by Midhun HP News | Feb 28, 2025 | Latest News, കേരളം
കാസര്‍കോട്: മഞ്ചേശ്വരത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മിയാപദവ് സ്വദേശികളായ സയ്യിദ് ഹഫ്രീസ് (25), മുഹമ്മദ് സമീര്‍ എസ് കെ (24) എന്നിവരാണ് പ്രതികള്‍. മയക്കുമരുന്ന് വില്‍ക്കാന്‍ എത്തിയപ്പോള്‍ മീഞ്ചയില്‍ നിന്ന് 74.8 ഗ്രാം എംഡിഎംഎയുമായാണ് ഇവര്‍ പിടിയിലായത്.
കഴിഞ്ഞ കുറെ മാസങ്ങളായി ഇവരുടെ പ്രവര്‍ത്തനം പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇവര്‍ ബംഗളൂരു കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. പ്രധാനമായും ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കടത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനയ്ക്കായി എത്തിക്കുകയായിരുന്നു ഇവരുടെ രീതി.
കര്‍ണാടക, കേരള സംസ്ഥാനങ്ങളില്‍ ഉടനീളം പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ പ്രധാന ശൃംഖലകള്‍ തകര്‍ക്കുന്നതില്‍ ഇവരുടെ അറസ്റ്റ് ഒരു സുപ്രധാന വഴിത്തിരിവാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. മയക്കുമരുന്നിന്റെ വിതരണത്തിന് ഇവര്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് വില്‍പ്പനയ്‌ക്കെതിരെ സ്വീകരിച്ച കര്‍ശന നടപടിയുടെ ഭാഗമായാണ് അറസ്റ്റ്.
മേഖലയിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ കാസര്‍കോട് പൊലീസ് മേധാവി ശില്‍പ ഡിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മയക്കുമരുന്ന് വിരുദ്ധ പദ്ധതിയായ സേഫ് കാസര്‍കോടിന്റെ ഭാഗമായാണ് അറസ്റ്റ്. കാസര്‍കോട് ഡിവൈഎസ്പി സുനില്‍കുമാര്‍ സി കെ, മഞ്ചേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ രതീഷ് ഗോപി, എഎസ്‌ഐ സദന്‍, സിപിഒമാരായ നിജിന്‍ കുമാര്‍, രജിഷ് കാട്ടാമ്പള്ളി എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
by Midhun HP News | Feb 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഏറെ സ്‌നേഹിച്ച ഉറ്റവരുടെ ഖബറിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹിം. പാങ്ങോട് ജുമാ മസ്ജിദിലെ ഖബറിസ്ഥാനിലെത്തിയാണ് അബ്ദുറഹിം തന്റെ അരുമ മകനും, ഉമ്മ, ജ്യേഷ്ഠന്‍, ജ്യേഷ്ഠന്റെ ഭാര്യ എന്നിവര്‍ അന്ത്യവിശ്രമം കൊള്ളുന്നവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഇളയമകന്‍ അഫ്‌സാന്റെ ഖബറിന് മുന്നിലെത്തിയ റഹിം പൊട്ടിക്കരഞ്ഞു.
വീഴാന്‍ പോയ റഹിമിനെ ബന്ധുക്കള്‍ താങ്ങിപ്പിടിച്ചു. തുടര്‍ന്ന് കുറച്ചു സമയം ഖബറിന് മുന്നില്‍ അദ്ദേഹം പ്രാര്‍ത്ഥിച്ചു. ബന്ധുക്കളും ഉസ്താദ് അടക്കമുള്ള പുരോഹിതരും പ്രാര്‍ത്ഥനയില്‍ ചേര്‍ന്നു. കൊല്ലപ്പെട്ട ഉമ്മ സല്‍മാ ബിവി താമസിച്ചിരുന്ന വീട്ടിലാണ് റഹീം ബന്ധുക്കള്‍ക്കൊപ്പം എത്തിയത്. ഇവിടെ നിന്നാണ് ഉറ്റവരെ അടക്കിയ ഖബറിന് സമീപത്തേക്ക് എത്തുന്നത്.
നാട്ടിലെത്തിയ അബ്ദു റഹിം ഗോകുലം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഭാര്യ ഷെമീനയെ കണ്ടു. മകന്‍ അഫാനെ രക്ഷിക്കുന്ന നിലപാടാണ് റഹീമിനോടും ഷെമിന ആവര്‍ത്തിച്ചത്. കട്ടിലില്‍ നിന്നും വീണു പരിക്കേറ്റതാണെന്നാണ് ഷെമിന റഹീമിനോട് പറഞ്ഞത്. ഇളയമകന്‍ അഫ്‌സാന്‍ എവിടെയെന്ന് ചോദിച്ചു. മൂത്ത മകന്‍ അഫാനെക്കുറിച്ചും ചോദിച്ചു. ആദ്യം ബന്ധുക്കള്‍ക്കൊപ്പവും, പിന്നീട് ഒറ്റയ്ക്കും റഹിം ഭാര്യയ്‌ക്കൊപ്പം കുറച്ച് സമയം ചെലവഴിച്ചു.
അഫ്‌സാന്‍ റഹീമിന്റെ അളിയന്റെ വീട്ടില്‍ ഉണ്ടെന്നാണ് ഷെമീനയോട് ബന്ധുക്കള്‍ പറഞ്ഞിട്ടുള്ളത്. റഹീമിനെ കണ്ടപ്പോള്‍ ഷെമീന തിരിച്ചറിഞ്ഞതായും കയ്യില്‍ പിടിച്ചതായും ഒപ്പമുണ്ടായിരുന്ന ബന്ധു പറഞ്ഞു. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദു റഹീം രാവിലെയാണ് നാട്ടിലെത്തിയത്. ദമ്മാമില്‍നിന്ന് പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ രാവിലെ 7.30ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്.
ഇഖാമ പുതുക്കാതെ നിയമപ്രശ്‌നത്തിലും കച്ചവടം തകരാറിലായി സാമ്പത്തിക പ്രതിസന്ധിയിലുമായി ഏഴുവര്‍ഷമായി നാട്ടില്‍ പോകാനാകാതെ കഴിയുന്നതിനിടയിലാണ് ഇടിത്തീയായി ബന്ധുക്കളുടെ കൂട്ടമരണ വാര്‍ത്ത അറിയുന്നത്. ദമ്മാമിലെ ജീവകാരുണ്യ പ്രവര്‍ത്തകനും ലോകകേരള സഭ അംഗവുമായ നാസ് വക്കമാണ് അബ്ദു റഹീമിന് നാട്ടിലെത്താന്‍ തുണയായത്. നാട്ടിലെത്താന്‍ സഹായിച്ച ഡി കെ മുരളി എംഎല്‍എയുടെ ഓഫീസിലേക്കാണ് വിമാനമിറങ്ങിയ റഹീം ആദ്യം പോയത്. തുടര്‍ന്നാണ് കുടുംബ വീട്ടിലേക്കെത്തിയത്.
കൂട്ടക്കൊല കേസിൽ കുടുംബത്തിന് വൻ സാമ്പത്തിക ബാധ്യത എന്നറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. റഹിമിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. റഹിമിന്റെ മാനസിക അവസ്ഥ കൂടി പരിഗണിച്ച് ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. 65 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നാണ് അഫാന്‍ പറഞ്ഞത്. എന്നാല്‍ 15 ലക്ഷം രൂപ മാത്രമേ തനിക്കു ബാധ്യതയുള്ളുവെന്നാണ് റഹിമിം വ്യക്തമാക്കിയത്. ബാക്കി തുകയുടെ ബാധ്യത എങ്ങനെ ഉണ്ടായി എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
by Midhun HP News | Feb 28, 2025 | Latest News, ജില്ലാ വാർത്ത
കോട്ടയം: ഏറ്റുമാനൂര്‍ മനക്കപ്പാടത്തിനു സമീപം അമ്മയും രണ്ടു പെണ്‍കുട്ടികളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ കാരണം കുടുംബപ്രശ്‌നമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പാറോലിക്കല്‍ സ്വദേശി ഷൈനി കുര്യന്‍, മക്കളായ ഇവാന (10) അലീന (11) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം. ചിന്നിച്ചിതറിയ നിലയിലാണ് മൂന്നുപേരുടെയും മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തിയത്. തുടക്കത്തില്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ തിരിച്ചറിഞ്ഞത്.
തൊടുപുഴ സ്വദേശിയായ ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഷൈനി 9 മാസമായി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഷൈനിയുടെ ഭര്‍ത്താവ് ഇറാഖിലാണ്. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് നിഗമനം. നിര്‍ത്താതെ ഹോണടിച്ചെങ്കിലും അമ്മയും മക്കളും ട്രാക്കില്‍ നിന്ന് മാറിയില്ലെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു.
ഷൈനിയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. കോടതിയില്‍ വിവാഹമോചന കേസ് നടക്കുന്നതിനിടയിലാണ് മരണം. കുടുംബ പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രാവിലെ പള്ളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഷൈനി മക്കളുമായി വീട്ടില്‍ നിന്നിറങ്ങിയതെന്നാണ് വിവരം.
നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസിന് മുന്നിലാണ് മൂവരും ജീവനൊടുക്കിയത്. ട്രെയിന്‍ വരുമ്പോള്‍ മൂവരും കെട്ടിപ്പിടിച്ച് ട്രാക്കില്‍ ഇരിക്കുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. ഹോണ്‍ മുഴക്കിയിട്ടും മാറിയില്ല. ലോക്കോ പൈലറ്റാണ് റെയില്‍വേയിലും പൊലീസിലും വിവരം അറിയിച്ചത്.
by Midhun HP News | Feb 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിൽ യുവാക്കൾ ഏറ്റവും കൂടുതൽ തൊഴിൽ സമ്മർദം നേരിടുന്നത് ഐടി, മാധ്യമ മേഖലകളിലെന്ന് സംസ്ഥാന യുവജന കമ്മിഷൻ സർവേ. ഐടിയിൽ 84.3% പേരും മാധ്യമരംഗത്ത് 83.5% പേരും സമ്മർദത്തിലാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
ബാങ്കിങ്, ഇൻഷുറൻസ് (80.6%), ഓൺലൈൻ പ്ലാറ്റ്ഫോം ഡെലിവറി സർവീസ് (75.5%) എന്നീ മേഖലകളാണ് തൊഴിൽ സമ്മർദത്തിൽ തൊട്ടുപിന്നിൽ. 30–39 പ്രായപരിധിയിലുള്ളവരാണ് കൂടുതൽ തൊഴിൽ സമ്മർദം അനുഭവിക്കുന്നതെന്ന് പഠനത്തിൽ പറയുന്നു. പുരുഷൻമാരെ (73.7%) അപേക്ഷിച്ചു സ്ത്രീകളാണ് (74.7%) കൂടുതൽ സമ്മർദം നേരിടുന്നത്. ഇതുമൂലം മാനസിക, ശാരീരിക പ്രശ്നങ്ങൾ കൂടുതൽ നേരിടുന്നതും സ്ത്രീകളാണ്.
ജോലിഭാരം കാരണം തൊഴിൽ–ജീവിത സന്തുലനം തെറ്റിയതായി 68.25% പേരും വ്യക്തമാക്കി. ഇതിലും സ്ത്രീകളാണ് കൂടുതൽ. കൂടാതെ സാമ്പത്തിക അരക്ഷിതാവസ്ഥയും തൊഴിൽ സമ്മർദത്തിന്റെ മുഖ്യകാരണമായി കണ്ടെത്തി. തൊഴിൽ സമ്മർദം നേരിടുന്നതിനായി മദ്യപിക്കുന്ന ശീലം കൂടുന്നതായും സർവേ വ്യക്തമാക്കുന്നു.
by Midhun HP News | Feb 28, 2025 | Latest News, ജില്ലാ വാർത്ത
മലപ്പുറം: ജോലി സ്ഥലത്തേയ്ക്ക് ബൈക്കില്‍ പോകുമ്പോള്‍ എന്തോ മിന്നായം പോലെ ചാടി. അത് പുലിയാണെന്ന് അറിഞ്ഞപ്പോഴേക്കും ബൈക്കില്‍ നിന്ന് രാജേഷ് മറിഞ്ഞു വീണിരുന്നു. ഒരു ‘ഇടി’ ജീവിതം രക്ഷിച്ചതിന്റെ ആശ്വാസത്തിലാണ് ഗൂഡല്ലൂര്‍ ക്ഷേത്രവയല്‍ വീട്ടില്‍ രാജേഷ് (45). മറിച്ചായിരുന്നുവെങ്കില്‍ എന്താണ് സംഭവിക്കുക എന്ന് ഓര്‍ക്കാന്‍ പോലും രാജേഷ് ഭയപ്പെടുകയാണ്.
ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് ജോലി സ്ഥലമായ എസ്‌റ്റേറ്റിലേക്ക് പോകുമ്പോഴായിരുന്നു ഇരുമ്പുപാലത്ത് തേയിലത്തോട്ടത്തിന് സമീപം പുലി ബൈക്കിലേക്ക് ചാടിയത്. ഇടിയുടെ ആഘാതത്തില്‍ രാജേഷ് ബൈക്കില്‍ നിന്ന് മറിഞ്ഞുവീണതിനൊപ്പം ബൈക്കിന്റെ ഹാന്‍ഡിലില്‍ ഇടിച്ച് പുലിയും വീണു. ബൈക്കിന്റെ മറുവശത്താണ് പുലി കിടന്നത്. ഇപ്പുറത്ത് പരുക്കുകളോടെ രാജേഷും. പുലി ഏതുസമയത്തും തന്റെ നേരെ കുതിക്കും എന്ന ഭയത്തില്‍ നില്‍ക്കുന്നതിനിടെ ഒരു പുലിക്കുട്ടി കൂടി പുലിയുടെ അടുത്തേക്ക് ചാടിയിറങ്ങി.
ഇതിനിടെ, കാറിലെത്തിയ ആള്‍ രാജേഷിനോട് കാറില്‍ കയറാന്‍ വിളിച്ചുപറഞ്ഞു. പുലിക്കുട്ടി പുലിയുടെ അടുത്ത് അല്‍പ്പസമയം നിന്ന ശേഷം കാട്ടിലേക്ക് പോയി. 10 മിനിറ്റോളം അവശതയോടെ കിടന്ന ശേഷമാണ് പുലി കാട്ടിലേക്ക് ഓടിയത്. വലതു കാല്‍മുട്ടിലും ചുമലിലും പരിക്കേറ്റ രാജേഷിനെ ഗൂഡല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രഥമ ശ്രൂശ്രൂഷയ്ക്ക് ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
by Midhun HP News | Feb 28, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കഡറി സ്കൂളിലെ 2024-25 അധ്യയന വർഷത്തെ രാജ്യ പുരസ്കാർ ടെസ്റ്റ് പാസായ 23 ഗൈഡ്സിനുള്ള അവാർഡ് ദാന ചടങ്ങ് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. ചടങ്ങിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ബിനു നിർവഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് അഡ്വ. സുരേഷ് അധ്യക്ഷനായി. ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്‌സിന്റെ ആറ്റിങ്ങൽ ജില്ലാ സെക്രട്ടറി സതീഷ് കുമാർ മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ
ഡോ ഉദയകുമാരി സ്വാഗതം ചെയ്തു. എച്ച് എം കെ എസ് ഗീത, സീനിയർ അസിസ്റ്റന്റ് ശ്രീലത, സ്റ്റാഫ് സെക്രട്ടറി മഞ്ചു, ഗൈഡ് ക്യാപ്റ്റൻമാരായ ജൂലി, ലിജി എന്നിവർ ആശംസകൾ നേർന്നു. ആറ്റിങ്ങൽ C – Rot കുട്ടികൾക്കുള്ള മൊമെൻ്റോ സ്പോൺസർ ചെയ്തു.
Recent Comments