കേന്ദ്ര – കേരള ബന്ധത്തില്‍ പുതു ചരിത്രമെഴുതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

കേന്ദ്ര – കേരള ബന്ധത്തില്‍ പുതു ചരിത്രമെഴുതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തിരുവനന്തപുരം: മുന്‍ഗാമിയില്‍ നിന്ന് വ്യത്യസ്തമായി, അസ്വാരസ്യം നിറഞ്ഞ കേന്ദ്ര സംസ്ഥാന ബന്ധങ്ങങളില്‍ നയതന്ത്രത്തിന്റെ പുതുചരിത്രം രചിച്ച് സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കഴിഞ്ഞ എഴ് വര്‍ഷത്തോളമായി സംഘര്‍ഷഭരിതവും ആരോപണ പ്രത്യാരോപണങ്ങളാല്‍ മുഖരിതവുമാണ് മോദി – പിണറായി വിജയന്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം. അതേസമയം ജനുവരി രണ്ടിന് ഗവര്‍ണറായി ചുമതലയേറ്റ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സംസ്ഥാന സര്‍ക്കാരുമായി സൗഹാര്‍ദ്ദപരമായ സമീപനം സ്വീകരിക്കുകയായിരുന്നു.

സംസ്ഥാന നിയമസഭയില്‍ ഇടതു മുന്നണി സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം മുഴുവന്‍ വായിച്ച ഗവര്‍ണര്‍ തന്റെ സമീപനം മുന്‍ഗാമി ആരിഫ് മുഹമ്മദ് ഖാനില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണെന്ന സന്ദേശമാണ് നല്‍കിയത്. അതേസമയം തന്നെ ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യുന്ന ബില്ലില്‍ അടക്കം വിട്ടു വീഴ്ച പ്രകടമാക്കിയതുമില്ല.

ന്യൂഡല്‍ഹിയിലെ കേരള ഹൗസില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ആയാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച നീക്കം അനാവരണം ചെയ്തത്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായി കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എപിമാര്‍ക്കും അത്താഴവിരുന്നൊരുക്കിയ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഡല്‍ഹിയില്‍ ആ ദിവസം സിപിഎം പിബിയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കുക കൂടി ചെയ്തു. കൂടാതെ പ്രോട്ടോക്കോള്‍ ചട്ടങ്ങളെല്ലാം മാറ്റിവെച്ച് ബുധനാഴ്ച രാവിലെ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായുള്ള മുഖ്യമന്ത്രിയുടെ പ്രാതല്‍ വിരുന്നിലും കൂടികാഴ്ചയിലും സന്നിഹതനായി. മുന്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ചതില്‍ നിന്ന് വ്യത്യസ്തമായ നയസീപനമാണ് കേരളത്തിന്റെ പൊതുവായ വികസന കാര്യങ്ങളില്‍ തനിക്കെന്ന് രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നയം വ്യക്തമാക്കിയതോടെ രാഷ്ട്രീയ നേതാക്കള്‍ കക്ഷി രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന് അപ്പുറമായി ഒത്തുചേരുകയായിരുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹി പ്രതിനിധി കെവി തോമസിന്റെ ഇടപെടലാണ് നിര്‍ണായക വഴിത്തിരിവിലേക്ക് നയിച്ചത്. കഴിഞ്ഞ ആഴ്ച രാഷ്ട്രപതി തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാക്കും സംസ്ഥാന അധിപര്‍ക്കുമായി ഒരുക്കിയ വിരുന്നിടെ ഗവര്‍ണറും കെവി തോമസും തമ്മില്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിനിടെ കേരളത്തിന്റെ വികസന പ്രശ്‌നവും കടന്നുവന്നു. ‘സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളും കേന്ദ്ര ധന സഹായം ലഭിക്കുന്നതിലെ പ്രയാസവും ഞാന്‍ ഗവര്‍ണറോട് പറഞ്ഞു്,’ -കെവി തോമസ് പറഞ്ഞു.

‘കേരളത്തിന്റെ വികസന കാര്യത്തില്‍ രാഷ്ട്രീയത്തിന് അതീതമായി ഒരുമിച്ച് പോകാമെന്ന് അദ്ദേഹം അറിയിച്ചു. എംപിമാരുമായി സംസാരിക്കാമെന്നും വ്യക്തമാക്കി,’- അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് മാര്‍ച്ച് 11ന് വൈകിട്ട് ഗവര്‍ണറുടെ ഓഫീസ് കേരളത്തില്‍ നിന്നുള്ള എല്ലാ എംപിമാരെയും കേരള ഹൗസിലേക്ക് അത്താഴ വിരുന്നിന് ക്ഷണിച്ചു. ഒപ്പം ആ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്ന മുഖ്യമന്ത്രിയെയും ഗവര്‍ണര്‍ ക്ഷണിച്ച. കേന്ദ്ര മന്ത്രിമാരായ ജോര്‍ജ്ജ് കുര്യനും സുരേഷ് ഗോപിയും കോണ്‍ഗ്രസിന്റെ വയനാട് എംപി പ്രിയങ്കാ ഗാന്ധിയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയും വിട്ടുനിന്നപ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പങ്കെടുത്തു.

വിരുന്നിന് മുന്നോടിയായി നടന്ന യോഗത്തില്‍ സംസാരിച്ച ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ വികസന കാര്യത്തില്‍ എല്ലാവരും ഒരുമിച്ച് പോകണമെന്ന് വ്യക്തമാക്കി. ‘കേരളത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ച് ഞാന്‍ ബോധവാനാണ്. രാഷ്ട്രീയ വ്യത്യാസം മറന്ന് എല്ലാവരും മുന്നോട്ട് ഐക്യത്തോടെ പോകണം. കേന്ദ്രത്തിന് മുമ്പാകെ കേരളത്തിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രിക്കൊപ്പം ഞാനും ഒപ്പം ഉണ്ടാവും,’ – അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ ഉദ്യമത്തില്‍ സന്തോഷം പ്രകടമാക്കിയ മുഖ്യമന്ത്രി ടീം കേരളയോടൊപ്പം കേരള ഗവര്‍ണറും ഉണ്ടെന്നത് ആഹ്ലാദകരവും ആവശേകരവും ആണെന്ന് പറഞ്ഞു.് ഇതൊരു നല്ല തുടക്കമാണെന്നും നല്ല അന്തരീക്ഷമാണ് സംജാതമായിരിക്കുന്നതെന്നും പിണറായി വിജയന്‍ വ്യകതമാക്കി.

യോഗത്തില്‍ സംസാരിച്ച മുഴവന്‍ എംപിമാരും വികസന പ്രശ്‌നങ്ങളെ കുറിച്ചും കേന്ദ്രം ധനസഹായം നിഷേധിക്കുന്നതും ഉദാഹരണ സഹിതം എണ്ണിയെണ്ണി പറഞ്ഞു. വയനാട് ദുരന്തത്തിനുള്ള സഹായം, വിഴിഞ്ഞം തുറമുഖത്തിനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട്, എയിംസ്, കെ റെയില്‍ അഥവാ ഹൈ സപീഡ് റെയില്‍ സംവിധാനം, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് അടക്കം എംപിമാര്‍ വിശദീകരിച്ചു. സിപി.എം എംപി ജോണ്‍ ബ്രിട്ടാസ് രണ്ട് കേന്ദ്ര മന്ത്രിമാര്‍ വിട്ടു നിന്നത് ചൂണ്ടിക്കാട്ടി. യോഗത്തില്‍ സംസാരിച്ച പിടി ഉഷയാവട്ടെ തനിക്ക് രാഷ്ട്രീയം ഇല്ലെന്ന് പറഞ്ഞു.

മാര്‍ച്ച് ആറിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ കണ്ട സംസ്ഥാന സര്‍ക്കാറിന്റെ പ്രതിനിധി കെവി തോമസ് ബുധനാഴ്ചത്തെ പ്രാതലിനായി മുഖ്യമന്ത്രിക്ക് വേണ്ടി ക്ഷണിച്ചു. വയനാടിന് കേന്ദ്ര ധനസഹായം പൂര്‍ണമായി ലഭിക്കാത്ത വിഷയം, ഇപ്പോള്‍ പ്രഖ്യാപിച്ച തുക മാര്‍ച്ച് 31 ന് മുമ്പ് ചെലവഴിക്കണമെന്ന നിര്‍ദ്ദേശത്തിലെ അപ്രായോഗികത, ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നം, അതിവേഗ റെയില്‍വേ സംവിധാനത്തിനായി ഇ ശ്രീധരന്‍ നല്‍കിയ പദ്ധതി എന്നിവയില്‍ അനുകൂല നടപടി എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

കേന്ദ്ര ധനമന്ത്രിയുമായുള്ള തീയതി നിശ്ചയിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ഗവര്‍ണറെ ബന്ധപ്പെട്ടു. ഗവര്‍ണര്‍ പങ്കെടുക്കാമെന്ന് ഉറപ്പ് നല്‍കി. ബുധനാഴ്ച രാവിലെ കേരളഹൗസില്‍ എത്തിയ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. കേരളം നേരിടുന്ന വിഷയങ്ങള്‍ അവതരിപ്പിച്ച മുഖ്യമന്ത്രി സംസ്ഥാനത്തിന്റ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനവും കേന്ദ്ര മന്ത്രിക്ക് കൈമാറി.

കയ്യേറ്റക്കാരെ കേസിൽ കക്ഷി ചേർക്കും; പരുന്തുംപാറയിൽ നിർമാണ പ്രവർത്തനങ്ങൾ പാടില്ല, ഹൈക്കോടതി

കയ്യേറ്റക്കാരെ കേസിൽ കക്ഷി ചേർക്കും; പരുന്തുംപാറയിൽ നിർമാണ പ്രവർത്തനങ്ങൾ പാടില്ല, ഹൈക്കോടതി

കൊച്ചി: ഇടുക്കി പരുന്തുംപാറയിൽ യാതൊരുവിധ നിർമാണ പ്രവർത്തനവും അനുവദിക്കരുതെന്ന് ഹൈക്കോടതി. നിർമാണ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് റവന്യു, പഞ്ചായത്ത്, പൊലീസ് അധികൃതർ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. പരുന്തുംപാറയിൽ വ്യാപകമായ തോതിൽ സർക്കാർ ഭൂമി കയ്യേറിയെന്ന ഐജി കെ സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളികൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

റവന്യു വകുപ്പിന്റെ എൻഒസിയും തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയുമില്ലാത്ത ഒരു നിർമാണ പ്രവർത്തനവും അനുവദിക്കരുത്. നിർമാണ സാമ​ഗ്രികളുമായി വരുന്ന വാഹനങ്ങൾ ഇവിടേക്ക് കയറ്റിവിടരുത്. ഇക്കാര്യം ജില്ലാ ഭരണകൂടവും ജില്ലാ പൊലീസ് മേധാവിയും ഉറപ്പാക്കണം. പീരുമേട്, മഞ്ഞുമല വില്ലേജുകളുടെ പരിധിയിൽ വരുന്ന സർക്കാർ ഭൂമിയിൽ കയ്യേറ്റം നടന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.

വലിയ കെട്ടിടങ്ങളും ഈ മേഖലയിൽ നിർമിച്ചിട്ടുണ്ട്. മൂന്നാർ മേഖലയിലേക്കാൾ വലിയ കയ്യേറ്റമാണ് പരുന്തുംപാറ മേഖലയിൽ നടക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. മൂന്നാർ മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയോടൊപ്പം പരുന്തുംപാറയിലെ പ്രശ്നവും പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് പ്രത്യേക ബെഞ്ചിന് അനുമതി നൽകി.

കേസിൽ പീരുമേട്, വണ്ടിപ്പെരിയാർ പഞ്ചായത്തുകളെ കക്ഷി ചേർത്തു. പരുന്തുംപാറയിലെ കയ്യേറ്റക്കാരുടെ പട്ടിക ഹാജരാക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. കയ്യേറ്റക്കാരെയും കേസിൽ കക്ഷി ചേർക്കും.

യുവതിയായി അഭിനയിച്ച് വിവാഹ വാഗ്ദാനം; 33 ലക്ഷം രൂപ തട്ടിയെടുത്ത മധ്യവയസ്കൻ അറസ്റ്റിൽ

യുവതിയായി അഭിനയിച്ച് വിവാഹ വാഗ്ദാനം; 33 ലക്ഷം രൂപ തട്ടിയെടുത്ത മധ്യവയസ്കൻ അറസ്റ്റിൽ

കൊച്ചി: യുവതിയായി അഭിനയിച്ച് വിവാഹ വാഗ്ദാനം നൽകി യുവാവിന്റെ പക്കൽ നിന്ന് പണം തട്ടിയെടുത്ത മധ്യവയസ്കൻ അറസ്റ്റിൽ. മലപ്പുറം വേങ്ങര വൈദ്യർവീട്ടിൽ മുജീബ് റഹ്മാനെയാണ് (45) ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയാണെന്ന വ്യാജേന യുവാവുമായി സൗഹൃദം സ്ഥാപിച്ച് ഓൺലൈനിലൂടെ 33 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. എടവനക്കാട് സ്വദേശിക്കാണ് പണം നഷ്ടമായത്.

പരാതിക്കാരന് മാട്രിമോണിയൽ പരസ്യം വഴിയാണ് ഫോൺ നമ്പർ ലഭിച്ചത്. വാട്സാപ് വഴി ബന്ധപ്പെട്ടപ്പോൾ പേര് ശ്രുതി എന്നാണെന്നും ബംഗളൂരുവിൽ സ്ഥിര താമസമാണെന്നും ബ്രിട്ടനിലാണ് ജോലിയെന്നും പരിചയപ്പെടുത്തി. വിവാഹ വാഗ്ദാനം നൽകി സൗഹൃദം ശക്തമാക്കിയ ശേഷം ക്രിപ്റ്റോ കറൻസി ട്രേഡിങ് ലാഭകരമാണെന്ന് വിശ്വസിപ്പിച്ച് ചില ഓൺലൈൻ ആപ്പുകൾ യുവാവിനെക്കൊണ്ട് ഡൗൺലോഡ് ചെയ്യിച്ചു.

ആദ്യം ഇതുവഴി പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നുള്ള 7,44,000 രൂപ മുടക്കി ക്രിപ്റ്റോ കറൻസി വാങ്ങിച്ച് മറ്റൊരു ആപ്പിൽ നിക്ഷേപിച്ചു. ഇതിനു ശേഷവും പല തവണയായി പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്ന് 32,93,306രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2023 ഒക്ടോബറിലായിരുന്നു എടവനക്കാട് സ്വദേശിയില്‍ നിന്ന് ഇയാൾ പണം തട്ടിയത്.

സൗന്ദര്യയുടേത് കൊലപാതകമോ ? ആ നടന്‍ വില്ലനോ ? നിര്‍ണായക വഴിത്തിരിവ്

സൗന്ദര്യയുടേത് കൊലപാതകമോ ? ആ നടന്‍ വില്ലനോ ? നിര്‍ണായക വഴിത്തിരിവ്

നടി സൗന്ദര്യ വിമാനാപകടത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന പരാതിയുമായി ആന്ധ്രപ്രദേശിലെ ഖമ്മം ജില്ലക്കാരനായ ചിട്ടിമല്ലു. പരാതി നല്‍കിയതിനെത്തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും, അതിനാല്‍ സുരക്ഷ നല്‍കണമെന്നും ചിട്ടിമല്ലു ഖമ്മം എസ്പിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി

സൗന്ദര്യയുടേത് അപകടമരണമല്ലെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഖമ്മം എസിപിക്കും ജില്ലാ അധികൃതര്‍ക്കും പരാതി നല്‍കിയത്. 2004 ഏപ്രില്‍ 17 നാണ്, വിമാനം തകര്‍ന്ന് നടി സൗന്ദര്യ അടക്കം നാലുപേര്‍ മരിച്ചത് അപകട മരണമല്ലെന്നാണ് ഇയാളുടെ വാദം.

തെലുങ്കു നടന്‍ മോഹന്‍ബാബുവിനെതിരെയാണ് സംഭവത്തില്‍ പരാതി നല്‍കിയിരിക്കുന്നത്. നടന്‍ മോഹന്‍ ബാബുവുമായി സൗന്ദര്യക്കുണ്ടായിരുന്ന വസ്തു തര്‍ക്കമാണ് നടിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്

പരാതിയില്‍ പറയുന്നത് ഇങ്ങനെ:

ഷംഷാബാദിലെ ജാല്‍പള്ളി എന്ന ഗ്രാമത്തില്‍ സൗന്ദര്യക്കും സഹോദരനും ആറ് ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. ഇത് മോഹന്‍ ബാബുവിന് വില്‍ക്കാന്‍ ഇരുവരും വിസമ്മതിച്ചതാണ് പ്രശ്നത്തിന് കാരണം. സൗന്ദര്യയുടെ മരണശേഷം മോഹന്‍ബാബു ഈ ഭൂമി ബലമായി കൈവശപ്പെടുത്തി. ഭൂമി മോഹന്‍ബാബു കൈവശപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷണം നടത്തണം. ഭൂമി മോഹന്‍ ബാബുവില്‍ നിന്ന് തിരിച്ചുവാങ്ങി പൊതുജന ക്ഷേമാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണം. മോഹന്‍ബാബുവും ഇളയ മകന്‍ മഞ്ജു മനോജും തമ്മില്‍ വസ്തു തര്‍ക്കമുണ്ടായിരുന്നു. മഞ്ചു മനോജിന് നീതി ലഭിക്കണം. ജാല്‍പള്ളിയിലെ ആറേക്കര്‍ ഗസ്റ്റ്ഹൗസ് പിടിച്ചെടുക്കണം- പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

ഹൈദരാബാദിലേക്ക് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകവേയുണ്ടായ അപകടത്തില്‍ സൗന്ദര്യയുടെ സഹോദരന്‍ അമര്‍നാഥ് ഷെട്ടി, പൈലറ്റ് മലയാളിയായ ജോയ് ഫിലിപ്പ്, പ്രാദേശിക ബിജെപി നേതാവ് രമേഷ് കദം എന്നിവരാണ് കൊല്ലപ്പെട്ടത്. സൗന്ദര്യ മരിച്ച് 21 വര്‍ഷത്തിന് ശേഷമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

സൈബര്‍ തട്ടിപ്പ്: മ്യാന്‍മറില്‍ നിന്ന് മലയാളികള്‍ അടക്കം 549 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു

സൈബര്‍ തട്ടിപ്പ്: മ്യാന്‍മറില്‍ നിന്ന് മലയാളികള്‍ അടക്കം 549 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു

ഡല്‍ഹി: മ്യാന്‍മര്‍ -തായ്ലന്‍ഡ് അതിര്‍ത്തിയില്‍ തൊഴില്‍ തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായ മലയാളികള്‍ ഉള്‍പ്പെടെ 549 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം. രണ്ട് സൈനിക വിമാനങ്ങളിലായണ് ഇവരെ തിരിച്ചെത്തിച്ചത്.

ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരെ ഐടി മേഖലയില്‍ ജോലി വാഗ്ദാനം ചെയ്ത് തായ്ലന്‍ഡിലേക്കോ മ്യാന്‍മറിലേക്കോ കൊണ്ടുപോയി. ഇവരെ സൈനിക ഭരണകൂടത്തിന്റെ നിയന്ത്രണത്തിലല്ലാത്ത മ്യാന്‍മറിലെ നിയമവിരുദ്ധ അതിര്‍ത്തി പ്രദേശങ്ങളിലെ ചൈനീസ് ക്രിമിനല്‍ സംഘങ്ങള്‍ നടത്തുന്ന സൈബര്‍ കുറ്റകൃത്യ കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു.

വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചവരില്‍ മലയാളികളായ എട്ട് പേരെ നാട്ടിലെത്തിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ , എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട് സ്വദേശികളാണ് തിരിച്ചെത്തുന്നത്.

വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ വഴി ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്നറിയപ്പെടുന്ന മേഖലയില്‍ ഉള്‍പ്പെടെ വ്യാജ കോള്‍ സെന്ററുകളില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ (സ്‌കാമിങ്ങ്) ചെയ്യാന്‍ നിര്‍ബന്ധിതരായി കുടുങ്ങിയവരാണ് തിരിച്ചെത്തിയവര്‍. മ്യാന്‍മാര്‍ തായ്ലന്‍ഡ് ഇന്ത്യന്‍ സ്ഥാനപതികാര്യാലയങ്ങള്‍ പ്രാദേശിക സര്‍ക്കാരുകളുമായി സഹകരിച്ച് നടത്തിയ ഇടപെടലുകളാണ് ഇന്ത്യാക്കാരുടെ മോചനത്തിന് സഹായിച്ചത്. മറ്റുളളവരേയും ഉടന്‍ തിരിച്ചെത്തിക്കും. രക്ഷപ്പെടുത്തിയവരെ തായ്ലാന്‍ഡിലെ മെയ് സോട്ട് നഗരത്തിലെത്തിക്കുകയും പിന്നീട് വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുകയുമായിരുന്നു.

സൈബര്‍ കുറ്റകൃത്യ കേന്ദ്രങ്ങളില്‍ നിന്ന് മോചിപ്പിക്കപ്പെട്ട 266 ഇന്ത്യക്കാരെ ചൊവ്വാഴ്ചപ ഒരു ഇന്ത്യന്‍ വ്യോമസേന വിമാനത്തില്‍ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ ചെയ്തു. തിങ്കളാഴ്ച 283 ഇന്ത്യക്കാരെയും സമാനമായി തിരിച്ചയച്ചു. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.

കൊച്ചിയില്‍ അഞ്ച് കുട്ടികള്‍ക്ക് മസ്തിഷ്‌ക ജ്വരം; സമാന ലക്ഷണങ്ങളുമായി മൂന്ന് പേര്‍ ചികിത്സയില്‍

കൊച്ചിയില്‍ അഞ്ച് കുട്ടികള്‍ക്ക് മസ്തിഷ്‌ക ജ്വരം; സമാന ലക്ഷണങ്ങളുമായി മൂന്ന് പേര്‍ ചികിത്സയില്‍

കൊച്ചി: കൊച്ചി കളമശ്ശേരിയില്‍ അഞ്ച് കുട്ടികള്‍ക്ക് മസ്തിഷ്‌ക ജ്വരം(സെറിബ്രല്‍ മെനഞ്ചൈറ്റിസ്). സ്വകാര്യ സ്‌കൂളിലെ ഏഴുവയസ്സും എട്ടുവയസ്സുമുള്ള വിദ്യാര്‍ഥികളാണ് ആശുപത്രിയില്‍ ചികിത്സതേടിയത്. സമാന രോഗലക്ഷണങ്ങളോടുകൂടി ഇതേ സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികളും ചികിത്സയിലുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കടുത്ത തലവേദനയെയും ഛര്‍ദ്ദിയേയും തുടര്‍ന്നാണ് കുട്ടികള്‍ രണ്ട് സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടിയത്. പ്രാഥമിക പരിശോധനയിലാണ് മസ്തിഷ്‌ക ജ്വരമാണെന്ന സംശയം ഉയര്‍ന്നത്. എന്നാല്‍, സ്ഥിരീകരണം ഉണ്ടായിട്ടില്ല. രണ്ട് കുട്ടികളെ ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

രോഗബാധയെ തുടര്‍ന്ന് സ്‌കൂളിലെ പ്രൈമറിതല പരീക്ഷ മാറ്റിവെച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളെ വീട്ടിലിരുത്തണമെന്നും രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി അറിയിച്ചു. അസുഖബാധിതരായ കുട്ടികളോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പാലിക്കണമെന്നും മാസ്‌ക് അടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഡിഎംഒ അറിയിച്ചു.