ചോറ്റാനിക്കര മകം തൊഴൽ ഇന്ന്; സുരക്ഷയ്ക്ക് 1000 പൊലീസ്, ​ഗതാ​ഗത ക്രമീകരണം ഇങ്ങനെ

ചോറ്റാനിക്കര മകം തൊഴൽ ഇന്ന്; സുരക്ഷയ്ക്ക് 1000 പൊലീസ്, ​ഗതാ​ഗത ക്രമീകരണം ഇങ്ങനെ

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിൽ മകം തൊഴൽ ഇന്ന്. ഉച്ചയ്ക്ക് രണ്ട് മുതൽ 9.30 വരെയാണ് മകം തൊഴൽ. ദർശനത്തിനായി സ്ത്രീകൾക്കും പുരുഷൻമാർക്കും 70 കൂടുതൽ പ്രായമുള്ളവർക്കും പ്രത്യേകം ക്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെ പടിഞ്ഞാറേ നടയിലൂടെയും പുരുഷൻമാരെയും കുടുംബമായി എത്തുന്നവരെയും വടക്കേ പൂരപറമ്പിലൂടെയും ബാരിക്കേഡ് വഴി ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും. ഒന്നര ലക്ഷം ഭക്തർ ദർശനത്തിന് എത്തുമെന്നാണ് കരുതുന്നത്.

ഭക്തരുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിലും പരിസരത്തും റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ആയിരത്തോളം പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ക്ഷേത്രത്തിലും പരിസരത്തും കുറ്റകൃത്യങ്ങൾ തടയുന്നതിനായി മഫ്തിയിലും പൊലീസ് ഉണ്ടാകും. 80 ഓളം നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്.

മകം തൊഴലിനോടനുബന്ധിച്ച് ​ഗതാ​ഗത ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിന് മുൻവശത്തെ റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. മുളന്തുരുത്തി, തിരുവാങ്കുളം, കുരീക്കോട് ഭാ​ഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ബൈപാസ് റോഡിലൂടെയും വെണ്ണിക്കുളം, മുരിയമം​ഗലം ഭാ​ഗത്തു നിന്ന് വരുന്ന വാഹനങ്ങൾ അടിയാക്കൽ പാലം വഴി എംഎൽഎ റോഡ് വഴി പ്രധാന റോഡിൽ പ്രവേശിച്ച് ബൈപാസ് റോഡിലൂടെയും പോകണം. ദേവി ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിൽ വാഹന ​ഗതാ​ഗതം അനുവദിക്കില്ല.

സംസ്ഥാനത്ത് 3,872 റേഷന്‍ കടകള്‍ പൂട്ടണം

സംസ്ഥാനത്ത് 3,872 റേഷന്‍ കടകള്‍ പൂട്ടണം

കൊച്ചി: സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദേശിച്ച്, ന്യായ വില ഷോപ്പ് (എഫ്പിഎസ്) ഡീലര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേരള സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ദ്ധ സമിതി. റേഷന്‍ കടകളുടെ എണ്ണം 13,872 ല്‍ നിന്ന് 10,000 ആയി കുറയ്ക്കാനും മുന്‍ഗണനേതര വിഭാഗത്തിന് (സബ്‌സിഡി) നല്‍കുന്ന അരിയുടെയും പഞ്ചസാരയുടെയും ചില്ലറ വില്‍പ്പന വില വര്‍ദ്ധിപ്പിക്കാനും പുതിയ റേഷന്‍ കടകള്‍ തുറക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്തു. പൊതുവിഭാഗത്തില്‍ നീല കാര്‍ഡുടമകളാണ് മുന്‍ഗണനേതര വിഭാഗം (സബ്‌സിഡി) എന്നതില്‍ വരുന്നത്.

2024 അവസാനത്തോടെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിന് സമര്‍പ്പിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് ഇതുവരെ ചര്‍ച്ച ചെയ്യുകയോ ശുപാര്‍ശയിന്മേല്‍ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. എന്നിരുന്നാലും 2018 മുതല്‍ മാറ്റമില്ലാതെ തുടരുന്ന റേഷന്‍ വ്യാപാരികളുടെ വേതന വ്യവസ്ഥയില്‍ സമയബന്ധിതമായ പരിഷ്‌കരണം വേണമെന്ന ആവശ്യത്തെ റിപ്പോര്‍ട്ട് പിന്താങ്ങുന്നു.

സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം നേടുന്നതിനായി വേതനം വര്‍ദ്ധിപ്പിക്കുന്നത് സുസ്ഥിരമായ ഒരു പരിഹാരമല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഭാവിയില്‍ ഇത് ഒരു വലിയ പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. പകരം, ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പരമ്പരാഗത ന്യായ വില ഷോപ്പുകള്‍ നവീകരിക്കാന്‍ ലക്ഷ്യമിടുന്ന കെ-സ്റ്റോര്‍ പദ്ധതിയിലൂടെ റേഷന്‍ കടകള്‍ വൈവിധ്യവല്‍ക്കരിക്കാനും കൂടുതല്‍ സേവനങ്ങള്‍ നല്‍കാനും സമിതി നിര്‍ദ്ദേശിക്കുന്നു.

പൊതുവിഭാഗം സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട കാര്‍ഡിലെ(നീലകാര്‍ഡ്) അരിയുടെ ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 4 രൂപയില്‍ നിന്ന് 6 രൂപ വരെയാക്കിയും പൊതുവിഭാഗം നോണ്‍ സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട ( വെള്ള കാര്‍ഡ്) കാര്‍ഡിലെ അരിയുടെ ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 10.90 രൂപയില്‍ നിന്നും വര്‍ദ്ധിപ്പിച്ചും സര്‍ക്കാരിന് റേഷന്‍ ഡീലര്‍മാരുടെ കമ്മീഷന്‍ ഉയര്‍ത്താന്‍ കഴിയുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

പരമാവധി 800 കാര്‍ഡുകള്‍ മാത്രം അനുവദിച്ച് ഓരോ റേഷന്‍ കടയെയും യുക്തിസഹമാക്കുക എന്നതാണ് മറ്റൊരു പ്രധാന ശുപാര്‍ശ. 15 ക്വിന്റലില്‍ താഴെ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന 85 കടകളുടെ പ്രായോഗികത പരിശോധിക്കാനും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2024 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് കേരളത്തില്‍ ആകെ 94,31,027 റേഷന്‍ കാര്‍ഡുകളും 13,872 റേഷന്‍ കടകളുമാണ് ഉണ്ടായിരുന്നത്.

സര്‍ക്കാര്‍ കമ്മീഷനുകളുടെ അപര്യാപ്തത, വൈകിയുള്ള പണമടയ്ക്കല്‍ , വേതനത്തിന്റെയും വാടകയുടെയും വര്‍ധന എന്നിവ കാരണം സമീപകാലത്ത് 150 ലധികം കടകള്‍ അടച്ചുപൂട്ടിയതായി കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍ ഷിജീര്‍ പറഞ്ഞു. പോര്‍ട്ടബിലിറ്റി പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി. ഇത് ഡീലര്‍മാര്‍ക്ക് ചെലവുകള്‍ വഹിക്കുന്നത് വെല്ലുവിളിയാക്കി. പല ഡീലര്‍മാരും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുകയാണ്. കൂടാതെ അവര്‍ക്ക് നല്‍കുന്ന കമ്മീഷന്‍ ഗണ്യമായി വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ നിരവധി റേഷന്‍ കട ഉടമകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ന്യായ വില ഷോപ്പുകള്‍ക്കുള്ള നിലവിലെ കമ്മീഷന്‍ ഘടന 2018 ല്‍ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ-പിഒഎസ്) മെഷീനുകള്‍ അവതരിപ്പിച്ചപ്പോള്‍ രൂപീകരിച്ചതാണ്. അതിനുശേഷം കമ്മീഷന്‍ ഘടന മാറ്റമില്ലാതെ തുടരുന്നു. നിലവിലുള്ള ഘടന 45 ക്വിന്റല്‍ ഭക്ഷ്യധാന്യം വില്‍ക്കുന്നതിന് പ്രതിമാസം 18,000 രൂപ കമ്മീഷന്‍ ഉറപ്പാക്കുന്നു. ഇതില്‍ 8500 രൂപ സര്‍ക്കാര്‍ സഹായമാണ്. ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ ഉണ്ടായിരുന്നിട്ടും, കഴിഞ്ഞ ആറ് വര്‍ഷമായി കമ്മീഷന്‍ ഘടന പരിഷ്‌കരിച്ചിട്ടില്ല. 45 ക്വിന്റലിന് മുകളില്‍ വില്‍ക്കുന്ന കടകള്‍ക്ക്, ഓരോ ക്വിന്റലിനും 180 രൂപയാണ് അധികമായി ലഭിക്കുന്നത്. 2,000 ല്‍ കൂടുതല്‍ റേഷന്‍ കാര്‍ഡുകളുള്ള ചില കടകള്‍ വയനാട്ടിലും മലപ്പുറത്തും ഉണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം ന്യായവില ഷോപ്പുകളിലും ശരാശരി 200 മുതല്‍ 300 വരെ കാര്‍ഡുകളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ അംഗീകൃത റേഷന്‍ ഡീലര്‍മാര്‍

ന്യായവില കടകളുടെ ആകെ എണ്ണം – 13,872

10,000 രൂപയില്‍ താഴെ കമ്മീഷനുള്ള ഡീലര്‍മാര്‍ – 146

10,000 മുതല്‍ 15,000 വരെ കമ്മീഷന്‍ ലഭിക്കുന്ന ഡീലര്‍മാര്‍ – 827

15,000 മുതല്‍ 18,000 വരെ കമ്മീഷന്‍ ലഭിക്കുന്ന ഡീലര്‍മാര്‍ – 1,186

18,000ന് മുകളില്‍ കമ്മീഷന്‍ ലഭിക്കുന്ന ഡീലര്‍മാര്‍- 11,713

2013 ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം, റേഷന്‍ വേതന പരിഷ്‌കരണം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിക്കാന്‍ രൂപീകരിച്ച വകുപ്പുതല സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളി കാമറ; യുവാവ് പിടിയില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളി കാമറ; യുവാവ് പിടിയില്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളികാമറ വച്ച നഴ്‌സിങ് ട്രെയിനിയായ യുവാവ് അറസ്റ്റില്‍. നഴ്സിങ് ട്രെയിനി മാഞ്ഞൂര്‍ സ്വദേശി ആന്‍സണ്‍ ജോസഫാണ് ഗാന്ധി നഗര്‍ പൊലീസന്റെ പിടിയിലായത്.

കോട്ടയം മെഡിക്കല്‍ കോളജ് ബിഎസ്സി നഴ്‌സിങ് പൂര്‍ത്തിയാക്കിയ ആന്‍സണ്‍ ഒരു മാസം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്. ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ ഫോണ്‍ കണ്ടെത്തിയത്. ഉടന്‍ വിവരം അധികൃതരെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ഡ്രസിങ് റൂമില്‍ നിന്നും കണ്ടെടുത്ത ഫോണ്‍ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും ഗാന്ധി നഗര്‍ പൊലീസ് അറിയിച്ചു.

ഉജ്ജ്വല 2025 പുരസ്കാരത്തിന് അർഹയായി ഡോ.അജിത ഐ. ടി

ഉജ്ജ്വല 2025 പുരസ്കാരത്തിന് അർഹയായി ഡോ.അജിത ഐ. ടി

ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ്അസോസിയേഷൻ സംസ്ഥാന വനിതാ
കമ്മിറ്റിയുടെ വനിതാദിന പരിപാടിയുടെ ഭാഗമായി ജില്ലയിൽ നിന്നും ഔദ്യോഗിക രംഗത്തും സംഘടന രംഗത്തും മികവ് തെളിയിച്ച വനിതാ മെഡിക്കൽ ഓഫീസർക്കുള്ള ഉജ്ജ്വല 2025 പുരസ്കാരത്തിന് അർഹയായ ഡോ.അജിത ഐ. ടി, കിഴുവിലം ഗവ. ആയുർവേദ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസറാണ്. ആനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റ് റിട്ടയേർഡ് ഫീൽഡ് ഓഫീസർ ഡി. സുധാകരൻ നായരാണ് ഭർത്താവ്.
മക്കൾ: കൃഷ്ണനന്ദിനി, ദേവനന്ദിനി

അതീവ സുന്ദരിയായി കള്ളിമാലി; സഞ്ചാരികളെ ആകര്‍ഷിക്കുന്ന സുന്ദരകാഴ്ചകള്‍

അതീവ സുന്ദരിയായി കള്ളിമാലി; സഞ്ചാരികളെ ആകര്‍ഷിക്കുന്ന സുന്ദരകാഴ്ചകള്‍

തൊടുപുഴ: ഇടുക്കിയിലെ ഓരോ ഗ്രാമവും മനോഹരമായ കാഴ്ചകളാണ് ഒളിച്ചുവെച്ചിട്ടുള്ളത്. അതിവിശാലമായ ജലപരപ്പും മുളംകാടുകളും പച്ച തുരുത്തുകളും മനോഹാരിത പകരുന്ന കള്ളിമാലി ആരുടേയും മനംകവരുന്നതാണ്. രാജാക്കാടിന് സമീപം, പൊന്‍മുടി ജലാശയത്തിന്റെ കാഴ്ചകള്‍ സമ്മാനിയ്ക്കുന്ന കള്ളിമാലിയുടെ ഗ്രാമീണ ഭംഗി അനുഭവിച്ചറിയേണ്ടതു തന്നെയാണ്.

മലനിരകളാല്‍ ചുറ്റപ്പെട്ട പൊന്‍മുടി ജലാശയം… പച്ച തുരുത്തുകള്‍… ജലപരപ്പിലൂടെ വള്ളം തുഴഞ്ഞ് മത്സ്യ ബന്ധനം നടത്തുന്ന ഗ്രാമീണര്‍… അസ്തമയ സൂര്യന്റെ അഭൗമ ഭംഗി ഇങ്ങനെ ഒട്ടനവധി കാഴ്ചകളുണ്ട് കള്ളിമാലിയില്‍. മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് വേഗത്തില്‍ എത്താവുന്ന പ്രദേശമായിട്ടും അധികം സഞ്ചാരികള്‍ ഇവിടേയ്ക്ക് എത്തി തുടങ്ങിയിട്ടില്ല. മൂന്നാറില്‍ നിന്നും ആനച്ചാല്‍ വഴി 28 കിലോമീറ്ററാണ് കള്ളിമാലിയിലേയ്ക്കുള്ള ദൂരം.

എന്നാല്‍ സഞ്ചാരികള്‍ക്ക് കുറെക്കൂടി സൗകര്യങ്ങള്‍ ഒരുക്കിയാല്‍ കൂടുതല്‍ പ്രയോജനം ലഭിക്കുമെന്ന് പ്രദേശവാസികളും പറയുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്നതിനുള്ള പദ്ധതികള്‍ ഒരുക്കുകയും ചെയ്താല്‍, ജില്ലയിലെ പ്രധാന ഗ്രാമീണ ടൂറിസം മേഖലകളില്‍ ഒന്നായി കള്ളിമാലി മാറും. ഇവിടെയെത്തിയാല്‍ മനോഹര കാഴ്ചകള്‍ക്കൊപ്പം, ഇടുക്കിയുടെ തനത് കാര്‍ഷിക പെരുമയും ആസ്വദിക്കാം

പാതി വില തട്ടിപ്പ്: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; ആനന്ദകുമാര്‍ പൊലീസ് കസ്റ്റഡിയില്‍

പാതി വില തട്ടിപ്പ്: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; ആനന്ദകുമാര്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് നടപടി. തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിലെത്തിയാണ് ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആനന്ദ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. ആനന്ദകുമാര്‍ ദേശീയ ചെയര്‍മാന്‍ ആയ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പു നടന്നിരിക്കുന്നത്. തനിക്ക് തട്ടിപ്പില്‍ പങ്കില്ലെന്ന ആനന്ദകുമാറിന്റെ വാദം തള്ളിയ ക്രൈംബ്രാഞ്ച്, എന്‍ജിഒ കോണ്‍ഫെഡറേഷനില്‍ നിന്നും ആനന്ദകുമാര്‍ പണം വാങ്ങിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു.

കണ്ണൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി ആനന്ദകുമാര്‍ കോടതിയെ സമീപിച്ചിരുന്നത്. മുഖ്യപ്രതിയായ തൊടുപഴ സ്വദേശി അനന്തു കൃഷ്ണനില്‍ നിന്ന് ആനന്ദകുമാര്‍ ഓരോ മാസവും പണം കൈപ്പറ്റിയിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സംസ്ഥാനമൊട്ടാകെ സീഡ് സൊസൈറ്റികള്‍ രൂപീകരിച്ച് വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് വാഹനങ്ങള്‍, ലാപ്ടോപ്, തയ്യല്‍ മെഷീന്‍, രാസവളം എന്നിവ നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.