ഇന്ന് യുപിഐ അടക്കമുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സപ്പെടും; എസ്ബിഐ മുന്നറിയിപ്പ്

ഇന്ന് യുപിഐ അടക്കമുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സപ്പെടും; എസ്ബിഐ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഇന്ന് യുപിഐ അടക്കമുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ മുടങ്ങുമെന്ന് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ മുന്നറിയിപ്പ്. ഇന്ന് ( ചൊവ്വാഴ്ച) ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് നാലുമണി വരെയുള്ള മൂന്ന് മണിക്കൂര്‍ നേരം ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സപ്പെടുമെന്ന് എസ്ബിഐ എക്‌സിലൂടെ അറിയിച്ചു.

വാര്‍ഷിക കണക്കെടുപ്പ് കാരണമാണ് ഇടപാടുകള്‍ക്ക് തടസ്സം നേരിടുന്നതെന്നും എസ്ബിഐ വ്യക്തമാക്കി. സേവനം തടസ്സപ്പെടുന്ന മൂന്ന് മണിക്കൂര്‍ നേരം യുപിഐ ലൈറ്റ്, എടിഎം സേവനങ്ങള്‍ എന്നിവ വഴി ഇടപാട് നടത്തുന്നതിന് തടസ്സമില്ലെന്നും എസ്ബിഐ അറിയിച്ചു.

വഖഫ് ഭേദഗതി ബില്‍ നാളെ ലോക്‌സഭയില്‍; ചർച്ചയിൽ പങ്കെടുക്കില്ലെന്ന് സിപിഎം

വഖഫ് ഭേദഗതി ബില്‍ നാളെ ലോക്‌സഭയില്‍; ചർച്ചയിൽ പങ്കെടുക്കില്ലെന്ന് സിപിഎം

ഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുക. ഇന്നു നടന്ന കാര്യോപദേശക സമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ബില്ലിന്മേല്‍ എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു അറിയിച്ചു.

കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. വഖഫ് ഭേദഗതി ബില്‍ അവതരണം പരിഗണിച്ച് എല്ലാ എംപിമാര്‍ക്കും വിപ്പ് നല്‍കാന്‍ ഭരണപക്ഷം തീരുമാനിച്ചിട്ടുണ്ട്. എന്‍ഡിഎയിലെ പ്രധാന ഘടകക്ഷികളായ ജെഡിയുവും ടിഡിപിയും ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ബില്‍ പാര്‍ലമെന്റിലെത്തുമ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നാണ് ജെഡിയു നേതൃത്വം പറയുന്നത്.

അതേസമയം ബില്ലിനെ എതിര്‍ക്കുമെന്ന് ഇന്ത്യ മുന്നണിയിലെ കക്ഷിയായ സമാജ് വാദി പാര്‍ട്ടി അറിയിച്ചിട്ടുണ്ട്. വഖഫ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് സിപിഎം വ്യക്തമാക്കി. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ച് നാല് സിപിഎം എംപിമാര്‍ ലോക്‌സഭ സ്പീക്കര്‍ക്ക് കത്തു നല്‍കി.

നേരത്തെ ലോക്‌സഭയില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. തുടര്‍ന്ന് എന്‍ഡിഎ അംഗങ്ങള്‍ നിര്‍ദേശിച്ച 14 മാറ്റങ്ങള്‍ ജെപിസി അംഗീകരിച്ചിരുന്നു. തിരക്കിട്ട് ബില്‍ പാസ്സാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. കെസിബിസിയും സിബിസിഐയും വഖഫ് ബില്ലിനെ പിന്തുണച്ച് രംഗത്തു വന്നിട്ടുണ്ട്.

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വരെയാണ് മുന്നറിയിപ്പ്.

ചൊവ്വ: എറണാകുളം, പാലക്കാട്, വയനാട്

ബുധന്‍ : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്

വ്യാഴം : പാലക്കാട്, മലപ്പുറം, വയനാട്

വെളളി : പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

എംപുരാന്‍ പ്രദര്‍ശനം തടയണം; ഹൈക്കോടതിയില്‍ ബിജെപി നേതാവിന്റെ ഹര്‍ജി

കൊച്ചി: വിവാദങ്ങള്‍ക്കിടെ എംപുരാന്‍ സിനിമക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം വി വി വിജീഷ് ആണ് കോടതിയെ സമീപിച്ചത്. സിനിമ രാജ്യ വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നതാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്, ടീം എംപുരാന്‍, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. പ്രതിരോധമന്ത്രാലയത്തിന്റേയും കേന്ദ്ര ഏജന്‍സികളുടേയും വിശ്വാസ്യത തകര്‍ക്കുന്ന രീതിയിലുള്ള രംഗങ്ങളും പരാമര്‍ശങ്ങളും സിനിമയിലുണ്ട്.

​ഗുജറാത്ത് കലാപവും അനാവശ്യമായി സിനിമയില്‍ ഉള്‍പ്പെടുത്തി. ഇത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുന്നതാണ്. സിനിമക്കെതിരെ വാര്‍ത്താവിതരണ മന്ത്രാലയത്തിന് അടക്കം പരാതി നല്‍കിയിരുന്നു എന്നാല്‍ നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ കോടതി ഇടപെട്ട് സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെപ്പിക്കണമെന്ന് ബിജെപി നേതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സിനിമയില്‍ മതവിദ്വേഷ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ഡിജിപി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഗീയ സംഘര്‍ഷത്തിന് ബോധപൂര്‍വമായ ശ്രമം ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണം. പൃഥ്വിരാജ് തുടര്‍ച്ചയായി തന്റെ സിനിമകളിലൂടെ കേന്ദ്രസര്‍ക്കാരിനെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ബിജെപി നേതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു.

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്നു; ചടങ്ങ് ഏപ്രിൽ 2ന്

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്നു; ചടങ്ങ് ഏപ്രിൽ 2ന്

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ പ്രഖ്യാപന ചടങ്ങ് ബ്ലോക്ക് പ്രസിഡന്റ് ബിപി മുരളിയുടെ അധ്യക്ഷതയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവു ഐഎഎസ് ഏപ്രിൽ 2, 3 മണിക്ക് പഞ്ചായത്ത് ഇഎംഎസ് ഹാളിൽ വച്ച് നിർവഹിക്കുന്നു.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 86 വിദ്യാലയങ്ങളും 7 കലാലയങ്ങളും 18 ടൗണുകളും 13 പൊതു സ്ഥലങ്ങളും 2051 അയൽക്കൂട്ടങ്ങളും 225 അംഗനവാടികളും ആണ് ഹരിത പ്രഖ്യാപനങ്ങൾക്ക് സജ്ജം ആയിരിക്കുന്നത്. പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്ത് വേണ്ട മാധ്യമ പ്രാധാന്യം നൽകണമെന്ന് അറിയിക്കുന്നു.

പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് റെയ്ഡ്; കഞ്ചാവ് പിടികൂടി

പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് റെയ്ഡ്; കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടികൂടി. യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ കോളേജ് ഹോസ്റ്റലിലും എക്സൈസ് പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് മിന്നൽ പരിശോധന നടത്തിയത്.

70ലധികം മുറികളുള്ള കോളേജ് ഹോസ്റ്റലിലെ ഒരു മുറിയിൽ നിന്ന് 20 ഗ്രാം കഞ്ചാവ് പിടികൂടിയത്. ഈ മുറിയിൽ ആളുണ്ടായിരുന്നില്ല. ഹോസ്റ്റലിലെ കൂടുതൽ മുറികളും അടഞ്ഞുകിടക്കുകയായിരുന്നു.