by Midhun HP News | Mar 31, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
എമ്പുരാൻ വിവാദത്തില്‍ എന്തിനാണ് പൃഥിരാജിനെ കല്ലെറിയുന്നതെന്ന് മാതാവ് മല്ലിക സുകുമാരന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടുവെന്ന് പറഞ്ഞ് മെഗാസ്റ്റാര്‍ മമ്മൂട്ടി മെസേജ് ചെയ്തപ്പോള്‍ വലിയ സന്തോഷം തോന്നി. വിശ്രമവേളയിലും പിന്തുണ അറിയിച്ച് മമ്മൂട്ടി മെസേജ് ഇട്ടത് ജീവിതത്തില്‍ മറക്കില്ല. പെരുന്നാളായിട്ട് മക്കളും കൊച്ചുമക്കളുമായി ഇരിക്കുന്നതിനിടയിലും മനുഷ്യത്വപരമായി ചിന്തിക്കാന്‍ ആ മനുഷ്യന് തോന്നി. മറ്റാര്‍ക്കും അത് തോന്നിയില്ലെന്നും മറ്റാരും മെസേജ് അയച്ചില്ലെന്നും മല്ലിക സുകുമാരന്‍ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വാക്കുകള്‍ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയെന്നും മല്ലിക സുകുമാരന്‍ വ്യക്തമാക്കി. സുകുമാരന്റെ സ്വഭാവമാണ് രാജുവിന്. അവന്‍ എല്ലാം കൃത്യമായി ബോധിപ്പിച്ചിട്ടേ ചെയ്യൂ എന്ന് എനിക്ക് അറിയാം. പൃഥ്വിക്ക് നല്ല വിവരമുണ്ട്. അവനു അറിയാം പ്രതികരിക്കാന്‍. ഇതുവരെ ഒരു സിനിമ സംഘടനകളും ഈ വിഷയത്തില്‍ പ്രതികരിച്ചില്ലല്ലോ.
ഒരു സംഘടനയുടേയും സംഘത്തിന്റേയും പേര് പറഞ്ഞ് പേടിപ്പിക്കേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആരുമില്ലാത്ത അനാഥാവസ്ഥയിലാണ് മല്ലികാസുകുമാരനും കുടുംബവുമെന്ന് ആരും ധരിക്കരുത്. ഇപ്പോഴത്തെ ഈ പ്രകമ്പനം കൊള്ളിക്കുന്ന രീതിയില്‍ സംസാരിക്കുന്ന ചെറുപ്പക്കാരുടെ നേതാക്കന്മാരുടെ നേതാക്കന്മാര്‍ ജീവിച്ചിരുന്ന കാലത്ത് ഈ ഭൂമിയിലുള്ളതാണ് മല്ലികാ സുകുമാരന്‍. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ പറയുമ്പോള്‍ പഠിച്ച് സംസാരിക്കുക.
തിരക്കഥ എല്ലാവരും കണ്ടതാണെന്നും സീന്‍ നമ്പര്‍ ഒന്ന് മുതല്‍ പല ആവര്‍ത്തി വായിച്ചതിന് ശേഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതെന്നും അവര്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ ഡ്രാഫ്റ്റ് പൃഥിരാജിനും ഇന്ദ്രജിത്തിനും അയച്ചിരുന്നു. കുറിപ്പിടാന്‍ പോകുന്നുവെന്ന് ഇരുവരോടും പറഞ്ഞു. അവര്‍ എതിര്‍പ്പ് പറഞ്ഞില്ല. പൃഥിരാജ് ചതിയനാണെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടില്ലല്ലോയെന്നും മല്ലിക സുകുമാരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
by Midhun HP News | Mar 31, 2025 | Latest News, ദേശീയ വാർത്ത
ബാങ്കോക്ക്: തായ്ലന്‍റിലെ അതിശക്തമായ ഭൂകമ്പത്തിനിടെ യുവതിക്ക് സുഖപ്രസവമൊരുക്കി ഡോക്ടര്‍മാര്‍. ഭൂചലനം ഉണ്ടായപ്പോള്‍ ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിക്കുന്നതിനിടെയാണ് കാന്തോങ് സെന്‍മുവാങ്ഷിന്‍ എന്ന സ്ത്രീയ്ക്ക് പ്രസവ വേദന ഉണ്ടായത്. രോഗികളെ സ്റ്റെപ്പ് വഴി ആശുപത്രിയുടെ മുകളിലത്തെ നിലയില്‍ നിന്നും താഴേക്ക് ഒഴിപ്പിക്കുന്നതിനിടെയാണ് യുവതിക്ക് പെട്ടെന്ന് പ്രസവ വേദന അനുഭവപ്പെട്ടത്.
ഉടന്‍ തന്നെ ആശുപത്രിയധികൃതര്‍ യുവതിയെ പ്രസവ മുറിയിലേക്ക് മാറ്റുകയായിരുന്നു. ”ആ സമയത്ത് തന്റെ കുട്ടിയോട് പുറത്തു വരരുതെന്ന് പറഞ്ഞു കൊണ്ടിരുന്നു. ധാരാളം മെഡിക്കല്‍ സ്റ്റാഫുകള്‍ ചുറ്റുമുണ്ടായിരുന്നു. അതുകൊണ്ട് സമാധാനമായി”, 36 കാരിയായ സെന്‍മുവാങ്ഷിന്‍ പറഞ്ഞു. ജോലിയിലായിരുന്നതിനാല്‍ ഭര്‍ത്താവിന് ആ സമയത്ത് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞില്ല. പതിവ് ചെക്കപ്പിന് എത്തിയതായിരുന്നു സെന്‍മുവാങ്ഷിന്‍. മകള്‍ക്ക് മിങ്ക് എന്ന് പേരിടാനാണ് ദമ്പതികള്‍ തീരുമാനിച്ചത്.
by Midhun HP News | Mar 31, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സ്ത്രീകളെ കന്യകാത്വ പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയ ആകാന്‍ നിര്‍ബന്ധിക്കരുത്. കന്യകാത്വ പരിശോധനയ്ക്ക് അനുമതി നല്‍കുന്നത് മൗലികാവകാശങ്ങള്‍ക്കും സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്കും സ്ത്രീയുടെ സ്വകാര്യതക്കും എതിരാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകാത്വ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ വര്‍മ്മയുടെ നിരീക്ഷണം. കന്യകാത്വ പരിശോധനയ്ക്ക് സ്ത്രീയെ നിര്‍ബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ കാതലായ ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനമാണെന്നും കോടതി പറഞ്ഞു. 2024 ഒക്ടോബര്‍ 15 ലെ കുടുംബ കോടതിയുടെ ഇടക്കാല അപേക്ഷ തള്ളിയ ഉത്തരവിനെയാണ് യുവാവ് ചോദ്യം ചെയ്തത്.
ഭര്‍ത്താവ് ബലഹീനനാണെന്നും ഒരുമിച്ച് ജീവിക്കാന്‍ വിസമ്മതിച്ചുവെന്ന് ഭാര്യയും ആരോപിച്ചിരുന്നു. ബലഹീനത സംബന്ധിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാരന് താല്‍പ്പര്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട വൈദ്യപരിശോധനയ്ക്ക് വിധേയനാകാം. അല്ലെങ്കില്‍ മറ്റേതെങ്കിലും തെളിവുകള്‍ ഹാജരാക്കാം. എന്നാല്‍ യുവതിയോട് കന്യകത്വ പരിശോധനയ്ക്ക് വിധേയമാകാന്‍ ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.
2023 ഏപ്രിൽ 30 ന് വിവാഹിതരായ ദമ്പതികളാണ് കോടതിയെ സമീപിച്ചത്. ഭർത്താവിന് ബലഹീനതയുണ്ടെന്ന് പറഞ്ഞ ഭാര്യ അയാളോടൊപ്പം താമസിക്കാൻ വിസമ്മതിച്ചു. കൂടാതെ ഭർത്താവിൽ നിന്ന് 20,000 രൂപ ജീവനാംശം ആവശ്യപ്പെട്ട് കുടുംബ കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തു. ഇതേത്തുടർന്നാണ് സഹോദരീ ഭർത്താവുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും, യുവതിയുടെ കന്യകാത്വ പരിശോധന നടത്തണമെന്നും ഭർത്താവ് ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്.
by Midhun HP News | Mar 31, 2025 | Latest News, കേരളം
മലപ്പുറം: കാടാമ്പുഴയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കിണറ്റിലേക്ക് വീണ് അച്ഛനും മകനും ദാരുണാന്ത്യം. മാറാക്കര സ്വദേശി ഹുസൈന്‍, മകന്‍ ഫാരിസ് ബാബു എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പത്തുമണിയോടെയാണ് സംഭവം. ഇറക്കം ഇറങ്ങി വരുമ്പോഴാണ് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ഫാരിസ് ആണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തൊട്ടടുത്തുള്ള വീട്ടിലെ കിണറ്റില്‍ വീഴുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ആദ്യം വീടിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന മതിലിലില്‍ നിന്ന് ഇരുവരുമായി സ്‌കൂട്ടര്‍ തൊട്ടടുത്തുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.
സ്‌കൂട്ടര്‍ ഉയര്‍ന്ന് പൊങ്ങിയ ശേഷമാണ് കിണറ്റില്‍ വീണത്. വീഴ്ചയില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിക്കൂടി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.ഫയര്‍േേഫാഴ്‌സ് എത്തിയാണ് കിണറ്റില്‍ നിന്ന് സ്‌കൂട്ടര്‍ പുറത്തെത്തിച്ചത്. റംസാന്‍ പ്രമാണിച്ച് പള്ളിയില്‍ പോയ ശേഷം ബന്ധുക്കളെയെല്ലാം കാണാന്‍ പോകുന്നതിനിടെയാണ് സംഭവം. ഇരുവരുടെയും വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ വച്ചാണ് അപകടം നടന്നത്.
by Midhun HP News | Mar 31, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
ഡല്‍ഹി: എംപുരാന്‍ സിനിമക്കും സംവിധായകന്‍ പൃഥ്വിരാജിനുമെതിരെ വീണ്ടും ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസര്‍. വിവാദങ്ങളില്‍ നടന്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചത് എടുത്തു പറഞ്ഞുകൊണ്ടാണ് നടനും സംവിധായകനുമായ പൃഥ്വിരാജിനെതിരെ വിമര്‍ശനം കടുപ്പിച്ചത്. സനാതന ധര്‍മ്മം അടക്കം വിവിധ വിഷയങ്ങളിലും കേന്ദ്രസര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ചയാളാണ് പൃഥ്വിരാജ്. രാജ്യവിരുദ്ധരുടെ ശബ്ദമായി പലപ്പോഴും അദ്ദേഹം മാറിയെന്ന് ഓര്‍ഗനൈസറിലെ ലേഖനത്തില്‍ ആരോപിക്കുന്നു.
കേന്ദ്രസര്‍ക്കാരിനെതിരെ പൃഥ്വിരാജ് എതിര്‍പ്പുമായി രംഗത്തു വരുന്നു. സേവ് ലക്ഷദ്വീപ് ക്യാംപെയ്‌നിന് പിന്നിലെ പ്രമുഖരില്‍ ഒരാളായിരുന്നു പൃഥ്വിരാജ്. സിഎഎ പ്രക്ഷോഭത്തില്‍ ഡല്‍ഹി പൊലീസിനെ നേരിട്ട അയേഷ റെന്നയെ പിന്തുണച്ച് പൃഥ്വിരാജിന്റെയും സഹോദരന്‍ ഇന്ദ്രജിത്തും രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് സിഎഎ പ്രതിഷേധങ്ങള്‍ നടത്തിയത് എന്നും ലേഖനത്തില്‍ പറയുന്നു.
ഹിന്ദുക്കളുടെ കാര്യത്തില്‍ പൃഥ്വിരാജിന് ഇരട്ടത്താപ്പാണ്. മുനമ്പം വിഷയത്തിലും ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണത്തിലും പ്രതികരിക്കാന്‍ പൃഥ്വിരാജ് തയ്യാറായില്ലെന്നും ലേഖനം പറയുന്നു. പൃഥ്വിരാജിന്റെ ദുഷ്ട പദ്ധതിയും ദുരുദ്ദേശ്യവും എംപുരാന്‍ സിനിമയില്‍ തുറന്നു കാട്ടപ്പെട്ടിരിക്കുന്നു. ചിത്രത്തിലെ പ്രധാന വില്ലന്, ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തനായ ഹനുമാന്റെ മറ്റൊരു പേരായ ബജരംഗ്ബലി എന്നാണ് നല്‍കിയിരിക്കുന്നത്. ഈ കഥാപാത്രത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചിത്രീകരിച്ചിരിക്കുന്നു വെന്നും ലേഖനത്തില്‍ പറയുന്നു.
പൃഥ്വിരാജിന്റെ സിനിമകള്‍ രാജ്യവിരുദ്ധത പ്രോത്സാഹിപ്പിക്കുന്നെന്നും സിനിമയുടെ പിന്നില്‍ അദൃശ്യമായ പിന്തുണകളുണ്ടെന്നും സംഘപരിവാര്‍ ആരോപണം ഉന്നയിച്ചിരുന്നു. പൃഥ്വിരാജിനെ ഹിന്ദുവിരുദ്ധനെന്നും മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചെന്നും ഓര്‍ഗനൈസര്‍ ശനിയാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരോപിച്ചിരുന്നു. വ്യാപക പ്രതിഷേധങ്ങളെ തുടര്‍ന്ന് മോഹന്‍ലാല്‍ അടക്കം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മാപ്പുപറഞ്ഞ സാഹചര്യത്തിലാണ് പുതിയ ലേഖനം.
by Midhun HP News | Mar 31, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അമ്പതാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ പ്രക്ഷോഭം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍. സമരത്തിന്റെ 50-ാം ദിവസമായ ഇന്ന് മുന്‍ നിശ്ചയിച്ച പ്രകാരം ആശ വര്‍ക്കര്‍മാര്‍ തലമുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധിച്ചു. നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നവര്‍ അടക്കമാണ് പ്രതിഷേധത്തില്‍ പങ്കാളിയായത്.
‘സ്ത്രീയെ സംബന്ധിച്ച് മുടി മുറിക്കുക എന്നാല്‍ കഴുത്ത് മുറിക്കുന്നതിന് തുല്യമാണ്.ആ പ്രതിഷേധം തന്നെയാണ് നടത്തിയിരിക്കുന്നത്. അമ്പത് ദിനരാത്രങ്ങള്‍, രാവും പകലും, മഴയും മഞ്ഞും, പൊരിവെയിലും കൊണ്ടിട്ടും ഒന്ന് തിരിഞ്ഞുനോക്കാന്‍ പോലും ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ലോകത്തിന്റെ മനഃസാക്ഷിക്ക് മുന്നിലേക്ക് ഞങ്ങളുടെ സമരം വെയ്ക്കുകയാണ്. ഈ സര്‍ക്കാര്‍ കണ്ണുതുറന്നില്ലെങ്കിലും ലോക മനഃസാക്ഷി ഞങ്ങളുടെ മുന്നില്‍ കണ്ണുതുറക്കുമെന്ന് വിശ്വസിക്കുന്നു. അമ്മമ്മാരുടെ കണ്ണുനീരാണ് അത്രയും. ഈ മുടി മുറിക്കലിലൂടെ ഇടതുപക്ഷ ജനാധിപത്യത്തിന്റെ കുലം തന്നെ മുടിഞ്ഞുപോകും.’- ആശ വര്‍ക്കർമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആശ വര്‍ക്കര്‍മാരുടെ നിരാഹാര സമരം പതിനൊന്നാം ദിവസത്തിലേക്കാണ് കടന്നത്. സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് സമരത്തിന്റെ 50-ാം ദിവസമായ ഇന്ന് മുടി മുറിച്ചും തല മുണ്ഡനം ചെയ്തും പ്രതിഷേധിച്ചത്. നൂറോളം ആശ വര്‍ക്കര്‍മാരാണ് മുടി മുറിക്കല്‍ സമരത്തില്‍ പങ്കാളിയായത്.
രാവിലെ 11ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള ആശാ പ്രവര്‍ത്തകര്‍ സമര വേദിയില്‍ ഒത്തുകൂടിയാണ് പ്രതിഷേധം അറിയിച്ചത്. പട്ടിണി കിടന്നു പ്രതിഷേധിച്ചിട്ടും തിരിഞ്ഞു നോക്കാന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനി പറഞ്ഞു. സമരത്തില്‍ പങ്കെടുത്ത ആശ വര്‍ക്കര്‍മാരുടെ കഴിഞ്ഞ മാസത്തെ ഓണറേറിയവും ഇന്‍സെന്റീവും തടഞ്ഞിരിക്കുകയാണ്. 154 ലോകരാജ്യങ്ങളിലെ 700 തൊഴിലാളി സംഘടനകള്‍ അംഗമായുള്ള ആഗോള തൊഴിലാളി ഫെഡറേഷന്‍ പബ്ലിക് സര്‍വീസ് ഇന്റര്‍നാഷണല്‍ (പി സി ഐ) ആശ സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
Recent Comments