കഞ്ചാവ് വേട്ടയില്‍ പിടിയിലായവരില്‍ എസ്എഫ്‌ഐ നേതാവും; കെ എസ് യു കുടുക്കിയതെന്ന് ആരോപണം

കഞ്ചാവ് വേട്ടയില്‍ പിടിയിലായവരില്‍ എസ്എഫ്‌ഐ നേതാവും; കെ എസ് യു കുടുക്കിയതെന്ന് ആരോപണം

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക്ക് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ പിടിയിലായവരില്‍ എസ്എഫ്‌ഐ നേതാവായ കോളജ് യൂണിയന്‍ സെക്രട്ടറിയും. കോളജ് യൂണിയന്‍ സെക്രട്ടറി കൊല്ലം കരുനാഗപ്പള്ളി സ്വദേശി അഭിരാജ് (21), മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), വിദ്യാര്‍ത്ഥിയായ കൊല്ലം സ്വദേശി ആകാശ് എന്നിവരാണ് പിടിയിലായത്. ഹോസ്റ്റലില്‍ നിന്നും രണ്ടു കിലോയോളം കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്.

ആകാശിന്റെ മുറിയില്‍ നിന്നും 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. അഭിരാജ്, ആദിത്യന്‍ എന്നിവരുടെ മുറിയില്‍ നിന്നും കവര്‍ ഉള്‍പ്പെടെ 9.70 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കേസില്‍ തന്നെ കുടുക്കിയതാണെന്നാണ് എസ്എഫ്‌ഐ നേതാവും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ അഭിരാജ് പറയുന്നത്.

ശനിയാഴ്ച ക്യാമ്പസില്‍ എസ്എഫ്‌ഐ യൂണിയന്‍ സമ്മേളനം നടക്കാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കൊടിതോരണങ്ങള്‍ കെട്ടുന്ന തിരക്കിലായിരുന്നു. ക്യാമ്പസില്‍ പുറത്തു നിന്നും ആളുകള്‍ പ്രവേശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പുറത്തു നിന്നു വന്ന ആരോ ആണ്, തങ്ങളെ കരിവാരി തേക്കുക എന്ന ലക്ഷ്യത്തോടെ മുറിയില്‍ കഞ്ചാവ് വെച്ചതെന്നാണ് അഭിരാജ് പറയുന്നത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ലെന്നും അഭിരാജ് പറയുന്നു. അഭിരാജിന് കഞ്ചാവോ മറ്റു ദുശ്ശീലങ്ങളോ ഒന്നും ഇല്ലെന്ന് എസ്എഫ്‌ഐ ഏരിയാ പ്രസിഡന്റ് ദേവരാജ് പറഞ്ഞു. കഞ്ചാവ് കൊണ്ടുവെച്ചതിന് പിന്നില്‍ കെഎസ് യുക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.

പോളിടെക്‌നിക് ക്യാമ്പസിനകത്തു നിന്നും കഞ്ചാവ് പിടികൂടിയത് ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ലെന്ന് പ്രിന്‍സിപ്പല്‍ ഡോ. ഐജു തോമസ്. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ന് ഹോളി ആഘോഷം നടക്കാനിരിക്കെ, മുന്‍കരുതല്‍ എന്ന നിലയില്‍ നടന്ന റെയ്ഡാണ്. എല്ലാദിവസവും ഇത്രയധികം അളവില്‍ കഞ്ചാവ് ലഭിച്ചതായിട്ടൊന്നുമില്ല. ചെറിയ അളവില്‍ സാധാരണ ക്യാമ്പസില്‍ കാണുന്നതുപോലെ ഇവിടെ കാണാറുണ്ടെന്നും പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് എടുത്തത് ക്രിയാത്മകമായ നടപടിയാണ്. ഹോസ്റ്റലില്‍ രണ്ട് റസിഡന്റ് ട്യൂട്ടര്‍മാരുണ്ട്. അവര്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ട്. ഹോസ്റ്റലില്‍ പുറത്തു നിന്ന് ആരെങ്കിലും താമസിക്കുന്നതായി കോളജ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഒരു വിദ്യാര്‍ത്ഥിയുടെ കയ്യില്‍ നിന്നും കഞ്ചാവ് പിടിച്ചു എന്നതുകൊണ്ട് യൂണിയനോ, ഏതെങ്കിലും സംഘടനയ്‌ക്കോ അതില്‍ പങ്കുണ്ടെന്ന് കരുതാനാവില്ല എന്നും പോളിടെക്‌നിക് പ്രിന്‍സിപ്പല്‍ ഡോ. ഐജു തോമസ് പറഞ്ഞു.

പോളിടെക്‌നികിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കഞ്ചാവ് ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രി പൊലീസും ഡാന്‍സാഫും റെയ്ഡ് നടത്തിയത്. റെയ്ഡില്‍ 2 കിലോ കഞ്ചാവ്, മദ്യക്കുപ്പികള്‍, ഗര്‍ഭനിരോധന ഉറകള്‍, കഞ്ചാവ് തൂക്കാനുള്ള ത്രാസ്, വില്‍പ്പനയ്ക്കായുള്ള ചെറിയ പ്ലാസ്റ്റിക് പായ്ക്കറ്റുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച റെയ്ഡ് പുലര്‍ച്ചെ നാല് മണിയോടെയാണ് അവസാനിച്ചത്. തങ്ങളെത്തുമ്പോള്‍ ചില്ലറ വില്‍പ്പനയ്ക്കായി കഞ്ചാവ് തൂക്കി ചെറിയ പായ്ക്കറ്റുകളിലാക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.

റെയ്ഡിനെത്തിയ പൊലീസിനെ കണ്ട് ഓടിപ്പോയത് കെഎസ് യു പ്രവര്‍ത്തകരാണെന്നും, അവരാണ് കഞ്ചാവ് കൊണ്ടു വെച്ചതെന്ന് സംശയമുണ്ടെന്നുമാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. സംഭവം നടക്കുമ്പോള്‍ തങ്ങള്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ലെന്ന്, ഓടിപ്പോയിയെന്ന് ആരോപണം നേരിടുന്ന കെഎസ് യു പ്രവര്‍ത്തകരായ അനന്ദുവും ആദിലും പറഞ്ഞു. വേറൊരു സുഹൃത്തിനൊപ്പമായിരുന്നു താനെന്ന് ആദില്‍ പറഞ്ഞു.

രണ്ടുകിലോയോളം കഞ്ചാവ് പിടിച്ചെടുത്ത കേസിലെ പ്രതിയായ ആകാശ് നിരപരാധിയാണ്. കേസ് കെഎസ് യു വിന്റെ തലയിലിടാനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നതെന്നും ഇരുവരും കുറ്റപ്പെടുത്തി. ആദില്‍ കഴിഞ്ഞവര്‍ഷം യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ് യുവിനു വേണ്ടി ആര്‍ട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു.

ആകാശ് കഞ്ചാവ് ഉപയോഗിക്കുന്ന ശീലമുള്ളയാളല്ലെന്ന് എസ്എഫ്‌ഐ നേതാവ് അഭിരാജും അഭിപ്രായപ്പെട്ടിരുന്നു. പൊലീസ് പിടിയിലായ അഭിരാജ് ആദിത്യന്‍ എന്നീവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. 9 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയില്‍ നിന്നു കണ്ടെടുത്തത്. 10 ഗ്രാമില്‍ താഴെ കഞ്ചാവ് പിടികൂടിയാല്‍ സ്റ്റേഷന്‍ ജാമ്യം അനുവദിക്കാമെന്ന നിയമപ്രകാരമാണ് ഇയര്‍ക്ക് ജാമ്യം നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്.

‘ഒരുപാട് കാലത്തെ സ്വപ്നം, ഇപ്പോൾ സന്തോഷമായി’; വൈപ്പിൻ – കൊച്ചി ബസ് യാത്രയിൽ അന്ന ബെൻ

‘ഒരുപാട് കാലത്തെ സ്വപ്നം, ഇപ്പോൾ സന്തോഷമായി’; വൈപ്പിൻ – കൊച്ചി ബസ് യാത്രയിൽ അന്ന ബെൻ

കൊച്ചി: ഗോശ്രീ ബസുകളുടെ നഗരപ്രവേശ ഉദ്‌ഘാടനച്ചടങ്ങിനെത്തി നടി അന്ന ബെൻ. അന്നയ്ക്കൊപ്പം അച്ഛനും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലവും നടി പൗളി വത്സനുമുണ്ടായിരുന്നു. വൈപ്പിൻ ബസുകൾ കൊച്ചി നഗരത്തിലേക്ക്‌ സർവീസ്‌ ആരംഭിച്ചതിൽ പറഞ്ഞറിയിക്കാനാകാത്ത അത്രയും സന്തോഷമുണ്ടെന്ന്‌ ആദ്യ ബസ്‌ യാത്രയിൽ പങ്കെടുത്ത്‌ അന്ന ബെൻ പറഞ്ഞു.

“സ്കൂളിലും കോളജിലുമൊക്കെ പഠിക്കുമ്പോൾ ഞാനും ബസിൽ തന്നെയാണ് യാത്ര ചെയ്തിരുന്നത്. ബസ് സൗകര്യമില്ലാതിരുന്നതിന്റെ ബുദ്ധിമുട്ട് വ്യക്തിപരമായി അനുഭവിച്ച ആളാണ് ഞാനും. സമരത്തിന് വന്നപ്പോൾ ഒരുപാട് പ്രതീക്ഷയോടെയാണ് വന്നത്. എന്തായാലും ആ പ്രശ്നം പരിഹരിച്ചു.

അതിൽ ഒരുപാട് സന്തോഷമുണ്ട്. ഇനിയും ബസുകൾ വരണമെന്നാണ് ആ​ഗ്രഹം. മുഖ്യമന്ത്രിയോടും എംഎൽഎയോടുമൊക്കെ ഒരുപാട് നന്ദിയുണ്ട്. ഒരുപാട് കാലത്തെ സ്വപ്നമാണിത്. ഞാൻ സെന്റ് തെരേസാസിലാണ് പഠിച്ചത്. വൈപ്പിനിൽ നിന്ന്‌ ബസ്‌ കയറി ഹൈക്കോടതിയുടെ സമീപത്തിറങ്ങി മറ്റൊരു ബസ്‌ പിടിച്ച്‌ വേണമായിരുന്നു അന്ന് കോളജിലെത്താൻ. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇത് എല്ലാവരുടെയും വിജയമാണ്”.- അന്ന ബെൻ പറഞ്ഞു. മന്ത്രി കെ ബി ഗണേഷ്‌കുമാർ ഫ്ലാഗ്‌ ഓഫ്‌ ചെയ്‌ത കെഎസ്‌ആർടിസി ബസിലായിരുന്നു എല്ലാവരുടെയും യാത്ര.

ഐപിഎല്ലിൽ ആരാധകർക്ക് വമ്പൻ ഓഫറുകൾ

ഐപിഎല്ലിൽ ആരാധകർക്ക് വമ്പൻ ഓഫറുകൾ

ചെന്നൈ: ഐപിഎല്ലിന്റെ പുതിയ സീസണ്‍ ഈ മാസം 22 മുതല്‍ തുടങ്ങാനിരിക്കെ ടിക്കറ്റുകള്‍ വില്‍പ്പന തകൃതിയാക്കി ടീമുകള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും മാത്രമാണ് നിലവില്‍ ഔദ്യോഗികമായി ടിക്കറ്റ് വില്‍പ്പന ആരംഭിക്കാത്ത ടീമുകള്‍. ബാക്കി ടീമുകളെല്ലാം ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. 499 രൂപ മുതല്‍ 30,000 രൂപ വരെയാണ് ടിക്കറ്റുകളുടെ വില. ഏത് വിഭാഗത്തിലുള്ള ടിക്കറ്റാണോ എടുക്കുന്നത് അതിനനുസരിച്ചുള്ള സൗകര്യങ്ങളും ആരാധകര്‍ക്കു കിട്ടും.

അഞ്ചക്കം വരെ നീളുന്ന ടിക്കറ്റെടുക്കുന്നവര്‍ക്ക് ബിയര്‍, മദ്യം, എസി ഹോസ്പിറ്റാലിറ്റി, സൗജന്യ ജേഴ്‌സി അടക്കമുള്ളവ ടീമുകള്‍ ഇത്തവണ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും കുറഞ്ഞ ടിക്കറ്റ് (499 രൂപ) ലഖ്‌നൗ, അഹമ്മദാബാദ് വേദികളിലാണ്. വിലയേറിയ ടിക്കറ്റ് ആകട്ടെ ചെന്നൈ- രാജസ്ഥാന്‍ പോരാട്ടത്തിനായിരിക്കും. മാര്‍ച്ച് 30നു ഗുവാഹത്തിയില്‍ അരങ്ങേറുന്ന ഈ പോരാട്ടത്തിനു 35,000 രൂപ വരെ ചെലവായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പണ്‍ എയര്‍ ഇരിപ്പിടങ്ങള്‍, എസി ഡൈനിങോടു കൂടിയ ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റാലിറ്റി എന്നിവയാണ് ഈ വിലയേറിയ ടിക്കെറ്റെടുക്കുന്ന ആരാധകനു ലഭിക്കുക.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സ്റ്റൈല്‍

ടിക്കറ്റ് വില നിര്‍ണയത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരുടെ വില നിര്‍ണയ തന്ത്രങ്ങളാണ് പയറ്റിയത്. ജയ്പുരിനെ കൂടാതെ അവര്‍ക്ക് ഗുവാഹത്തിയും ഹോം ഗ്രൗണ്ടാണ്. രണ്ട് മത്സരങ്ങള്‍ അവര്‍ ഗുവാഹത്തിയില്‍ കളിക്കുന്നുണ്ട്. സന്ദര്‍ശകര്‍ പ്രീമിയം ടീമായതിനാല്‍ ഹോം ക്ലബുകള്‍ക്ക് ടിക്കറ്റ് വില നിശ്ചയിക്കാം. ഗുവാഹത്തിയില്‍ ചെന്നൈ- രാജസ്ഥാന്‍ കളി കാണാന്‍ വരുന്ന ചെന്നൈ ആരാധകര്‍ 30,000ത്തിനു മുകളില്‍ പൈസ മുടക്കേണ്ടി വരും ടിക്കറ്റിന്. ഈ മാസം 26നു കൊല്‍ക്കത്തയും രാജസ്ഥാനും ഗുവാഹത്തി വേദിയില്‍ കളിക്കുന്നുണ്ട്. കൊല്‍ക്കത്ത ആരാധകര്‍ക്ക് 20,000 രൂപയ്ക്ക് ടിക്കറ്റ് സ്വന്തമാക്കാനാകും. ചെന്നൈ- രാജസ്ഥാന്‍ ടീമിന്റെ കളിയില്‍ ഏറ്റവും കുറഞ്ഞ ടിക്കറ്റ് വില 4,300 ആണ്. കൊല്‍ക്കത്ത- രാജസ്ഥാന്‍ പോരില്‍ 2,200 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.

ഒരു ജോഡി ജേഴ്‌സി

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ തുടങ്ങിയവരുടെ വെടിക്കെട്ട് ബാറ്റിങ് ആരാധകര്‍ക്ക് ആസ്വദിക്കാനുള്ള അവസരമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒരുക്കുന്നത്. 30,000 മുടക്കിയാല്‍ ആരാധകര്‍ക്ക് ബിയര്‍ കുടിച്ച് പ്രീമിയം ഹോസ്പിറ്റാലിറ്റി സീറ്റുകളില്‍ ഇരുന്ന് ബാറ്റിങ് വിരുന്ന് ആഘോഷിക്കാം. ഒപ്പം ഭക്ഷണവും മദ്യവും വേറെയും കിട്ടും. തീര്‍ന്നില്ല 30,000ത്തിന്റെ രണ്ട് ടിക്കറ്റെടുത്താല്‍ ഒരു ജോഡി ജേഴ്‌സിയും ആരാധകരെ കാത്തിരിക്കുന്നു. 22,000ത്തിന്റെ ടിക്കറ്റുമുണ്ട്. ഇതില്‍ മദ്യം ഒഴിച്ച് ബാക്കിയുള്ള ഓഫറുകളാണ് ലഭിക്കുക.

വിലയേറിയ ടിക്കറ്റുകള്‍ക്ക് സൗജന്യ ജേഴ്‌സി നല്‍കുന്ന മറ്റൊരു ഫ്രാഞ്ചൈസി മുംബൈ ഇന്ത്യന്‍സാണ്. പക്ഷേ ചില നിബന്ധനകളുണ്ട്. വാംഖഡെ സ്റ്റേഡിയത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ദിലീപ് വെങ്‌സര്‍ക്കാര്‍ സ്റ്റാന്റുകളിലെ ആരാധകര്‍ക്കാണ് ഈ ഓഫര്‍. എക്‌സ്‌ക്ലൂസീവ് ഫാന്‍ സോണുകളുടെ ഭാഗമായി മാത്രമേ ജേഴ്‌സി കിട്ടു. നിലവില്‍ ചെന്നൈ- മുംബൈ പോരാട്ടത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റു തീര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ടീമുകളും ടിക്കറ്റ് നിരക്കുകളും ഓഫറുകളും

ലഖ്‌നൗ- 499 രൂപ മുതല്‍ 20,000 രൂപ വരെ ടിക്കറ്റ് വില. ബിയര്‍, മദ്യം, ഫുള്‍ ഹോസ്പിറ്റാലിറ്റി ഓഫറുകള്‍.

മുംബൈ- 999 മുതല്‍ 21,000 വരെ. എസി ഹോസ്പിറ്റാലിറ്റി, (ഫ്രീ ടി ഷര്‍ട്ടുകള്‍ ഫാന്‍സോണ്‍ ടിക്കറ്റുകള്‍ക്ക്).

രാജസ്ഥാന്‍- 2,200 രൂപ മുതല്‍ 20,000 രൂപ വരെ. ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റാലിറ്റി, എസി ഡൈനിങ്.

കൊല്‍ക്കത്ത- 900 രൂപ മുതല്‍ 15,000 രൂപ വരെ. ബിയര്‍ ഇല്ല. ഹോസ്പിറ്റാലിറ്റി മാത്രം.

ഹൈദരാബാദ്- 750 രൂപ മുതല്‍ 30,000 രൂപ വരെ. ബിയര്‍, മദ്യം, ഭക്ഷണം. (ഒരു ജോഡി ടിക്കറ്റുകള്‍ വാങ്ങിയാല്‍ ജേഴ്‌സി)

ഗുജറാത്ത്- 499 രൂപ മുതല്‍ 20,000 രൂപ വരെ. അണ്‍ലിമിറ്റഡ് പ്രീമിയം ഹോസ്പിറ്റാലിറ്റി.

പഞ്ചാബ്- 1,500 രൂപ മുതല്‍ 12,000 രൂപ വരെ. ഭക്ഷണം, മദ്യം, സോഫ്റ്റ് ഡ്രിങ്ക്‌സ്.

ഡോ. ജയതിലക് ചീഫ് സെക്രട്ടറിയായേക്കും; ഐഎഎസ് പോര് ഇനി എങ്ങോട്ട്?

ഡോ. ജയതിലക് ചീഫ് സെക്രട്ടറിയായേക്കും; ഐഎഎസ് പോര് ഇനി എങ്ങോട്ട്?

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ അടുത്ത മാസം വിരമിക്കും. ഇതോടെ ധന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാകാന്‍ സാധ്യതയേറി. എന്‍ പ്രശാന്ത് ഉള്‍പ്പെട്ട ഐഎഎസുകാരുടെ പോരില്‍ ഒരുഭാഗത്തുള്ള ഡോ. ജയതിലക് ചീഫ് സെക്രട്ടറിയാകുന്നത് സംസ്ഥാനത്തെ ഉദ്യോഗസ്ഥ ഭരണത്തെ എങ്ങനെ ബാധിക്കുമെന്നതും ശ്രദ്ധേയമാണ്.

കേരള കേഡറിലുള്ള ഐഎഎസുകാരില്‍, കേന്ദ്ര ഗ്രാമവികസന സെക്രട്ടറി മനോജ് ജോഷിയാണ് ഏറ്റവും സീനിയര്‍. 1989 ബാച്ച് ഐഎഎസുകാരനായ മനോജ് ജോഷിക്ക് കേരളത്തിലേക്ക് മടങ്ങിവരാന്‍ താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി നേരത്തെ രണ്ടു തവണയും സംസ്ഥാനത്ത് പദവി താല്‍പ്പര്യപ്പെട്ടിരുന്നില്ല. രാജസ്ഥാന്‍ സ്വദേശിയായ മനോജ് ജോഷി കേരളത്തിലേക്ക് മടങ്ങിവരാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടോയെന്ന് സര്‍ക്കാര്‍ വീണ്ടും വ്യക്തത വരുത്തും.

ഡോ. ജയതിലക്, പാര്‍ലമെന്ററി കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയി, രചന ഷാ എന്നിവരാണ് 1991 ബാച്ച് ഐഎഎസുകാര്‍. കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തില്‍ സെക്രട്ടറിയായ രചനാ ഷാ കേരളത്തിലേക്ക് വരാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നാണ് വിവരം. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഗ്രേഡ് ഇല്ലാത്തതിനാല്‍ രാജു നാരായണ സ്വാമിക്ക് സാധ്യത കുറവാണ്. ജയതിലക് ചീഫ് സെക്രട്ടറി പദവിയിലെത്തിയാല്‍ 2026 ജൂണ്‍ വരെ കാലാവധിയുണ്ട്.

ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയി ഈ മാസം 31 ന് വിരമിക്കും. ശാരദ മുരളീധരന്‍, ഇഷിത റോയി എന്നിവര്‍ക്ക് പുറമെ, രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂടി ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കും. കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ ഏപ്രില്‍ 30 നും പൊതു വിദ്യാഭ്യാസ സെക്രട്ടറി റാണി ജോര്‍ജ് മെയ് 31നും വിരമിക്കും. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഡോ. വിശ്വാസ് മേത്ത, മുഹമ്മദ് റിയാസുദ്ദീന്‍, പി കെ മൊഹന്തി എന്നീ മൂന്നുപേര്‍ മാത്രമാണ് മലയാളികളല്ലാത്ത ചീഫ് സെക്രട്ടറിമാരായിരുന്നിട്ടുള്ളത്.

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം ഇന്ന്

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും ഭൂമിയിലേക്കുള്ള മടങ്ങി വരവ് ഉടൻ. ഇവരെ മടക്കി കൊണ്ടുവരുന്നതിനുള്ള സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന് നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 7:03 ന് (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4:30) ക്രൂ 10 വിക്ഷേപിക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

മാർച്ച് 20 ന് സുനിതയ്ക്കും വിൽമോറിനും ഭൂമിയിലെത്താനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്ത സംഘം യാത്രക്കാരുമായി കഴിഞ്ഞ ദിവസം പുറപ്പെടേണ്ടിയിരുന്ന സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റിവെച്ച സാഹചര്യത്തിലാണ് സുനിത വില്യംസിന്‍റെയും സംഘത്തിന്‍റെയും മടങ്ങിവരവ് നീളുന്നത്.

നാസയിലെ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സയിലെ തകുയ ഒനിഷി, റോസ്കോസ്മോസിന്റെ കിറിൽ പെസ്കോവ് എന്നിവരാണ് ബഹിരാകാശത്തേക്ക് പുറപ്പെടുന്ന സംഘത്തിലുള്ളത്. കാലതാമസം വന്നെങ്കിലും ബഹിരാകാശ യാത്രികരുടെ ആരോഗ്യവും സുരക്ഷയുമാണ് തങ്ങളുടെ മുൻ‌ഗണനയെന്ന് നാസ അറിയിച്ചിരുന്നു. അവസാന നിമിഷം കണ്ടെത്തിയ സാങ്കേതിക തകരാറിനെ തുടർന്നാണ് ക്രൂ 10 വിക്ഷേപണം കഴിഞ്ഞ ദിവസം മാറ്റി വച്ചത്.

നാസയും ഇലോൺ മസ്കിന്റെ സ്പേസ് എക്സും ചേര്‍ന്നുള്ള ദൗത്യമാണ് ക്രൂ10. കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും, ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്.ജൂൺ ആറിന് ഐഎസ്എസിലെത്തി ജൂൺ 13 ഓടെ മടങ്ങാനായിരുന്നു പദ്ധതി. ഈ ബഹിരാകാശ പേടകം മുമ്പ് ഐഎസ്എസിലേക്ക് രണ്ട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ പരീക്ഷണത്തിന്‍റെ ഭാഗമായിരുന്നു സുനിതയും വിൽമോറും.

24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി ബഹിരാകാശ നിലയത്തിലെത്തി. എട്ടു ദിവസം കൊണ്ട് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി. ബോയിങ് സ്റ്റാർലൈനർ ക്യാപ്‌സ്യൂളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണമാണ് സുനിത വില്യംസിനും ബുച്ച് വിൽമോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങാൻ സാധിക്കാത്തത്.

കുഞ്ഞുങ്ങളേ സൂക്ഷിക്കുക! അപരിചിതർ വച്ചു നീട്ടുന്ന ആ ചോക്ലേറ്റിൽ മയക്കുമരുന്നുണ്ടാകും

കുഞ്ഞുങ്ങളേ സൂക്ഷിക്കുക! അപരിചിതർ വച്ചു നീട്ടുന്ന ആ ചോക്ലേറ്റിൽ മയക്കുമരുന്നുണ്ടാകും

കൊച്ചി: ലഹരിമരുന്ന് കടത്തും ഉപയോ​ഗവും തടയുന്നതിനായി വ്യാപകമായ പരിശോധനകളടക്കമുള്ള നടപടികൾ പൊലീസടക്കം കർശനമാക്കിയിട്ടുണ്ട്. എന്നാൽ കുട്ടികളെ വലയിലാക്കാൻ ലക്ഷ്യമിട്ടുള്ള ലഹരിമരുന്നു സംഘത്തിന്റെ ശ്രമങ്ങൾ ആശങ്കപ്പെടുത്തുന്നതാണ്. ചോക്ലേറ്റ്, മധുരപലഹാരങ്ങൾ, മയക്കുമരുന്നു കലർന്ന പാനീയങ്ങൾ എന്നിവയുമായാണ് സംഘങ്ങൾ കുട്ടികളെ വലയിലാക്കുന്നത്. ബസ് സ്റ്റാന്റുകൾ, മറ്റ് കാത്തിരിപ്പ് കേന്ദ്രങ്ങളിലുമാണ് ഇത്തരം സംഘങ്ങൾ പെൺകുട്ടികൾ അടക്കമുള്ളവരെ പിന്തുടരുന്നത്.

നടന്നു പോകുന്ന, സൈക്കിളിൽ പോകുന്ന, പൊതു ​ഗതാ​ഗതം ഉപയോ​ഗിക്കുന്ന വിദ്യാർഥികളെയാണ് ഇവർ കെണിയിലാക്കാൻ നോക്കുന്നത്. തങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു മറയായും വിദ്യാർഥികളെ സംഘം ഉപയോ​ഗപ്പെടുത്തുന്നു. കോട്ടയം മണർകാട്ട് നാല് വയസുള്ള ഒരു ആൺകുട്ടി സ്കൂളിൽ വച്ച് ലഹരി ചേർത്ത ചോക്ലേറ്റ് കഴിച്ചതായി റിപ്പോർട്ട് ചെയ്തതോടെയാണ് പ്രശ്നത്തിന്റെ ​ഗൗരവം പുറത്തറിയുന്നത്.

കൊച്ചിയിലെ ഒരു റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി അവരുടെ അപ്പാർട്ട്മെന്റ് വാട്സ്ആപ്പ് ​ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശത്തിൽ അപ്പാർട്ട്മെന്റിലെ ആറാം ക്ലാസ് വിദ്യാർഥി ഇത്തരമൊരു കെണിയിൽപ്പെട്ടത് വിശദീകരിക്കുന്നുണ്ട്. സൈക്കിളിൽ സ്കൂളിലേക്ക് പോകുകയായിരുന്നു ഒരു ആൺകുട്ടിക്ക് എസ്ആർഎം റോഡിനു സമീപത്തു വച്ച് ബൈക്കിൽ എത്തിയ ടീഷർട്ട് ധരിച്ച രണ്ട് യുവാക്കൾ ചോക്ലേറ്റ് സമ്മാനിച്ചു. എന്നാൽ കുട്ടി ഇതു വാങ്ങാൻ തയ്യാറായില്ല.

അപരിചിതരിൽ നിന്നു ഒന്നും വാങ്ങരുതെന്നു മാതാപിതാക്കൾ പറഞ്ഞുവെന്നു വ്യക്തമാക്കിയാണ് അവൻ ചോക്ലേറ്റ് വാങ്ങാൻ തയ്യാറാകാതിരുന്നത്. സംഭവം വിട്ടു കളയുന്നതിനു പകരം വിദ്യാർഥി അധ്യാപകരേയും മാതാപിതാക്കളേയും അറിയിച്ചു. വിഷയം തങ്ങളുടെ ശ്രദ്ധയിലും വന്നു. ആ വ്യക്തികളെ തിരിച്ചറിയാനുള്ള ശ്രമം തങ്ങളും നടത്തുന്നതായി റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി വ്യക്തമാക്കി.

മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ (എൻഡിപിഎസ്) നിയമ ലംഘനങ്ങളിൽ വിദ്യാർഥികൾ ഉൾപ്പെട്ട ചില കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ന​ഗരത്തിൽ കുട്ടികളെ ലക്ഷ്യമിട്ട് ​ഗുണ്ടാ സംഘങ്ങൾ ഇത്തരത്തിൽ ലഹരി കലർന്ന മധുരപലഹാരങ്ങൾ ഉപയോ​ഗിച്ചതായി ഒരു സംഭവവും കണ്ടെത്തിയിട്ടില്ലെന്നു കൊച്ചി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറയുന്നു.

കുട്ടികൾക്കിടയിലെ മയക്കുമരുന്നു ഉപയോ​ഗം സംബന്ധിച്ച വിഷയം വളരെ ​ഗൗരവമായി കാണുന്നു. ഇത്തരം പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. തടയാനും ശ്രമിക്കുന്നുണ്ട്. കുട്ടികളെ ഭക്ഷണ സാധനങ്ങൾ നൽകി വലയിലാക്കാൻ ശ്രമിക്കുന്നതായി തെളിവുകൾ ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും പുട്ട വിമലാദിത്യ വ്യക്തമാക്കി.

ന​ഗര പരിധിയിൽ ചോക്ലേറ്റുകൾ, മധുരപലഹാരങ്ങൾ അല്ലെങ്കിൽ മയക്കുമരുന്നു കലർന്ന പാനീയങ്ങൾ വ്യാപകമാണെന്നു റിപ്പോർട്ടുകളില്ലെന്നു കൊച്ചി ടൗൺ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ എകെ അബ്ദുൽ സലാം പറഞ്ഞു. വിദ്യാർഥികൾ ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന അപൂർവം സംഭവങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും സ്ഥിതി​ഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർഥികൾ, പൊലീസ്, രക്ഷിതാക്കൾ, അധ്യാപകർ, സ്കൂൾ അധികാരികൾ എന്നിവരെല്ലാം ജാ​ഗ്രത പാലിക്കേണ്ടതുണ്ട്. ‘ഉറപ്പ് @ സ്കൂൾ’ എന്ന പരിപാടി ഉൾപ്പെടെയുള്ള ബോധവത്കരണ പരിപാടികളിലൂടെയും പരിശോധനകളിലൂടെയും എറണാകുളം റൂറൽ പൊലീസ് നിലവിലെ സ്ഥിതി​ഗതികൾ നിരീക്ഷിക്കുന്നുണ്ട്.