പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ഡോ. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ മരിച്ച നിലയില്‍

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ഡോ. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ മരിച്ച നിലയില്‍

കൊച്ചി: പ്രശസ്ത യൂറോളജിസ്റ്റും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ വിദ​​ഗ്ദനുമായ ഡോ. ജോർജ് പി എബ്രഹാം മരിച്ച നിലയിൽ. 70 വയസ്സായിരുന്നു. ആലുവയ്ക്കടുത്ത് നെടുമ്പാശ്ശേരിയിലെ ഫാം ഹൗസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊച്ചിയിലെ ഇളംകുളം സ്വദേശിയാണ്. എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ സീനിയര്‍ സര്‍ജനാണ്.

കൊച്ചിയിൽ ഏറ്റവും കൂടുതൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയതിന് പേരുകേട്ടയാളാണ് ഡോ. ജോർജ് പി എബ്രഹാം. ഞായറാഴ്ച വൈകുന്നേരം ജോർജും സഹോദരൻ പോളും നെടുമ്പാശ്ശേരിക്ക് സമീപമുള്ള തുരുത്തിശ്ശേരിയിലെ ജിപി ഫാംഹൗസിലെത്തി. തുടർന്ന് ജോർജ് സഹോദരനോട് കുറച്ചു സമയം തനിച്ചായിരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ഇതേത്തുടർന്ന് പോൾ സ്ഥലം വിട്ടു.

പിന്നീട് ജോർജിന്റെ പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ, ബന്ധുക്കൾ ഫാം ഹൗസിലെത്തിയപ്പോൾ പടിക്കെട്ടിന്റെ കൈവരികളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അസുഖത്തെത്തുടർന്ന് ഡോ. ജോർജ് കുറച്ചുനാളായി വിഷാദത്തിലായിരുന്നുവെന്നാണ് നെടുമ്പാശ്ശേരി പൊലീസ് വ്യക്തമാക്കുന്നത്. രാത്രി 7.30 നും രാത്രി 10.30 നും ഇടയിലാണ് മരണം സംഭവിച്ചത്. ഡോ. ജോർജ് പി എബ്രഹാമിന്റെ മൃതദേഹം ആലുവയിലെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി

യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരില്‍ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി. കലഞ്ഞൂര്‍ പാടത്താണ് നാടിനെ നടുക്കിയ സംഭവം. വൈഷ്ണവി (27), അയല്‍വാസി വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്.

അയല്‍വാസിയായ വിഷ്ണുവിന്റെ വീട്ടില്‍ വെച്ചായിരുന്നു അക്രമം. കൊലപാതകത്തില്‍ വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈഷണവിയും വിഷ്ണുവും തമ്മില്‍ അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.

സംശയത്തിന്റെ അടിസ്ഥാനത്തില്‍ വൈഷ്ണവിയും ഭര്‍ത്താവും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായി. വഴക്കിനെത്തുടര്‍ന്ന് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയോടി. പിന്നാലെയെത്തിയ ബൈജു വഴിയില്‍ വെച്ചും വഴക്കുണ്ടാക്കി. തുടര്‍ന്ന് വിഷ്ണുവിന്റെ വാടക വീട്ടിലേക്ക് ഓടിക്കയറിയ വൈഷ്ണവിയെ ബൈജു കൊടുവാള്‍ കൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. തടയാന്‍ ചെന്ന വിഷ്ണുവിനും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ വൈഷ്ണവി സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ആശുപത്രിയിലേക്കുള്ള വഴി മധ്യേ വിഷ്ണുവും മരിച്ചു. അക്രമിച്ച വിവരം ബൈജു സുഹൃത്തുക്കളെ അറിയിച്ചു. ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കൊടുംചൂടിന് ആശ്വാസമായി വേനല്‍മഴ; വടക്കന്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

കൊടുംചൂടിന് ആശ്വാസമായി വേനല്‍മഴ; വടക്കന്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി വേനല്‍മഴ തുടരുന്നു. കൊല്ലം ജില്ലയില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടത്തരം മഴയ്ക്കും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം ഉയര്‍ന്ന താപനില മുന്നറിയിപ്പും തുടരുന്നുണ്ട്. സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാണ് ഉയര്‍ന്ന താപനില തുടരുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 38 ഡിഗ്രി വരെ താപനില ഉയരാം. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി വരെയും താപനില ഉയര്‍ന്നേക്കാമെന്നാണ് അറിയിപ്പ്.

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ 11 മണി മുതല്‍ മൂന്നു മണി വരെ സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഇന്ന് തുടങ്ങും, 2980 കേന്ദ്രങ്ങള്‍

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഇന്ന് തുടങ്ങും, 2980 കേന്ദ്രങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, രണ്ടാ വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി എഴുതുന്നത്. രാവിലെ എസ്എസ്എല്‍സി പരീക്ഷയും ഉച്ചയ്ക്ക് ശേഷം പരീക്ഷയും നടക്കും.

ആകെ 2,980 കേന്ദ്രങ്ങളിലായാണ് ഇന്ന് കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. കേരളത്തിന് പുറത്ത് ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളും ഗള്‍ഫില്‍ ഏഴ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്- 28,358. ഏറ്റവും കുറവ് കുട്ടികള്‍ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്-1,893.

രാവിലെ 9.30ക്കാണ് എസ്എസ്എല്‍സി പരീക്ഷ. 1.30ക്കാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷ. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ 26ന് അവസാനിക്കും. 444693 വിദ്യാര്‍ത്ഥികള്‍ പ്ലസ്ടു പരീക്ഷയ്ക്കിരിക്കും. ആറാം തീയതി ഒന്നാം വര്‍ഷ പരീക്ഷകള്‍ തുടങ്ങും. 29ന് അവസാനിക്കും. ഏപ്രില്‍ മൂന്നിന് കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി മൂല്യനിര്‍ണയം തുടങ്ങും. സുഗമമമായ പരീക്ഷ നടത്തിപ്പിനും, ചോദ്യപേപ്പറുകളും, ഉത്തരക്കടലാസുകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൊടുംചൂടില്‍ തളരാതിരിക്കാന്‍ കുടിവെള്ളം എല്ലാ പരീക്ഷാഹാളിലുമുണ്ടാകും.

കര്‍ഷകനെ കുത്തിക്കൊന്ന കാട്ടുപന്നി ചത്ത നിലയില്‍

കര്‍ഷകനെ കുത്തിക്കൊന്ന കാട്ടുപന്നി ചത്ത നിലയില്‍

കണ്ണൂര്‍: പാട്യം മുതിയങ്ങ വയലില്‍ കര്‍ഷകനെ കുത്തിയ കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തി. സംഭവ സ്ഥലത്ത് നിന്നും രണ്ടു കിലോമീറ്റര്‍ ദൂരെയാണ് കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത്. പാട്യം മൊകേരി മുതിയങ്ങയിലാണ് കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചത്. വള്ള്യായി സ്വദേശി എ കെ ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്. ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിട്ടുണ്ട്.

കാട്ടു പന്നിയെ നാട്ടുകാര്‍ തല്ലിക്കൊന്നതാണെന്ന വിവരം പുറത്തുവന്നിട്ടുണ്ടെങ്കിലും സ്ഥിരികരിച്ചിട്ടില്ല. കാട്ടുപന്നികള്‍ കൃഷിയിടത്തില്‍ സ്ഥിരമായെത്തി കൃഷിനശിപ്പിക്കുന്നുവെന്ന് കര്‍ഷകര്‍ പറഞ്ഞു.

നേരത്തെ നിരവധി തവണ കാട്ടുപന്നിയുടെ ശല്യം ഉണ്ടെന്ന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്.

കണ്ണൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടത് ദുഃഖകരമായ സംഭവമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കുടുംബത്തിന് നിയമപരമായ എല്ലാ സഹായവും നല്‍കുമെന്നും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉത്തര മേഖല സി സി എഫ് ദീപക് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ഞായറാഴ്ച രാവിലെ സ്വന്തം കൃഷിയിടത്തില്‍ നനച്ചുകൊണ്ടിരിക്കെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടാകുന്നത്. ദേഹത്താകമാനം മുറിവേറ്റതിനെ തുടര്‍ന്ന് ശ്രീധരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം തലശ്ശേരി ഇന്ധിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് കുടയും കോട്ടും വിതരണം ചെയ്ത് സുരേഷ് ഗോപി

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് കുടയും കോട്ടും വിതരണം ചെയ്ത് സുരേഷ് ഗോപി

തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരത്ത് കനത്തമഴ തുടരുന്നതിനിടെ ആശാവര്‍ക്കര്‍മാര്‍ക്ക് കുടയും കോട്ടും വിതരണം ചെയ്യുകയും ചെയ്തു.

ആശാവര്‍ക്കര്‍മാര്‍ക്ക് നേരെ ഗൂഢശ്രമങ്ങളൊന്നുമുണ്ടാകാതെ കരുതല്‍ കണ്ണുകള്‍ വെയ്ക്കണമെന്ന് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡല്‍ഹിയില്‍ വിഷയം ഉന്നയിക്കുമെന്നും ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുമായി ചര്‍ച്ച ചെയ്യുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ ദിവസം പെയ്ത മഴ കൊള്ളാതിരിക്കാന്‍ ആശാവര്‍ക്കര്‍മാര്‍ ടാര്‍പോളിന്‍ ഷീറ്റ് മറച്ചുകെട്ടിയിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് പൊലീസ് അത് മാറ്റുകയായിരുന്നു.