മാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

മാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സിഎംആര്‍ എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ആവശ്യം. മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെ മാത്യു കുഴല്‍നാടന്‍ എം എല്‍ എയും കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവും സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ എതിര്‍കക്ഷികളാക്കിയാണ് മാത്യു കുഴല്‍നാടന്റെ ഹര്‍ജി. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎം ആര്‍ എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നുമാണ് വാദം. ഹര്‍ജിയില്‍ മാസങ്ങള്‍ക്കുമുമ്പ് വാദം പൂര്‍ത്തിയാക്കിയിരുന്നു.

‘സെപ്റ്റംബറോടെ ആലപ്പുഴയെ ദാരിദ്ര്യമുക്തമാക്കും’; മന്ത്രി

‘സെപ്റ്റംബറോടെ ആലപ്പുഴയെ ദാരിദ്ര്യമുക്തമാക്കും’; മന്ത്രി

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ അതി​ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാ​ഗമായി സെപ്റ്റംബറോടെ ആലപ്പുഴ ജില്ലയെ ദാരിദ്ര്യമുക്തമാക്കുമെന്നു കൃഷി മന്ത്രി പി പ്രസാദ്. കലക്ടറേറ്റിൽ നടന്ന അവലോകന യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കലക്ടർ അടക്കമുള്ള ഉദ്യോ​ഗസ്ഥരും യോ​ഗത്തിൽ പങ്കെടുത്തു.

ജില്ലയിലെ അതിദാരിദ്ര്യ നിർമാർജനത്തിനുള്ള ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഭൂരഹിതർക്കും ഭവനരഹിതർക്കും വേണ്ടിയുള്ള വീടുകൾ സെപ്റ്റംബറോടെ പൂർത്തീകരിക്കാൻ അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ഭവനരഹിതർക്കുള്ള വീടുകളുടെ നിർമാണം മെയ് മാസത്തോടെ പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു. അതേസമയം വീട് നവീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 15 നകം പൂർത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലയിൽ പദ്ധതിയുടെ 90.78% ഇതിനകം പൂർത്തിയായതായി ദാരിദ്ര്യ നിർമാർജന വകുപ്പ് അറിയിച്ചു. 2021 ൽ ആരംഭിച്ച അതിദാരിദ്ര്യ നിർമാർജന പദ്ധതി ഭക്ഷണം, ആരോഗ്യം, പാർപ്പിടം, വരുമാനം എന്നിവയിലെ പോരായ്മകൾ പരിഹരിച്ച് സംസ്ഥാനത്തെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ആലപ്പുഴയിൽ ഏറ്റവും ദരിദ്രരായ 3,613 കുടുംബങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ മിക്കവർക്കും ഇതിനകം സേവനങ്ങൾ നൽകി. 333 കുടുംബങ്ങൾക്ക് മാത്രമാണ് ഇനി സഹായങ്ങൾ ലഭിക്കാനുള്ളത്. തിരിച്ചറിഞ്ഞ എല്ലാ കുടുംബങ്ങൾക്കും ഭക്ഷണം, ആരോഗ്യം, വരുമാനം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ പൂർണമായും പരിഹരിച്ചു. കൂടാതെ, ആവശ്യമുള്ള 208 പേർക്ക് വാടക വീട് ഒരുക്കി നൽകിയിട്ടുണ്ട്.

മൊത്തം 466 കുടുംബങ്ങൾക്ക് വീട് പുതുക്കിപ്പണിയേണ്ടതുണ്ട്. 39 കുടുംബങ്ങളുടെ കാര്യത്തിലാണ് ഇനി നടപടി ആവശ്യമുള്ളത്. ശേഷിക്കുന്ന ഗുണഭോക്താക്കൾക്ക് ഭൂമിയും വീടും നൽകുന്ന പ്രക്രിയ അവസാന ഘട്ടത്തിലാണെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.

കോൺഗ്രസ്‌ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ഒപ്പുശേഖരണപരിപാടി നടത്തി

കോൺഗ്രസ്‌ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ഒപ്പുശേഖരണപരിപാടി നടത്തി

ആറ്റിങ്ങൽ: ആറ്റിങ്ങൽ അവനവഞ്ചേരി ഗ്രാമം ജംഗ്ഷനിൽ പോസ്റ്റ് ഓഫീസിന് സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിനുവേണ്ടി തലേക്കുന്നിൽ ബഷീർ എം. പി ആയിരിക്കുന്ന കാലത്തു 22 സെന്റ് സ്ഥലം ഗ്രാമം ജംഗ്ഷനിൽ വാങ്ങിയെങ്കിലും കഴിഞ്ഞ 40 വർഷമായി കെട്ടിടം നിർമ്മിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അടൂർ പ്രകാശ് എം. പി ക്ക് ഭീമ ഹർജി നൽകുവാനുള്ള ഒപ്പുശേഖരണപരിപാടി അവനവഞ്ചേരി ജംഗ്ഷനിൽ കോൺഗ്രസ്‌ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ആരംഭിച്ചു.

പരിപാടിയുടെ ഉദ്ഘാടനം കെ. പി. സി. സി മുൻ എക്സിക്യൂട്ടീവ് അംഗം ഡോ. വി. എസ് അജിത് കുമാർ നിർവഹിച്ചു. തലേകുന്നിൽ ബഷീർ എം. പി യ്ക്ക് ശേഷം നീണ്ട 35 വർഷം ജനപ്രതിനിധികളായി അധികാരത്തിൽ വന്ന ഇടതുപക്ഷ പ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയാണ് കെട്ടിടം നിർമ്മിക്കാൻ തടസ്സമായതെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഒപ്പ് ശേഖരണപരിപാടിക്ക് കോൺഗ്രസ്‌ നേതാക്കളായ ജയചന്ദ്രൻ നായർ, എസ്. ശ്രീരംഗൻ, കെ. കൃഷ്ണമൂർത്തി, സലിം പാണന്റെമുക്കു,എസ്. സുദർശനൻപിള്ള എന്നിവർ നേതൃത്വം നൽകി.

കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാർ നഗരസഭാ ഓഫീസ് കവാടത്തിനു മുന്നില്‍ പ്രതിക്ഷേധിച്ചു

കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാർ നഗരസഭാ ഓഫീസ് കവാടത്തിനു മുന്നില്‍ പ്രതിക്ഷേധിച്ചു

ആറ്റിങ്ങല്‍: കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാർ നഗരസഭാ ഓഫീസ് കവാടത്തിനു മുന്നില്‍ പ്രതിക്ഷേധിച്ചു. 2025-26 വര്‍ഷത്തെ ആറ്റിങ്ങല്‍ നഗരസഭ ബഡ്ജറ്റ് ആവര്‍ത്തന വിരസതയുളളതാണെന്നും ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് അവതരിപ്പിച്ച ബഡജറ്റില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ പോലും നാളിതുവരെ നടപ്പിലാക്കാതെ
ഇപ്പോഴത്തെ ബഡ്ജറ്റില്‍ വീണ്ടും അവ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും ഈ കൗണ്‍സിലിന്‍റെ കാലഘട്ടത്തില്‍ ആറ്റിങ്ങല്‍ നഗരസഭയില്‍ യാതൊരു വികസന പ്രവര്‍ത്തനങ്ങളും ഇടതു പക്ഷ ഭരണ സമിതി നടത്തിയിട്ടില്ലെന്നും ബഡ്ജറ്റ് നഗരവികസനത്തെ ഇരുപതു വര്‍ഷം പിന്നോട്ടടിച്ചുവെന്നും നഗരസഭയുടെ കീഴില്‍ ജോലി ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് അയ്യായിരം രൂപ കൂടി അധികം വേതനം നല്‍കാനുളള നടപടി കൂടി ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തണമെന്നും കോണ്‍കോണ്‍ഗ്രസ്സ് പാര്‍ലമന്‍റെറി നേതാവ് പി. ഉണ്ണികൃഷ്ണ്‍ ബഡ്ജറ്റ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

എന്നാൽ ആശ വർക്കർമാരുടെ വേതനം വര്‍ദ്ധിപ്പിക്കണമെന്ന കാര്യം പരിഗണിക്കാന്‍ കഴിയില്ലെന്ന് സഭാ അദ്ധ്യക്ഷ കൂടിയായ ചെയര്‍പേഴ്സണ്‍ അറിയച്ചതൊടെ കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാരായ പി.ഉണ്ണികൃഷ്ണന്‍, വി.മുരളീധരന്‍നായര്‍, ജി.ശങ്കര്‍, കെ.ജെ. രവികുമാര്‍, രമാദേവിഅമ്മ, കെ.സതി തുടങ്ങിയവര്‍ ബഡ്ജറ്റ് ചര്‍ച്ച ബഹിഷ്കരിച്ചു നഗരസഭാ ഓഫീസ് കവാടത്തിനു മുന്നില്‍ പ്രതിക്ഷേധിച്ചു.

തിരുവനന്തപുരത്ത് എസ്ഐക്ക് കുത്തേറ്റു; ആക്രമിച്ചത് കഞ്ചാവ് കേസ് പ്രതി

തിരുവനന്തപുരത്ത് എസ്ഐക്ക് കുത്തേറ്റു; ആക്രമിച്ചത് കഞ്ചാവ് കേസ് പ്രതി

തിരുവനന്തപുരം പൂജപ്പുരയിൽ പൊലീസിനെ ആക്രമിച്ച് കഞ്ചാവ് കേസ് പ്രതി. എസ്‌ഐ സുധീഷിന് കുത്തേറ്റു. ശ്രീജിത്ത് ഉണ്ണി എന്നയാളാണ് ആക്രമിച്ചത്. എസ്ഐയെ കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് സംഭവം. കല്ലറമടം ക്ഷേത്രത്തിന് സമീപം ചിലര്‍ മദ്യപിച്ച് ബഹളം വെക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ കണ്ടെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതി പൊലീസിന് നേരെ തിരിഞ്ഞത്.

അരയില്‍ കരുതിയിരുന്ന കത്തിയെടുത്ത് വീശുകയായിരുന്നു. എസ്ഐ സുധീഷിന്റെ വയറ്റിൽ കുത്താനാണ് പ്രതി ശ്രമിച്ചത്. തടയുന്നതിനിടെ കയ്യിൽ പരുക്കേൽക്കുകയായിരുന്നു. കാപ്പ കേസ് പ്രതിയായ ശ്രീജിത്ത് ഉണ്ണി മൂന്ന് ദിവസം മുന്‍പാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ്
പ്രതി പൊലീസിനെ ആക്രമിച്ചത് എന്നാണ് എഫ്‌ഐആര്‍.

സി.പി.ഐ ഒറ്റൂർ ലോക്കൽ സമ്മേളനം സംഘടിപ്പിച്ചു

സി.പി.ഐ ഒറ്റൂർ ലോക്കൽ സമ്മേളനം സംഘടിപ്പിച്ചു

കല്ലമ്പലം: ഞെക്കാട് കേന്ദ്രീകരിച്ച് പുതിയ വില്ലേജ് ഓഫീസ് അനുവദിക്കണമെന്ന് സി.പി.ഐ ഒറ്റൂർ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഞെക്കാട് വെട്ടിമൺകോണം മേഖലയിലുള്ളവർ ഒറ്റൂര് വില്ലേജ് ഓഫീസിൽ എത്തണമെങ്കിൽ നിരവധി ബസ്സുകൾ കയറിയിറങ്ങണം. കാരണം ഒറ്റൂർ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത് മണമ്പൂരിനടുത്താണ്. നിലവിൽ ഞെക്കാട്, വെട്ടിമൺകോണം മേഖല പകുതി ഒറ്റൂർ വില്ലേജിന് കീഴിലും പകുതി ചെമ്മരുതി വില്ലേജിന് കീഴിലുമാണ്.

ചെമ്മരുതി വില്ലേജ് ഓഫീസിൽ എത്തണമെങ്കിലും ഇതേ അവസ്ഥയാണ് തദ്ദേശവാസികൾ നേരിടുന്നത്. രണ്ട് ബസ്സുകൾ കയറിയാൽ മാത്രമേ ചെമ്മരതി വില്ലേജ് ഓഫീസിൽ എത്തിച്ചേരുവാൻ കഴിയൂ. ഈ അവസ്ഥ ഒഴിവാക്കുവാൻ ഞെക്കാട് കേന്ദ്രമാക്കി പുതിയ വില്ലേജ് ഓഫീസ് അനുവദിക്കണമെന്നാണ് സി.പി.ഐ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.

സി.പി.ഐ ഒറ്റൂർ ലോക്കൽ സമ്മേളനം ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി സി.എസ്.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ.മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. വി.ശശി എം.എൽ.എ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം അഡ്വ.എം.മുഹ്സിൻ, കല്ലമ്പലം ഗോപാലകൃഷ്ണക്കുറുപ്പ്, കെ.ആർ.അനിൽ ദത്ത്, പി.എസ്.ആൻ്റസ്, മുകുന്ദൻ ബാബു എന്നിവർ പ്രസംഗിച്ചു. സമ്മേളനം സെക്രട്ടറിയായി ഒറ്റൂർ സുലിയെയും അസിസ്റ്റൻ്റ് സെക്രട്ടറിയായി മോഹനൻ നായരെയും തെരഞ്ഞെടുത്തു.