സിപിഎം സംസ്ഥാന സമ്മേളനത്തിനൊരുങ്ങി കൊല്ലം; ഇന്ന് പതാക ഉയരും

സിപിഎം സംസ്ഥാന സമ്മേളനത്തിനൊരുങ്ങി കൊല്ലം; ഇന്ന് പതാക ഉയരും

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലം ഒരുങ്ങി. സമ്മേളനത്തിന്റെ പതാക ഇന്ന് ഉയരും. പൊതുസമ്മേളന ന​ഗരിയായ ആശ്രാമം മൈതാനത്ത് ( സീതാറാം യെച്ചൂരി ന​ഗർ) വൈകീട്ട് അഞ്ചുമണിക്ക് സ്വാ​ഗതസംഘം ചെയർമാൻ കെ എൻ ബാല​ഗോപാൽ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്ണൻ ന​ഗറിൽ ( സി കേശവൻ സ്മാരക ടൗൺഹാൾ) നാളെ രാവിലെ ഒമ്പതിന് പതാക ഉയർത്തും. തുടർന്ന് പാർട്ടി കോർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സമ്മേളനത്തിന്റെ ഭാ​ഗമായിട്ടുള്ള പതാക, കൊടിമര, ദീപശിഖ ജാഥകൾ ഇന്ന് വൈകീട്ട് കൊല്ലത്തെ പൊതു സമ്മേളന ന​ഗറിൽ സം​ഗമിക്കും. പതാക ജാഥ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗമായ എം സ്വരാജാണ് നയിക്കുന്നത്. ഈ ജാഥ പകൽ 12 മണിയോടെ കൊല്ലം ജില്ലയിൽ പ്രവേശിക്കും. സമ്മേളന ന​ഗറിൽ തെളിക്കാനുള്ള ദീപശിഖ ജാഥ സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗം പി കെ ബിജുവാണ് നയിക്കുന്നത്. കൊടിമര ജാഥ സിപിഎം കേന്ദ്രക്കമ്മിറ്റി അം​ഗം സി എസ് സുജാത നയിക്കുന്നു.

നാളെ ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തിൽ 530 പ്രതിനിധികള്‍ പങ്കെടുക്കും. 486 പ്രതിനിധികളും അതിഥികളും നിരീക്ഷകരുമായി 44 പേരുമാണ് പങ്കെടുക്കുന്നത്. ആകെയുള്ള പ്രതിനിധികളില്‍ 75 പേര്‍ വനിതകളാണ്. പിബി അംഗങ്ങളായ പിണറായി വിജയന്‍, എം എ ബേബി, ബി വി രാഘവലു, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്ലെ, എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഞായരാഴ്ച സമ്മേളനം സമാപിക്കും. സമാപനം കുറിച്ച് ഞായറാഴ്ച വൈകിട്ട് ആശ്രാമം മൈതാനത്ത് റെഡ് വളണ്ടിയർ പരേഡും ബഹുജനറാലിയും നടക്കും.

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഇടുമോ?; രണ്ടു ദിവസം കൊണ്ട് വര്‍ധിച്ചത് ആയിരം രൂപ

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഇടുമോ?; രണ്ടു ദിവസം കൊണ്ട് വര്‍ധിച്ചത് ആയിരം രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് ഒറ്റയടിക്ക് 440 രൂപയാണ് വര്‍ധിച്ചത്. 64,520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 8065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ദിവസങ്ങള്‍ക്കകം ആയിരം രൂപ ഇടിഞ്ഞ ശേഷമാണ് സ്വര്‍ണവിലയുടെ തിരിച്ചുവരവ്.

ഫെബ്രുവരി 25ന് കുറിച്ച പുതിയ ഉയരമായ 64,600 രൂപ മറികടന്ന് കുതിക്കുമെന്ന സൂചന നല്‍കിയാണ് കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണവില ഉയരുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളെയും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളെയും തുടര്‍ന്നാണ് സ്വര്‍ണവില കുതിക്കുന്നത്.

ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. നിലവിലെ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില 65,000 തൊടുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.

ഓസ്ട്രേലിയയോട് പ്രതികാരം വീട്ടി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍;ഐതിഹാസിക നേട്ടത്തില്‍ രണ്ടാമനായി കോഹ്‌ലി

ഓസ്ട്രേലിയയോട് പ്രതികാരം വീട്ടി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍;ഐതിഹാസിക നേട്ടത്തില്‍ രണ്ടാമനായി കോഹ്‌ലി

ദുബായ്: വിരാട് കോലി ഒരിക്കല്‍ കൂടി കിംഗ് കോലിയായി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 11 പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. 83 റണ്‍സുമായി വിരാട് കോലി ഇന്ത്യയുടെ ടോപ് സ്കോററായപ്പോള്‍ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും അക്സര്‍ പട്ടേലും ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യൻ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.

2023ലെ ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്കുള്ള ഇന്ത്യയുടെ മധുരപ്രതികാരം കൂടിയായി ഈ വിജയം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നാളെ നടക്കുന്ന ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ വിജയികളായിരിക്കും ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ഫൈനലിലെത്തിയതോടെ ദുബായ് ആയിരിക്കും ചാമ്പ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിന് വേദിയാകുക. സ്കോര്‍ ഓസ്ട്രേലിയ 49.3 ഓവറില്‍ 264ന് ഓള്‍ ഔട്ട്, ഇന്ത്യ 48.1 ഓവറില്‍ 267-6.

കഴക്കൂട്ടത്ത് കാണാതായ ഹോട്ടൽ ജീവനക്കാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കഴക്കൂട്ടത്ത് കാണാതായ ഹോട്ടൽ ജീവനക്കാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോട്ടൽ ജീവനക്കാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴക്കൂട്ടം ആർ എൽ നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന രാമപ്പ പൂജാരിയുടെ മകൻ സഞ്ജീവ (44) ആണ് മരിച്ചത്. ഇയാളെ പുറത്തു കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താമസിച്ചിരുന്ന സ്ഥലത്തെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. ശുചിമുറിയുടെ വാതിൽ തകർത്താണ് പൊലീസ് അകത്ത് കടന്നത്. കർണാടക സ്വദേശിയാണ്. ഇന്നലെ ആയിരിക്കാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കഴക്കൂട്ടം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

വാക്കുപാലിച്ച് ഗണേഷ് കുമാര്‍; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഒന്നാം തീയതി ശമ്പളം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇനി മുതല്‍ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. ഇത് അഭിമാനകരമായ നേട്ടമാണെന്നും മുഖ്യമന്ത്രിയുടെ പിന്തുണയും 625 കോടിയുടെ സാമ്പത്തിക സഹായവുമാണ് ഇത് സാധ്യമാക്കിയതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

2021 ജൂലായ് രണ്ടാം തീയതി ശമ്പളം കൊടുത്ത ശേഷം ഇതുവരെ ആ രീതിയില്‍ ശമ്പളം നല്‍കാന്‍ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞിരുന്നില്ല. സാമ്പത്തിക ബാധ്യതയുണ്ടെങ്കിലും ഇനി മുതല്‍ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കും. മോശമായ അവസ്ഥയില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് സാമ്പത്തികമായി മുന്നേറാനായത് ജീവനക്കാരുടെ ഇടപെടല്‍ കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

100 കോടിയുടെ ഓവർഡ്രാഫ്റ്റ് എസ്ബിഐയിൽ നിന്ന് എടുക്കും. സർക്കാർ 2 ഗഡുക്കളായി 50 കോടി നൽകുമ്പോൾ തിരിച്ചടയ്ക്കും. വരുമാനത്തിൽ നിന്നും ചെലവ് ചുരുക്കലിൽ നിന്നും ബാക്കി തുക അടയ്ക്കും. 20 ദിവസം കൊണ്ട് ഓവർഡ്രാഫ്റ്റ് നികത്തും. കെഎസ്ആർടിസിക്ക് ഉണ്ടായിരുന്ന 148 അക്കൗണ്ടുകൾ ക്ലോസ് ചെയ്തു. ഇനി ഓവർഡ്രാഫ്റ്റ് അക്കൗണ്ട് മാത്രമാണെന്നും ഗണേഷ് കുമാർ പറഞ്ഞു. മാനേജ്മെന്‍റ് നിയന്ത്രങ്ങളോടെയാണ് പദ്ധതി.

2023 മെയ് വരെ റിട്ടയര്‍ ചെയ്ത ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിയതായും മന്ത്രി പറഞ്ഞു. മറ്റു റിട്ടയര്‍ ചെയ്ത ജീവനക്കാരുടെ പെന്‍ഷന്‍ ഉള്‍പ്പടെ വേഗത്തിലാക്കും. ഇതിനായി ദിവസവും വരുമാനത്തിന്റെ അഞ്ച് ശതമാനം ഒരുദിവസം മാറ്റിവച്ചാണ് ഈ തുക കണ്ടെത്തുന്നതെന്നും മന്ത്രി പറഞ്ഞു.

റാഗിങ് നടന്നാല്‍ 24 മണിക്കൂറിനകം നടപടി, ഹോസ്റ്റലില്‍ നിന്നും പുറത്താക്കും: മന്ത്രി വീണ ജോര്‍ജ്

റാഗിങ് നടന്നാല്‍ 24 മണിക്കൂറിനകം നടപടി, ഹോസ്റ്റലില്‍ നിന്നും പുറത്താക്കും: മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളില്‍ റാഗിങ് തടയുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. റാഗിങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം പൊലീസില്‍ അറിയിക്കുകയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. പ്രിന്‍സിപ്പല്‍മാരുടെ അടിയന്തരയോഗം ചേര്‍ന്ന് ആന്റി റാഗിങ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നടത്തുന്ന എല്ലാ കോഴ്‌സുകളുടേയും പ്രോസ്‌പെക്ടസുകളില്‍ റാഗിങ് നിരോധനം സംബന്ധിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. പ്രോസ്‌പെക്ടസിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്ന എല്ലാ വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തിയ ആന്റി റാഗിങ് അണ്ടര്‍ടേക്കിങ് എഴുതി വാങ്ങി സൂക്ഷിക്കുന്നുണ്ട്. എല്ലാ കോളജുകളിലും സ്ഥലം പൊലീസ് സ്റ്റേഷനിലും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കൂടി ഉള്‍പ്പെടുന്ന ആന്റി റാഗിങ് കമ്മിറ്റിയും ആന്റി റാഗിങ് സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ട്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് മുമ്പേ ഹോസ്റ്റലുകള്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ പരിശോധിക്കാറുണ്ടെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ പ്രത്യേക ബ്ലോക് തിരിച്ച് താമസിപ്പിക്കുന്നുണ്ടെന്നും ഇവര്‍ക്കായി പ്രത്യേക വാഹന സൗകര്യവും ഏര്‍പ്പെടുത്തുന്നുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഹോസ്റ്റലുകളില്‍ 7 മണിക്ക് മുമ്പായി പ്രവേശിക്കുന്നതിന് സമയക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോസ്റ്റല്‍, കാന്റീന്‍, ലൈബ്രറി മുതലായ ഇടങ്ങളിലും റാഗിങ് സംബന്ധിച്ച് അവബോധം ഉണ്ടാക്കുന്നതിന് പോസ്റ്ററുകളും അത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ പരാതി നല്‍കുന്നതിനുള്ള ഫോണ്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്. ഹോസ്റ്റലുകളില്‍ പുതുതായി പ്രവേശിപ്പച്ചവരെ സീനിയര്‍ വിദ്യാര്‍ഥികളോ മറ്റാളുകളോ സന്ദര്‍ശിക്കുന്നുണ്ടോയെന്ന് കൃത്യമായി നിരീക്ഷണത്തിന് വിധേയമാക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു.