by Midhun HP News | Mar 16, 2025 | Latest News, കേരളം
കൊച്ചി: മദ്യപാനം മനുഷ്യനുണ്ടാക്കുന്ന വിനകൾ പലതാണ്. മദ്യം വാങ്ങാൻ പണം തികയാതെ വന്നപ്പോൾ അപരിചിതനായ മറ്റൊരാളുമായി ചേർന്നു പണം സ്വരൂപിച്ച് മദ്യം വാങ്ങി കുടിച്ച ഒരാൾക്ക് തന്റെ വിലപിടിപ്പുള്ള ബൈക്ക് നഷ്ടമായി. ഒപ്പം കുടിച്ച ആൾ ടച്ചിങ്സ് വാങ്ങി വരാമെന്നു പറഞ്ഞു ബൈക്കുമായി മുങ്ങി. കഴിഞ്ഞ മാസം 21നാണ് സംഭവം. ഈയടുത്ത ദിവസമാണ് ബൈക്ക് നഷ്ടപ്പെട്ടയാൾ പരാതി നൽകിയത്. 1.2 ലക്ഷം രൂപയുടെ ബൈക്കാണ് മോഷണം പോയത്. ഹിൽപാലസ് പൊലീസ് അന്വേഷണം ആരംഭിച്ചു.
എരൂരിലെ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ഒരുവിധം പണമൊപ്പിച്ച് കുപ്പി വാങ്ങി ഇരുവരും ഒഴിഞ്ഞ സ്ഥലത്തിരുന്നു മദ്യപിച്ചു. അതിനിടെ ടച്ചിങ്സ് തീർന്നു. അപ്പോഴാണ് അപരിചിതൻ താൻ ഭക്ഷണം വാങ്ങി വരാമെന്നു പറഞ്ഞ് ബൈക്കിന്റെ ഉടമസ്ഥനിൽ നിന്നു താക്കോൽ വാങ്ങി പോയത്. മദ്യം തീർന്നിട്ടില്ലാത്തതിനാൽ ഉടമസ്ഥൻ വിശ്വസിച്ച് താക്കോൽ കൊടുക്കുകയും ചെയ്തു. എന്നാൽ ബൈക്ക് വാങ്ങി പോയയാൾ പിന്നീട് തിരിച്ചു വന്നില്ല. മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഫലമുണ്ടായില്ല.
പിന്നീട് തന്റെ സുഹൃത്തുക്കളുമായി ചേർന്നു ബൈക്കുടമ അന്വേഷണം നടത്തിയിട്ടും രക്ഷയുണ്ടായില്ല. പരാതിക്കാരൻ അപരിചിതന്റെ പേര് പോലും ചോദിച്ചിട്ടില്ല എന്നതാണ് കൗതുകകരം. ഫെബ്രുവരി 21നു നടന്ന സംഭവത്തിൽ പരാതിക്കാരൻ പൊലീസിനെ സമീപിച്ചത് ഈ മാസം 7നു മാത്രമാണെന്നു പൊലീസ് പറയുന്നു.
സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും സമാന രീതിയിലുള്ള ബൈക്ക് മോഷണങ്ങൾ നടന്നിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. വാഹന മോഷണവുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തിറങ്ങിയവരെക്കുറിച്ചും അന്വേഷണം നടക്കുന്നു. എറണാകുളം ജില്ലയിൽ സമീപ കാലത്ത് നിരവധി വാഹന മോഷണ കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് പറയുന്നു.
by Midhun HP News | Mar 16, 2025 | Latest News, കേരളം
കൊച്ചി: പാലക്കാട് ഡിസ്റ്റിലറിക്കുള്ള അനുമതി എക്സൈസ് നൽകി കഴിഞ്ഞുവെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. നിലനിൽക്കുന്ന എല്ലാ നിബന്ധനകൾക്കും ചട്ടങ്ങൾക്കും വിധേയമായി ഡിസ്റ്റിലറി ആരംഭിക്കാൻ എക്സൈസ് പ്രാരംഭ അനുമതി കൊടുത്തു. ബാക്കി അനുമതി അവരാണ് വാങ്ങേണ്ടത്. അത് വാങ്ങിക്കഴിഞ്ഞാൽ മുന്നോട്ട് പോകാമെന്നും മന്ത്രി പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അങ്ങനെയാണ് ഡിസ്റ്റിലറി, എഥനോൾ പ്ലാന്റ്, ബ്രൂവറി, ബോട്ട്ലിങ് പ്ലാൻുകളുമൊക്കെ അനുവദിക്കാം എന്ന് തീരുമാനിച്ചത്. 2022-23 നയത്തിലെ ആമുഖത്തിൽ അത് പറഞ്ഞിട്ടുണ്ട്. നില നിൽക്കുന്ന എല്ലാ നിബന്ധനകൾക്കും ചട്ടങ്ങൾക്കും വിധേയമായി ഡിസ്റ്റിലറി ആരംഭിക്കാൻ എക്സൈസിന്റെ പ്രാരംഭ അനുമതി കൊടുത്തു. ബാക്കി അനുമതി അവരാണ് വാങ്ങേണ്ടത്. അത് വാങ്ങിക്കഴിഞ്ഞാൽ മുന്നോട്ട് പോകാം. എക്സൈസിന്റെ അനുമതിയാണ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.
ഇത് സർക്കാരിന് വലിയ വരുമാനം ഉണ്ടാക്കുന്ന വകുപ്പാണ്. ആ പ്രാധാന്യത്തോടെ തന്നെയാണ് അതിനെ കാണുന്നത്. വലിയ തോതിൽ വരുമാനവും ഒപ്പം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള മേഖലയാണിത്. ഇപ്പോൾ ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ ബ്ലെൻഡിങ് പോളിസി കൂടി വന്നിട്ടുണ്ട്. 20 ശതമാനം 2030 ആകുമ്പോഴേക്കും പെട്രോളിൽ എഥനോൾ ബ്ലെൻഡ് ചെയ്യണമെന്നുള്ളതാണ്.
കേരളത്തിന്റെ ഒരു പ്രത്യേകത, കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്ത സ്പിരിറ്റ് (ഇഎൻഎ) 9.26 കോടി ലിറ്ററാണ്. എഥനോൾ സ്പിരിറ്റ് 30 കോടി ലിറ്ററാണ് എണ്ണ കമ്പനികളിൽ നിന്ന് കിട്ടിയ കണക്കു പ്രകാരം. 3000-4000 കോടിയുടെ ബിസിനസാണ്. ഒരു തുള്ളി പോലും നമ്മൾ ഉത്പാദിപ്പിക്കുന്നില്ല. മുഴുവൻ വരുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്. പ്രധാനമായും കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന്. ബാക്കി മറ്റു സംസ്ഥാനങ്ങളിൽ നിന്നൊക്കെ വരുന്നുണ്ട്.
അപ്പോൾ കുടിക്കാം, ഉണ്ടാക്കരുത് എന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളത്. ബ്ലെൻഡിങ്, ബോട്ട്ലിങ് മാത്രമേ ഇവിടെ നടക്കുന്നുള്ളൂ. ഇതിന്റെ അസംസ്കൃത വസ്തുവാണല്ലോ സ്പിരിറ്റ്. അതുണ്ടാക്കാൻ പാടില്ല, അതെന്തോ വലിയ പാപമാണ്. പക്ഷേ അതിവിടെ കൊണ്ടുവന്ന് കലക്കാം. ആ പറയുന്നതിൽ ഒരു കാപട്യമുണ്ട്. നമ്മൾ ഇതിനെ കാണുന്നത് ഒരു വ്യവസായമെന്ന നിലയിലാണ്”.- മന്ത്രി പറഞ്ഞു.
ഡിസ്റ്റിലറി ജലക്ഷാമത്തിലേക്ക് നയിക്കില്ലേ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് മന്ത്രി മറുപടി പറഞ്ഞത്. “മലമ്പുഴ അണക്കെട്ടിൽ നിന്ന് ആവശ്യത്തിന് വെള്ളം ഉപയോഗിക്കും. കിൻഫ്രയ്ക്ക് വേണ്ടി പ്രതിദിനം 10 ദശലക്ഷം ലിറ്റർ (MLD) നൽകാൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗീകാരം നൽകിയിരുന്നു. ഡിസ്റ്റിലറിക്ക് അഞ്ച് ലക്ഷം ലിറ്റർ മാത്രമേ ആവശ്യമുള്ളൂ. അതുകൂടാതെ പദ്ധതിയിൽ മഴവെള്ള സംഭരണ സംവിധാനവും ഉണ്ടായിരിക്കും”.- എംബി രാജേഷ് വ്യക്തമാക്കി.
“ബെവ്കോ വഴി ഗുണനിലവാരമുള്ള മദ്യമാണ് നൽകുന്നത്, വ്യാജ മദ്യം വിതരണം ചെയ്യുന്നില്ല. പഴങ്ങളിൽ നിന്ന് വൈൻ ഉത്പാദിപ്പിക്കുന്നതിനും ഞങ്ങൾ അംഗീകാരം നൽകിയിട്ടുണ്ട്. ഈ സംരംഭത്തെ പിന്തുണയ്ക്കാൻ കാർഷിക സർവകലാശാലയും ഒരു സഹകരണ സംഘവും മുന്നോട്ടുവന്നിട്ടുണ്ടെന്നും” മന്ത്രി വ്യക്തമാക്കി.
പാലക്കാട്ടെ ജവാന്റെ ഡിസ്റ്റിലറിക്ക് സാങ്കേതിക അനുമതി നൽകുകയും തിരുവല്ല പ്ലാന്റിൽ ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ പോലെ പബ്ബുകൾ തുറക്കുന്നതിനെക്കുറിച്ചും മന്ത്രി പറഞ്ഞു. “ആളുകൾ തുറന്ന മനസോടെ ഇത്തരം കാര്യങ്ങളെ സമീപിക്കാൻ തുടങ്ങുമ്പോൾ സർക്കാർ അത് പരിഗണിക്കും.
പിടിവാശിയും സദാചാരബോധവുമൊക്കെ കാരണം യഥാർഥ പ്രശ്നം തിരിച്ചറിയുന്നതിൽ നാം പരാജയപ്പെടുന്നു. മയക്കുമരുന്ന് ദുരുപയോഗത്തിന്റെ വ്യാപനത്തിന്റെ യാഥാർഥ്യത്തെ നമുക്ക് അവഗണിക്കാൻ കഴിയില്ല, പ്രത്യേകിച്ച് സിന്തറ്റിക് മരുന്നുകളുടെ ഉപയോഗം, ഈ വിഷയം നാം പ്രത്യേകം പരിഗണിക്കേണ്ടതുണ്ടെന്നും” അദ്ദേഹം പറഞ്ഞു.
അതോടൊപ്പം മദ്യത്തിന്റെ ഉപഭോഗം പ്രോത്സാഹിപ്പിക്കുക എന്നതല്ല സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ പാർട്ടി പ്രവർത്തകരെ സംബന്ധിച്ചിടത്തോളം, മദ്യത്തിന്റെ ഉപയോഗം ഒരു അച്ചടക്ക പ്രശ്നമായി ആണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Mar 16, 2025 | Latest News, കേരളം
കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. കൊല്ലം സ്വദേശി അനുരാജ് ആണ് കളമശ്ശേരിയില്‍ നിന്നും പിടിയിലായത്. കളമശ്ശേരി പോളിടെക്‌നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അനുരാജ്. റെയ്ഡിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഇയാളാണ് കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയതെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരുന്നു.
ഹോസ്റ്റലിലേക്ക് നാലു കിലോ കഞ്ചാവാണ് എത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. രണ്ടുകിലോ കഞ്ചാവാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. കേസില്‍ അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, കാണാതായ രണ്ടു കിലോ കഞ്ചാവിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കിലോയ്ക്ക് പതിനായിരം രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയിരുന്നതെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുള്ളത്.
ഹോസ്റ്റലിലെ ലഹരി ഇടപാടുകളില്‍ രാഷ്ട്രീയം മറന്നുള്ള ഐക്യമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കഞ്ചാവ് എത്തിക്കുന്ന വിവരം അറസ്റ്റിലായ എല്ലാവര്‍ക്കും അറിവുണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് റെയ്ഡിനെത്തിയപ്പോള്‍ കേസിലെ മുഖ്യപ്രതിയായ ആകാശിനെ വിളിച്ച് എല്ലാം സേഫല്ലേ എന്നു ചോദിച്ച വിദ്യാര്‍ത്ഥിയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്.
കളമശ്ശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ടയില്‍ പിടിയിലാകുന്ന ആറാമത്തെയാളാണ് അനുരാജ്. റെയ്ഡ് നടത്തിയദിവസം മൂന്ന് വിദ്യാര്‍ത്ഥികളെയും കഴിഞ്ഞദിവസം രണ്ട് പൂര്‍വ വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്തിരുന്നു. അനുരാജ് ആണ് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് മൊഴി. ലഹരി ഇടപാടില്‍ അനുരാജ് നിര്‍ണായക കണ്ണിയാണെന്നും, ഹോസ്റ്റലില്‍ ഇടപാട് ഏകോപിപ്പിച്ചത് അനുരാജ് ആണെന്നും പൊലീസ് സൂചിപ്പിക്കുന്നു.
by admin | Mar 15, 2025 | Latest News

ആറ്റിങ്ങൽ: ബൈക്കിൽ സ്വകാര്യ ബസ്സിടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. ആറ്റിങ്ങൽ കടുവയിൽ കടമ്പാട്ട് കോണം ചരുവിള വീട്ടിൽ വേണുഗോപാൽ മഹേശ്വരി ദമ്പതികളുടെ മകൻ വിപിൻലാൽ (29) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ ആറ്റിങ്ങൽ കച്ചേരി ജംഗ്ക്ഷനിലാണ് അപകടം.വിപിൻലാൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ കിളി മാനൂരിലേയ്ക്ക് പോയ സ്വകാര്യ ബസ് ഇടിച്ചാണ് അപകടം. ഉടനെ തന്നെ ഇയാളെ തിരുവനന്തപുര മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
by Midhun HP News | Mar 15, 2025 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗനിര്‍ണയത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. സംഭവത്തില്‍ ആക്രി വില്‍പ്പനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പത്തോളജിയില്‍ പരിശോധനയ്ക്കയച്ച 17 രോഗികളുടെ ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരന്‍ മോഷ്ടിച്ചത്.
പത്തോളജി ലാബിന് സമീപമാണ് സാമ്പിളുകള്‍ രാവിലെ ആംബുലന്‍സിലെ ജീവനക്കാര്‍ കൊണ്ടുവെച്ചത്. ഇതാണ് ആക്രിക്കാരന്‍ മോഷ്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തില്‍ ആക്രി വില്‍പ്പനക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.ഇന്നലെ ശസ്ത്രക്രിയക്കുശേഷം രോഗ നിര്‍ണയത്തിന് അയച്ച സ്‌പെസിമെനുകളാണ് മോഷ്ടിച്ചത്. ഇതിനുശേഷം ആംബുലന്‍സ് ഡ്രൈവറും ഗ്രേഡ് രണ്ട് അറ്റന്‍ഡറും മൈക്രോ ബയോളജി ലാബിലേക്ക് പോയി. ഇതിനിടെയാണ് സ്‌പെസിമെനുകള്‍ മോഷണം പോയത്.
അതേസമയം, ആക്രിയാണെന്ന് കരുതിയാണ് ബോക്‌സ് എടുത്തതെന്ന് കസ്റ്റഡിയിലുള്ള ആക്രിക്കാരന്‍ മൊഴി നല്‍കി. ശരീരഭാഗങ്ങള്‍ ആണെന്ന് മനസിലായതോടെ പ്രിന്‍സിപ്പല്‍ ഓഫീസന് സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി. പരിശോധനയ്ക്ക് അയച്ച സ്‌പെസിമെനുകള്‍ കൈകാര്യം ചെയ്തതിലെ ഗുരുതര സുരക്ഷാ വീഴ്ചയാണ് പുറത്തുവന്നത്.
by Midhun HP News | Mar 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഈ വര്‍ഷത്തെ കീം പ്രവേശന പരീക്ഷയ്ക്ക് ബഹ്‌റൈനിലും ഹൈദരാബാദിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാവില്ല. അപേക്ഷകരുടെ എണ്ണം കുറവായതിനാലാണ് പരീക്ഷാ കേന്ദ്രം ഒഴിവാക്കിയത്.
ആദ്യ ചോയ്‌സായി ബഹ്‌റൈനിനെയും ഹൈദരാബാദിനെയും പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത അപേക്ഷകര്‍ക്ക് അവരുടെ തുടര്‍ന്നുള്ള ഓപ്ഷനുകള്‍ക്കു അനുസൃതമായി കേന്ദ്രങ്ങള്‍ അനുവദിക്കും.
റീഫണ്ടിന് വിവരങ്ങള്‍ സമര്‍പ്പിക്കണം
2024-25 വര്‍ഷത്തെ കീം പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഫീസ് ഒടുക്കിയിട്ടുള്ളവരില്‍ റീഫണ്ടിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാംഘട്ടം റീഫണ്ട് നല്കിയിരുന്നു. അതില്‍ അക്കൗണ്ട് ഡീറ്റെയില്‍സ് തെറ്റായതു കാരണം റീഫണ്ട് ലഭിക്കാത്തവര്‍ക്ക് ഒരിക്കല്‍കൂടി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അപലോഡ് ചെയ്യണം. റീഫണ്ട് റിട്ടേണ്‍ ആയ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റീഫണ്ടിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ www.cee.kerala.gov.in se ‘KEAM 2024 Candidate Portal’ ലിങ്കില്‍ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേര്‍ഡ് എന്നിവ നല്‍കി പ്രവേശിച്ച് ‘Submit Bank Account Details’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മാര്‍ച്ച് 20 വൈകിട്ട് 5 മണിക്കുള്ളില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04712525300, 2332120, 2338487.
Recent Comments