by Midhun HP News | Mar 21, 2025 | Latest News, ജില്ലാ വാർത്ത
മുടപുരം: അഴൂർ പഞ്ചായത്തിൽ വിവിധ വികസന പദ്ധതികൾക്കായി ഉപയോഗിക്കേണ്ട സർക്കാർ ഭൂമി വ്യക്തികൾക്ക് പതിച്ചുനൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി ജനകീയക്കൂട്ടായ്മ. പഞ്ചായത്തിലെ പത്താം വാർഡിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ശാസ്തവട്ടത്തെ ഗാന്ധിസ്മാരക നിധി കേന്ദ്രത്തിന്റെ ഏക്കർ കണക്കിന് ഭൂമിയാണ് അതിദരിദ്രരായ 40 കുടുംബങ്ങൾക്ക് പതിച്ചുനൽകാൻ തീരുമാനിച്ചത്. അതിദരിദ്ര കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതിനോട് ആക്ഷൻ കൗൺസിൽ എതിരല്ല. പഞ്ചായത്തിലെ വിലപിടിപ്പുള്ള കണ്ണായ ഈ ഭൂമി നൽകാതെ മൂല്യം കുറഞ്ഞ മറ്റ് ഭൂമി കണ്ടുപിടിച്ച് അവർക്ക് നൽകണമെന്നാണ് ആക്ഷൻ കൗൺസിലിന്റെ നിർദ്ദേശം.
1954ൽ 4 ഏക്കർ 85 സെന്റ് ഭൂമി ഗാന്ധിസ്മാരക നിധിക്ക് സർക്കാർ 99 വർഷത്തേക്ക് പാട്ടത്തിനു നൽകിയിരുന്നു. ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് തൊഴിൽസംരംഭങ്ങൾ ആരംഭിക്കുന്നതിന് പരിശീലനം നൽകുന്നതിനായാണ് ഗാന്ധിസ്മാരക നിധിക്ക് ഈ ഭൂമി പാട്ടത്തിന് നൽകിയത്. എന്നാൽ 2000ത്തോടെ ഗാന്ധിസ്മാരക നിധിയുടെ പ്രവർത്തനം മന്ദീഭവിച്ചു. 2012ൽ ഭൂമി തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനെതിരെ ഗാന്ധിസ്മാരകനിധി കേന്ദ്രം ഹൈക്കോടതിയിൽ കേസ് കൊടുക്കുകയും സർക്കാർ നടപടി കോടതി സ്റ്റേ ചെയ്യുകയുമുണ്ടായി. പിന്നീട് സർക്കാർ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് ലൈബ്രറിയും വായനശാലയും പ്രവർത്തിക്കുന്നതിനായി 15 സെന്റ് ഭൂമി ഒഴികെയുള്ള സ്ഥലം റവന്യു വകുപ്പ് ഏറ്റെടുത്തു.
by Midhun HP News | Mar 21, 2025 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ ബ്ലോക്ക് ജോബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിജ്ഞാനകേരള പദ്ധതിയുടെ ഭാഗമായി ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള പരിശീലനവും പദ്ധതിയുടെ പ്രധാന കേന്ദ്രമായ ബ്ലോക്ക് ജോബ് സ്റ്റേഷന്റെ ഉദ്ഘാടനവും ബ്ലോക്ക് പ്രസിഡന്റ് ബി പി മുരളി ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഐഷ റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി സ്മിത, ബേബി രവീന്ദ്രൻ, ജനരാജ് പി വി, സുഭാഷ് ചന്ദ്രൻ,സത്യശീലൻ എം, ബിനിൽ എസ് എന്നിവർ സംസാരിച്ചു.
by Midhun HP News | Mar 21, 2025 | Latest News, കേരളം
കൊച്ചി: വയനാട് പുനരധിവാസത്തില്‍ കേന്ദ്രഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയതായാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. കേന്ദ്രം അനുവദിച്ച പണം മാര്‍ച്ച് 31-നകം ചെലവഴിക്കണം എന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന വ്യവസ്ഥ.
ഫണ്ട് വിനിയോഗിക്കാന്‍ മാര്‍ച്ച് 31 എന്ന തീയതി നിശ്ചയിച്ചത് അപ്രായോഗികമാണെന്ന് കഴിഞ്ഞ സിറ്റിങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു. ഇതിന് മറുപടിയായാണ് സമയം നീട്ടിയതായി കേന്ദ്രം അറിയിച്ചത്.
പുനരധിവാസവുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദ്ദവും പ്രതിഷേധവും ഉണ്ടായപ്പോഴാണ് 520 കോടി രൂപയുടെ സഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതുമായി ബന്ധപ്പെട്ട 16 പദ്ധതികള്‍ക്കാണ് പണം ചെലവഴിക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. സമയം നീട്ടി നല്‍കിയിട്ടുണ്ടെങ്കിലും ചില വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.ഈ തുക പുനരധിവാസം നടത്തുന്ന ഏജന്‍സികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയാല്‍ മതിയോയെന്ന് കോടതി ചോദിച്ചു. എന്നാല്‍ വായ്പ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തി. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണോ എന്നു ചോദിച്ച കോടതി, നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും അജണ്ടയുണ്ടോയെന്നും കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.
ഹൈക്കോടതിക്ക് മുകളിലാണോ ഡൽഹിയിലെ ഉദ്യോഗസ്ഥരെന്ന് കോടതി ചോദിച്ചു. കൃത്യമായ ഉത്തരം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെങ്കില്‍ അടുത്ത വിമാനത്തില്‍ അവരെ കൊച്ചിയില്‍ എത്തിക്കാന്‍ അറിയാമെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കർ നമ്പ്യാർ, എസ് ഈശ്വരൻ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. വെറുതേ കോടതിയുടെ സമയം കളയരുത്. തിങ്കളാഴ്ച തന്നെ കർശനമായും സത്യവാങ്മൂലം നൽകണമെന്ന് നിർദേശിച്ചു. കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കാനായി മാറ്റുകയും ചെയ്തു.
by Midhun HP News | Mar 21, 2025 | Latest News, ജില്ലാ വാർത്ത
പൊന്നറ കാളിയൂട്ടിന്റെ തത്സമയ ദൃശ്യങ്ങൾ നിങ്ങളിൽ എത്തിക്കാനായി ഇന്ന് വൈകുന്നേരം 5 മണിയ്ക്ക് ഹൃദയപൂർവ്വം ന്യൂസ് ഫേസ് ബുക്കിലും യൂ ട്യൂബിലും ലൈവ് സംഘടിപ്പിച്ചിട്ടുണ്ട്.
by Midhun HP News | Mar 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം പകല്‍ സമയത്ത് കടുത്ത ചൂട് തുടരുകയാണ്. കൊല്ലത്തെ കൊട്ടാരക്കരയില്‍ അള്‍ട്രാവയലറ്റ് സൂചിക 11 രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ജാഗ്രതയുടെ ഭാഗമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അള്‍ട്രാവയലറ്റ് സൂചിക 11ന് മുകളില്‍ രേഖപ്പെടുത്തുകയാണെങ്കില്‍ ഏറ്റവും ഗുരുതരമായ സാഹചര്യമായാണ് കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്. ജാഗ്രതയുടെ ഭാഗമായാണ് റെഡ് അലര്‍ട്ട് നല്‍കുന്നത്.
കോന്നി, ചങ്ങനാശേരി, ചെങ്ങന്നൂര്‍, മൂന്നാര്‍, തൃത്താല, പൊന്നാനി എന്നിവിടങ്ങളില്‍ അള്‍ട്രാവയലറ്റ് സൂചിക അനുസരിച്ച് ഓറഞ്ച് അലര്‍ട്ടാണ്. അള്‍ട്രാവയലറ്റ് സൂചിക എട്ടുമുതല്‍ പത്തുവരെയുള്ള പ്രദേശങ്ങളിലാണ് ഓറഞ്ച് ജാഗ്രത നല്‍കിയിരിക്കുന്നത്. അതീവ ജാഗ്രത എന്നതാണ് ഓറഞ്ച് ജാഗ്രത കൊണ്ട് അര്‍ത്ഥമാക്കുന്നത്. കളമശേരി, ഒല്ലൂര്‍, ബേപ്പൂര്‍, മാനന്തവാടി, ധര്‍മ്മടം എന്നിവിടങ്ങളില്‍ യെല്ലോ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. മുന്‍കരുതല്‍ സ്വീകരിക്കേണ്ട സാഹചര്യമാണ് യെല്ലോ അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Mar 21, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സജീവമായി ഉപയോഗിക്കാത്ത (ഇനാക്ടീവ്) മൊബൈല്‍ നമ്പറുകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ യുപിഐ സേവനം ലഭിക്കില്ല. തട്ടിപ്പും അനധികൃത ഇടപാടുകളും തടയുന്നതിന് അത്തരം നമ്പറുകള്‍ വിച്ഛേദിക്കാന്‍ നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ബാങ്കുകളോടും പേയ്മെന്റ് സേവന ദാതാക്കളോടും നിര്‍ദ്ദേശിച്ചു.
സേവനം തടസ്സപ്പെടാതിരിക്കാന്‍ ഉപയോക്താക്കള്‍ അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകള്‍ സജീവമായി തുടരുന്നുവെന്ന് ഉറപ്പാക്കണം.അല്ലാത്തപക്ഷം ഏപ്രില്‍ ഒന്നുമുതല്‍ യുപിഐ സേവനം ലഭിക്കില്ലെന്നാണ് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇനാക്ടീവ് ആയിട്ടുള്ള മൊബൈല്‍ നമ്പറുകള്‍ വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഉപയോക്താക്കള്‍ അവരുടെ നമ്പറുകള്‍ മാറ്റിയാലും സജീവമായി ഉപയോഗിക്കാതിരുന്നാലും യുപിഐ അക്കൗണ്ടുകള്‍ പലപ്പോഴും സജീവമായി തുടരുന്നതായാണ് കണ്ടുവരുന്നത്. ഇത് ദുരുപയോഗത്തിന് കാരണമാകുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫോണ്‍ നമ്പര്‍ റീഅസൈന്‍ ചെയ്താലും തട്ടിപ്പുകാര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അവസരം ലഭിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുകള്‍ തടയുന്നതിന് വേണ്ടിയാണ് ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം പോലുള്ള പേയ്‌മെന്റ് ആപ്പുകളോടും ബാങ്കുകളോടും യുപിഐ സിസ്റ്റത്തില്‍ നിന്ന് നിഷ്‌ക്രിയ നമ്പറുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചത്.
യുപിഐ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിന് മുമ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കും. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഒരു മൊബൈല്‍ നമ്പര്‍ നിഷ്‌ക്രിയമായി തുടരുകയാണെങ്കില്‍ തട്ടിപ്പ് തടയുന്നതിനായി ആ ഫോണ്‍ നമ്പര്‍ യുപിഐ ലിസ്റ്റില്‍ നിന്ന് ഡീലിസ്റ്റ് ചെയ്യപ്പെടും. സമയപരിധിക്ക് മുമ്പ് മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്തുകൊണ്ട് ഉപയോക്താക്കള്‍ക്ക് അവരുടെ യുപിഐ സേവനം നിലനിര്‍ത്താനും അവസരം നല്‍കും.
ആരെയാണ് ഇത് ബാധിക്കുക?
മൊബൈല്‍ നമ്പര്‍ മാറ്റിയെങ്കിലും ബാങ്കില്‍ അത് അപ്ഡേറ്റ് ചെയ്യാത്ത ഉപയോക്താക്കള്‍.
ദീര്‍ഘകാലമായി കോളുകള്‍, എസ്എംഎസ് അല്ലെങ്കില്‍ ബാങ്കിങ് അലര്‍ട്ടുകള്‍ക്കായി ഉപയോഗിക്കാത്ത നിഷ്‌ക്രിയ നമ്പറുകളുള്ള ഉപയോക്താക്കള്‍.
ബാങ്ക് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാതെ നമ്പര്‍ സറണ്ടര്‍ ചെയ്ത ഉപയോക്താക്കള്‍.
പഴയ നമ്പര്‍ മറ്റൊരാള്‍ക്ക് വീണ്ടും അസൈന്‍ ചെയ്ത ഉപയോക്താക്കള്‍.
മണപ്പുറം ഫിനാന്‍സിന്റെ ഭൂരിഭാഗം ഓഹരികള്‍ അമേരിക്കന്‍ കമ്പനിയിലേക്ക്; 4,385 കോടി രൂപയുടെ ഇടപാട്
യുപിഐ എങ്ങനെ സജീവമായി നിലനിര്‍ത്താം?
ആരെയെങ്കിലും വിളിച്ചോ സന്ദേശമയച്ചോ മൊബൈല്‍ നമ്പര്‍ സജീവമാണോ എന്ന് പരിശോധിക്കുക.
ബാങ്കില്‍ നിന്ന് എസ്എംഎസ് അലര്‍ട്ടുകളും ഒടിപികളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
നെറ്റ് ബാങ്കിങ്, യുപിഐ ആപ്പുകള്‍, എടിഎമ്മുകള്‍ എന്നിവ വഴിയും ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിച്ചും യുപിഐ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യുക.
യുപിഐയ്ക്ക് ഒരു മൊബൈല്‍ നമ്പര്‍ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ഒടിപി സ്ഥിരീകരണത്തിനായാണ് മൊബൈല്‍ നമ്പര്‍ ബാങ്കുമായി ലിങ്ക് ചെയ്തിരിക്കുന്നത്. അത് നിഷ്‌ക്രിയമാവുകയും വീണ്ടും അസൈന്‍ ചെയ്യപ്പെടുകയും ചെയ്താല്‍, ഇടപാടുകള്‍ പരാജയപ്പെടാം. അല്ലെങ്കില്‍ പണം തെറ്റായ അക്കൗണ്ടിലേക്ക് പോകാം.
Recent Comments