ഹോസ്റ്റലിലെ കഞ്ചാവ് വേട്ട: കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് എസിപി

ഹോസ്റ്റലിലെ കഞ്ചാവ് വേട്ട: കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് എസിപി

കൊച്ചി: കളമശേരി പോളിടെക്‌നിക് കോളജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് തൃക്കാക്കര എസിപി പിവി ബേബി. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചതിന് പിന്നില്‍ ആരൊക്കെയുണ്ടെന്നത് കൂടുതല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ പിടിയിലായ രണ്ട് പൂര്‍വ വിദ്യാര്‍ഥികളായ ആഷിഖ്, ഷാരില്‍ എന്നിവരുടെ അറസറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയത് ഇവരാണ്. കഞ്ചാവ് പിടിച്ച മുറിയില്‍ താമസിച്ചിരുന്ന മറ്റ് രണ്ട് പേരുടെയും പങ്ക് അന്വേഷിക്കും. ഇവര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചാല്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ ഇവര്‍ക്കെതിരെ ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും എസിപി പറഞ്ഞു.

കഞ്ചാവ് പിടിച്ച മുറിയില്‍ കെഎസ് യു നേതാവ് ആദിലും മറ്റൊരു വിദ്യാര്‍ഥിയായ അനന്തുവും താമസിച്ചിരുന്നു. റെയ്ഡ് നടക്കുന്ന സമയത്ത് ഇരുവരും റൂമില്‍ ഉണ്ടായിരുന്നില്ല. അറസ്റ്റിലായ ആകാശിന്റെ റൂം മേറ്റായിരുന്നു കെഎസ് യു നേതാവായ ആദിലെന്നും എസിപി പറഞ്ഞു.

ഇന്നലെയാണ് കളമശേരി പോളിടെക്നിക് കോളജിലെ പെരിയാര്‍ മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം കുളത്തൂപ്പുഴ ആകാശ് (21), ആലപ്പുഴ കാര്‍ത്തികപ്പിള്ളി സ്വദേശി ആദിത്യന്‍ (20), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആര്‍ അഭിരാജ് (21) എന്നിവരാണ് കേസില്‍ ആദ്യം അറസ്റ്റിലായവര്‍.

സിംഗിള്‍ യൂസ് പ്ലാസ്റ്റിക്: കര്‍ശന നടപടി വേണം, റെയ്ഡ് ഊര്‍ജിതമാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

സിംഗിള്‍ യൂസ് പ്ലാസ്റ്റിക്: കര്‍ശന നടപടി വേണം, റെയ്ഡ് ഊര്‍ജിതമാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിര്‍മാണവും വില്‍പനയും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഹൈക്കോടതി നിര്‍ദേശം. വാണിജ്യ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഇടയ്ക്കിടെ പരിശോധന നടത്തണമെന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു.

ചട്ടപ്രകാരം റജിസ്‌ട്രേഷന്‍ ഇല്ലാത്ത സ്ഥാപനങ്ങളുടെ പ്ലാസ്റ്റിക് ഉല്‍പന്ന നിര്‍മാണമോ വില്‍പനയോ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മൊബൈല്‍ ആപ്പ് മലിനീകരണ ബോര്‍ഡ് മൂന്നു മാസത്തിനകം വികസിപ്പിക്കണം. ചട്ടപ്രകാരം റജിസ്‌ട്രേഷന്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതും വില്‍ക്കുന്നതും തടയണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിയാണു കോടതി ഉത്തരവ്.

ഷോപ്പിങ് സെന്ററുകള്‍, മാളുകള്‍, മാര്‍ക്കറ്റുകള്‍, ഓഫിസ് സമുച്ചയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമ തിയറ്ററുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഇടയ്ക്കിടെ സ്‌ക്വാഡ് പരിശോധന നടത്തി വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യണം.

ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ വില്‍പന തടയാന്‍ ചില്ലറ വില്‍പനക്കാരുടെ ഉള്‍പ്പെടെ യോഗം വിളിച്ചുകൂട്ടിയും മറ്റു പ്രചാരണ മാര്‍ഗങ്ങള്‍ അവലംബിച്ചും ബോധവല്‍കരണം നടത്തണം. തദ്ദേശ സ്ഥാപനങ്ങളും ശുചിത്വമിഷനും മറ്റും യോജിച്ചു പ്രവര്‍ത്തിക്കണം.സ്‌ക്വാഡ് റിപ്പോര്‍ട്ട് ചെയ്യുന്നതു കൂടാതെ, ആപ്പ് വഴി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ചട്ട ലംഘനങ്ങള്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ലഹരി വിരുദ്ധ ബോധവത്കരണവും ഇഫ്താർ സംഗമവും സംഘടിപ്പിക്കുന്നു

ലഹരി വിരുദ്ധ ബോധവത്കരണവും ഇഫ്താർ സംഗമവും സംഘടിപ്പിക്കുന്നു

കണിയാപുരം: കണിയാപുരം കരിച്ചാറ മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണവും ഇഫ്താർ സംഗമവും സംഘടിപ്പിക്കുന്നു. നാളെ (ഞായറാഴ്ച) വൈകിട്ട് 4 മണിക്ക് ജമാഅത്ത് അങ്കണത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ചടങ്ങിൽ തിരുവനന്തപുരം സൗത്ത് സോൺ ജോയിന്റ് എക്സൈസ് കമ്മീഷണർ ബി.രാധാകൃഷ്ണൻ ലഹരി വിരുദ്ധ ബോധവത്കരണം നടത്തും. ഷെമീർ ഫലാഹി ആലപ്പുഴ ഇഫ്താർ സന്ദേശം നൽകും. കരിച്ചാറ മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് എം.എ.ഹിലാൽ അധ്യക്ഷനാകുന്ന പരിപാടിയിൽ സെക്രട്ടറി എം.മൂസ, സജീദ് കരകുളം, എ.ഫൈസൽ, മുഹമ്മദ് അഷ്റഫ്, നാസർ തോട്ടിൻകര, ഷംനാദ്, നൂറുദ്ദീൻ കുട്ടി, നൗഫൽ, ബിജൂർ, കരിച്ചാറ നാദർഷ, മനാഫ് എന്നിവർ പങ്കെടുക്കും.

യുവരാജിനെ വിളിച്ചുണര്‍ത്തി ചായത്തില്‍ മുക്കി സച്ചിനും സംഘവും; വൈറല്‍ ഹോളി ആഘോഷം

യുവരാജിനെ വിളിച്ചുണര്‍ത്തി ചായത്തില്‍ മുക്കി സച്ചിനും സംഘവും; വൈറല്‍ ഹോളി ആഘോഷം

റായ്പുര്‍: ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്‌സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റിലെ സഹതാരങ്ങള്‍ക്കൊപ്പം ഹോളി ആഘോഷിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യന്‍ മാസ്റ്റേഴ്‌സ് ടീം താമസിക്കുന്ന ഹോട്ടലില്‍ സച്ചിന്റെ നേൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. ടീംഗങ്ങളെ മുറിയില്‍ നിന്ന് വിളിച്ചിറക്കി സച്ചിന്‍ ചായങ്ങള്‍ പൂശുന്ന വിഡിയോ ആരാധകരും ഏറ്റെടുത്തു.

ഇന്ത്യയുടെ മുന്‍ താരം യുവരാജ് സിങ്, അമ്പാട്ടി റായുഡു തുടങ്ങിയവരെ മുറിയില്‍ അപ്രതിക്ഷിതമായി എത്തിയ സച്ചിന്‍ വാട്ടര്‍ ഗണ്‍ ഉപയോഗിച്ച് ചായം കലര്‍ത്തിയ വെള്ളം ഒഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഹോളി ആഘോഷത്തിന്റെ വിഡിയോ സച്ചിന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്‌സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കായി കളിക്കുന്ന യൂസഫ് പഠാന്‍, രാഹുല്‍ ശര്‍മ തുടങ്ങിയവരെയും സച്ചിനൊപ്പം ദൃശ്യങ്ങളില്‍ കാണാം.

ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്‌സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റിന്റെ സെമിയില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ തകര്‍പ്പന്‍ അര്‍ധസെഞ്ചറിയുമായി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത് യുവരാജായിരുന്നു. ടീമിനു വിജയം സമ്മാനിച്ച യുവരാജ് ഉറക്കത്തിലാണെന്ന് വിശദീകരിച്ച ശേഷമാണ് സച്ചിന്‍ വാതിലില്‍ മുട്ടുന്നത്. പുറത്തിറങ്ങിയ യുവരാജിനെ ചായത്തില്‍ കുളിപ്പിച്ചാണ് സച്ചിന്‍ സംഘവും മടങ്ങുന്നത്. പിന്നീട് ടീമംഗമായ അമ്പാട്ടി റായുഡുവിന്റെ മുറിയില്‍ ചെന്നും സംഘം ആഘോഷം തുടര്‍ന്നു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്തുന്നില്ലെങ്കില്‍പ്പിന്നെ അവര്‍ എവിടെയാണ് പോവുന്നത്?

ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്തുന്നില്ലെങ്കില്‍പ്പിന്നെ അവര്‍ എവിടെയാണ് പോവുന്നത്?

കേരളത്തിലെ കോളജുകളും ഓഫിസുകളുമെല്ലാം സന്ദര്‍ശിക്കുമ്പോള്‍ കാണുന്നത് കൂടുതലും പെണ്‍കുട്ടികള്‍, അപ്പോള്‍പ്പിന്നെ നമ്മുടെ ആണ്‍കുട്ടികള്‍ എങ്ങോട്ടു പോവുന്നുവെന്ന സംശയം മുന്നോട്ടുവയ്ക്കുകയാണ്, മുരളി തുമ്മാരുകുടി ഈ കുറിപ്പില്‍. പ്ലസ് ടു വരെ ഏതാണ് 50-50 എന്ന അനുപാതത്തിലാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും. എന്നാല്‍ ഉന്നത വിദ്യാഭ്യാസത്തിലും പിന്നീട് തൊഴില്‍ രംഗത്തുമെല്ലാം നോക്കുമ്പോള്‍ പെണ്‍കുട്ടികളാണ് കൂടുതല്‍. എന്താണിതിനു കാരണം? മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വായിക്കാം.

അപ്രത്യക്ഷരാകുന്ന ആണ്‍കുട്ടികള്‍ ?

സുഹൃത്തും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും ആയ ബിജോയിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ സന്ദര്‍ശിച്ചു.

സ്റ്റാഫില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. ഈയിടെ കേരളത്തിലെ പല കോളേജുകളും ഓഫീസുകളും സന്ദര്‍ശിക്കുമ്പോള്‍ കാണുന്ന കാഴ്ചയും വേറൊന്നല്ല.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് 60 ശതമാനത്തിന് മുകളില്‍ പെണ്‍കുട്ടികള്‍ ആണെന്നാണ് വായിച്ചത്. ഇന്ത്യ മൊത്തമെടുത്താല്‍ ഇത് 50 ശതമാനത്തില്‍ താഴെയാണ്. മെഡിക്കല്‍ രംഗത്ത് കേരളത്തില്‍ 65 ശതമാനമാണ് (ഇന്ത്യയില്‍ മൊത്തം 51 ശതമാനം). കഴിഞ്ഞ വര്‍ഷം മണ്ണുത്തിയിലെ അഗ്രികള്‍ച്ചര്‍ ഗ്രാജ്വെറ്റിങ്ങ് ബാച്ചില്‍ സംസാരിക്കുമ്പോള്‍ 81 ശതമാനവും പെണ്‍കുട്ടികളാണ്.

പെണ്‍കുട്ടികള്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് വരുന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണ്. പഠിച്ചു തൊഴില്‍ നേടിയതിന് ശേഷം വേണമെങ്കില്‍ മാത്രം വിവാഹം എന്നൊരു ചിന്തയിലേക്ക് നമ്മുടെ പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ എത്തിയിട്ടുണ്ട്. അതും ശരിയായ ചിന്താഗതിയാണ്.

എന്നാല്‍ എന്നെ അമ്പരപ്പിക്കുന്ന കാര്യം ഇതാണ്. പ്ലസ് ടു വരെ ഏകദേശം 50/50 ആണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും. അപ്പോള്‍ പിന്നെ ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്താതിരിക്കുന്ന ആണ്‍കുട്ടികള്‍ എവിടെയാണ് പോകുന്നത്?

ഇല്ല, എഞ്ചിനീയിറിംഗ് കോളേജുകളില്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ പഠിക്കുന്നില്ല. കേരളത്തില്‍ എഞ്ചിനീയറിങ്ങ് കോളേജുകളിലും ഏറെക്കുറെ 50/50 സാന്നിധ്യമാണ്.

ഇല്ല, വിദേശത്തേക്ക് പോകുന്നത് കൂടുതല്‍ ആണ്‍കുട്ടികള്‍ അല്ല. കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും ഏറ്റവും കൂടുതല്‍ കുട്ടികളെ വിദേശത്തേക്ക് പോകാന്‍ സഹായിക്കുന്ന സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്തതില്‍ നിന്നും മനസ്സിലായത് അവിടെയും 50/50 ആണ് കാര്യങ്ങള്‍.അപ്പോള്‍ എന്റെ അക്കാദമിക് ചോദ്യം ഇതാണ്.

പ്ലസ് ടു കഴിയുന്ന ആണ്‍കുട്ടികളില്‍ വലിയൊരു ശതമാനം കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്തുന്നില്ലെങ്കില്‍ അവര്‍ എവിടെയാണ് പോകുന്നത് ?

കൃത്യമായി അറിവോ കണക്കോ ഉള്ളവര്‍ പറഞ്ഞാല്‍ സന്തോഷം.