കൂടുതൽ സേവനങ്ങളുമായി കതിർ ആപ് 2.0

കൂടുതൽ സേവനങ്ങളുമായി കതിർ ആപ് 2.0

തിരുവനന്തപുരം : കാർഷിക സേവനങ്ങൾക്കുള്ള ഏകജാലക സംവിധാനമായ കതിർ ആപ് ഹിറ്റായതോടെ രണ്ടാംഘട്ടത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി കൃഷി വകുപ്പ്‌.

ഉൽപ്പന്നങ്ങളുടെ വിപണി വില, വിപണന സാധ്യതകൾ, ഓരോ വിളയുടെയും പ്രാദേശിക അനുയോജ്യത, കാർഷിക യന്ത്രങ്ങളുടെ ലഭ്യത, വിവിധ സേവനകേന്ദ്രങ്ങളുടെ വിവരങ്ങൾ എന്നിവയാണ്‌ പുതുതായി നൽകുക. നിലവിൽ ട്രയൽ റണ്ണായി നടപ്പാക്കുന്ന സേവനങ്ങൾ ഏപ്രിൽ മാസത്തോടെ ലഭ്യമാക്കും. നിലവിൽ 1.20 ലക്ഷം പേർ ആപ് ഡൗൺലോഡ്‌ ചെയ്‌തിട്ടുണ്ട്‌. വെബ്‌സൈറ്റ്‌ വഴി ഏഴുലക്ഷം കർഷകരും രജിസ്‌റ്റർ ചെയ്‌തു. രണ്ടു മാസത്തിനകം പിഎം കിസാൻ ഉപഭോക്താക്കളായ 28 ലക്ഷം കർഷകരെയും കതിർ ആപ്പിന്റെ ഭാഗമാക്കും.

കർഷകർക്കാവശ്യമായ വിവരങ്ങൾ, സേവനങ്ങൾ എന്നിവ നൽകുന്നതിനൊപ്പം കാർഷിക, കാർഷികേതര വിഭവസ്രോതസ്സുകളുടെ സമഗ്രമായ വിവരശേഖരണത്തിനും ‘കതിർ’ അവസരമൊരുക്കുന്നു. വ്യക്തിഗത രജിസ്ട്രേഷൻ അടിസ്ഥാനമാക്കി പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും പ്രവർത്തിക്കുന്ന കതിർ ആപ് സംസ്ഥാനത്തെ മികച്ച 10 ആപ്പുകളിലൊന്നാണ്‌. കഴിഞ്ഞവർഷം ആഗസ്‌ത്‌ 17നാണ്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തത്‌.

കർഷകർ നൽകുന്ന വ്യക്തിഗത ഭൂമി, വിളകൾ സംബന്ധിച്ച പ്രധാന വിവരങ്ങൾ എന്നിവ കൃഷി ഭവൻതലത്തിലും കൃഷി അസിസ്റ്റന്റ് ഡയറക്ടർതലത്തിലും രണ്ടു ഘട്ടങ്ങളിലായി പരിശോധിച്ചശേഷമാണ് രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത്. കർഷകർക്കുള്ള വിവിധ ബാങ്കിങ്‌, സബ്സിഡി, ഇൻഷുറൻസ് സേവനങ്ങൾ ആപ്പിൽ രജിസ്റ്റർ ചെയ്തവർക്ക് എളുപ്പത്തിൽ ലഭിക്കും. ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ കർഷകർക്ക് ആവശ്യമായ പദ്ധതി വിവരങ്ങൾ, കാലാവസ്ഥാധിഷ്ഠിത സേവനങ്ങൾ, വിൽപ്പനക്കാരുമായി നേരിട്ട്‌ വിപണനത്തിനുള്ള ഇ-–-മാർക്കറ്റ്പ്ലേസ് സംവിധാനം, കാർഷിക യന്ത്രവൽക്കരണവുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ഘട്ടം ഘട്ടമായി നടപ്പാക്കും.

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ രണ്ട് ദിവസമായി ഒരേ വിലയിൽ തുടർന്ന വിപണിയിൽ ഇന്ന് 80 രൂപയുടെ നേരിയ വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവൻ്റെ വില 64,400 രൂപയായി ഉയർന്നു. ഇന്നലെ സ്വര്‍ണം ഗ്രാമിന് 10 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില വീണ്ടും 8000 കടന്നു. ഒരു ഗ്രാം സ്വർണത്തിന് 8050 രൂപയാണ് ഇന്ന് നൽകേണ്ടത്.

അതേസമയം വെള്ളിവില കുറഞ്ഞിട്ടുണ്ട്. 106 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നൽകേണ്ടത്. 1,06,000 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ആറ്റിങ്ങൽ നഗരസഭാ സാക്ഷരതാ മിഷൻ പഠിതാക്കൾക്കായി സ്വയം തൊഴിൽ ശില്പശാലയും തൊഴിൽ അഭിമുഖവും സംഘടിപ്പിച്ചു

ആറ്റിങ്ങൽ നഗരസഭാ സാക്ഷരതാ മിഷൻ പഠിതാക്കൾക്കായി സ്വയം തൊഴിൽ ശില്പശാലയും തൊഴിൽ അഭിമുഖവും സംഘടിപ്പിച്ചു

ആറ്റിങ്ങൽ നഗരസഭാ സാക്ഷരതാ മിഷൻ പഠിതാക്കൾക്കായി സ്വയം തൊഴിൽ ശില്പശാലയും തൊഴിൽ അഭിമുഖവും സംഘടിപ്പിച്ചു. മോഡൽ കരിയർ സെന്റർ, ആറ്റിങ്ങൽ ടൗൺ എംപ്ലോയ്‌മെന്റ് സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ നഗരസഭ സാക്ഷരതാ മിഷൻ വിദ്യാർത്ഥികൾക്കായി സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള സെമിനാറും പ്രമുഖ ബാങ്കിങ് സ്ഥാപനത്തിലെ ജോലി ഒഴിവിലേക്ക് അഭിമുഖത്തിന്റെയും ഉദ്ഘാടനം നഗരസഭാ ചെയർ പേഴ്സൺ അഡ്വ.എസ്. കുമാരി നിർവ്വഹിച്ചു.

ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ ഡോ.പി.മുരുകദാസ് അദ്ധ്യക്ഷനായിരുന്നു. ജൂനിയർ എംപ്ലോയ്മെൻറ് ഓഫീസർ വിപിൻ ചന്ദ്രൻ , മോഡൽ കരിയൽ സെന്റർ വൈ.പി. ഷമീർ.സി.കെ എന്നിവർ ശില്പശാലയുടെ വിശദാംശം നൽകി.

അദ്ധ്യാപകരായ മുഹമ്മദ് ഷാഫി, കെ.എസ്.സുജ, ജയറാണി, സെന്റർ കോ-ഓഡിനേറ്റർ മിനി, രേഖ. ജി.ആർ എന്നിവർ സംസാരിച്ചു. തുടർന്ന് ട്രാവൻകൂർ ഏവിയേഷൻ ഡയറക്ടർ അനൂപ്. ഡ്രോൺ ടെക്നോളജിയെ പരിചയപ്പെടുത്തി.

സ്വയം തൊഴിൽ സംരംഭങ്ങളുടെ വിശദാശംങ്ങളും പറഞ്ഞു. തുടർന്ന് എസ് ബി ഐ ബാങ്ക് ഇൻഷുറൻസ് വിഭാഗത്തിലേക്ക് അഭിമുഖം സംഘടിപ്പിച്ചു. 23 പഠിതാക്കൾ ഇന്റർവ്യൂ പങ്കെടുക്കുകയും 8 പേരെ അടുത്ത ഘട്ടത്തിലേക്ക് ഷോർട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. തിരഞ്ഞെടുപ്പു പ്രക്രിയ കഴിഞ്ഞതിനു ശേഷം ജോയിനിംഗ് ലെറ്റർ ഉദ്യോഗാർത്ഥികൾക്ക് കൈമാറുമെന്ന് എസ് ബി ഐ പ്രതിനിധി അറിയിച്ചു.

‘വിരമിക്കില്ല, ഭാവി കാര്യം ഭാവിയിൽ പറയാം’- തുറന്നടിച്ച് രോഹിത് ശർമ

‘വിരമിക്കില്ല, ഭാവി കാര്യം ഭാവിയിൽ പറയാം’- തുറന്നടിച്ച് രോഹിത് ശർമ

ദുബായ്: ചാംപ്യൻസ് ട്രോഫി കിരീട നേട്ടത്തിനു പിന്നാലെ പതിവ് ചോദ്യം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു നേരെ വന്നു. കിരീടം നേടിയാൽ ഏകദിനത്തിൽ നിന്നു വിരമിക്കുമോ, കിരീടം നേട്ടമില്ലെങ്കിൽ രോഹിത് ടീമിൽ നിന്നു പുറത്താകുമോ എന്നതടക്കമുള്ള ചർച്ചകൾ കഴിഞ്ഞ ​ദിവസങ്ങളിൽ വ്യാപകമായി നടന്നിരുന്നു. പിന്നാലെയാണ് വിരമിക്കുമോ എന്ന ചോദ്യത്തിനു രോഹിത് തുറന്നടിച്ചു മറുപടി പറഞ്ഞത്.

‘ആദ്യമേ തന്നെ ഞാൻ ഒരു കാര്യം പറയാം. ഞനൊരിടത്തേക്കും പോകുന്നില്ല. ഏകദിനത്തിൽ നിന്നു വിരമിക്കാനും ഉദ്ദേശിക്കുന്നില്ല. ഭാവി കാര്യങ്ങൾ ഭാവിയിൽ പറയാം. തത്കാലം നാളെത്തെ കാര്യം സംബന്ധിച്ചു പ​ദ്ധതികളൊന്നും ഇല്ല’- രോഹിതിന്റെ മറുപടി ഇതായിരുന്നു.

ഐസിസിയുടെ നാല് ടൂർണമെന്റുകളിൽ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റനെന്ന പെരുമ രോഹിതിനു സ്വന്തം. അതിൽ രണ്ട് കിരീട നേട്ടങ്ങളും. ഐസിസി ടി20 ലോകകപ്പ് നേടി വെറും 9 മാസത്തിനുള്ളിൽ രണ്ടാം കിരീട നേട്ടമെന്ന അപൂർവ ബഹുമതിയും ഇനി ഹിറ്റ്മാന് സ്വന്തം. ദുബായിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിനു വീഴ്ത്തി ഇന്ത്യ കിരീടത്തിൽ മുത്തമിടുമ്പോൾ 76 റൺസുമായി മുന്നിൽ നിന്നു നയിച്ചതും ക്യാപ്റ്റൻ തന്നെ.

തത്കാലം എല്ലാ പതിവു പോലെ തന്നെ തുടരും. സജീവ ക്രിക്കറ്റിൽ തുടരാനുള്ള കരുത്തും ആവേശവും ഇപ്പോഴുമുണ്ട്. തന്റെ റൺ ദാഹവും തീർന്നിട്ടില്ലെന്നു രോഹിത് പറയാതെ തന്നെ വ്യക്തമാക്കി.

ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ ആ ഫോർമാറ്റിൽ നിന്നു രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ക്യാപ്റ്റൻസി സംബന്ധിച്ചും താരത്തിന്റെ ബാറ്റിങ് ഫോം സംബന്ധിച്ചും സമീപ കാലത്ത് വൻ വിമർശനവും നേരിടേണ്ടി വന്നു. അപ്പോഴൊന്നും രോഹിത് അതിനെതിരെ പ്രതികരിക്കാനോ തെളിയിക്കാനോ ഒന്നും ചെയ്തിരുന്നില്ല. ഫൈനലിൽ പക്ഷേ ഉജ്ജ്വലമായ ക്യാപ്റ്റൻസി മികവു കൊണ്ടും ബാറ്റിങ് കരുത്തു കൊണ്ടും ഹിറ്റ്മാൻ ഹിറ്റായി മാറുന്ന കാഴ്ചയായിരുന്നു ​​ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ.

പാർലമെന്റ് ബജറ്റ് സമ്മേളനം; രണ്ടാം ഘട്ടം ഇന്ന് മുതൽ

പാർലമെന്റ് ബജറ്റ് സമ്മേളനം; രണ്ടാം ഘട്ടം ഇന്ന് മുതൽ

ന്യൂ‍ഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. ഫിനാൻസ് ബിൽ ചർച്ചയ്ക്കെടുക്കുന്ന സമ്മേളനത്തിൽ ​ഗ്രാന്റുകൾക്ക് അനുമതി, മണിപ്പുരിലെ രാഷ്ട്രപതി ഭരണത്തിനു അം​ഗീകാരം, വഖഫ് ബിൽ പാസാക്കൽ എന്നിവയാണ് സർക്കാരിന്റെ പ്രധാന അജൻഡകൾ.

മണിപ്പുരിലെ പുതിയ അക്രമ സംഭവങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ പ്രതിരോധം തീർക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. വോട്ടർ പട്ടികയിൽ കൃത്രിമം നടന്നെന്ന ആരോപണവും അവർ ഉന്നയിക്കും. വോട്ടർ പട്ടികയിൽ ഇരട്ട വോട്ടുകളുണ്ടെന്നു രാഹുൽ ​ഗാന്ധി ആരോപിച്ചിരുന്നു.

ട്രംപ് ഭരണകൂടത്തെ ഇന്ത്യ കൈകാര്യം ചെയ്യുന്ന രീതിയും പ്രതിപക്ഷം ഉയർത്തും. യുഎസുമായുള്ള തീരുവ പ്രശ്നങ്ങളും സഭയിൽ ഉന്നയിക്കും. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഏപ്രിൽ നാലിനു അവസാനിക്കും.

സംസ്ഥാനത്ത് പലയിടത്തും അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിച്ചതായി ദുരന്തനിവാരണ അതോറിറ്റി; കരുതൽ വേണം

സംസ്ഥാനത്ത് പലയിടത്തും അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിച്ചതായി ദുരന്തനിവാരണ അതോറിറ്റി; കരുതൽ വേണം

തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്ത് പലയിടത്തും സൂര്യരശ്മിയിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിച്ചതായി ദുരന്തനിവാരണ അതോറിറ്റി. 14 ജില്ലകളിലും സ്ഥാപിച്ച അൾട്രാവയലറ്റ് മീറ്ററുകളിൽ നിന്നു ദിവസവും വികിരണത്തിന്റെ സൂചിക പ്രസിദ്ധീകരിക്കാറുണ്ട്.

ഇന്നലെ രാവിലെ പ്രസിദ്ധീകരിച്ച സൂചിക അനുസരിച്ച് ഇടുക്കി ജില്ലയിലെ മൂന്നാർ, കൊല്ലം ജില്ലയിലെ കൊട്ടാരക്കര എന്നിവിടങ്ങളിൽ സൂചിക എട്ടാണ്. അതായത് അതീവ ജാ​ഗ്രത പുലർത്തേണ്ട സ്ഥിതിയാണ്. കോന്നി, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, പൊന്നാനി എന്നിവിടങ്ങളിൽ ഇന്നലെ ഏഴാണ് രേഖപ്പെടുത്തിയത്. തൃത്താലയിൽ ആറും.

സൂചിക എട്ട് മുതൽ 10 വരെയാണെങ്കിൽ ഓറഞ്ച് മുന്നറിയിപ്പാണ് നൽകുന്നത്. 11നു മുകളിലാണ് ഏറ്റവും ​ഗുരുതര സാഹചര്യം. ചുവപ്പ് മുന്നറിയിപ്പായിരിക്കും അപ്പോൾ. ആറ് മുതൽ ഏഴ് വരെ മഞ്ഞ മുന്നറിയിപ്പ്.

ഒഴിവാക്കണം യു വി

അൾട്രാവയലറ്റ് വികിരണം കൂടുതൽ ഏൽക്കുന്നത് ചർമത്തിൽ കാൻസർ സാധ്യത വർധിപ്പിക്കാം.

സൂര്യാഘാതം, ചർമ രോ​ഗങ്ങൾ‌, നേത്ര രോ​ഗങ്ങൾക്കു കാരണമാകും.

തൊപ്പി, കുട, സൺ ​ഗ്ലാസ് എന്നിവ ഉപയോ​ഗിക്കണം.

ശരീരം മുഴുവൻ മറയ്ക്കുന്ന പരുത്തി വസ്ത്രങ്ങൾ പരമാവധി ധരിക്കുക.