‘വെള്ളക്കടലാസില്‍ ഇന്ത്യന്‍ കറന്‍സിയൊട്ടിച്ച് ഒപ്പിട്ടുനല്‍കും’; ഇറീഡിയത്തിന്റെ പേരില്‍ 500 കോടി തട്ടിയെന്ന് പരാതി

‘വെള്ളക്കടലാസില്‍ ഇന്ത്യന്‍ കറന്‍സിയൊട്ടിച്ച് ഒപ്പിട്ടുനല്‍കും’; ഇറീഡിയത്തിന്റെ പേരില്‍ 500 കോടി തട്ടിയെന്ന് പരാതി

തൃശ്ശൂര്‍: 500 കോടിയുടെ ഇറീഡിയം തട്ടിപ്പ് നടന്നെന്ന് പരാതി. തൃശൂര്‍ ജില്ലാ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന് കാണിച്ച് ഇരിങ്ങാലക്കുടയിലെ മുനിസിപ്പല്‍ കൗണ്‍സിലറാണ് പൊലീസില്‍ പരാതി നല്‍കിയത്. മാടായിക്കോണം തച്ചപ്പിള്ളി വീട്ടിലെ ടി കെ ഷാജൂട്ടനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. എന്നാല്‍ തട്ടിപ്പിന് ഇരയായവര്‍ പരാതിപ്പെട്ടാലേ കേസെടുത്ത് മുന്നോട്ടു പോകാനാകൂവെന്ന് പൊലീസ് പറയുന്നു.

ഇന്ത്യയില്‍ ഇറീഡിയം കണ്ടെത്തിയെന്നും വലിയ വിലയുള്ള ഈ ലോഹത്തില്‍ നിക്ഷേപം നടത്തിയാല്‍ കോടിക്കണക്കിന് രൂപ ലാഭമുണ്ടാക്കാമെന്നും പറഞ്ഞ് 500 കോടിയോളം രൂപ സമാഹരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പെരിഞ്ഞനത്തുള്ള ഒരു വ്യക്തിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് ആരോപണം.

ഒരുലക്ഷംമുതല്‍ 25 ലക്ഷംവരെ ആയിരക്കണക്കിനാളുകളില്‍നിന്ന് സ്വീകരിച്ചതായാണ് പരാതി. പണം കൈപ്പറ്റിയതിന് തെളിവായി വെള്ളക്കടലാസില്‍ ഇന്ത്യന്‍ കറന്‍സിയൊട്ടിച്ച് താഴെ ഒപ്പിട്ടുനല്‍കും. 10 രൂപയുടെ നോട്ടാണ് ഒട്ടിക്കുന്നതെങ്കില്‍ 10 കോടി തിരികെ കിട്ടുമെന്നാണ് വാഗ്ദാനം.

റിസര്‍വ് ബാങ്കുമായാണ് ഇടപാടെന്നും നിക്ഷേപത്തിനുള്ള പ്രതിഫലം എന്നു കിട്ടുമെന്നും കാണിച്ചുള്ള റിസര്‍വ് ബാങ്കിന്റെ വ്യാജ രേഖയും നല്‍കാറുണ്ട്. ഏജന്റുമാരുടെ ശൃംഖലയുണ്ടാക്കി അവര്‍ക്ക് കമ്മീഷന്‍ നല്‍കിയാണ് വലിയതുക സമാഹരിക്കുന്നത്. തട്ടിപ്പ് നടത്താനായി വലിയ ഹോട്ടലുകളില്‍ യോഗം ചേര്‍ന്നതിന്റെയും വ്യജ രേഖയുണ്ടാക്കിയതിന്റെയും തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയത്.

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് നേരിയതോ മിതമായതോ ആയ വേനല്‍മഴ ലഭിയ്ക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഈ ദിവസങ്ങളില്‍ പലയിടങ്ങളിലായി ഉച്ചക്ക് ശേഷമോ രാത്രിയോ മഴ പെയ്‌തേക്കും. മാര്‍ച്ച് 20 വരെ മിക്ക ജില്ലകളിലും വേനല്‍മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജനം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാ നിര്‍ദേശങ്ങള്‍:

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.

കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടി; ബ്ലോക്ക് പഞ്ചാത്തംഗം അറസ്റ്റില്‍

കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടി; ബ്ലോക്ക് പഞ്ചാത്തംഗം അറസ്റ്റില്‍

ആലപ്പുഴ: കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടിയ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ബിജെപി അംഗം സുജന്യ ഗോപി (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം സ്വദേശി വിനോദ് ഏബ്രഹാമിന്റെ എടിഎം കാര്‍ഡാണ് കളഞ്ഞുപോയത്. കാര്‍ഡിനു പിന്നില്‍ എഴുതിവെച്ച പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് പണം പിന്‍വലിച്ചത്. വിവിധ എടിഎം കൗണ്ടറുകളില്‍ നിന്നായി 25,000 രൂപയാണ് തട്ടിയത്. സജന്യയുടെ കൂട്ടാളി സലിഷ് മോനെയും ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനുകൾ വഴിതിരിച്ചുവിടും

തിരുവനന്തപുരം: മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനുമിടയിൽ പൈപ്പ് ലൈൻ മാറ്റുന്ന പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം. 20നു പുറപ്പെടുന്ന വെരാവൽ- തിരുവനന്തപുരം എക്സ്പ്രസും (16333), 21നു പുറപ്പെടുന്ന മം​ഗളൂരു സെൻട്രൽ- തിരുവനന്തപുരം എക്സ്പ്രസും (16348) ആലപ്പുഴ വഴി തിരിച്ചുവിടും.

വെരാവൽ- തിരുവനന്തപുരം എക്സ്പ്രസിനു ആലപ്പുഴയിലും കായംകുളത്തും മം​ഗളൂരു സെൻട്രൽ- തിരുവനന്തപുരം എക്സ്പ്രസിനു ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്. 21നു പുറപ്പെടുന്ന മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് 30 മിനിറ്റ് വൈകും.

കൊല്ലം നഗരത്തിലെ മോഷണം; പ്രതികള്‍ പിടിയിൽ

കൊല്ലം നഗരത്തിലെ മോഷണം; പ്രതികള്‍ പിടിയിൽ

കൊല്ലം: കൊല്ലം നഗരത്തിലെ മോഷണ പരമ്പരയില്‍ പ്രതികള്‍ പോലീസ് പിടിയിലായി. മയ്യനാട് ധവളക്കുഴി സുനാമി ഫ്‌ലാറ്റ് നമ്പര്‍-18ല്‍ ലാലു (30), കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം ചേരിയില്‍ സെഞ്ചുറി നഗര്‍-55ല്‍ സനില്‍ (26) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 9-ാം തീയതി രാത്രിയിലായിരുന്നു കൊല്ലം ആണ്ടാമുക്കം റോഡിലുള്ള ഹാര്‍ഡ്വെയര്‍ കടയില്‍ മോഷണം നടന്നത്. പുലര്‍ച്ചയോടുകൂടി പ്രതികള്‍ കടയിലെത്തി കടയില്‍ പൈസ സൂക്ഷിക്കുന്നതിനായി ഉപയോഗിച്ചിരുന്ന അലമാരയും മേശയും കുത്തിതുറന്ന് ഉദ്ദേശം മൂന്ന് ലക്ഷം രൂപയോളം മോഷണം ചെയ്തുകൊണ്ട് പോകുകയായിരുന്നു.

8-ാം തീയതി രാത്രിയിലായിരുന്നു കുമാര്‍ ജംഗ്ഷനിലുള്ള ഫാന്‍സി കടയില്‍ മോഷണം നടന്നത്. മേശയിലും മറ്റും സൂക്ഷിച്ചിരുന്ന ഉദ്ദേശം എട്ടു ലക്ഷത്തോളം രൂപ അവിടെ നിന്നും മോഷണം പോയിരുന്നു. തുടര്‍ന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. കൊല്ലം ഈസ്റ്റ് സിഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി നിരവധി സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോളുകളും പരിശോധിച്ചു.

നഗരത്തിനുളില്‍ നടന്ന മോഷണത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യാപക പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതിനിടയിലാണ് പ്രതികള്‍ അറസ്റ്റിലായത്. പ്രതികള്‍ കടകളും അതില്‍ കയറാനുള്ള വഴികളും നേരത്തെ കണ്ട് വച്ച ശേഷം കവര്‍ച്ച നടത്തുകയായിരുന്നു. ഈസ്റ്റ് സിഐയെ കൂടാതെ എസ്‌ഐ സുമേഷ്, സിപിഒമാരായ അജയന്‍, ജയകൃഷ്ണന്‍, ഷൈജു, അനു എന്നിവരും അന്വേഷണ സംഘത്തില്‍ ഉള്‍പെട്ടിരുന്നു.

പാപ്പിനിശ്ശേരിയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍, അന്വേഷണം

പാപ്പിനിശ്ശേരിയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍, അന്വേഷണം

കണ്ണൂര്‍: പാപ്പിനിശ്ശേരി പറയ്ക്കലില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശികളുടെ കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു.

ദമ്പതികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സിന് സമീപത്താണ് മൃതദേഹം കണ്ടത്. പാഴ് വസ്തുക്കള്‍ ശേഖരിക്കുന്ന ജോലിയാണ് അക്കലമ്മ-മുത്തു ദമ്പതികള്‍ ചെയ്തുവന്നിരുന്നത്. ഇവരുടെ നാലുമാസം പ്രായമുള്ള കുഞ്ഞ് യാസികയാണ് മരിച്ചത്. കുഞ്ഞിനെ കാണാതായതോടെ വീട്ടുകാർ ബഹളമുണ്ടാക്കി. തുടര്‍ന്ന് അന്വേഷണത്തിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തുന്നത്. കുട്ടി തങ്ങള്‍ക്കൊപ്പമാണ് ഉറങ്ങിക്കിടന്നിരുന്നതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. മൂന്ന് കുട്ടികളും അച്ഛനും അമ്മയുമാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്ന് എസിപി ടി കെ രത്‌നകുമാര്‍ പറഞ്ഞു.