by Midhun HP News | Mar 2, 2025 | Latest News, കായികം
ദുബായ്: ന്യൂസിലന്‍ഡിനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ 250 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സാണ് കണ്ടെത്തിയത്.
30 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ 3 മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ പിന്നീടെത്തിയവരാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ച്വറിയുമായി ഒരു ഭാഗം കാത്തതോടെയാണ് ഇന്ത്യ ട്രാക്കിലായത്. താരം 4 ഫോറും 2 സിക്‌സും സഹിതം 79 റണ്‍സെടുത്തു.
അക്ഷര്‍ പട്ടേല്‍ 42 റണ്‍സ് കണ്ടെത്തി ശ്രേയസിനു ഉറച്ച പിന്തുണ നല്‍കി. ഹര്‍ദിക് പാണ്ഡ്യയുടെ കൂറ്റനടികളും ഇന്ത്യന്‍ സ്‌കോര്‍ 249ല്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായി. താരം 45 പന്തില്‍ 4 ഫോറും 2 സിക്‌സും പറത്തി 45 റണ്‍സ് അടിച്ചെടുത്തു. കെഎല്‍ രാഹുല്‍ (23), രവീന്ദ്ര ജഡേജ (16), മുഹമ്മദ് ഷമി (5) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15), ശുഭ്മാന്‍ ഗില്‍ (20), വിരാട് കോഹ്ലി (11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് 30 റണ്‍സിനിടെ നഷ്ടമായത്. കരിയറിലെ 300 ഏകദിനം അവിസ്മരണീയമാക്കാനുള്ള കോഹ്ലിയുടെ മോഹം പൂവണിഞ്ഞില്ല.
സ്‌കോര്‍ 15ല്‍ നില്‍ക്കെ ശുഭ്മാന്‍ ഗില്ലിനേയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ രോഹിതും കോഹ്ലിയും മടങ്ങി.
കിവികള്‍ക്കായി മാറ്റ് ഹെൻറി 5 വിക്കറ്റുകള്‍ വീഴ്ത്തി. കെയ്ല്‍ ജാമിസന്‍, വില്‍ ഓറൂര്‍ക്ക്, മിച്ചല്‍ സാന്റ്‌നര്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ ഒരോ വിക്കറ്റും സ്വന്തമാക്കി.
ഇന്ത്യ ഹര്‍ഷിത് റാണയ്ക്ക് പകരം വരുണ്‍ ചക്രവര്‍ത്തിയെ ഇറക്കി. 3 സ്പിന്നര്‍മാരും 2 പേസര്‍മാരുമാണ് ഇന്ത്യക്കായി പന്തെറിയുക.
by Midhun HP News | Mar 2, 2025 | Latest News, കേരളം
തൃശൂര്‍: യുവതിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ രണ്ട് യുവതികളുള്‍പ്പെടെ അഞ്ചംഗ സംഘം പിടിയില്‍. തൃശൂര്‍ നായരങ്ങാടി സ്വദേശിയായ ഗോപകുമാര്‍ , കോഴിക്കോട് മേലൂര്‍ സ്വദേശിയായ അഭിനാഷ് പി. ശങ്കര്‍, ആമ്പല്ലൂര്‍ സ്വദേശിയായ ജിതിന്‍ ജോഷി, കോഴിക്കോട് മേലൂര്‍ സ്വദേശിയായ ആതിര, തിരുവനന്തപുരം വെള്ളറട സ്വദേശിയായ അഞ്ജു എന്നിവരാണ് അറസ്റ്റിലായത്. മനക്കൊടി സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിനിരയായത്.
പാലിയേക്കരയിലെ കോഫിഷോപ്പ് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളുടെ വീട്ടില്‍ പൊലീസ് എത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്. തട്ടിക്കൊണ്ടുപോയ യുവതിയെ പ്രതിയുടെ വീട്ടില്‍ മര്‍ദിച്ചു പൂട്ടിയിട്ടിരിക്കുന്നതാണ് പൊലീസ് കണ്ടത്. അഖില്‍ എന്നയാളുമായി ചേര്‍ന്ന് പ്രതി ഗോപകുമാര്‍ തൃശൂരില്‍ സ്പാ നടത്തിവരികയായിരുന്നു. ഇതിന്റെ കണക്കുകള്‍ സംബന്ധിച്ച തര്‍ക്കം തീര്‍ക്കാന്‍ അഖില്‍ എത്താത്തതിലുള്ള വൈരാഗ്യത്തിലാണ് അഖിലിന്റെ സുഹൃത്തായ യുവതിയെ സംഘം തട്ടിക്കൊണ്ടുപോയത്.
സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ പടിഞ്ഞാറെകോട്ട മാനസികാരോഗ്യ കേന്ദ്രത്തിനു സമീപത്തുവെച്ച് കാറിടിപ്പിച്ച് വീഴ്ത്തി തട്ടികൊണ്ടുപോവുകയായിരുന്നു. ഇവരുടെ സ്വര്‍ണ്ണമാലയും വളയും തട്ടിയെടുത്തതായും പറയുന്നുണ്ട്. യുവതി ചികിത്സയിലാണ്. മൂന്നുദിവസം മര്‍ദ്ദിച്ചുവെന്നാണ് യുവതിയുടെ മൊഴി.
by Midhun HP News | Mar 2, 2025 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: ആശാവര്‍ക്കര്‍മാര്‍ക്ക് ഗ്രാറ്റുവിറ്റിയും പ്രസവാവധിയും പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഒന്നരലക്ഷം രൂപ ഗ്രാറ്റുവിറ്റി നല്‍കും. ആശാവര്‍ക്കര്‍മാരുടെ പെന്‍ഷന്‍ പ്രായം രണ്ടു വര്‍ഷം വര്‍ധിപ്പിച്ച് 60 ല്‍ നിന്ന് 62 ആക്കി ഉയര്‍ത്താനും ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ തീരുമാനിച്ചു.
ആന്ധ്രപ്രദേശില്‍ എന്‍ഡിഎയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. നിലവില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് 10000 രൂപയാണ് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പ്രതിമാസം നല്‍കുന്നത്. ഇതിനു പുറമേ 180 ദിവസത്തെ പ്രസവാവധിയും അനുവദിച്ചിട്ടുണ്ട്. ആദ്യത്തെ രണ്ടു പ്രസവങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
സംസ്ഥാനത്തെ 42,752 ആശാ വര്‍ക്കര്‍മാര്‍ക്കാണ് പുതിയ ആനുകൂല്യങ്ങള്‍ ലഭ്യമാകുക. രാജ്യത്ത് ആശാവര്‍ക്കര്‍മാര്‍ക്ക് ഗ്രാറ്റിവിറ്റി ആനുകൂല്യങ്ങള്‍ നല്‍കുന്ന ആദ്യ സംസ്ഥാനമാണ് ആന്ധ്രയെന്നും, മറ്റൊരു സംസ്ഥാനമോ/കേന്ദ്രഭരണ പ്രദേശമോ ആശാ വര്‍ക്കര്‍മാര്‍ക്ക്
ഗ്രാറ്റുവിറ്റി നല്‍കുന്നില്ലെന്നും ആന്ധ്ര ആരോഗ്യമന്ത്രി സത്യകുമാര്‍ യാദവ് പറഞ്ഞു. 2028 ല്‍ ടിഡിപി സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാര്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ വിതരണം ചെയ്തിരുന്നു.
ചന്ദ്രണ്ണ ഭീമ യോജന, എന്‍ടിആര്‍ വൈദ്യ സേവ തുടങ്ങിയ ആനുകൂല്യങ്ങളും ആശാവര്‍ക്കര്‍മാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ വിരമിക്കുന്നവര്‍ക്ക് 60 വയസ്സുമുതല്‍ വാര്‍ധക്യകാല പെന്‍ഷന് അര്‍ഹത നല്‍കുകയും ചെയ്തിരുന്നു. ആശ വര്‍ക്കര്‍മാരുടെ ദീര്‍ഘകാലമായ ആവശ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് നന്ദി അറിയിക്കുന്നതായി മന്ത്രി സത്യകുമാര്‍ യാദവ് പറഞ്ഞു.
by Midhun HP News | Mar 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ യുവജന വിഭാഗമായ വിസ്‌ഡം യൂത്ത് തിരുവനന്തപുരം ജില്ലാ തർബിയ സംഗമം കണിയാപുരം മംഗലപുരം ഓക്സിജൻ പാർക്കിൽ നടന്നു.
വിസ്‌ഡം യൂത്തിന്റെ റമദാൻ കാല പരിപാടികളുടെ ഭാഗമായാണ് തർബിയ സംഗമം സംഘടിപ്പിച്ചത്. വിസ്‌ഡം യൂത്ത് സംസ്ഥാന സെക്രട്ടറി യു.മുഹമ്മദ് മദനി സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ് അധ്യക്ഷനായി. ജംഷീർ സ്വലാഹി, സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായ അൻവർ കലൂർ, ത്വാഹ പാലാംകോണം, ജില്ലാ വൈസ് പ്രസിഡന്റ് ജമീൽ പാലാംകോണം, അൻസാറുദ്ധീൻ പീരുമേട്, അക്ബർഷാ അൽ ഹികമി, അബ്ദു റഊഫ് അൽ ഹികമി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളെടുത്തു. ജില്ലാ സെക്രട്ടറി നസീം അഴിക്കോട്, ട്രഷറർ മുഹമ്മദ് ഷാൻ സലഫി എന്നിവർ സംസാരിച്ചു.
by Midhun HP News | Mar 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ടു ഡിഗ്രി സെൽഷ്യസ് മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടുത്ത ചൂടിൽ നിന്ന് ആശ്വാസമായി ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ജാഗ്രതാനിർദേശം:
പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.
പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.
by Midhun HP News | Mar 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ ഇന്ന് ജയിലിലേക്ക് മാറ്റും. അഫാന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിതെ തുടർന്ന് ഡോക്ടർമാരുടെ നിർദേശ പ്രകാരമാണ് ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റുന്നത്. പ്രതിയെ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി നേരത്തെ തന്നെ റിമാന്‍ഡ് ചെയ്തിരുന്നു.
മുത്തശ്ശി സൽമബീവിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പാങ്ങോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയത്. മറ്റ് നാലുപേരെ കൊലപ്പെടുത്തിയതിലും അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും വെഞ്ഞാറമൂട് പൊലീസ് രജസിറ്റര്‍ ചെയ്ത കേസുകളില്‍ ഇതുവരെ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മനോരോഗ വിദഗ്ദരുടെ സാന്നിധ്യത്തില്‍ പ്രതിയുടെ മാനസിക നില പഠിച്ച് കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കുടുംബത്തിന്‍റെ സാമ്പത്തിക ബാധ്യത ഉള്‍പ്പടെ വിശദമായി പൊലീസ് അന്വേഷിക്കുന്നുണ്ട്.
Recent Comments