പ്രവാസികള്‍ പോയ വര്‍ഷം അയച്ചത് 9.88 ലക്ഷം കോടി, കേരളം രണ്ടാമത്

പ്രവാസികള്‍ പോയ വര്‍ഷം അയച്ചത് 9.88 ലക്ഷം കോടി, കേരളം രണ്ടാമത്

തിരുവനന്തപുരം: കോവിഡ് മാന്ദ്യത്തിന് ശേഷം ആഗോള സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ വിദേശമലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വന്‍ വര്‍ധന. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ കണക്കില്‍ ദേശീയ തലത്തില്‍ കേരളത്തിന് രണ്ടാം സ്ഥാനമാണിപ്പോള്‍. ഒന്നാമത് മഹാരാഷ്ട്രയാണ്.

പ്രവാസി പണത്തെപ്പറ്റിയുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. 202324ല്‍ ഇന്ത്യയിലേക്കുള്ള പ്രവാസി പണത്തില്‍ കേരളത്തിന്റെ വിഹിതം 19.7 ശതമാനമായി ഉയര്‍ന്നു. 2020-21 ല്‍ 10.2 ശതമാനമായിരുന്നു. 2023-24ല്‍ ഇന്ത്യയിലേക്ക് ആകെയെത്തിയ പണം 9.88 ലക്ഷം കോടിയാണ്.

പ്രവാസി പണം കൂടുതല്‍ ലഭിച്ച മറ്റു സംസ്ഥാനങ്ങള്‍: തമിഴ്‌നാട്, 10.4 ശതമാനം, തെലങ്കാന, 8.1 ശതമാനം, കര്‍ണാടക 7.7 ശതമാനം എന്നിവയാണ്.

കേരളത്തില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ നല്ല വര്‍ധനയുണ്ടെന്ന് കേരളാ മൈഗ്രേഷന്‍ സര്‍വേയെ അധികരിച്ച് ആര്‍.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാക്കള്‍ കൂടുതലും പഠനാവശ്യത്തിനാണ് പുറത്തേക്ക് പോകുന്നത്. ഗള്‍ഫ് ഒഴികെയുള്ള രാജ്യങ്ങളിലേക്കാണ്, അതായതു കൂടുതലും വികസിത രാജ്യങ്ങളിലേക്കാണ് ഇവര്‍ വിമാനം കയറിയത്.

പ്രവാസി പണത്തിന്റെ ഒഴുക്കില്‍ ഗള്‍ഫ് രാജ്യങ്ങളുടെ കുത്തക അവസാനിക്കുകയാണെന്നും ആര്‍.ബി.ഐ റിപ്പോര്‍ട്ടിലുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വികസിത രാജ്യങ്ങളിലേക്കുള്ള വര്‍ധിച്ച കുടിയേറ്റത്തിന്റെ ഫലം പണത്തിന്റെ വരവിലുമുണ്ട്.

ഇതൊക്കെയാണെങ്കിലും പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാനുള്ള ചെലവ് ഇപ്പോഴും ഉയര്‍ന്നുതന്നെയാണ്. 200 യു എസ് ഡോളര്‍ അയക്കാന്‍ 4.9 ശതമാനമാണ് ചെലവ്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പ്രകാരം ഇത് 3 ശതമാനമായി കുറക്കേണ്ടതുണ്ടെന്നും ആര്‍ബിഐ പറയുന്നു.

മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ഇല്ല; ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ഇല്ല; ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി തള്ളി. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനും വിവരാവകാശ പ്രവര്‍ത്തകനായ കളമശ്ശേരി സ്വദേശി അന്തരിച്ച ഗിരീഷ് ബാബുവും നല്‍കിയ റിവിഷന്‍ ഹര്‍ജികളാണ് കോടതി തള്ളിയത്. ജസ്റ്റിസ് കെ ബാബുവിന്റേതാണ് ഉത്തരവ്.

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സിഎംആര്‍ എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് സിഎംആര്‍ എല്ലില്‍ നിന്ന് എക്‌സാലോജിക് കമ്പനി മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നുമായിരുന്നു വാദം.

വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട് വെയര്‍ സേവനത്തിന്റെ പേരില്‍ ഒരു കോടി 72 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതില്‍ ഇഡി കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.

മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് റിവിഷന്‍ ഹര്‍ജി നല്‍കിയത്. സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടി രൂപയുടെ അഴിമതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ജനുവരിയില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എസ്എഫ്‌ഐഒ -ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് കേന്ദ്രം സമര്‍പ്പിച്ചത്.

സതീഷ്കുമാർ (63) നിര്യാതനായി

സതീഷ്കുമാർ (63) നിര്യാതനായി

അരയത്തുരുത്തി വലിയവീട്ടിൽ പരേതരായ വാസുദേവന്റെയും കുഞ്ഞുലക്ഷ്മിയുടെയും മകൻ സതീഷ്കുമാർ (63) നിര്യാതനായി.
ഭാര്യ: ശ്രീലത (നന്ദിനി)
മക്കൾ: അജീഷ് (അപ്പു), ശ്രീജേഷ്.

ഏപ്രിലില്‍ 15 ദിവസം ബാങ്ക് അവധി: പട്ടിക ഇങ്ങനെ

ഏപ്രിലില്‍ 15 ദിവസം ബാങ്ക് അവധി: പട്ടിക ഇങ്ങനെ

ന്യൂഡല്‍ഹി: ഏപ്രില്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ബാങ്കിന് അവധിയാണ്. മഹാവീര്‍ ജയന്തി, അംബേദ്കര്‍ ജയന്തി, ദുഃഖ വെള്ളി, ബസവ ജയന്തി, വിഷു, അക്ഷയ തൃതീയ തുടങ്ങി നിരവധി പ്രധാനപ്പെട്ട ദിനങ്ങള്‍ ഏപ്രിലില്‍ വരുന്നുണ്ട്. പ്രാധാന്യം അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി. വാര്‍ഷിക അക്കൗണ്ട് ക്ലോസുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്നിന് എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകള്‍ക്ക് അവധിയാണ്.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഏപ്രില്‍ മാസത്തില്‍ മൊത്തം 15 ബാങ്ക് അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

ഏപ്രില്‍ 1 (ചൊവ്വ) – ബാങ്കുകളുടെ വാര്‍ഷിക അക്കൗണ്ട് ക്ലോസിങ്- എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകള്‍ക്ക് അവധി

ഏപ്രില്‍ 5 (ശനി) ബാബു ജഗ്ജീവന്‍ റാമിന്റെ ജന്മദിനം-തെലങ്കാനയില്‍ ബാങ്കുകള്‍ അവധി

ഏപ്രില്‍ ആറ് (ഞായറാഴ്ച)- ബാങ്ക് അവധി

ഏപ്രില്‍ 10 (വ്യാഴം) മഹാവീര്‍ ജയന്തി-ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തെലങ്കാന എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി.

ഏപ്രില്‍ 12 (രണ്ടാം ശനിയാഴ്ച)

ഏപ്രില്‍ 13 ( ഞായറാഴ്ച)

ഏപ്രില്‍ 14 (തിങ്കളാഴ്ച) അംബേദ്കര്‍ ജയന്തി, വിഷു, ബിഹു, തമിഴ് പുതുവത്സരം- മിസോറാം, മധ്യപ്രദേശ്, ചണ്ഡീഗഡ്, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, ന്യൂഡല്‍ഹി, ഛത്തീസ്ഗഡ്, മേഘാലയ, ഹിമാചല്‍ പ്രദേശ് എന്നിവ ഒഴികെയുള്ള പല സംസ്ഥാനങ്ങളിലും ഈ ദിവസം ബാങ്കുകള്‍ക്ക് അവധി.

ഏപ്രില്‍ 15 (ചൊവ്വ) ബംഗാളി പുതുവത്സരം, ബൊഹാഗ് ബിഹു, ഹിമാചല്‍ ദിനം- അസം, പശ്ചിമ ബംഗാള്‍, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി

ഏപ്രില്‍ 18 (വെള്ളി) ദുഃഖവെള്ളി- ത്രിപുര, അസം, രാജസ്ഥാന്‍, ജമ്മു, ഹിമാചല്‍ പ്രദേശ്, ശ്രീനഗര്‍ എന്നിവ ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും അവധി

ഏപ്രില്‍ 20- ഈസ്റ്റര്‍- ഞായറാഴ്ച

ഏപ്രില്‍ 21 (തിങ്കള്‍) ഗാരിയ പൂജ- ത്രിപുരയില്‍ ബാങ്കുകള്‍ക്ക് അവധി

ഏപ്രില്‍ 26- നാലാമത്തെ ശനിയാഴ്ച

ഏപ്രില്‍ 27- ഞായറാഴ്ച

ഏപ്രില്‍ 29 (ചൊവ്വ) പരശുരാമ ജയന്തി- ഹിമാചല്‍ പ്രദേശില്‍ ബാങ്കുകള്‍ക്ക് അവധി

ഏപ്രില്‍ 30 (ബുധന്‍) ബസവ ജയന്തിയും അക്ഷയ തൃതീയയും- കര്‍ണാടകയില്‍ ബാങ്കുകള്‍ക്ക് അവധി.

പെട്രോള്‍ അടിക്കുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാറുണ്ടോ?, തട്ടിപ്പില്‍ വീഴാം; മുന്നറിയിപ്പ്

പെട്രോള്‍ അടിക്കുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാറുണ്ടോ?, തട്ടിപ്പില്‍ വീഴാം; മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. കാര്‍ഡ് സൈ്വപ്പ് ചെയ്ത് പണം നല്‍കുമ്പോള്‍ സ്‌കിമ്മിങ്ങിന് ഇരയാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും ബിസിനസ് കണ്‍സള്‍ട്ടന്റുമായ സാര്‍ത്ഥക് അഹൂജ മുന്നറിയിപ്പ് നല്‍കി. സൈ്വപ്പ് ചെയ്ത് പണം നല്‍കുന്നതിന് പകരം യുപിഐ അല്ലെങ്കില്‍ ടച്ച്‌ലെസ് പേയ്‌മെന്റ് രീതികള്‍ പരീക്ഷിക്കാനും സാര്‍ത്ഥക് അഹൂജ ഇന്‍സ്റ്റയിലൂടെ നിര്‍ദേശിച്ചു.

സ്‌കിമ്മിങ്ങിന് ഇരയായി ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ട ഒരാളുടെ ദുരനുഭവം വിവരിച്ച് കൊണ്ടാണ് സാര്‍ത്ഥക അഹൂജ മുന്നറിയിപ്പ് നല്‍കിയത്. ‘കാറില്‍ ഇന്ധനം നിറയ്ക്കാന്‍ കാര്‍ഡ് സൈ്വപ്പ് ചെയ്ത് പിന്‍ നല്‍കിയെങ്കിലും ഇടപാട് നിരസിച്ചു. വീണ്ടും പിന്‍ നമ്പര്‍ നല്‍കിയെങ്കിലും കാര്‍ഡ് വീണ്ടും നിരസിക്കപ്പെട്ടു. മൂന്നാം തവണയും ശ്രമിച്ചപ്പോള്‍ പണമടയ്ക്കാന്‍ സാധിച്ചു. എന്നിരുന്നാലും, ആദ്യത്തെ രണ്ട് തവണയും ഇടപാട് നിരസിച്ച സന്ദേശം അദ്ദേഹത്തിന് ലഭിച്ചില്ല. രണ്ടാഴ്ചകള്‍ക്ക് ശേഷം കാര്‍ഡില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപ പിന്‍വലിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായ കാര്യം അറിഞ്ഞത്. അന്വേഷണത്തില്‍ പെട്രോള്‍ സ്റ്റേഷനില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്തപ്പോഴാണ് പണം നഷ്ടമായതെന്ന് മനസിലായി. കാര്‍ഡ് ക്ലോണ്‍ ചെയ്ത് ആരോ തട്ടിപ്പ് നടത്തി എന്ന് മനസിലായി’- സാര്‍ത്ഥക് അഹൂജ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ വിവരിച്ചു.

ഈ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ മൂന്ന് മാര്‍ഗനിര്‍ദേശങ്ങളും സാര്‍ത്ഥക് അഹൂജ പങ്കുവെച്ചു.

1 യുപിഐ അല്ലെങ്കില്‍ ടച്ച്‌ലെസ് പേയ്‌മെന്റ് രീതികള്‍ പരീക്ഷിക്കൂക.

2 കാര്‍ഡ് സൈ്വപ്പ് ചെയ്യുന്നത് ഒഴിവാക്കുക. സംശയാസ്പദമായി തോന്നുന്ന മെഷീനില്‍ ഇടപാട് പരാജയപ്പെട്ടാല്‍ രജിസ്റ്റര്‍ ചെയ്ത ഫോണില്‍ ഇടപാട് നിരസിക്കപ്പെട്ടതായി കാണിച്ച് സന്ദേശം ലഭിക്കുന്നുണ്ടോ എന്ന് എപ്പോഴും പരിശോധിക്കുക. സന്ദേശമില്ലെങ്കില്‍, പിന്‍ ഉപയോഗിച്ച് കാര്‍ഡ് ക്ലോണ്‍ ചെയ്തിരിക്കാം.

3 വിദേശത്തേക്ക് യാത്ര ചെയ്യുന്നില്ലെങ്കില്‍ കാര്‍ഡിലെ അന്താരാഷ്ട്ര പേയ്‌മെന്റുകള്‍ പ്രവര്‍ത്തനരഹിതമാക്കുക. കാരണം സ്‌കിംഡ് കാര്‍ഡുകളില്‍ നിന്നുള്ള ഈ പേയ്‌മെന്റുകളില്‍ ഭൂരിഭാഗവും വിദേശത്ത് വച്ചാണ് നടക്കുന്നത്.

ആ സ്ത്രീ ആര്? ജസ്റ്റിസ് യശ്വന്ത് ശര്‍മയുടെ വീട്ടില്‍ നിന്നും പണം മാറ്റിയത് എവിടേയ്ക്ക്? അന്വേഷണം

ആ സ്ത്രീ ആര്? ജസ്റ്റിസ് യശ്വന്ത് ശര്‍മയുടെ വീട്ടില്‍ നിന്നും പണം മാറ്റിയത് എവിടേയ്ക്ക്? അന്വേഷണം

ഡല്‍ഹി: ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫയര്‍ഫോഴ്‌സ് തീ അണച്ച ശേഷം ജസ്റ്റിസിന്റെ വസതിയില്‍ ഒരു സ്ത്രീ എത്തിയിരുന്നതായും സംഭവം സമയത്ത് അവിടെ ഉണ്ടായിരുന്ന ഡല്‍ഹി പൊലീസുമായി ഇവര്‍ സംസാരിച്ചിരുന്നതായും കണ്ടെത്തല്‍. സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന പണം ഇവരുടെ കാറില്‍ മറ്റൊരിടത്തേക്ക് മാറ്റിയെന്നാണ് സൂചന.

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിച്ചിരുന്നു. തീ അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്സ് അംഗങ്ങളാണ് വീട്ടില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിക്കുകയായിരുന്നു.

ഫുള്‍ കോര്‍ട്ട് യോഗത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിഷയം ധരിപ്പിച്ചിരുന്നു. ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനുള്ള കൊളീജിയം തീരുമാനവും ചീഫ് ജസ്റ്റിസ് യോഗത്തെ അറിയിച്ചു. ഇതിനിടെ യശ്വന്ത് വര്‍മയ്ക്കെതിരെ കടുത്ത നടപടി വേണമെന്ന് ചില ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ആഭ്യന്തര അന്വേഷണത്തിന് ഫുള്‍ കോര്‍ട്ട് യോഗം തീരുമാനമെടുത്തത്. ആഭ്യന്തര അന്വേഷണത്തിന് സുപ്രീം കോടതിയിലെ ഒരു ജഡ്ജി നേതൃത്വം നല്‍കും. രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും ആഭ്യന്തര അന്വേഷണ സമിതിയില്‍ അംഗമായിരിക്കും.