എന്തിന് ഏഴാമനായി ഇറങ്ങുന്നു? ധോനിക്കെതിരെ വിമര്‍ശനം, പ്രതികരിച്ച് സ്റ്റീഫന്‍ ഫ്ലെമിങ്

എന്തിന് ഏഴാമനായി ഇറങ്ങുന്നു? ധോനിക്കെതിരെ വിമര്‍ശനം, പ്രതികരിച്ച് സ്റ്റീഫന്‍ ഫ്ലെമിങ്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ധോനിയുടെ ബാറ്റിങ് ഓര്‍ഡറില്‍ വിമര്‍ശനം ശക്തമായതോടെ വിശദീകരണവുമായി ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ്. ഈ സീസണില്‍ ബാറ്റിങ്ങില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അവസാന നമ്പറുകളിലാണ് ധോനി ബാറ്റിങ്ങിനിറങ്ങിയത്. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തില്‍ ഏഴാമനായാണ് ധോനി ഇറങ്ങിയത്.

സീസണിലെ രണ്ടാം മത്സരത്തിലും ചെന്നൈ തോല്‍വി വഴങ്ങിയതോടെയാണ് ധോനിക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമായത്. ഈ സീസണില്‍ 7 മുതല്‍ 9 വരെ സ്ഥാനങ്ങള്‍ക്കിടയില്‍ ബാറ്റ് ചെയ്യുന്ന ധോനി റോയല്‍സിനെതിരായ മത്സരത്തില്‍ 7-ാം സ്ഥാനത്താണ് ഇറങ്ങിയത്. ധോനി പ്രായം മനസിലാക്കി കളിക്കാന്‍ തയ്യാറാവണമെന്നാണ് ആരാധകര്‍ പറയുന്നത്. ആരാധകരെ സംതൃപ്തി പെടുത്താതെ ടീമിനെ ജയിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. രാജസ്ഥാനെതിരേ ഏഴാം നമ്പറിലാണ് ധോനി ഇറങ്ങിയത് 11 പന്തില്‍ ഒരു സിക്സും ഫോറുമടക്കം 16 റണ്‍സെടുത്താണ് പുറത്തായത്. അവസാന ഓവറില്‍ മത്സരം ഫിനിഷ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സന്ദീപ് ശര്‍മക്ക് വിക്കറ്റ് നല്‍കി പുറത്താവുകയായിരുന്നു.

ധോനി പാഴാക്കിയ പന്തുകള്‍ മത്സരഫലത്തില്‍ നിര്‍ണ്ണായകമായെന്നാണ് ആരാധകര്‍ പറയുന്നത്. 16ാം ഓവറിലെ അവസാന പന്തില്‍ വനിന്‍ഡു ഹസരങ്കയെ ക്രീസില്‍ നിന്ന് കയറി കളിച്ച ശേഷം ധോനി പ്രതിരോധിച്ചു. സന്ദീപ് ശര്‍മയേയും മഹേഷ് തീക്ഷണയേയും അല്‍പ്പം കൂടി നേരത്തെ ആക്രമിക്കാന്‍ ധോനി ശ്രമിച്ചില്ല. പഴയതുപോലെ അവസാന ഓവറില്‍ ഫിനിഷ് ചെയ്യാന്‍ ഇപ്പോള്‍ ധോണിക്ക് സാധിക്കില്ല. അഞ്ചാം നമ്പറിലിറങ്ങി ടീമിനെ വിജയത്തിലേക്കടുപ്പിച്ച് ഫിനിഷര്‍ ജോലി മറ്റാര്‍ക്കെങ്കിലും നല്‍കണമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ ധോനിയുടെ ബാറ്റിങ് പൊസിഷനെക്കുറിച്ചുളള വിമര്‍ശനങ്ങള്‍ക്ക് സ്റ്റീഫന്‍ ഫ്‌ലെമിങ് മറുപടി പറഞ്ഞു. ധോനിക്ക് കാല്‍മുട്ടിന് വേദയുണ്ട്,

10 ഓവര്‍ മുഴുവന്‍ ബാറ്റ് ചെയ്യാന്‍ താരത്തിന് കഴിയില്ല. മത്സരത്തിന്റെ ഗതി അനുസരിച്ച് 13 അല്ലെങ്കില്‍ 14 ഓവര്‍ മുതല്‍ ധോനി ബാറ്റ് ചെയ്യാനാണ് ടീം ഇഷ്ടപ്പെടുന്നതെന്നും സിഎസ്‌കെ പരിശീലകന്‍ പറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 67,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 67,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 67,000 കടന്ന് പുതിയ ഉയരം കുറിച്ചു. പവന് 520 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 67,000 കടന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 67,400 രൂപയായാണ് ഉയര്‍ന്നത്.

ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചത്. 8425 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു സ്വര്‍ണവില. ഒരു മാസത്തിനിടെ ഏകദേശം 4000 രൂപയാണ് വര്‍ധിച്ചത്.

20ന് 66,480 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ടതിന് പിന്നാലെ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്നതാണ് കണ്ടത്. പവന് ആയിരം കുറഞ്ഞ ശേഷം കഴിഞ്ഞ ബുധനാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില മുന്നേറുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.

ലഹരിവസ്തുക്കള്‍ വിറ്റ് ടിപ്പര്‍ വാങ്ങി; പ്രതിയുടെ വാഹനം കണ്ടുകെട്ടി പൊലീസ്

ലഹരിവസ്തുക്കള്‍ വിറ്റ് ടിപ്പര്‍ വാങ്ങി; പ്രതിയുടെ വാഹനം കണ്ടുകെട്ടി പൊലീസ്

കോഴിക്കോട്: ലഹരിവസ്തുക്കള്‍ വിറ്റ് വാങ്ങിയ വാഹനം പൊലീസ് കണ്ടുകെട്ടി. മലപ്പുറം വാഴയൂര്‍ സ്വദേശി അബിന്‍ (29)ന്റെ പേരിലുള്ള വാഹനമാണ് കണ്ടുകെട്ടിയത്. 2024 ജൂണില്‍ പതിമംഗലത്ത് കുന്ദമംഗലം പൊലീസും സിറ്റി ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ വാഹനപരിശോധനയില്‍ 141.88ഗ്രാം എംഡിഎംഎയുമായി അബിന്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായിരുന്നു. ഈ കേസിലാണ് പ്രതിയുടെ പേരിലുള്ള ടിപ്പര്‍ലോറി കുന്ദമംഗലം പൊലീസ് കണ്ടുകെട്ടിയത്.

ബംഗളൂരുവില്‍നിന്നും രാസലഹരി കേരളത്തിലേയ്ക്ക് കടത്തി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ വില്‍പ്പന നടത്തുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. കുറഞ്ഞ കാലയളവിനുള്ളില്‍ പ്രതി വലിയ തോതില്‍ പണം സമ്പാദിച്ചതും വാഹനം വാങ്ങിയതും ആഡംബര ജീവിതം നയിച്ചതും മറ്റും ലഹരി വില്‍പ്പനയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച്, കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്. കിരണ്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് പ്രതിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. നിലവില്‍ പ്രതി കോഴിക്കോട് ജില്ലാ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുന്ന പ്രതികള്‍ക്കെതിരേ തുടര്‍ന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇതിന് മറ്റു സംസ്ഥാനങ്ങളിലെ ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ അരുണ്‍ കെ. പവിത്രന്‍ അറിയിച്ചു.

എമ്പുരാൻ വിവാദം: മൗനം തുടര്‍ന്ന് മുരളിഗോപി, മോഹന്‍ലാലിന്റെ പോസ്റ്റ് അവഗണിച്ചു

എമ്പുരാൻ വിവാദം: മൗനം തുടര്‍ന്ന് മുരളിഗോപി, മോഹന്‍ലാലിന്റെ പോസ്റ്റ് അവഗണിച്ചു

കൊച്ചി: ‘എംപുരാന്‍’ വിവാദത്തില്‍ നിശബ്ദതപാലിച്ച് തിരക്കഥാകൃത്ത് മുരളിഗോപി. ചിത്രത്തിലെ വിവാദ ഭാഗങ്ങളില്‍ വിമര്‍ശനം ശക്തമായതോടെ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാലിന്റെ സാമൂഹികമാധ്യമക്കുറിപ്പ് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും പങ്കുവെച്ചെങ്കിലും മുരളിഗോപിയുടെ ഭാഗത്ത് നിന്ന് ഖേദം അറിയിച്ചുള്ള പ്രതികരണം ഉണ്ടായില്ല. അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാനും സാധിക്കുന്നില്ലെന്ന് സുഹൃത്തുക്കളും പറയുന്നു.

തിരക്കഥ പൃഥ്വിരാജ് തിരുത്തിയെന്ന ആരോപണമുയര്‍ന്നിട്ടും മുരളി പ്രതികരിക്കാത്തതെന്തെന്ന ചോദ്യവും ഉയരുന്നുണ്ട്. എംപുരാന്റെ മുംബൈയിലെ പ്രചാരണപരിപാടിയില്‍ മാത്രമാണ് മുരളി പങ്കെടുത്തതെന്ന വിവരവും ചര്‍ച്ചയാകുന്നുണ്ട്.’ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന സിനിമയുടെ പേരില്‍ നേരത്തേ ഇടതുസംഘടനകളുടെ വിമര്‍ശനത്തിന് മുരളി വിധേയനായിരുന്നു.

അതേസമയം വിവാദഭാഗങ്ങള്‍ നീക്കം ചെയ്ത് എംപുരാന്‍ നാളെ പ്രദര്‍ശനത്തിന് എത്തിയേക്കും. ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യുന്നതടക്കമുള്ള മൂന്ന് മിനിറ്റ് ദൃശ്യങ്ങള്‍ നീക്കം ചെയ്ത ചിത്രത്തിന്റെ ഗ്രേഡിങ് ഉള്‍പ്പെടെ പൂര്‍ത്തിയാകേണ്ടതുണ്ട്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ ബജ്‌റംഗിയുടെ പേര് ബല്‍രാജ് എന്ന് തിരുത്തിയേക്കും.

ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാന്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സെന്‍സര്‍ ബോര്‍ഡ് ഇടപെടല്‍ ഉണ്ടായെങ്കിലും പിന്നീടുള്ള ചര്‍ച്ചയില്‍ നിര്‍ണായകദൃശ്യങ്ങള്‍ മാത്രം ഒഴിവാക്കാര്‍ തീരുമാനമാകുകയായിരുന്നു.

കനത്ത ചൂട് ഇന്നും തുടരും, താപനില മൂന്ന് ഡി​ഗ്രി വരെ ഉയർന്നേക്കാം; ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

കനത്ത ചൂട് ഇന്നും തുടരും, താപനില മൂന്ന് ഡി​ഗ്രി വരെ ഉയർന്നേക്കാം; ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ചൂട് കൂടിയേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യതയെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ താപനില ഉയരുമെന്നാണ് അറിയിപ്പ്.

പാലക്കാട് ജില്ലയിലാകും ഉയർന്ന ചൂട്. 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. തൃശൂർ ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയർന്നേക്കാം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുമെന്നാണ് പ്രവചനം. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

കൊടും ചൂടിനിടെ ആശ്വാസമായി, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. നാളെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രിൽ 2, 3 തീയതികളിൽ 3 ജില്ലകളിൽ യെലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

കുട്ടികൾക്കിടയിൽ മയക്കുമരുന്ന് ഉപയോ​ഗം കൂടുന്നു; കടത്താൻ സ്കൂൾ വിദ്യാർഥികളും

കുട്ടികൾക്കിടയിൽ മയക്കുമരുന്ന് ഉപയോ​ഗം കൂടുന്നു; കടത്താൻ സ്കൂൾ വിദ്യാർഥികളും

കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് കടത്ത്, ലഹരി ഉപയോ​ഗ കേസുകളിൽ പ്രായപൂർത്തിയാകാത്തവരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയാകുന്നു. ലഹരി ഇടപാടുകാർ സ്കൂൾ വിദ്യാർഥികളെ മനഃപൂർവം ലക്ഷ്യമിടുന്നതായും അന്വേഷണ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നു. എക്‌സൈസ് വകുപ്പിന്റെ കണക്കനുസരിച്ച് 2022 മുതൽ മയക്കുമരുന്ന് കടത്തിയതിനു 134 പ്രായപൂർത്തിയാകാത്തവരെ പിടികൂടിയിട്ടുണ്ട്. മയക്കുമരുന്ന് കടത്തുകാർ നിയമപരമായ പഴുതുകൾ ഉപയോഗപ്പെടുത്തിയാണ് പ്രായപൂർത്തിയാകാത്തവരെ കെണിയിൽ വീഴ്ത്തുന്നത്.

2022 മുതൽ എൻഡിപിഎസ് ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ വർദ്ധനവ് ഉണ്ടായതായി ഉദ്യോഗസ്ഥർ പറയുന്നു. 2021ൽ 23 എൻഡിപിഎസ് കേസുകളായിരുന്നു. 2022ൽ ഇത് 40 ആയി ഉയർന്നു. 2023 ൽ പ്രായപൂർത്തിയാകാത്തവർക്കെതിരെ 39 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തു. 2024ൽ കേസുകളുടെ എണ്ണം 55 ആയി. ഈ വർഷമാകട്ടെ ആദ്യ രണ്ട് മാസത്തിനുള്ളിൽ തന്നെ പ്രായപൂർത്തിയാകാത്തവർക്കെതിരെ 36 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2021 മുതൽ എക്സൈസ് രജിസ്റ്റർ ചെയ്ത എൻ‌ഡി‌പി‌എസ് കേസുകളിൽ 86 പ്രായപൂർത്തിയാകാത്തവരെ ശിക്ഷിച്ചു. ഒരാൾ മാത്രം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.

സ്കൂൾ കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗമാണ് ഏറ്റവും വലിയ ആശങ്ക. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന എൻ‌ഡി‌പി‌എസ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് സൂചിപ്പിക്കുന്നത് മയക്കുമരുന്ന് വിൽപ്പനക്കാർ ഇപ്പോൾ സ്കൂൾ വിദ്യാർഥികളെ മനഃപൂർവം ലക്ഷ്യമിടുന്നു എന്നാണ്. നിർഭാഗ്യവശാൽ, പല മാതാപിതാക്കളും തങ്ങളുടെ കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നോ അതിന്റെ വ്യാപാരത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നോ അറിയുന്നതു പോലുമില്ലെന്നു ഒരു എക്സൈസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

പിടിക്കപ്പെട്ടാലും പ്രായപൂർത്തിയാകാത്തവർക്ക് ചെറിയ ശിക്ഷകൾ മാത്രമാണ് ചുമത്തുന്നത്. പരമാവധി ശിക്ഷ 4,000 രൂപ പിഴ മാത്രമായിരിക്കും. ഇത്തരം കേസുകളിൽ കുട്ടി കുറ്റവാളികൾക്കു ജുവനൈൽ ജസ്റ്റിസ് ബോർഡ് പലപ്പോഴും ജാമ്യം നൽകുന്നു. ഈ കുട്ടികൾ വീണ്ടും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക എന്നതിനാണ് മുൻഗണന. അവരുടെ മാതാപിതാക്കൾക്ക് കൗൺസിലിങ് നൽകുകയും കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അവരുമായി നിരന്തരം സമ്പർക്കം പുലർത്തുകയുമാണ് എക്സൈസ് ലക്ഷ്യമിടുന്നതെന്നും മറ്റൊരു ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി.

12 വയസുള്ള മകനെ മയക്കുമരുന്ന് വിൽപ്പനയ്ക്കായി ഉപയോഗിച്ച കുട്ടപ്പുഴ സ്വദേശിയെ ഈ മാസം ആദ്യം തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് പ്രായപൂർത്തിയാകാത്ത കുട്ടിയെ സംശയിക്കില്ലെന്ന് കരുതിയാണ് തന്റെ കുട്ടിയെ മയക്കുമരുന്ന് എത്തിക്കാൻ ഉപയോഗിച്ചതെന്നു ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിക്കുകയും ചെയ്തു.

പ്രായപൂർത്തിയാകാത്തവരെ മയക്കുമരുന്ന് കൊറിയർമാരായി ഉപയോഗിച്ച കേസുകൾ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും (ആർ‌പി‌എഫ്) കണ്ടെത്തിയിട്ടുണ്ട്. ഒഡിഷ, പശ്ചിമ ബംഗാൾ ട്രെയിനുകൾ വഴി മയക്കുമരുന്നും കഞ്ചാവും കടത്തുന്ന വ്യക്തികൾ പിടിക്കപ്പെടുന്നതിനാൽ കടത്തുകാർ സ്ത്രീകളെയും കുട്ടികളെയും കാരിയർമാരായി ഉപയോഗിക്കുന്നു. ഓരോ യാത്രയിലും കഞ്ചാവ് കടത്തിയാൽ 5,000 രൂപ വരെ സ്ത്രീകൾക്കും കുട്ടികൾക്കും ലഭിക്കുന്നു. സമീപ വർഷങ്ങളിൽ ഇത്തരം കേസുകൾ ഗണ്യമായി വർദ്ധിച്ചു. കൂടുതൽ ജാഗ്രത പാലിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും കൊച്ചിയിലെ ഒരു ആർ‌പി‌എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.