‘രഞ്ജിയില്‍ കേരളത്തിന്റേത് കിരീട സമാന നേട്ടം’; നാലരക്കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് കെസിഎ

‘രഞ്ജിയില്‍ കേരളത്തിന്റേത് കിരീട സമാന നേട്ടം’; നാലരക്കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് കെസിഎ

തിരുവനന്തപുരം: രഞ്ജി ട്രോഫി മത്സരത്തില്‍ റണ്ണറപ്പായ കേരള ടീമിന് നാലര കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് കെസിഎ. ചരിത്രത്തിലാദ്യമായി ഫൈനലില്‍ എത്തിയ ടീമിനെ ആദരിക്കുന്നതിനായി തിരുവനന്തപുരം ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് കെസിഎ പാരിതോഷികം പ്രഖ്യാപിച്ചത്. തുക എല്ലാ ടീം അംഗങ്ങള്‍ക്കും മാനേജ്‌മെന്റിനുമായി നല്‍കുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജും സെക്രട്ടറി വിനോദ് എസ് കുമാറും അറിയിച്ചു.

കേരളത്തിന്റേത് കിരീട സമാന നേട്ടമെന്ന് മുഖ്യമന്ത്രി

രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഫൈനലില്‍ എത്തിയ കേരളം കൈവരിച്ചത് ജയ സമാന നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ടീമിനെ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കരുത്തരായ വിദര്‍ഭയെ ആദ്യ ഇന്നിങ്‌സില്‍ മറികടക്കുമെന്ന പ്രതീതിയായിരുന്നു ഒരുഘട്ടത്തില്‍ നിലനിന്നിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിചയസമ്പന്നതയും യുവത്വവും കലര്‍ന്ന ടീമിന്റെ മികവാര്‍ന്ന പ്രകടനത്തിന്റെ ഫലമാണ് കേരളം കൈവരിച്ച ഈ നേട്ടം.ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച സച്ചിന്‍ ബേബി, മുഹമ്മദ് അസറുദ്ദീന്‍ സല്‍മാന്‍ നിസാര്‍, ജലജ് സക്‌സേന, ആദിത്യ സര്‍വതെ, എം.ഡി നിതീഷ് തുടങ്ങിയ താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

സക്‌സേനയെയും സര്‍വതെയെയും മറുനാടന്‍ താരങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടെന്നും അത് ശരിയല്ലെന്നും അവര്‍ കേരള സമൂഹത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും കെസിഎയുടെ ഇടപെടലിലൂടെ വലിയ മുന്നേറ്റമാണ് കായിക മേഖലയില്‍ കേരളത്തിനുണ്ടായിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ചെയ്യുവാന്‍ കെസിഎയ്ക്ക് സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ കേരള ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി റണ്ണര്‍ അപ്പ് ട്രോഫി മുഖ്യമന്ത്രിക്ക് കൈമാറി.

കേരളത്തിന് എന്നും അഭിമാനിക്കാവുന്ന മികച്ച വിജയം കൈവരിച്ച ടീമിലെ ഓരോ അംഗങ്ങളും ഭാവി തലമുറയ്ക്ക് മാതൃകയായി മാറണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ലഹരിക്ക് എതിരെ ഉള്ള പോരാട്ടത്തില്‍ കായിക മേഖലയ്ക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ക്രിക്കറ്റ് താരങ്ങള്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടാകണമെന്നും അഭിപ്രായപ്പെട്ടു. കായിക മന്ത്രി അബ്ദു റഹ്മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, പി രാജീവ്, എം ബി രാജേഷ്, എംഎല്‍എമാര്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുന്നിൽ പനയുടെ മൂട് ശ്രീ ഭദ്രാ ഭഗവതി മാടൻ ക്ഷേത്രത്തിലെ പൂയം തിരുനാൾ കൊടിയേറ്റ് മഹോത്സവം നാളെ മുതൽ

കുന്നിൽ പനയുടെ മൂട് ശ്രീ ഭദ്രാ ഭഗവതി മാടൻ ക്ഷേത്രത്തിലെ പൂയം തിരുനാൾ കൊടിയേറ്റ് മഹോത്സവം നാളെ മുതൽ

ചിറയിൻകീഴ്: കുന്നിൽ പനയുടെ മൂട് ശ്രീ ഭദ്രാ ഭഗവതി മാടൻ ക്ഷേത്രത്തിലെ പൂയം തിരുനാൾ കൊടിയേറ്റ് മഹോത്സവം മാർച്ച്‌ 6 മുതൽ 10 വരെ നടത്തുന്നു.

ഈ വർഷം അമ്മയുടെ ആദ്യത്തെ കൊടിയേറ്റ് ഉത്സവം കൂടി ആണ്. 5 ദിവസം നീണ്ടു നിൽക്കുന്ന തിരുത്സവത്തിൽ ക്ഷേത്ര ചടങ്ങുകൾക്ക് പ്രാധാന്യം നൽക്കി കൊണ്ട് ഈ വർഷത്തെ ഉത്സവം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

മൂന്നാം ഉത്സവദിവസം വൈകിട്ട് താലം എഴുന്നള്ളിപ്പ്, നാലാം ഉത്സവ ദിവസം വൈകിട്ട് ഉടവാൾ എഴുന്നള്ളത്, അഞ്ചാം ദിവസം രാവിലെ 8:30നു സമൂഹപൊങ്കാല, വൈകിട്ട് 4മണിക്ക് പറഎഴുന്നള്ളിപ്പ്, എല്ലാ ദിവസവും സ്റ്റേജ് പ്രോഗ്രാമും ഉണ്ടായിരിക്കുന്നതാണ്.

ആറ്റുകാൽ പൊങ്കാല ഉത്സവം ഇന്നുമുതൽ

ആറ്റുകാൽ പൊങ്കാല ഉത്സവം ഇന്നുമുതൽ

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിനു ഇന്നു തുടക്കമാകും. ഇന്നു രാവിലെ 10ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ 10 ദിവസത്തെ ഉത്സവം ആരംഭിക്കും. 13ന് ആണ് ആറ്റുകാൽ പൊങ്കാല. ഉത്സവത്തിന് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ ദേശങ്ങളിൽ നിന്നും അലങ്കരിച്ച വിളക്കുകെട്ടുകളും ഇന്നു മുതൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. പൊങ്കാല ദിവസം കെഎസ്‌ആർടിസി 700 സർവീസുകൾ നടത്തും

സ്റ്റാഫുകൾക്ക് യാത്രയയപ്പ് നൽകി

സ്റ്റാഫുകൾക്ക് യാത്രയയപ്പ് നൽകി

ചിറയിൻകീഴ്: ചിറയിൻകീഴ് പ്രേംനസീർ മെമോറിയൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് വിരമിക്കുന്ന സ്റ്റാഫുകൾക്ക് യാത്രയയപ്പ് നൽകി. ഹയർ സെക്കണ്ടറി ലാബ് അസിസ്റ്റന്റ് ആർ.സഫീല, ഹയർ സെക്കണ്ടറി ഹിസ്റ്ററി അധ്യാപിക ചന്ദ്രിക എന്നിവർക്കാണ് വിരമിക്കൽ യാത്രയയപ്പ് നൽകിയത്.

ചിറയിൻകീഴ് പുരവൂർ സ്വദേശിയായ ആർ.സഫീല വി.എം.സാദിഖ് ഹാജി സ്മാരക ട്രസ്റ്റ് ചെയർപേഴ്സൺ കൂടിയാണ്. ആറ്റിങ്ങൽ മാമം സ്വദേശിയാണ് ചന്ദ്രിക. ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് സബീന, വൈസ് പ്രസിഡന്റ് അനസ്, എസ്.എം.സി ചെയർമാൻ സുമേഷ് എം.എസ്, വൈസ് ചെയർപേർസൺ സബിത ജ്യോതിഷ്, എസ്.എം.സി അംഗം ഷഹീർ സലിം, പ്രിൻസിപ്പൽ മാർജി, സ്കൂൾ എച്ച്.എം.ബിന്ദു, അധ്യാപകർ, നോൺ ടീച്ചിംഗ് സ്റ്റാഫ് തുടങ്ങിയവർ പങ്കെടുത്തു.

പത്താം ക്ലാസ് പരീക്ഷാ ചോദ്യ ചോര്‍ച്ച; അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ അറസ്റ്റില്‍

പത്താം ക്ലാസ് പരീക്ഷാ ചോദ്യ ചോര്‍ച്ച; അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ അറസ്റ്റില്‍

കോഴിക്കോട്: പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. കൊടുവള്ളിയിലെ ഓണ്‍ലൈന്‍ കോച്ചിങ് സെന്ററായ എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകന്‍ ഫഹദിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത് മലപ്പുറത്തെ അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ അബ്ദുള്‍ നാസറാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

അബ്ദുള്‍ നാസര്‍ ജോലി ചെയ്യുന്ന സ്‌കൂളിലായിരുന്നു മുന്‍പ് ഫഹദ് ജോലി ചെയ്തിരുന്നതെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ബന്ധം മുന്‍നിര്‍ത്തിയാണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയത്. വാട്‌സ് ആപ്പ് വഴി അബ്ദുള്‍ നാസര്‍ ചോദ്യപേപ്പര്‍ ഫഹദിന് അയച്ചുകൊടുക്കുകയായിരുന്നെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ അധ്യാപകരുടെ മികവുകൊണ്ടാണ് പരീക്ഷയുടെ സമാനമായ ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്നായിരുന്നു എംഎസ് സൊല്യൂഷ്യന്‍സിന്റെ വാദം.

ചോദ്യപേപ്പര്‍ ചോര്‍ത്തിയത് എംഎസ് സൊല്യൂഷന്‍സ് തന്നെയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ ചോദ്യപേപ്പറിനെക്കുറിച്ച് പ്രവചനമാണ് താന്‍ നടത്തിയതെന്നായിരുന്നു എംഎസ് സൊല്യൂഷന്‍സ് സിഇഔ ഷുഹൈബ് പറഞ്ഞത്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെയും അധ്യാപകരെയും ചോദ്യം ചെയ്തതിന് പിന്നാലെ സൈബര്‍ വിദഗ്ധരെയടക്കം ഉള്‍പ്പെടുത്തി ശാസ്ത്രപരിശോധനയും ക്രൈംബ്രാഞ്ച് നടത്തിയിരുന്നു. അതേ സമയം ഷുഹൈബ് പറഞ്ഞതനുസരിച്ച് ചോദ്യപേപ്പറുകള്‍ തയ്യാറാക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു അറസ്റ്റിലായ എംഎസ് സൊല്യൂഷന്‍സ് അധ്യാപകര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി.

സിപിഎം സംസ്ഥാന സമ്മേളനത്തിനൊരുങ്ങി കൊല്ലം; ഇന്ന് പതാക ഉയരും

സിപിഎം സംസ്ഥാന സമ്മേളനത്തിനൊരുങ്ങി കൊല്ലം; ഇന്ന് പതാക ഉയരും

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലം ഒരുങ്ങി. സമ്മേളനത്തിന്റെ പതാക ഇന്ന് ഉയരും. പൊതുസമ്മേളന ന​ഗരിയായ ആശ്രാമം മൈതാനത്ത് ( സീതാറാം യെച്ചൂരി ന​ഗർ) വൈകീട്ട് അഞ്ചുമണിക്ക് സ്വാ​ഗതസംഘം ചെയർമാൻ കെ എൻ ബാല​ഗോപാൽ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്ണൻ ന​ഗറിൽ ( സി കേശവൻ സ്മാരക ടൗൺഹാൾ) നാളെ രാവിലെ ഒമ്പതിന് പതാക ഉയർത്തും. തുടർന്ന് പാർട്ടി കോർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സമ്മേളനത്തിന്റെ ഭാ​ഗമായിട്ടുള്ള പതാക, കൊടിമര, ദീപശിഖ ജാഥകൾ ഇന്ന് വൈകീട്ട് കൊല്ലത്തെ പൊതു സമ്മേളന ന​ഗറിൽ സം​ഗമിക്കും. പതാക ജാഥ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗമായ എം സ്വരാജാണ് നയിക്കുന്നത്. ഈ ജാഥ പകൽ 12 മണിയോടെ കൊല്ലം ജില്ലയിൽ പ്രവേശിക്കും. സമ്മേളന ന​ഗറിൽ തെളിക്കാനുള്ള ദീപശിഖ ജാഥ സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗം പി കെ ബിജുവാണ് നയിക്കുന്നത്. കൊടിമര ജാഥ സിപിഎം കേന്ദ്രക്കമ്മിറ്റി അം​ഗം സി എസ് സുജാത നയിക്കുന്നു.

നാളെ ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തിൽ 530 പ്രതിനിധികള്‍ പങ്കെടുക്കും. 486 പ്രതിനിധികളും അതിഥികളും നിരീക്ഷകരുമായി 44 പേരുമാണ് പങ്കെടുക്കുന്നത്. ആകെയുള്ള പ്രതിനിധികളില്‍ 75 പേര്‍ വനിതകളാണ്. പിബി അംഗങ്ങളായ പിണറായി വിജയന്‍, എം എ ബേബി, ബി വി രാഘവലു, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്ലെ, എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഞായരാഴ്ച സമ്മേളനം സമാപിക്കും. സമാപനം കുറിച്ച് ഞായറാഴ്ച വൈകിട്ട് ആശ്രാമം മൈതാനത്ത് റെഡ് വളണ്ടിയർ പരേഡും ബഹുജനറാലിയും നടക്കും.