പെട്രോള്‍ അടിക്കുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാറുണ്ടോ?, തട്ടിപ്പില്‍ വീഴാം; മുന്നറിയിപ്പ്

പെട്രോള്‍ അടിക്കുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാറുണ്ടോ?, തട്ടിപ്പില്‍ വീഴാം; മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. കാര്‍ഡ് സൈ്വപ്പ് ചെയ്ത് പണം നല്‍കുമ്പോള്‍ സ്‌കിമ്മിങ്ങിന് ഇരയാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും ബിസിനസ് കണ്‍സള്‍ട്ടന്റുമായ സാര്‍ത്ഥക് അഹൂജ മുന്നറിയിപ്പ് നല്‍കി. സൈ്വപ്പ് ചെയ്ത് പണം നല്‍കുന്നതിന് പകരം യുപിഐ അല്ലെങ്കില്‍ ടച്ച്‌ലെസ് പേയ്‌മെന്റ് രീതികള്‍ പരീക്ഷിക്കാനും സാര്‍ത്ഥക് അഹൂജ ഇന്‍സ്റ്റയിലൂടെ നിര്‍ദേശിച്ചു.

സ്‌കിമ്മിങ്ങിന് ഇരയായി ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ട ഒരാളുടെ ദുരനുഭവം വിവരിച്ച് കൊണ്ടാണ് സാര്‍ത്ഥക അഹൂജ മുന്നറിയിപ്പ് നല്‍കിയത്. ‘കാറില്‍ ഇന്ധനം നിറയ്ക്കാന്‍ കാര്‍ഡ് സൈ്വപ്പ് ചെയ്ത് പിന്‍ നല്‍കിയെങ്കിലും ഇടപാട് നിരസിച്ചു. വീണ്ടും പിന്‍ നമ്പര്‍ നല്‍കിയെങ്കിലും കാര്‍ഡ് വീണ്ടും നിരസിക്കപ്പെട്ടു. മൂന്നാം തവണയും ശ്രമിച്ചപ്പോള്‍ പണമടയ്ക്കാന്‍ സാധിച്ചു. എന്നിരുന്നാലും, ആദ്യത്തെ രണ്ട് തവണയും ഇടപാട് നിരസിച്ച സന്ദേശം അദ്ദേഹത്തിന് ലഭിച്ചില്ല. രണ്ടാഴ്ചകള്‍ക്ക് ശേഷം കാര്‍ഡില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപ പിന്‍വലിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായ കാര്യം അറിഞ്ഞത്. അന്വേഷണത്തില്‍ പെട്രോള്‍ സ്റ്റേഷനില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്തപ്പോഴാണ് പണം നഷ്ടമായതെന്ന് മനസിലായി. കാര്‍ഡ് ക്ലോണ്‍ ചെയ്ത് ആരോ തട്ടിപ്പ് നടത്തി എന്ന് മനസിലായി’- സാര്‍ത്ഥക് അഹൂജ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ വിവരിച്ചു.

ഈ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ മൂന്ന് മാര്‍ഗനിര്‍ദേശങ്ങളും സാര്‍ത്ഥക് അഹൂജ പങ്കുവെച്ചു.

1 യുപിഐ അല്ലെങ്കില്‍ ടച്ച്‌ലെസ് പേയ്‌മെന്റ് രീതികള്‍ പരീക്ഷിക്കൂക.

2 കാര്‍ഡ് സൈ്വപ്പ് ചെയ്യുന്നത് ഒഴിവാക്കുക. സംശയാസ്പദമായി തോന്നുന്ന മെഷീനില്‍ ഇടപാട് പരാജയപ്പെട്ടാല്‍ രജിസ്റ്റര്‍ ചെയ്ത ഫോണില്‍ ഇടപാട് നിരസിക്കപ്പെട്ടതായി കാണിച്ച് സന്ദേശം ലഭിക്കുന്നുണ്ടോ എന്ന് എപ്പോഴും പരിശോധിക്കുക. സന്ദേശമില്ലെങ്കില്‍, പിന്‍ ഉപയോഗിച്ച് കാര്‍ഡ് ക്ലോണ്‍ ചെയ്തിരിക്കാം.

3 വിദേശത്തേക്ക് യാത്ര ചെയ്യുന്നില്ലെങ്കില്‍ കാര്‍ഡിലെ അന്താരാഷ്ട്ര പേയ്‌മെന്റുകള്‍ പ്രവര്‍ത്തനരഹിതമാക്കുക. കാരണം സ്‌കിംഡ് കാര്‍ഡുകളില്‍ നിന്നുള്ള ഈ പേയ്‌മെന്റുകളില്‍ ഭൂരിഭാഗവും വിദേശത്ത് വച്ചാണ് നടക്കുന്നത്.

ആ സ്ത്രീ ആര്? ജസ്റ്റിസ് യശ്വന്ത് ശര്‍മയുടെ വീട്ടില്‍ നിന്നും പണം മാറ്റിയത് എവിടേയ്ക്ക്? അന്വേഷണം

ആ സ്ത്രീ ആര്? ജസ്റ്റിസ് യശ്വന്ത് ശര്‍മയുടെ വീട്ടില്‍ നിന്നും പണം മാറ്റിയത് എവിടേയ്ക്ക്? അന്വേഷണം

ഡല്‍ഹി: ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫയര്‍ഫോഴ്‌സ് തീ അണച്ച ശേഷം ജസ്റ്റിസിന്റെ വസതിയില്‍ ഒരു സ്ത്രീ എത്തിയിരുന്നതായും സംഭവം സമയത്ത് അവിടെ ഉണ്ടായിരുന്ന ഡല്‍ഹി പൊലീസുമായി ഇവര്‍ സംസാരിച്ചിരുന്നതായും കണ്ടെത്തല്‍. സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന പണം ഇവരുടെ കാറില്‍ മറ്റൊരിടത്തേക്ക് മാറ്റിയെന്നാണ് സൂചന.

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിച്ചിരുന്നു. തീ അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്സ് അംഗങ്ങളാണ് വീട്ടില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിക്കുകയായിരുന്നു.

ഫുള്‍ കോര്‍ട്ട് യോഗത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിഷയം ധരിപ്പിച്ചിരുന്നു. ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനുള്ള കൊളീജിയം തീരുമാനവും ചീഫ് ജസ്റ്റിസ് യോഗത്തെ അറിയിച്ചു. ഇതിനിടെ യശ്വന്ത് വര്‍മയ്ക്കെതിരെ കടുത്ത നടപടി വേണമെന്ന് ചില ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ആഭ്യന്തര അന്വേഷണത്തിന് ഫുള്‍ കോര്‍ട്ട് യോഗം തീരുമാനമെടുത്തത്. ആഭ്യന്തര അന്വേഷണത്തിന് സുപ്രീം കോടതിയിലെ ഒരു ജഡ്ജി നേതൃത്വം നല്‍കും. രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും ആഭ്യന്തര അന്വേഷണ സമിതിയില്‍ അംഗമായിരിക്കും.

തറയിലും ഭിത്തിയിലും രക്തക്കറ, മുടിയുടെ അവശിഷ്ടങ്ങള്‍; ബിജുവിന്റെ മൃതദേഹം ആദ്യമെത്തിച്ചത് ജോമോന്റെ വീട്ടില്‍, തെളിവെടുപ്പ്

തറയിലും ഭിത്തിയിലും രക്തക്കറ, മുടിയുടെ അവശിഷ്ടങ്ങള്‍; ബിജുവിന്റെ മൃതദേഹം ആദ്യമെത്തിച്ചത് ജോമോന്റെ വീട്ടില്‍, തെളിവെടുപ്പ്

തൊടുപുഴ: ക്വട്ടേഷന്‍ നല്‍കി ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി മാന്‍ഹോളില്‍ തള്ളുന്നതിന് മുമ്പ് മൃതദേഹം ഒന്നാം പ്രതി ജോമോന്റെ വീട്ടിലെത്തിച്ചതായി പൊലീസ് കണ്ടെത്തി. ഇടുക്കി തൊടുപുഴ ബിജു വധക്കേസില്‍ ജോമോന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ മൃതദേഹം വീട്ടില്‍ എത്തിച്ചതിന്റെ തെളിവാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ജോമോന്റെ വീട്ടിലെ തറയിലും ഭിത്തിയിലുമാണ് രക്തക്കറ കണ്ടെത്തിയത്. മുടിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ മുറിക്കുള്ളിലാണ് ബിജുവിനെ കിടത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. കേസില്‍ അറസ്റ്റിലായ നാല് പ്രതികളെയും ഒന്നാം പ്രതി ജോമോന്റെ വെട്ടിമറ്റത്തുള്ള വീട്ടില്‍ എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്.

ബിജുവിനെ തട്ടിക്കൊണ്ടുപോയി വാഹനത്തില്‍ വച്ച് മര്‍ദിച്ച ശേഷം ജോമോന്റെ വീട്ടില്‍ എത്തിച്ചുവെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. പ്രതികളായ ജോമോനും മുഹമ്മദ് അസ്ലമും ആഷിഖും ചേര്‍ന്നാണ് ബിജുവിനെ വീട്ടിലെത്തിച്ചത്. മരിച്ചെന്നുറപ്പായപ്പോള്‍ പ്രതികള്‍ നാല് പേരും ചേര്‍ന്നാണ് ബിജുവിന്റെ മൃതദേഹം ഗോഡൗണിലേക്ക് മാറ്റിയത്. കൃറ്റകൃത്യം നടന്ന സ്ഥലത്ത് ഫോറന്‍സിക്, വിരലടയാള വിദഗ്ധരും പരിശോധന നടത്തി. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.

ബിജു മരിച്ചെന്നുറപ്പായ ശേഷമാണ് കലയന്താനിയിലെ ഗോഡൗണില്‍ എത്തിച്ച് മാന്‍ഹോളില്‍ തള്ളിയത്. കേസില്‍ ജോമോന്റെ വീട്ടുകാരുള്‍പ്പെടെ മറ്റാര്‍ക്കെങ്കിലും കൂടുതല്‍ പങ്ക് ഉണ്ടോയെന്നും അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു. കേസില്‍ അറസ്റ്റിലായ ജോമോന്‍ ജോസ്, ആഷിക്ക് ജോണ്‍സണ്‍, മുഹമ്മദ് അസ്ലം, ജോമിന്‍ എന്നിവരെ കോടതി നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

കേസില്‍ മുഖ്യപ്രതിയായ ജോമോന്‍ ബിജുവിന്റെ മുന്‍ ബിസിനസ് പങ്കാളിയാണ്. ഇരുവരും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നി വകുപ്പുകള്‍ ചുമത്തിയാണ് ജോമോനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോമോന്‍ ബിജുവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തതാണെന്നാണ് മൊഴി.

ഗുരുവായൂര്‍ ദേവസ്വം ക്ഷേത്ര ധനസഹായം പത്തുകോടിയായി ഉയര്‍ത്തി

ഗുരുവായൂര്‍ ദേവസ്വം ക്ഷേത്ര ധനസഹായം പത്തുകോടിയായി ഉയര്‍ത്തി

തൃശൂര്‍: ഇതര ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണത്തിന് ഗുരുവായൂര്‍ ദേവസ്വം നല്‍കിവരുന്ന ക്ഷേത്ര ധനസഹായത്തുക പത്തുകോടിയായി ഉയര്‍ത്തി. ദേവസ്വം ഭരണസമിതി തീരുമാനത്തോടെ ജീര്‍ണ്ണാവസ്ഥയിലുള്ള കൂടുതല്‍ പൊതു ക്ഷേത്രങ്ങള്‍ക്ക് പുനരുദ്ധാരണത്തിനായി ഗുരുവായൂര്‍ ദേവസ്വത്തിന്റെ സഹായം ലഭ്യമാകും. 2025 വര്‍ഷത്തെ ധനസഹായ വിതരണത്തിന്റെ ആദ്യഘട്ടം തെക്കന്‍ മേഖലയിലെ ക്ഷേത്രങ്ങള്‍ക്കാണ്.

മാര്‍ച്ച് 30 ഞായറാഴ്ച രാവിലെ 10 ന് കോട്ടയം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രാങ്കണത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ ക്ഷേത്രങ്ങള്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ഉള്‍പ്പെടുന്ന തെക്കന്‍ മേഖലയിലെ ആറു ജില്ലകളിലെ 314 ക്ഷേത്രങ്ങള്‍ക്കായി 2 കോടി പതിനേഴ് ലക്ഷത്തി പന്ത്രണ്ടായിരം രൂപയുടെ ധനസഹായമാണ് ചടങ്ങില്‍ വിതരണം ചെയ്യുന്നത്. 2024 ല്‍ തെക്കന്‍ മേഖലയിലെ 252 ക്ഷേത്രങ്ങള്‍ക്ക് 1 കോടി 40 ലക്ഷം രൂപയുടെ ധനസഹായം കൈമാറിയിരുന്നു. സംസ്ഥാനത്തെ മറ്റ് 8 ജില്ലകളിലെ ക്ഷേത്രങ്ങള്‍ക്കുള്ള ധനസഹായവും വൈകാതെ നല്‍കുന്നതാണ്.

ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ അധ്യക്ഷത വഹിക്കും. എം പിമാരായ ജോസ് കെ മാണി ,അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഗവ.ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ് മുഖ്യാതിഥിയായി പങ്കെടുക്കും.

ചടങ്ങില്‍ കോട്ടയം ജില്ലയിലെ എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ,മോന്‍സ് ജോസഫ്, മാണി സി കാപ്പന്‍, സി കെ ആശ, ചാണ്ടി ഉമ്മന്‍, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ജോബ് മൈക്കിള്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ മാനവേദന്‍ രാജ, മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, പി സി ദിനേശന്‍ നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥന്‍ ,മനോജ് ബി നായര്‍ ,അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍, ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സിലര്‍ സുരേഷ് ആര്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ദേവസ്വം ഭരണസമിതി അംഗങ്ങളായ മനോജ് ബി നായര്‍ സ്വാഗതവും കെ പി വിശ്വനാഥന്‍ കൃതജ്ഞതയും രേഖപ്പെടുത്തും. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

പൊലീസിന്റെ അധികാരം വ്യക്തികളെ ഉപദ്രവിക്കാനുള്ള ആയുധമാക്കരുത്: ഹൈക്കോടതി

പൊലീസിന്റെ അധികാരം വ്യക്തികളെ ഉപദ്രവിക്കാനുള്ള ആയുധമാക്കരുത്: ഹൈക്കോടതി

കൊച്ചി: കേസന്വേഷണത്തിനായി സംശയമുള്ളവരെയും സാക്ഷികളെയും വിളിച്ചു വരുത്താന്‍ പൊലീസിനുള്ള അധികാരം വ്യക്തികളെ ഉപദ്രവിക്കാനുള്ള ആയുധമായി മാറ്റരുതെന്നു ഹൈക്കോടതി. അന്വേഷണത്തിലിരിക്കുന്ന കേസിലെ പ്രതിയുടെ അഭിഭാഷകനു നോട്ടീസ് നല്‍കിയ ഞാറയ്ക്കല്‍ എസ്‌ഐയ്‌ക്കെതിരെയുള്ള ഹര്‍ജി തീര്‍പ്പാക്കിയുള്ള ഉത്തരവിലാണു ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഇക്കാര്യം പറഞ്ഞത്.

പൊലീസ് നോട്ടീസ് നല്‍കിയതിനെതിരെ അഭിഭാഷകന്‍ കെ കെ അജികുമാര്‍ നല്‍കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.പ്രതികളുമായി നടത്തിയ ആശയ വിനിമയങ്ങളുടെയും ഇടപാടുകളുടെയും വിശദാംശങ്ങള്‍ അറിയാന്‍ പൊലീസിന് അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ അധികാരമില്ലെന്നു കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ അഭിഭാഷകനു നിയമപരമായ പരിരക്ഷയുണ്ട്.

ഫോറിനേഴ്‌സ് ആക്ടിന്റെ ഉള്‍പ്പെടെ ലംഘനമാരോപിച്ചു ബംഗാള്‍ സ്വദേശികളായ ദമ്പതികളെ ഞാറയ്ക്കല്‍ പൊലീസ് ഫെബ്രുവരി അറസ്റ്റ് ചെയ്തിരുന്നു. ബംഗ്ലദേശ് സ്വദേശിക്കു താമസസൗകര്യം നല്‍കിയെന്നാരോപിച്ചായിരുന്നു നടപടി. ഹൈക്കോടതിയില്‍ വിഷയം എത്തിയതോടെ പൊലീസ് നോട്ടീസ് പിന്‍വലിച്ചിരുന്നു. നോട്ടിസ് പിന്‍വലിച്ചതും കണക്കിലെടുത്താണു ഹര്‍ജി തീര്‍പ്പാക്കിയത്.

കത്തോലിക്കാ സഭയ്‌ക്കെതിരെ അപകീര്‍ത്തി വിഡിയോ; സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ യൂട്യൂബര്‍ക്ക് സസ്‌പെന്‍ഷന്‍

കത്തോലിക്കാ സഭയ്‌ക്കെതിരെ അപകീര്‍ത്തി വിഡിയോ; സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ യൂട്യൂബര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: കത്തോലിക്കാ സഭയ്ക്കും പുരോഹിതന്‍മാര്‍ക്കുമെതിരെ അപകീര്‍ത്തികരമായ വീഡിയോകള്‍ യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ച കെഎംഎംഎല്‍ കമ്യൂണിറ്റി ആന്റ് പബ്ലിക് റിലേഷന്‍ മാനേജര്‍ അനില്‍ മുഹമ്മദിന് സസ്‌പെന്‍ഷന്‍. അപകീര്‍ത്തികരമായ ഉള്ളടക്കത്തോടെ ജങ്ഷന്‍ ഹാക്ക്, അനില്‍ ടോക്‌സ് എന്നീ യൂട്യൂബ് ചാനലുകള്‍ വഴി അവഹേളനപരമായ വീഡിയോകള്‍ പ്രചരിപ്പിച്ചതിനെതിരെ കൊല്ലം രൂപതാ ബിഷപ്പ് ഹൗസ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

കെഎംഎംഎല്‍ മിനറല്‍ സപ്പറേഷന്‍ യൂണിറ്റിലെ കമ്യൂണിറ്റ് ആന്റ് പബ്ലിക് റിലേഷന്‍ മാനേജരാണ് അനില്‍. ബിഷപ്പ് ഹൗസിന്റെ പരാതിയെത്തുടര്‍ന്ന് വ്യവസായ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ആനി ജൂലിയ തോമസ് ഐഎഎസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്‍മേലാണ് നടപടി. പരാതിക്കൊപ്പം അനില്‍ മുഹമ്മദ് നടത്തിയിട്ടുള്ള ക്രിസ്ത്യന്‍ അവഹേളനങ്ങളുടെ 21 ഓളം വീഡിയോകളും നല്‍കിയിരുന്നു.