ലോഡ്ജില്‍ മയക്കുമരുന്നുമായി എത്തി; കണ്ണൂരില്‍ കമിതാക്കള്‍ അറസ്റ്റില്‍

ലോഡ്ജില്‍ മയക്കുമരുന്നുമായി എത്തി; കണ്ണൂരില്‍ കമിതാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ക്യാപിറ്റോള്‍ മാള്‍ ലോഡ്ജില്‍ മയക്കുമരുന്നുമായി കമിതാക്കള്‍ അറസ്റ്റില്‍. താവക്കര ഫാത്തിമാസില്‍ നിഹാദ് മുഹമ്മദ്, പാപ്പിനിശ്ശേരി സ്വദേശിനി അനാമിക സുധീപ് എന്നിവരാണ് അറസ്റ്റിലായത്. 4 ഗ്രാം എംഡിഎംഎ യും, 9 ഗ്രാം കഞ്ചാവും ഇവരില്‍ നിന്നും പിടികൂടി

കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. കണ്ണൂര്‍ – തലശേരി ദേശീയപാതയിലെ കാപ്പിറ്റോള്‍ മാളിന് സമീപത്തെ ലോഡ്ജില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ലഹരി വില്‍പന നടക്കുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ പി. നിധിന്‍ രാജിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നഗരത്തില്‍ വ്യാപക റെയ്ഡ് നടത്തിയത്.

കനത്ത ചൂട്: കാസര്‍കോട് സൂര്യാഘാതമേറ്റ് വയോധികന്‍ മരിച്ചു

കനത്ത ചൂട്: കാസര്‍കോട് സൂര്യാഘാതമേറ്റ് വയോധികന്‍ മരിച്ചു

കാസര്‍കോട്: കയ്യൂരില്‍ സൂര്യാഘാതമേറ്റ് വയോധികന്‍ മരിച്ചു. കയ്യൂര്‍ വലിയ പൊയിലില്‍ കുഞ്ഞിക്കണ്ണന്‍ (92) ആണ് മരിച്ചത്. ഉച്ചയ്ക്ക് 2.50ഓടെ വീടിന് സമീപത്തു വച്ചാണ് സൂര്യാഘാതമേറ്റത്. ഉടന്‍ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബന്ധു വീട്ടിലേക്ക് നടന്ന് പോകുന്നതിനിടയാണ് അത്യാഹിതം. മരണം സൂര്യാഘാതമേറ്റാണെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.എന്നാല്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ അന്തിമമായി സ്ഥിരീകരിക്കാനാകൂവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; ദിവ്യയുടേത് അസൂത്രിത നീക്കം

നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; ദിവ്യയുടേത് അസൂത്രിത നീക്കം

കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ നിര്‍ണായക വിവരങ്ങള്‍. കലക്ട്രേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ നവീന്‍ ബാബുവിനെ അപമാനിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യ അസൂത്രിത നീക്കം നടത്തിയതായാണ് മൊഴികള്‍. ചടങ്ങിന് മുമ്പ് ദിവ്യയുടെ സഹായി നാലുവട്ടം കലക്ടറുടെ സ്റ്റാഫിനെ വിളിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇത്രയേറെ ആസൂത്രണം നടത്തിയിട്ടും വഴിയെ പോകുമ്പോള്‍ പരിപാടിക്കെത്തി എന്നായിരുന്നു ദിവ്യയുടെ പ്രസംഗം. പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതും വിഡിയോ കൈപ്പറ്റിയതും ദിവ്യയെന്നാണ് കണ്ണൂര്‍ വിഷന്‍ പ്രതിനിധികള്‍ നല്‍കിയ മൊഴി. പെട്രോള്‍ പമ്പ് അനുമതിക്കായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നവീന്‍ ബാബുവിനെതിരെ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വിജിലന്‍സ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. അഡ്വ. കുളത്തൂര്‍ ജയ്‌സിംഗ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് വിജിലന്‍സ് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. എഡിഎമ്മായിരുന്ന നവീന്‍ ബാബുവിനെതിരെ പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ കിട്ടിയിട്ടില്ലെന്നായിരുന്നു വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി.

നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നായിരുന്നു നേരത്തെ പെട്രോള്‍ പമ്പിനായി അപേക്ഷ നല്‍കിയ പ്രശാന്ത് ഉയര്‍ത്തിയ വാദം. ഇത് വ്യാജ പരാതിയെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് വിജിലന്‍സിന്റെ മറുപടിയും. നവീന്‍ ബാബുവിനെതിരെ റവന്യു വകുപ്പിലും പരാതികളില്ലെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ഒരു പരാതിയും എഡിഎമ്മിനെതിരെ കിട്ടിയിട്ടില്ലെന്ന് റവന്യു സെക്രട്ടറിയും കണ്ണൂര്‍ കലക്ടറേറ്റും മറുപടി നല്‍കിയിരുന്നു.

ആശാ വർക്കർമാർ ചോദിക്കുന്നു: ‘എവിടെ ഞങ്ങളുടെ തൊഴിലിനു മാന്യമായ കൂലി?

ആശാ വർക്കർമാർ ചോദിക്കുന്നു: ‘എവിടെ ഞങ്ങളുടെ തൊഴിലിനു മാന്യമായ കൂലി?

തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം, കുടുംബം എന്നിങ്ങനെ വിവിധ തലങ്ങളിലെ സ്ത്രീമുന്നേറ്റത്തിന്റെ ഓർമപ്പെടുത്തലാണ് രാജ്യാന്തര വനിതാദിനമെങ്കിൽ സെക്രട്ടേറിയറ്റിനു മുന്നിൽ 26 ദിവസമായി സമരം നടത്തുന്ന ആശാ വർക്കർമാർ ചോദിക്കുന്നു: ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ ഞങ്ങൾക്കെന്ത് ആരോഗ്യം? പണമില്ലാതെ മക്കളെ പഠിപ്പിക്കുന്നതെങ്ങനെ? സാമ്പത്തിക സുരക്ഷയില്ലാതെ കുടുംബത്തെ എങ്ങനെ കാക്കും?’

ജില്ലകളിൽനിന്നു മാറിമാറിയെത്തി സമരമുഖം ശക്തമാക്കുന്ന നൂറുകണക്കിന് ആശമാരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനോ അവരുമായി ചർച്ച നടത്താനോ സർക്കാർ തയാറായിട്ടില്ല. പകരം അധിക്ഷേപത്തിനു മുതിരുകയും ചെയ്യുന്നു.‘സ്റ്റാൻഡ് വിത്ത് ആശാ വർക്കേഴ്സ്’ മുദ്രാവാക്യമുയർത്തി ഇന്നുമുതൽ സമരം കൂടുതൽ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ.

താഴേത്തട്ടു മുതൽ ആശമാർ സംഘടിച്ചു വലിയ സമരശക്തിയായി മാറുമെന്നു ഭാരവാഹികളായ എം.എ.ബിന്ദുവും എസ്.മിനിയും പറഞ്ഞു. സ്ത്രീ തൊഴിലാളികളും വിദ്യാർഥിനികളും കലാസാഹിത്യ സാംസ്കാരിക മേഖലകളിലെ വനിതകളും ഇന്നു സമരപ്പന്തലിലെത്തും.

ആണ്‍ സുഹൃത്തുക്കളെ നദിയിലേക്ക് തള്ളിയിട്ട് വിദേശ വനിത ഉള്‍പ്പെടെ രണ്ടു പേരെ ബലാത്സംഗം ചെയ്തു

ആണ്‍ സുഹൃത്തുക്കളെ നദിയിലേക്ക് തള്ളിയിട്ട് വിദേശ വനിത ഉള്‍പ്പെടെ രണ്ടു പേരെ ബലാത്സംഗം ചെയ്തു

ബംഗളൂരു: കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ഇസ്രയേല്‍ വനിതയെയും ഹോം സ്‌റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പുരുഷ സുഹൃത്തുക്കളെ കനാലില്‍ തള്ളിയിട്ട ശേഷമായിരുന്നു പീഡനം. കനാലില്‍ വീണ ഒരാളെ കാണാതായി. ഇന്നലെ രാത്രിയിലാണ് സംഭവം.

ഇന്നലെ രാത്രി സനാപ്പൂര്‍ തടാകത്തിന് സമീപത്ത് വാനനിരീക്ഷണത്തിന് എത്തിയപ്പോഴാണ് സംഘം അക്രമത്തിനിരയായത്. അമേരിക്കയില്‍ നിന്നുള്ള ഡാനിയേല്‍, മഹാരാഷ്ട്രക്കാരനായ പങ്കജ്, ഒഡിഷയില്‍ നിന്നുള്ള ബിബാഷ് എന്നിവരും ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നു. ഇവരെയെല്ലാം കനാലിലേക്ക് തള്ളിയിട്ട ശേഷമാണ് അക്രമി സംഘം ഇസ്രയേല്‍ വനിതയേയും ഹോംസ്റ്റേ ഉടമസ്ഥയേയും ബലാത്സംഗത്തിന് ഇരയാക്കിയത്. ഇതില്‍ ബിബാഷിനെ കണ്ടെത്താനായിട്ടില്ല. ഡാനിയേലും പങ്കജും നീന്തി രക്ഷപ്പെട്ടു.

‘സനാപൂരിനടുത്ത് വെച്ച് രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരും ആക്രമിക്കപ്പെട്ടു. അവരില്‍ രണ്ട് പേര്‍ വിദേശികളാണ്- ഒരു അമേരിക്കക്കാരനും മറ്റൊരാള്‍ ഇസ്രായേലില്‍ നിന്നുള്ള സ്ത്രീയുമാണ്. മര്‍ദിച്ചതിനു പുറമേ, രണ്ട് സ്ത്രീകളെയും പ്രതികള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സ്ത്രീയുടെ പരാതിയില്‍ പറയുന്നു,’ കൊപ്പല്‍ പൊലീസ് സൂപ്രണ്ട് റാം എല്‍ അരസിദ്ദി പറഞ്ഞു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും രണ്ട് പ്രത്യേക സംഘങ്ങള്‍ കേസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ്; അഫാനുമായി നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ്; അഫാനുമായി നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി

വെഞ്ഞാറമൂട് കൂട്ട കൊലപാതകക്കേസിലെ പ്രതി അഫാനുമായി നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി. അഫാന്‍ ചുറ്റിക വാങ്ങിയ കടയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കടയുടമ അഫാനെ തിരിച്ചറിഞ്ഞു. പിതൃമാതാവിന്റെ മാല പണയം വെച്ച സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. ചുറ്റിക വാങ്ങിയ ശേഷം അതൊളിപ്പിക്കുന്നതിനായി വാങ്ങിയ ബാഗ് കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തി. അഫാനെ കാണുന്നതിന് വന്‍ ജനക്കൂട്ടമായിരുന്നു തിങ്ങിക്കൂടിയത്. അതിനാല്‍ അഫാനുമായി തെളിവെടുപ്പ് നടത്തിയത് വന്‍ പൊലീസ് സുരക്ഷയിലായിരുന്നു.

അതേസമയം പ്രതി അഫാന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. പാങ്ങോട് പോലീസിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ വൈകിട്ടോടെ നെടുമങ്ങാട് കോടതിയില്‍ പ്രതിയെ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. തുടര്‍ന്ന് പിതൃ സഹോദരന്റെയും ഭാര്യയുടെയും കൊലപാതകത്തില്‍ കിളിമാനൂര്‍ പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും. കഴിഞ്ഞ ദിവസം പിതൃമാതാവ് സല്‍മാബീവിയുടെ വീട്ടിലും അഫാന്റെ സ്വന്തം വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പില്‍ കൊലപാതകങ്ങള്‍ നടത്തിയത് എങ്ങനെയെന്ന് അഫാന്‍ പൊലീസിനോട് വിവരിച്ചിരുന്നു.