൽ സിപിഎമ്മിന്റെ അടിത്തറ നഷ്ടപ്പെടുന്നുണ്ടെന്ന പാർട്ടി വിലയിരുത്തൽ കണക്കിലെടുക്കുമ്പോൾ ഇതിനു പ്രാധാന്യം ഏറും. എൽഡിഎഫിന് മൂന്നാം തവണയും അനുയോജ്യമായ ഒരു രാഷ്ട്രീയ കാലാവസ്ഥ കേരളത്തിൽ ഉറപ്പാക്കുക, സംസ്ഥാനത്ത് വീണ്ടും ഭരണത്തുടർച്ച ഉറപ്പാക്കുക എന്നതെല്ലാം പ്രധാന ചർച്ചാ വിഷയമാകും.
ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഇടത്തിൽ ബിജെപി- ആർഎസ്എസ് കൈകടത്തുന്നതിനാൽ അതിനനുസരിച്ച് സമീപനം പരിഷ്കരിക്കേണ്ടതുണ്ടെന്ന് ഒരു കേന്ദ്ര കമ്മിറ്റി അംഗം ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സിപിഎമ്മിന്റെ വോട്ട് അടിത്തറയിൽ വിള്ളൽ തീർത്തു മുന്നേറുന്നുണ്ട്. ഈ വിഷയത്തിലും പാർട്ടി ഉചിതമായ തീരുമാനങ്ങൾ എടുക്കണമെന്നും പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. ഇടതുപക്ഷ വോട്ടർമാർ പോലും ബംഗാളിൽ ടിഎംസിയെയാണ് ഇഷ്ടപ്പെടുന്നതെന്നു ബംഗാളിൽ നിന്നുള്ള പ്രതിനിധി പറയുന്നു.
നിലവിൽ പശ്ചിമ ബംഗാളിലോ ത്രിപുരയിലോ സിപിഎമ്മിന് തിരിച്ചുവരവ് നടത്താൻ കഴിയില്ല. അത്തരമൊരു ഘട്ടത്തിൽ കേരളത്തിലെ എൽഡിഎഫ് സർക്കാരിന് മൂന്നാം തവണയും അധികാരം ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മറ്റ് രണ്ട് തന്ത്ര പ്രധാന സംസ്ഥാനങ്ങളിലെ മാറ്റത്തെക്കുറിച്ച് ചിന്തിക്കാൻ പാർട്ടിയെ അത് പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയും ബംഗാളിൽ നിന്നുള്ള പ്രതിനിധി പങ്കിടുന്നു.
ബംഗാളിൽ ടിഎംസിയാണ് ബിജെപിക്കു ബദലായി പലരും കാണുന്നത്. പാർട്ടി കേഡർമാർ പോലും തൃണമൂലിന് വോട്ട് ചെയ്യുന്നു. ടിഎംസിയോടുള്ള സമീപനം പുനഃപരിശോധിക്കണമെന്ന് പാർട്ടി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പശ്ചിമ ബംഗാൾ സിപിഎമ്മിന് അത്ര താത്പര്യമില്ല. ഒരു സിസി അംഗം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പ്രമേയത്തിലും സംഘടനാ റിപ്പോർട്ടിലും നടക്കുന്ന ചർച്ചകൾ ഈ രണ്ട് സംസ്ഥാനങ്ങളിലും ബഹുജന അടിത്തറ തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ചായിരിക്കും. കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ തുടരുന്ന കാലത്തോളം ത്രിപുരയിൽ പാർട്ടിക്കു ഒരു പുരോഗതിയും കൈവരിക്കാൻ കഴിയില്ല. പാർട്ടി കേഡർമാർ വ്യാപകമായ ആക്രമങ്ങൾക്കാണ് അവിടങ്ങളിൽ വിധേയരാകുന്നത്. അതിനാൽ അവർ വോട്ട് ചെയ്യാൻ പോലും എത്തുന്നില്ല.
സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, ഓഹരി വിറ്റഴിക്കൽ ഉൾപ്പെടെയുള്ള നിരവധി പുതിയ സംരംഭങ്ങൾ നിർദ്ദേശിക്കുന്ന കേരള സർക്കാരിന്റെ അഭിലാഷമായ നവ കേരള പദ്ധതിക്ക് പാർട്ടി അംഗീകാരം നൽകിയിട്ടുണ്ട്. ഈ നയമാറ്റം വലിയ ചർച്ചയാകും. പുതിയ രാഷ്ട്രീയ കാലാവസ്ഥ കണക്കിലെടുത്ത് ഇന്ത്യ സഖ്യത്തോടുള്ള രാഷ്ട്രീയ സമീപനം പുനഃസ്ഥാപിക്കുകയും പരിഷ്കരിക്കുകയും ചെയ്യുക എന്നതാണ് ചർച്ചയ്ക്കു വരുന്ന മറ്റൊരു സുപ്രധാന വിഷയം.
പ്രതിപക്ഷ സഖ്യത്തിന് വ്യക്തതയില്ലെന്നു പൊളിറ്റ്ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല, പ്രതിപക്ഷ സഖ്യത്തിൽ പാർട്ടിയുടെ രാഷ്ട്രീയ ഇടം നഷ്ടപ്പെടുമെന്ന ആശങ്കയും രാഷ്ട്രീയ പ്രമേയത്തിന്റെ പ്രാരംഭ കരടിൽ പങ്കിടുന്നുണ്ട്. കേരളത്തിലും പശ്ചിമ ബംഗാളിലും ഇന്ത്യാ ബ്ലോക്ക് പാർട്ടികളായ കോൺഗ്രസിനും ടിഎംസിക്കും എതിരെ സിപിഎം പോരാടുന്നുണ്ടെന്നതും ചർച്ചകളിൽ പരിഗണിക്കും.
കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ ഫലപ്രദമായി എങ്ങനെ നേരിടാം, സാമ്പത്തിക പരിമിതികൾ കണക്കിലെടുത്ത് ഫെഡറലിസത്തെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ എന്നിവയും ചർച്ചകളിൽ പ്രധാന വിഷയമാകും. ബഹുജന, വർഗ സമരങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതടക്കമുള്ള മുൻകാല തീരുമാനങ്ങളും വിശദമായി ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്ത് പരിമിതമായ രാഷ്ട്രീയ ഇടം മാത്രമുള്ളതിനാൽ, ദേശീയ ബദലായി കേരള മാതൃക എന്നതും പാർട്ടി കോൺഗ്രസിൽ പ്രധാന ചർച്ചയാകും.
ഇത് മൂന്നാം തവണയാണ് മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നത്. 1972ൽ മധുരയിൽ കോൺഗ്രസ് നടന്നപ്പോൾ സിപിഎം വലിയ വെല്ലുവിളികൾ നേരിടുന്ന ഘട്ടമായിരുന്നു. വീണ്ടും മധുരയിൽ മറ്റൊരു കോൺഗ്രസ് നടക്കുമ്പോൾ ഇവിടെ എടുക്കുന്ന തീരുമാനങ്ങൾക്ക് പാർട്ടിയുടെ ഭാവി വളർച്ചയിലും പ്രസക്തിയിലും നിർണായക പങ്കുണ്ടാകും.
by Midhun HP News | Apr 2, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഇന്ന് മുതല്‍ ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Apr 2, 2025 | Latest News, കേരളം
കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് വധക്കേസില്‍ മുഖ്യപ്രതി പിടിയില്‍. കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി പങ്കജ് മേനോനെ കല്ലമ്പലത്ത് നിന്നാണ് പിടികൂടിയത്. മറ്റൊരു പ്രതിയായ അലുവ അതുല്‍ ഇപ്പോഴും ഒളിവിലാണ്.
സന്തോഷിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ക്വട്ടേഷന്‍ നല്‍കുകയും ചെയ്തത് പങ്കജ് മേനോന്‍ ആണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പങ്കജ് മേനോനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.
കരുനാഗപ്പള്ളിയിലെ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളുമായി പങ്കജ് മേനോന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ പങ്കജ് മേനോനെ സംരക്ഷിച്ചത് ഒരു വിഭാഗം പ്രാദേശിക നേതാക്കള്‍ ആണെന്ന് മറുവിഭാഗം ആരോപിച്ചു. ഇതിന് പിന്നാലെയാണ് പങ്കജ് മേനോന്റെ അറസ്റ്റ്.
പങ്കജ് ആണ് ക്വട്ടേഷന്‍ കൊടുത്തതെന്നാണ് പൊലീസിന്റെ അനുമാനം. അലുവ അതുല്‍ എന്നയാളാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്. കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം തുടരുന്നത്. പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് നേരത്തെ പുറത്തു വിട്ടിരുന്നു.
സന്തോഷിനെ കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ കൊലയാണെന്ന രീതിയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. 2024 നവംബറില്‍ പങ്കജിനെ ആക്രമിച്ച കേസില്‍ സന്തോഷ് ജയിലിലായിരുന്നു. ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം സന്തോഷിന് ഭീഷണി ഉണ്ടായിരുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകം ഉണ്ടായതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
by Midhun HP News | Apr 2, 2025 | Latest News, കേരളം
തിരുവനന്തപുരം: പത്തു കോടി രൂപ ഒന്നാം സമ്മാനമായുള്ള സംസ്ഥാന സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് (ബുധനാഴ്ച) പകല്‍ രണ്ടിന്. 250 രൂപയുടെ ടിക്കറ്റ് വില്‍പ്പനയില്‍ മുന്നില്‍ പാലക്കാടാണ്. 36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചത്.
50 ലക്ഷം രൂപ രണ്ടാം സമ്മാനമായുള്ള ബമ്പറിന് 500 രൂപയില്‍ വരെ അവസാനിക്കുന്ന ആകര്‍ഷകമായ സമ്മാന ഘടനയാണുള്ളത്. മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നല്‍കുന്നുണ്ട്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നല്‍കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.
by Midhun HP News | Apr 2, 2025 | Latest News, കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേസിലെ പ്രതിയായ നടന്‍ ദിലീപിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ പ്രതിയായ ഒരാള്‍ക്ക് എങ്ങനെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ കഴിയുക എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
2017-ല്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. ഈ കേസില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.
സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുതയും, കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാരണമായ ഗൂഢാലോചനയും, വെളിച്ചത്തു കൊണ്ടു വരാന്‍, നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണത്തിന് സിബിഐ കേസ് അന്വേഷിക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു ദിലീപിന്റെ വാദം.
2017 ഏപ്രില്‍ 17-ന് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും, ലൈംഗികാതിക്രമം പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടില്ല. ഇതു കണ്ടെത്തുന്നതിനായി അന്വേഷണം തുടരണമായിരുന്നുവെന്നും ദിലീപ് വാദിച്ചു.
‘നിങ്ങള്‍ ഈ റിട്ട് ഹര്‍ജി വിചാരണയ്ക്കുള്ള പ്രതിരോധമായി ഉപയോഗിക്കുന്നു’ എന്ന് ഡിവിഷന്‍ ബെഞ്ച് ദിലീപിനോട് പറഞ്ഞു. വിചാരണ പൂര്‍ത്തിയായെന്നും പ്രോസിക്യൂഷന്റെ വാദങ്ങള്‍ അവസാനിച്ചുവെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. വര്‍ഷങ്ങളായി കേസ് ആവര്‍ത്തിച്ച് മാറ്റിവയ്ക്കുന്നുവെന്ന് നിരീക്ഷിച്ച കോടതി, അന്തിമ വാദം കേള്‍ക്കലിനായി കേസ് ഏപ്രില്‍ 7 ലേക്ക് മാറ്റിവച്ചു.
by Midhun HP News | Apr 2, 2025 | Latest News, കേരളം
പത്തനംതിട്ട: പൈങ്കുനി ഉത്ര ഉത്സവത്തിനും വിഷു- മേട മാസപൂജകള്‍ക്കുമായി ചൊവ്വാഴ്ച വൈകീട്ട് നാലിന് ശബരിമല നടതുറന്നു. ഉത്സവത്തിന് ഇന്ന് രാവിലെ 9.45നും 10.45നും മധ്യേ കൊടിയേറും. തന്ത്രി കണ്ഠര് രാജീവര് മുഖ്യകാര്‍മികത്വം വഹിക്കും.
3 മുതല്‍ 10 വരെ ദിവസവും ഉച്ചപൂജയ്ക്കു ശേഷം ഉത്സവബലിയും വൈകീട്ട് ശ്രീഭൂതബലിയും ഉണ്ടാകും. അഞ്ചാം ഉത്സവമായ 6 മുതല്‍ 10 വരെ രാത്രി ശ്രീഭൂതബലിക്കൊപ്പം വിളക്കിനെഴുന്നള്ളിപ്പും ഉണ്ട്. 10ന് രാത്രി വിളക്കിനെഴുന്നള്ളിപ്പു പൂര്‍ത്തിയാക്കി പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് എഴുന്നള്ളും. പള്ളിവേട്ടയ്ക്കു ശേഷം മടങ്ങി എത്തി ശ്രീകോവിലിനു പുറത്ത് പ്രത്യേകം തയാറാക്കുന്ന അറയിലാണു ദേവന്റെ പള്ളിയുറക്കം. ഉത്സവത്തിനു സമാപനം കുറിച്ച് 11ന് ഉച്ചയ്ക്ക് പമ്പയില്‍ ആറാട്ട് നടക്കും.
ഇത്തവണത്തെ വിഷുക്കണി ദര്‍ശനം 14ന് പുലര്‍ച്ചെ 4 മുതല്‍ 7 വരെയാണ്. മണ്ഡല മകരവിളക്കു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നത് വിഷുവിനാണ്. ഇത്തവണ 10 ദിവസത്തെ ഉത്സവവും വിഷുവും ഒരുമിച്ചു വന്നതിനാല്‍ 18 വരെ ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ട്. വെര്‍ച്വല്‍ ക്യൂ വഴിയാണ് ദര്‍ശനം. പമ്പയില്‍ സ്‌പോട്ട് ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഉത്സവത്തിനുള്ള കൊടിക്കൂറ, കയര്‍ എന്നിവയുമായി കൊല്ലം ശക്തികുളങ്ങര ധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്നു പുറപ്പെട്ട ഘോഷയാത്ര സന്നിധാനത്ത് എത്തി. പതിനെട്ടാംപടി കയറി ശ്രീകോവിലിനു വലംവച്ചു കൊടിക്കൂറ ദേവനു സമര്‍പ്പിച്ചു.
Recent Comments