മരുന്നിന്റെ പാര്‍ശ്വഫലം; നാല് വയസ്സുകാരന്‍ കഴിച്ച ചോക്ലേറ്റില്‍ ലഹരിയുടെ അംശമെന്ന പരാതിയില്‍ വഴിത്തിരിവ്

മരുന്നിന്റെ പാര്‍ശ്വഫലം; നാല് വയസ്സുകാരന്‍ കഴിച്ച ചോക്ലേറ്റില്‍ ലഹരിയുടെ അംശമെന്ന പരാതിയില്‍ വഴിത്തിരിവ്

കോട്ടയത്ത് നാല് വയസ്സുകാരന്‍ കഴിച്ച ചോക്ലേറ്റില്‍ ലഹരിയുടെ അംശമെന്ന പരാതിയില്‍ വഴിത്തിരിവ്. ലഹരി ചോക്ലേറ്റില്‍ നിന്നല്ലെന്ന് കണ്ടെത്തി. ദുവസങ്ങള്‍ക്ക് മുമ്പ് വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ MRI സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. അപ്പോള്‍ നല്‍കിയ മരുന്നിന്റെ പാര്‍ശ്വഫലമായാണ് ലഹരിയുടെ അംശം ശരീരത്തില്‍ എത്തിയതെന്നാണ് കണ്ടെത്തല്‍.

ചില മരുന്നുകളില്‍നിന്ന് ബെന്‍സൊഡയാസിപെന്‍സ് ശരീരത്തില്‍ രൂപപ്പെടുമെന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. അതേസമയം, കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ തുടരുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

കോട്ടയം മണര്‍കാട് അങ്ങാടിവയല്‍ സ്വദേശികളുടെ നാലു വയസ്സുകാരന്‍ മകനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചോക്ലേറ്റ് കഴിച്ചശേഷം മകന്‍ ക്ലാസില്‍ കിടന്ന് ഉറങ്ങിയിരുന്നു. തുടര്‍ന്ന് സ്‌കൂളില്‍നിന്ന് വന്നശേഷം കുട്ടി ബോധംകെട്ട രീതിയില്‍ ഉറക്കമായിരുന്നു. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ ലഹരിയുടെ അംശം കണ്ടെത്തിയത്.

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാൻ ഫോണിൽ പലതരം ആയുധങ്ങളെ കുറിച്ച് തിരഞ്ഞു

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാൻ ഫോണിൽ പലതരം ആയുധങ്ങളെ കുറിച്ച് തിരഞ്ഞു

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാൻ കൊലപാതകം നടത്താൻ ചുറ്റിക തിരഞ്ഞെടുത്തതിന്റെ കാരണം ലഭിച്ചതായി പൊലീസ്. അഫാന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. അഫാനായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും.

കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പ് അഫാൻ മൊബൈൽ ഫോണിൽ പലതരം ആയുധങ്ങളെ കുറിച്ച് തിരഞ്ഞിരുന്നു. ഇവ എങ്ങനെ ഉപയോഗിക്കുമെന്ന വിഡിയോയും യൂട്യൂബിൽ കണ്ടു. അഫാൻ രാത്രി ഉറക്കമൊഴിഞ്ഞ് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിവരം ഉമ്മ ഷെമി ബന്ധുക്കളോടും പറഞ്ഞിരുന്നു. ചുറ്റികയിലേക്ക് അഫാൻ എത്തിയതിന്റെ കാരണം പൊലീസിന് വ്യക്തമായെങ്കിലും അന്വേഷണം നടക്കുന്നതിനാൽ പുറത്തുവിട്ടിട്ടില്ല.

പിതൃമാതാവിനെ കൊലപ്പെടുത്തി സ്വർണം എടുത്തശേഷം പ്രതി പണയംവെച്ച് 75000 രൂപ വാങ്ങിയിരുന്നു. ഇതിൽ നാൽപതിനായിരം രൂപ കൊടുത്തത് വായ്പ നൽകിയ സഹകരണ സംഘത്തിനെന്നും പൊലീസ് കണ്ടെത്തി. ദിവസവും വീട്ടിലെത്തി പിരിവ് വാങ്ങുന്ന ഇവരെ കൊലപാതക ദിവസം വീട്ടിലെത്തുന്നത് ഒഴിവാക്കാനാണ് ഗൂഗിൾ പേ വഴി പണം നൽകിയത്. കൊലപാതകത്തിന് തലേദിവസം അഫാനും ഉമ്മയും അമ്പതിനായിരം രൂപക്ക് വേണ്ടി ബന്ധുവീട്ടിൽ പോയിരുന്നു.

പക്ഷേ പണം കിട്ടിയില്ല. കൊലനടന്ന ദിവസം രാവിലെയും ഷെമി ബന്ധുവിനെ ഫോൺ വിളിച്ച് അടിയന്തിരമായി പണം ആവശ്യപ്പെട്ടിരുന്നു. അതേസമയം അഫാന്റെ മൊഴിയും പിതാവ് അബ്ദുൾ റഹീമിന്റെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. 15 ലക്ഷം മാത്രമേ കടമുണ്ടായിരുന്നുള്ളു എന്നാണ് അബ്ദുൾ റഹീമിന്റെ മൊഴി. തൻറെ കടം വീട്ടാൻ മകൻ നാട്ടിൽ നിന്ന് പണം അയച്ചു നൽകിയിട്ടില്ലെന്നും അബ്ദുൾ റഹീം പറഞ്ഞിരുന്നു. പിന്നെ എങ്ങനെ ഇത്രയും കടം വന്നു എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രത്യേക സെല്ലിൽ കഴിയുന്ന പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങും.

ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ-ഓസ്ട്രേലിയ സെമി ഫൈനൽ മത്സരം ഉടൻ ആരംഭിക്കും

ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ-ഓസ്ട്രേലിയ സെമി ഫൈനൽ മത്സരം ഉടൻ ആരംഭിക്കും

ദുബായ്: ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ന് ഓസ്‌ട്രേലിയയെ നേരിടാനിറങ്ങുകയാണ് ഇന്ത്യ. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ടോസ് വീഴും. സ്പിന്നിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യ നാല് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താന്‍ സാധ്യതയേറെ.

കഴിഞ്ഞ മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ നിലനിര്‍ത്തും. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവരായിരിക്കും ടീമിലെ മറ്റു സ്പിന്നര്‍മാര്‍.ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നാലു തവണയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇതില്‍ 2 കളികളില്‍ ആണ് ഇന്ത്യ ജയിച്ചിട്ടുള്ളത്. ഒരെണ്ണം ഓസ്ട്രേലിയ ജയിച്ചപ്പോള്‍ മറ്റൊരു മത്സരം ടൈ ആയി. മിനി ലോകകപ്പിന്റെ പ്രഥമ പതിപ്പായ 1998ലെ ഇന്റര്‍നാഷണല്‍ കപ്പില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തുടക്കം.

128 പന്തില്‍ 141 റണ്‍സ് നേടുകയും സ്റ്റീവ് വോയും മൈക്കല്‍ ബെവനും അടക്കം 4 ഓസീസ് ബാറ്റര്‍മാരെ പുറത്താക്കുകയും ചെയ്ത സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വിജയശില്‍പ്പിയായി. രണ്ട്് വര്‍ഷത്തിനിപ്പുറം ഐസിസി നോക്കൗട്ട് ടൂര്‍ണമെന്റില്‍ ഗ്ലെന്‍ മഗ്രാത്തിനെ കടന്നാക്രമിച്ച സച്ചിന്റെ മറ്റരു മുഖം കണ്ടു ക്രിക്കറ്റ് ലോകം.ഫിനിഷറായും ടോപ് ഫീല്‍ഡറായും യുവ് രാജ് സിംഗിന്റെ ഉദയം.

സഹീര്‍ ഖാന്റെ യോര്‍ക്കറുകളും ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ കാഴ്ചയായി. 2006ല്‍ ഇന്ത്യ വേദിയായ ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയ പകരംവീട്ടി. 6 വിക്കറ്റ് ജയത്തോടെ ഇന്ത്യയെ കെട്ടുകെട്ടിച്ചു കംഗാരുക്കള്‍. 1998ല്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റതിന് ശേഷം ചാംപ്യന്‍സ് ട്രോഫിയുടെ സെമി കടമ്പയില്‍ ഇന്ത്യ വീണിട്ടില്ല. കഴിഞ്ഞ നാല് സെമിയിലും ജയിക്കാനായി. ഓസ്‌ട്രേലിയ ആകട്ടേ 2000ലും 2002ലും സെമിയില്‍ തോറ്റെങ്കിലും പിന്നീടുള്ള രണ്ട് ശ്രമങ്ങളിലും ഫൈനലില്‍ കടന്നു.

ഓസ്ട്രേലിയയ്ക്കെതിരായ ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

സംസ്ഥാനത്ത് ആദ്യം; തെങ്ങില്‍ കയറാനും തേങ്ങയിടാനും എഐ

സംസ്ഥാനത്ത് ആദ്യം; തെങ്ങില്‍ കയറാനും തേങ്ങയിടാനും എഐ

കൊച്ചി: പരിശീലനം ലഭിച്ച തെങ്ങുകയറ്റക്കാരുടെ ക്ഷാമം സംസ്ഥാനത്തെ നാളികേര കര്‍ഷകര്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നമാണ്. നാളികേര വികസന ബോര്‍ഡിന്റെ ഡാറ്റാബേസ് അനുസരിച്ച്, 12 വര്‍ഷത്തിനിടെ ഏകദേശം 32,925 പേര്‍ക്കാണ് തെങ്ങുകയറ്റത്തില്‍ പരിശീലനം നല്‍കിയത്. ഇതില്‍ 673 പേര്‍ മാത്രമാണ് നിലവില്‍ ഫീല്‍ഡില്‍ ഉള്ളൂ. ഇത്തരം ആശങ്കകള്‍ വൈകാതെ തന്നെ പഴയ കാര്യമായി മാറാം. കോഴിക്കോട് നിന്നുള്ള യുവാക്കള്‍ വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത തേങ്ങയിടല്‍ യന്ത്രം മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

നാല് യുവാക്കള്‍ വികസിപ്പിച്ചെടുത്ത കൊക്കോ-ബോട്ട് എന്ന തേങ്ങയിടല്‍ യന്ത്രം സംസ്ഥാനത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത തേങ്ങയിടല്‍ യന്ത്രമാണ്. പുതിയ എഐ തേങ്ങയിടല്‍ യന്ത്രം, ഇതിനോടകം ജനപ്രിയ പാരച്യൂട്ട് ബ്രാന്‍ഡ് വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിക്കുന്ന മാരിക്കോ ലിമിറ്റഡ് പോലുള്ള ചില പ്രധാന കമ്പനികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കൊക്കോ-ബോട്ട് വിപണിയിലെ മറ്റ് തെങ്ങുകയറ്റ റോബോട്ടുകളില്‍ നിന്ന് വ്യത്യസ്തമാണ്. കാരണം ഇത് ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമാണ്.

‘എന്റെ കുളിമുറിയില്‍ വച്ചാണ് ആശയം ജനിച്ചത്’- ആള്‍ട്ടര്‍സേജ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും സിഇഒയുമായ ആഷിന്‍ പി കൃഷ്ണ പറയുന്നു. ‘2020 ല്‍ ഞാന്‍ കുളിക്കുന്നതിനിടെയാണ് ആ ആശയം ഉയര്‍ന്നുവന്നത്. അന്ന് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ ഭാഗമാകാന്‍ കഴിയാത്തതിനെക്കുറിച്ച് ഓര്‍മ്മിക്കുന്നതിനിടയിലായിരുന്നു അത്. അന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ ഒരു എയര്‍ കണ്ടീഷണറാണ് വികസിപ്പിച്ചത്, അത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ സമര്‍പ്പിച്ചു.

എന്നാല്‍ ആ വര്‍ഷത്തെ വിഷയം കാര്‍ഷിക മേഖലയിലെ നവീകരണമായിരുന്നു. അതുകൊണ്ടാണ് പങ്കെടുക്കാന്‍ കഴിയാതിരുന്നത്. എന്നാല്‍ അതേ എയര്‍ കണ്ടീഷണര്‍ ചൈനയില്‍ നടന്ന ഒരു അന്താരാഷ്ട്ര മത്സരത്തിന്റെ സെമി ഫൈനലില്‍ എത്തി. പ്രോത്സാഹന സമ്മാനമായി ഞങ്ങള്‍ക്ക് ഒരു റോബോട്ടിക് ടാങ്കിന്റെ ചേസിസും ലഭിച്ചു. ഞാന്‍ ബാത്ത്‌റൂമില്‍ വെന്റിലേഷനില്‍ നിന്ന് പുറത്തേക്ക് നോക്കി അതിനെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് കാര്‍ഷിക മേഖലയ്ക്കായി ഒരു നൂതന പദ്ധതി തയ്യാറാക്കുന്നതിനെ കുറിച്ച് ചിന്തിച്ചത്. അപ്പോഴാണ് എന്റെ കുളിമുറിക്ക് പുറത്തുള്ള തെങ്ങ് ശ്രദ്ധിച്ചത്. അപ്പോള്‍ തന്നെ എന്റെ മനസില്‍ ഒരു പുതിയ ആശയം ഉദിച്ചു. തെങ്ങില്‍ കയറി തേങ്ങയിടാന്‍ കഴിയുന്ന ഒരു ഭാവി റോബോട്ട് നിര്‍മ്മിക്കാന്‍ ഞാന്‍ തീരുമാനിച്ചു,’- 23 വയസ് മാത്രമുള്ള ആഷിന്‍ പറയുന്നു.

ആഷിന്‍ തന്റെ ടീമിനെ വിളിച്ചുകൂട്ടി ഒരു വര്‍ഷത്തോളം ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. ‘2021 ല്‍ ഒരു പ്രോട്ടോടൈപ്പ് പുറത്തിറക്കി. 2023 ല്‍ കേരള സ്റ്റാര്‍ട്ട്അപ്പ് മിഷനില്‍ ആശയം അവതരിപ്പിച്ചതിന് പിന്നാലെ ഫണ്ട് ലഭിച്ചു. അതേ വര്‍ഷം, സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച 36 മണിക്കൂര്‍ ഹാക്കത്തണ്‍ വൈഗയില്‍ ഈ ആശയം കൂടുതല്‍ വികസിപ്പിക്കുകയും ചെയ്തു. ഞങ്ങള്‍ ഒന്നാം സമ്മാനം നേടി,’- ആഷിന്‍ പറയുന്നു.

വയനാട് തുരങ്ക പാത: സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി

വയനാട് തുരങ്ക പാത: സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി

കോഴിക്കോട്: വയനാട് തുരങ്ക പാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കി. 25 ഇന വ്യവസ്ഥകളോടെയാണ് അനുമതി. ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്തെ തുരങ്ക പാത നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് സമിതി നിര്‍ദേശിച്ചു.

ആനക്കാംപൊയില്‍- കള്ളാടി-മേപ്പാടി തുരങ്ക പാത സംസ്ഥാന സര്‍ക്കാരിന്റെ ഫ്‌ളാഗ് ഷിപ്പ് പദ്ധതിയാണ്. ഇതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതിന് മുന്‍പ് പലവട്ടം പരിസ്ഥിതി ആഘാത സമിതിയുടെ യോഗത്തില്‍ ഈ വിഷയം ഉയര്‍ന്നുവന്നിരുന്നു. അന്നെല്ലാം വിശദീകരണം ചോദിച്ച് അനുമതി നീട്ടിവെയ്ക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഉരുള്‍ പൊട്ടല്‍ ഉണ്ടായ ചൂരല്‍മല, മുണ്ടക്കൈ എന്നിവ ഉള്‍പ്പെടുന്നതാണ് കള്ളാടിയോട് ചേര്‍ന്നുള്ള പരിസര പ്രദേശങ്ങള്‍. വയനാട്ടില്‍ തുരങ്കപാത എത്തുന്നത് ഇതിനോട് ചേര്‍ന്നുള്ള പ്രദേശത്താണ്. അതായത് വയനാട് തുരങ്കപാതയുടെ ഭാഗമായി വരുന്ന പ്രദേശമാണ് ചൂരല്‍മലയുടെ ഭാഗങ്ങള്‍. അതിനാല്‍ ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്തെ തുരങ്ക പാത നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് നിര്‍ദേശിച്ച് കൊണ്ടാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി പദ്ധതിക്ക് അനുമതി നല്‍കിയത്. ഈ പദ്ധതി വരുന്ന പ്രദേശങ്ങളായ കോഴിക്കോട്ടെ തിരുവമ്പാടിയും വയനാട്ടിലെ വെള്ളരിമലയും പരിസ്ഥിതി ദുര്‍ബല പ്രദേശമാണ്.

പൊതുമരാമത്ത് വകുപ്പ് ആണ് വയനാട് തുരങ്ക പാത നിര്‍മാണത്തിന് അനുമതി തേടി സംസ്ഥാന പരിസ്ഥിതി ആഘാത സമിതിക്ക് അപേക്ഷ നല്‍കിയത്. കൊങ്കണ്‍ റെയില്‍വേയാണ് ഇതിന്റെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി പ്രവര്‍ത്തിക്കുന്നത്. പാറ തുരക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണമെന്നും പരിസ്ഥിതി നാശം ഒഴിവാക്കണമെന്നും സംസ്ഥാന പരിസ്ഥിതി ആഘാത സമിതി നിര്‍ദേശിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് പലവട്ടം വിശദീകരണം തേടിയ ശേഷമാണ് അനുമതി നല്‍കിയത്. വന്യജീവികളുടെയും ആദിവാസികള്‍ അടക്കമുളള മനുഷ്യരുടെയും പ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

നിര്‍ദ്ദിഷ്ട തുരങ്കം പശ്ചിമഘട്ടത്തിലെ കുന്നുകള്‍ക്കും വനങ്ങള്‍ക്കും ഇടയിലൂടെയാണ് കടന്നുപോകുക. ഈ തുരങ്കപാത ആനക്കാംപൊയിലിനും മേപ്പാടിക്കും ഇടയിലുള്ള ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്ററില്‍ താഴെയായി കുറയ്ക്കുകയും ചെയ്യും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൊച്ചിയും ബംഗളൂരുവും തമ്മിലുള്ള ദൂരം കുറയുകയും താമരശ്ശേരി ചുരത്തിലൂടെ സഞ്ചരിക്കാതെ വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുകയും ചെയ്യും.

ആശ വര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ പ്രതിഫലം കേരളത്തില്‍; ആവര്‍ത്തിച്ച് മന്ത്രി

ആശ വര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ പ്രതിഫലം കേരളത്തില്‍; ആവര്‍ത്തിച്ച് മന്ത്രി

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍, ആരോഗ്യ മന്ത്രിക്ക് ആ ഓഫിസ് അധികനാള്‍ ഉണ്ടാകില്ല എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് പറഞ്ഞു. ബക്കറ്റ് പിരിവിന്റെ പേര് പറഞ്ഞ് ആക്ഷേപിക്കുന്നവര്‍ കൊലയാളികള്‍ക്ക് വേണ്ടി പിരിവ് നടത്തിയവര്‍ ആണ്. സമരക്കാര്‍ക്കെതിരെ എന്തൊക്കെ ആക്ഷേപമാണ് നടത്തുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ആശാ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്നത് കേരളത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവര്‍ത്തിച്ചു. 13,000 രൂപ വരെ കിട്ടുന്നുണ്ട്. ഇതില്‍ 9400 രൂപ നല്‍കുന്നതും സംസ്ഥാന സര്‍ക്കാരാണ്. ബാക്കി തുകയാണ് കേന്ദ്രത്തില്‍നിന്നു ലഭിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്‍സന്റീവ് ഇനത്തില്‍ 100 കോടി രൂപ കേന്ദ്രം നല്‍കാനുണ്ട്. എന്നാൽ സംസ്ഥാനം അത് മുടങ്ങാതെ നല്‍കുന്നുണ്ടെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

ആശ വർക്കർമാര്‍ക്ക് ആദ്യമായി ഉത്സവബത്ത നല്‍കിയത് കേരളമാണ്. ആശാ വർക്കർമാർക്ക് ഇനിയും ശമ്പളം വർധിപ്പിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. അതിൽ ഒരു തർക്കവുമില്ല. 15-ാം തീയതി രാവിലെ 10 മണി മുതൽ 11.40 വരെ സമരക്കാരുമായി വിശദമായ ചർച്ച നടത്തി. ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കണമെന്നതായിരുന്നു ഒരു ആവശ്യം. ആശമാർക്കുള്ള ഓണറേറിയമാണ് 7000 രൂപ. ഫിക്സഡ് ഇൻസെന്റീവിസ് 3000 രൂപയുണ്ട്. കൂടാതെ വിവിധ പ്രവർത്തനങ്ങൾക്ക് നൽകുന്ന ഇൻസെന്റീവ്സുകളുമുണ്ട്. ജനുവരി മാസത്തിൽ 89.98 ശതമാനം പേർ‌ക്കും പതിനായിരത്തിനും പതിമൂവായിരത്തിനും ഇടയിലാണ് ലഭിച്ചത്. ആശ പ്രവർത്തകർക്ക് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നതു കേരളത്തിൽ തന്നെയാണെന്നും മന്ത്രി വീണാ ജോർജ് ആവർത്തിച്ചു.